പരിശോധന നടത്തിയത് ജി.ഡി.ആർ.എഫ്.എ. മേധാവി ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയുടെ നേതൃത്വത്തിൽ To advertise here, ദുബായ് : സുരക്ഷയും സുസ്ഥിര സേവന സംവിധാനങ്ങളും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ദുബായിലെ പ്രധാന പ്രവേശന കവാടങ്ങളിൽ ഉന്നതതല പരിശോധനകൾ നടത്തി. താമസ, കുടിയേറ്റവകുപ്പ് (ജി.ഡി.ആർ.എഫ്.എ.) മേധാവി ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, ഹത്ത ബോർഡർ ക്രോസിങ്, അൽ അവീറിലെ വയലേറ്റേഴ്‌സ് ആൻഡ് ഫോറിനേഴ്‌സ് ഫോളോ അപ്പ് സെക്ടർ എന്നിവിടങ്ങളിലായിരുന്നു പരിശോധന നടത്തിയത്. വിവിധവകുപ്പുകൾ തമ്മിലുള്ള ഏകോപനവും പ്രവർത്തനക്ഷമതയും വിലയിരുത്തുകയായിരുന്നു പരിശോധനയിലൂടെ. ദുബായ് വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികളും തടസ്സരഹിത സേവനങ്ങളും അൽ മർറിയുടെ നേതൃത്വത്തിൽ വിലയിരുത്തി. യാത്രാസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങൾ ഉറപ്പാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ഹത്ത ബോർഡർ ക്രോസിങ് പാസ്പോർട്ട് കൺട്രോൾ വിഭാഗം, അറൈവൽ - ഡിപ്പാർച്ചർ ഹാളുകൾ, പരിശോധനാ കാബിനുകൾ എന്നിവിടങ്ങളിൽ പരിശോധനാ സംഘത്തെ ലാൻഡ് പോർട്ട്‌സ് പാസ്പോർട്ട് കൺട്രോൾ ഡയറക്ടർ ബ്രിഗേഡിയർ ഡോ. റാഷിദ് ഉബൈദ് അൽ കെത്ബി സ്വീകരിച്ചു. കസ്റ്റംസ്, ബോർഡർ സെക്യൂരിറ്റി, പോലീസ് തുടങ്ങിയ വകുപ്പുകളുമായി ഏകോപന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളും നടന്നു. ദുബായുടെ സാമ്പത്തിക അജൻഡയായ ഡി-33 ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ ഡിജിറ്റൽവത്കരണ സേവനങ്ങളും വിലയിരുത്തി. അൽ അവീറിലെ ഫോളോ അപ്പ് സെക്ടറിൽ താമസ നിയമലംഘകരെ പാർപ്പിക്കുന്ന കേന്ദ്രവും അത്യാധുനിക ഓപ്പറേഷൻസ് മുറിയും സന്ദർശിച്ചു. കേസുകൾ ട്രാക്ക് ചെയ്യുന്നതിനും വേഗത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിനുമായി ഉപയോഗിക്കുന്ന സാങ്കേതിക സംവിധാനങ്ങൾ ലെഫ്. ജനറൽ വിലയിരുത്തി. മേജർ ജനറൽ ഡോ. അലി ബിൻ അജിഫ് അൽ സാബിയുടെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു. വ്യോമ-കര അതിർത്തികളിലും ഫോളോ അപ്പ് സെക്ടറുകളിലും എമിറേറ്റിന്റെ സുരക്ഷയും സ്ഥിരതയും നിർണായകമാണെന്ന് മുഹമ്മദ് അൽ മർറി പറഞ്ഞു. വകുപ്പുകൾ തമ്മിലുള്ള മികച്ച ഏകോപനവും സേവന കാര്യക്ഷമതയും ദുബായിയെ ആഗോള നിലവാരത്തിലെത്തിക്കും. യാത്രാ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനൊപ്പം സാമൂഹിക സുരക്ഷയ്ക്കും ജി.ഡി.ആർ.എഫ്.എ. പ്രതിജ്ഞാബദ്ധമാണെന്നും സർക്കാർ സേവനങ്ങളിൽ തുടർച്ച വേണമെന്നും അദ്ദേഹം പറഞ്ഞു.

ദുബായിലെ പ്രവേശന കവാടങ്ങളിൽ ഉന്നതതല പരിശോധന
M
MathrubhumiSource Link
about 1 month ago