തൊടുപുഴ: ബസ് റൂട്ടിനെ ചൊല്ലിയുണ്ടായ തർക്കം 1986-ൽ തങ്കമണി വെടിവെപ്പിലേക്ക് നീങ്ങുകയും അത് കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുകയും ചെയ്ത കാലം. മുഖ്യമന്ത്രി കെ. കരുണാകരനടക്കമുള്ളവർ കടുത്ത എതിർപ്പുകളെ നേരിട്ടു. തൊട്ടടുത്ത വർഷം 1987-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തങ്കമണി ഉൾപ്പെടുന്ന ഇടുക്കി മണ്ഡലം രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി. അതുവരെ വലത് സ്ഥാനാർഥികൾ മാത്രം ജയിച്ചുവന്ന മണ്ഡലം കൈവിട്ടുപോകുമെന്ന് കോൺഗ്രസിലെ പ്രമുഖ നേതാക്കളെല്ലാം ഏകദേശം ഉറപ്പിച്ചിരുന്നു. അത്രയ്ക്ക് പ്രക്ഷുബ്ധമായിരുന്നു ഇടുക്കി അന്ന്. ഇടതുപക്ഷം പാട്ടുംപാടി ജയിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരെല്ലാം വിധിയെഴുതി. രണ്ടുതവണ എം.എൽ.എ ആയ ജോസ് കുറ്റിയാനി പിൻമാറാനുള്ള സന്നദ്ധതയും അറിയിച്ചു. മത്സരിക്കാൻ ആരും മുന്നോട്ടുവരാത്ത സാഹചര്യം. To advertise here, സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോൾ അവിടെയൊരു അപ്രതീക്ഷിത അതിഥിയെത്തി. പേര് കണ്ട് ഇടുക്കിയിലെ കോൺഗ്രസ് നേതാക്കളടക്കം ഞെട്ടി. തോട്ടയ്ക്കാട്ടുകാരിയായ റോസമ്മ ചാക്കോ. കോൺഗ്രസിന്റെ പ്രമുഖയായ വനിത നേതാവ്. കെ.കരുണാകരന്റെ രാഷ്ട്രീയ ബുദ്ധിയായിരുന്നു അത്. തങ്കമണി സംഭവം മൂലമുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ നേരിടാൻ ഒരു വനിത തന്നെ ഹൈറേഞ്ച് കയറട്ടെ എന്ന് ലീഡർ തീരുമാനിക്കുകയായിരുന്നു. ബസ് കയറി ഇടുക്കിയിലെത്തിയ റോസമ്മ ചാക്കോ തന്റെ നേതൃപാടവം കൊണ്ട് പാർട്ടിയെ ഒന്നിപ്പിച്ചു. സ്വതസിദ്ധമായ ശൈലിയിലെ ഇടപെടൽ കൂടിയായപ്പോൾ പ്രതിഷേധമുണ്ടായിരുന്നവരുടെ കൂടെ പിന്തുണ നേടി. കെ.പി.സി.സി. വൈസ് പ്രസിഡന്റും എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗവുമൊക്കെയായി പ്രവർത്തിച്ച പരിചയം തിരഞ്ഞെടുപ്പിലും ഗുണകരമായി. പുതുജീവൻ കിട്ടിയ പാർട്ടി നേതൃത്വവും റോസമ്മയ്ക്ക് പിന്നിൽ അണിനിരന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പെട്ടിപൊട്ടിച്ചപ്പോൾ ആ വരവൊരു ചരിത്രമായി മാറി. പി.പി. സുലൈമാൻ റാവുത്തറെ 1570 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി റോസമ്മ ഇടുക്കിയിൽ വിജയക്കൊടി നാട്ടി. രാഷ്ട്രീയ കേരളം ഒന്നാകെ ഞെട്ടി. അടുത്ത തിരഞ്ഞെടുപ്പിൽ 1991-ൽ ഇടുക്കിയിൽനിന്ന് ചാലക്കുടിയിലേക്കും, 1996-ൽ ചാലക്കുടിയിൽനിന്ന് മണലൂരിലേക്കും മാറി മത്സരിച്ച റോസമ്മ രണ്ടിടത്തും വിജയിച്ചുകയറി. കുട്ടികളുടെ ക്ഷേമത്തിനായുള്ള നിയമസഭ സമിതിയിലും സേവനമനുഷ്ടിച്ചു. Content Highlights: Discover how Rosamma Chacko defied odds to win the 1987 Idukki assembly election. K. Karunakaran's brilliant political strategy. Published: 19 Mar 2026, 11:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തോൽവി മണത്ത ഹൈറേഞ്ചിൽ വിജയക്കൊടി പാറിച്ച വനിത; കരുണാകരന്റെ മാസ്റ്റർ സ്ട്രോക്ക്!
M
MathrubhumiSource Link
about 2 months ago