പന്തളം : കുരമ്പാലയുടെ ഗ്രാമദേവതയായ പുത്തൻകാവിലമ്മയ്ക്കുമുമ്പിൽ കരക്കാർ അത്തക്കാഴ്ചയൊരുക്കി. ദേവിയുടെ കോലപ്രതിഷ്ഠാദിനമായ അത്തം നാളിലാണ് കുരമ്പാലതെക്കുഭാഗം, ഇടഭാഗം, വടക്കുഭാഗം എന്നീ കരകളിൽനിന്നുള്ള വിവിധകെട്ടുകാഴ്ചകൾ ദേവിയുടെ അനുഗ്രഹത്തിനായി കെട്ടിയൊരുക്കി കളിപ്പിച്ചത്. To advertise here, തടിയിൽ കൊത്തിയെടുത്ത വലിയ ശിൽപങ്ങളുൾപ്പെടെ നാൽപതോളം കെട്ടുകാഴ്ചകളാണ് പുത്തൻകാവിലമ്മയ്ക്കുമുമ്പിൽ ഭക്തർ അവതരിപ്പിച്ചത്. തടിയിൽ കൊത്തിയെടുത്ത ഭീമൻ, ഹനുമാൻ, അർജുനൻ, ഗണപതി, നരസിംഹസ്വാമി തുടങ്ങിയ കാഴ്ചകളും ഇരട്ടക്കാളകൾ, ഒറ്റക്കാളകൾ, ഹംസം, അന്നം, വള്ളം, കെട്ടുകുതിര, ചെറിയകെട്ടുരുപ്പടികൾ, ഉത്സവ ഫ്‌ളോട്ടുകൾ എന്നിവയുമാണ് വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടുകൂടി ക്ഷേത്രത്തിലേക്കെത്തിത്തുടങ്ങിയത്. ക്ഷേത്രത്തിനുമുമ്പിൽ പ്രദർശിപ്പിച്ചശേഷം ക്ഷേത്രമൈതാനത്ത് നിരത്തിവെച്ച കാഴ്ചകൾ കാണാൻ ദേവി ജീവതയിലേറി എഴുന്നള്ളി. 6.30-ന് ദീപാരാധനയ്ക്കുശേഷം കെട്ടുരുപ്പടികൾ ക്രമമനുസരിച്ച് കരക്കാർ ക്ഷേത്രത്തിനു പ്രദക്ഷിണംവെച്ചു. ഇരുവശത്തുമുള്ള പന്തികളിൽ വെയ്ക്കുന്ന കാഴ്ചകൾ ഞായറാഴ്ചയും ഭക്തർക്ക് ദർശനത്തിനായി ക്ഷേത്രമുറ്റത്ത് നിരത്തിവെയ്ക്കും. രാത്രി ഏഴിന് സേവ, വേല, വിളക്ക്, എതിരേൽപ്പ്, വലിയകാണിക്ക എന്നിവയും നടക്കും. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കുരമ്പാല പടയണിക്കളിരിയിൽ അഭ്യാസം പൂർത്തിയാക്കിയ കുട്ടികളുടെ പഞ്ചാരിമേളം അരങ്ങേറ്റം പെരുവനം കുട്ടൻമാരാർ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്സൺ എം.ആർ. കൃഷ്ണകുമാരി മുഖ്യാതിഥിയാകും. രാത്രി എട്ടിന് ഗാനമേളയും ഉണ്ടാകും. തലയെടുപ്പോടെ വലിയകാളകളും ദാരുശില്പങ്ങളും തടിയിൽ കൊത്തിയെടുത്ത വലിയ ശിൽപ്പങ്ങളാണ് കുരമ്പാല കെട്ടുകാഴ്ചയുടെ പ്രത്യേകത. ഒറ്റത്തടിയിൽ കൊത്തിയെടുത്തവയാണ് അധികവും. വർഷങ്ങൾ പഴക്കമുള്ളവയാണ് പലതും. വലുപ്പത്തിൽ മുമ്പിൽ നിൽക്കുന്ന വലിയകാളകളും കെട്ടുകാഴ്ചയിലെ പ്രധാന ആകർഷണമാണ്. ഭീമൻ, ഹനുമാൻ, അർജുനൻ, ഗണപതി, നരസിംഹസ്വാമി, സ്വാമി അയ്യപ്പൻ എന്നിവയാണ് തടിയിൽ കൊത്തിയെടുത്തവ. അൻപത് വർഷം പിന്നിട്ടവയാണ് ഹനുമാനും വലിയകാളയും. ഉഗ്രസ്വരൂപിണിയായ ഭദ്രകാളിയെ സംപ്രീതയാക്കുന്നതിനായി കരക്കാർ ഒരുക്കുന്നതാണ് കാഴ്ചകൾ. അഞ്ച് വർഷം കൂടുമ്പോൾ നടക്കുന്ന പടയണിയും അടവി(ചൂരലുരുളിച്ച)യും കുരമ്പാല കരയുടെ പ്രത്യേകതയാണ്.

ദാരുശില്പചാരുതയിൽ പുത്തൻകാവിൽ അത്തക്കാഴ്ച
M
MathrubhumiSource Link
about 1 month ago