തൊടുവെ ശുദ്ധജലപദ്ധതിക്ക് ജീവൻ വെക്കുമോ?

തൊടുവെ ശുദ്ധജലപദ്ധതിക്ക് ജീവൻ വെക്കുമോ?

വിസ്മൃതിയിലായത് വർക്കലയുടെ ദാഹമകറ്റിയ പദ്ധതി To advertise here, വർക്കല : അരനൂറ്റാണ്ടോളം വർക്കലയുടെ ദാഹമകറ്റിയ തൊടുവെ ശുദ്ധജലപദ്ധതി വിസ്മൃതിയിൽ. 20 വർഷമായി പ്രവർത്തനമില്ലാതെ കിടക്കുന്ന പദ്ധതിക്ക് പുനർജീവനുണ്ടാകുമോയെന്നാണ് ഓരോ വേനലിലും വർക്കല നിവാസികളിൽനിന്നുയരുന്ന ചോദ്യം. പുതിയ പദ്ധതി യാഥാർഥ്യമായപ്പോൾ പ്രവർത്തനം നിലച്ച് വിസ്മൃതിയിലേക്ക് നീങ്ങിയ കഥയാണ് തൊടുവെ ശുദ്ധജല പദ്ധതിയുടേത്. 1962-മുതൽ വർക്കലയ്ക്ക് ആവശ്യമായ കുടിവെള്ളം നൽകിയിരുന്നത് തൊടുവെ പദ്ധതിയിൽനിന്നാണ്. വാമനപുരം പദ്ധതി യാഥാർഥ്യമായതോടെയാണ് തൊടുവെ പദ്ധതിയുടെ പ്രവർത്തനം നിലച്ചത്. 1956-ലാണ് വർക്കല റൂറൽ വാട്ടർ സപ്ലൈ സ്‌കീമിന് തൊടുവെ കേന്ദ്രമായി പദ്ധതി ലക്ഷ്യമിട്ടത്. ശിവഗിരിക്ക് സമീപം തൊടുവെയിൽ ഒരേക്കർ വരുന്ന സ്ഥലത്ത് സെഡിമെന്റേഷൻ ടാങ്ക്, പമ്പ് ഹൗസ്, ഭൂതലസംഭരണി, ജീവനക്കാർക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്‌സുകൾ എന്നിവ നിർമിച്ചു. 1962-ലാണ് കുടിവെള്ളം വിതരണം ചെയ്തുതുടങ്ങിയത്. വർക്കലയിലും വെട്ടൂർ, ചെമ്മരുതി, ഇടവ പഞ്ചായത്തുകളുടെ ചില പ്രദേശങ്ങളിലുമാണ് കുടിവെള്ളം വിതരണം ചെയ്തിരുന്നത്. പരമ്പരാഗത ജലസ്രോതസ്സുകളായ തൊടുവെ തോട്, രായർ ഓവ് എന്നിവിടങ്ങളിൽനിന്നാണ് പദ്ധതിക്കാവശ്യമായ വെള്ളം ശേഖരിച്ചിരുന്നത്. വർക്കല അർബൻ ജലവിതരണപദ്ധതിക്കായി 2004-ൽ വാമനപുരം ആറ്റിലെ വെള്ളം ഉപയോഗിച്ചു തുടങ്ങിയതോടെ തൊടുവെ പദ്ധതി മന്ദഗതിയിലായി. പതിയെ പ്രവർത്തനം പൂർണമായി നിലച്ചു. വാമനപുരം പദ്ധതിയിൽനിന്നു വെള്ളം ലഭിച്ചതോടെ അധികൃതരും തൊടുവെ പദ്ധതിയെ കൈവിട്ടു. തൊടുവെ പദ്ധതിയുടെ പമ്പിങ് സ്റ്റേഷനും പരിസരവും കാടുകയറി. കിണർ, ഭൂതലസംഭരണി, പമ്പ് ഹൗസ്, തൊടുവെ തോട്, ക്വാർട്ടേഴ്‌സുകൾ, മോട്ടോർ എന്നിവ അന്യാധീനപ്പെട്ട നിലയിലുമായി. ലക്ഷങ്ങൾ വിലവരുന്ന കാസ്റ്റ് അയൺ, സിമന്റ് പൈപ്പുകൾ സ്റ്റേഷൻ വളപ്പിലും പൊതുനിരത്തിലും ഉപേക്ഷിച്ചിരിക്കയാണ്. കടുത്ത വേനലിൽ വർക്കലയിൽ ബദൽ സംവിധാനമായി പ്രയോജനപ്പെടുത്താവുന്ന പദ്ധതിയാണ് നശിക്കുന്നത്. വർക്കലയുടെ ജലലഭ്യതയ്ക്ക് വാമനപുരം പദ്ധതി പര്യാപ്തമല്ലെന്നിരിക്കെ തൊടുവെ പദ്ധതി നവീകരിച്ച് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. പത്ത് വർഷം മുമ്പ് പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമം നടന്നിരുന്നു. പ്ലാന്റ് നവീകരിക്കുകയും വെള്ളത്തിന്റെ ഗുണിലവാരപരിശോധന നടത്തുകയും ചെയ്തു. ജലസ്രോതസ്സുകളിൽ മാലിന്യം അടിഞ്ഞതായി കണ്ടതിനെത്തുടർന്ന് തുടർനടപടി അനിശ്ചിതത്വത്തിലായി. വർക്കല മേഖലയിൽ ഓരോ വർഷവും ജലദൗർലഭ്യം ഏറുകയാണ്. അതിന് പരിഹാരമാകേണ്ട തൊടുവെ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ നടപടിയുണ്ടാകുന്നില്ല. ഓരോ വേനലിലും നാട് കുടിവെള്ളക്ഷാമം നേരിടുമ്പോൾ ഒരു കാലത്ത് വർക്കലയുടെ ദാഹമകറ്റിയ തൊടുവെ പദ്ധതിയെക്കുറിച്ച് ഏവരും ഓർക്കും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൊടുവെ ശുദ്ധജലപദ്ധതിക്ക് ജീവൻ വെക്കുമോ? — Mathrubhumi | Boo… | Boolokam