ദുബായിൽ മൂന്ന് പുതിയ ട്രക്ക് വിശ്രമകേന്ദ്രങ്ങൾ

ദുബായിൽ മൂന്ന് പുതിയ ട്രക്ക് വിശ്രമകേന്ദ്രങ്ങൾ

M
MathrubhumiSource Link
ദുബായ് : എമിറേറ്റിൽ മൂന്ന് പുതിയ ട്രക്ക് വിശ്രമകേന്ദ്രങ്ങൾ നിർമിക്കാൻ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) കരാർ നൽകി. ജബൽ അലി മൂന്ന്, സെഹ്‌ ശുഐബ്, മദീനത്ത് ഹിന്ദ് രണ്ട് എന്നീ പ്രദേശങ്ങളിലായി സ്വകാര്യമേഖലയുമായി സഹകരിച്ചാണ് 2,10,000 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ വിശ്രമകേന്ദ്രങ്ങൾ നിർമിക്കുക. എമിറേറ്റിന്റെ ലോജിസ്റ്റിക്സ് മേഖലയ്ക്ക് മികച്ച അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. To advertise here, ട്രക്ക് ഡ്രൈവർമാരുടെ സുരക്ഷ, സുഖസൗകര്യങ്ങൾ, പ്രവർത്തനക്ഷമത എന്നിവ വർധിപ്പിക്കുന്നതിനായി രൂപകല്പനചെയ്യുന്ന വിശ്രമകേന്ദ്രങ്ങളിൽ മൊത്തം 490 ട്രക്കുകളെ ഉൾക്കൊള്ളാൻ കഴിയും. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക. വ്യാപാരത്തിനും ലോജിസ്റ്റിക്സിനുമുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ എമിറേറ്റിന്റെ സ്ഥാനം ഉയർത്തുന്നതിന് പദ്ധതി സഹായകരമാകുമെന്ന് ആർ.ടി.എ. ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. ദുബായിൽ പ്രതിദിനം അഞ്ചുലക്ഷത്തിലേറെ ട്രക്ക് യാത്രകൾ നടത്തുന്നുണ്ട്. നിലവിൽ 85,000 ട്രക്കുകൾ രജിസ്റ്റർചെയ്തിട്ടുണ്ട്. വർധിച്ചുവരുന്ന ട്രക്കുകളുടെ എണ്ണത്തിന് അനുസൃതമായി അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. ഗതാഗത സുരക്ഷ വർധിപ്പിക്കാനും ഗതാഗതക്കുരുക്കും ക്രമരഹിതമായ പാർക്കിങ്ങും ഒഴിവാക്കാനും സുസ്ഥിര വിതരണശൃംഖലയെ പിന്തുണയ്ക്കാനും പുതിയ പദ്ധതി ഫലപ്രദമാകും. ദുബായ് സാമ്പത്തിക അജൻഡ ഡി 33-യുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും പുതിയ നീക്കം മികച്ച സംഭാവനകൾ നൽകുമെന്നും അൽ തായർ പറഞ്ഞു. ഒരു ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 250 ട്രക്കുകളെ ഉൾക്കൊള്ളുന്ന വിശ്രമകേന്ദ്രമാണ് ജബൽ അലി മൂന്നിൽ നിർമിക്കുക. ദുബായ് ഇൻഡസ്ട്രിയൽ സിറ്റിക്ക് സമീപമുള്ള സെഹ്‌ ശുഐബിൽ 51,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലും എമിറേറ്റ്സ് റോഡിലെ മദീനത്ത് ഹിന്ദ് രണ്ടിൽ 59,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുമാണ് മറ്റു രണ്ട് വിശ്രമകേന്ദ്രങ്ങൾ ആസൂത്രണംചെയ്തിട്ടുള്ളത്. ര ണ്ടു സ്ഥലങ്ങളിലുമായി 120 ട്രക്കുകളെ ഉൾക്കൊള്ളാനാകും. വാഹന പരിശോധന കേന്ദ്രം, ഡ്രൈവർമാർക്കുള്ള പരിശീലനകേന്ദ്രം, വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താനുള്ള സൗകര്യങ്ങൾ, റീടെയിൽ സ്ഥാപനങ്ങൾ, ലോജിസ്റ്റിക്സ് വെയർഹൗസുകൾ, വൈദ്യുത വാഹന ചാർജിങ് പോയിന്റുകൾ, ഇന്ധന സ്റ്റേഷനുകൾ, താമസ, വിനോദ സൗകര്യങ്ങൾ എന്നിവ പുതുതായി നിർമിക്കുന്ന മൂന്ന് ട്രക്ക് വിശ്രമകേന്ദ്രങ്ങളിലുണ്ടാകും. എമിറേറ്റിലെ ട്രക്ക് ചലനം സുഗമമാക്കുന്നതിന് ആർ.ടി.എ. സമഗ്രമായ ഫീൽഡ് പഠനം നടത്തുന്നുണ്ട്. അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (അഡ്‌നോക്) സഹകരണത്തോടെ എമിറേറ്റിലെ ആറ് പ്രധാന സ്ഥലങ്ങളിലായി 14 ട്രക്ക് വിശ്രമകേന്ദ്രങ്ങൾ അതോറിറ്റി നിർമിച്ചിട്ടുണ്ട്. 5000 മുതൽ 10,000 ചതുരശ്രമീറ്റർ വിസ്‌തീർണമുള്ള ഓരോ കേന്ദ്രത്തിലും 30 മുതൽ 40 വരെ ട്രക്കുകളെ ഉൾക്കൊള്ളാൻ കഴിയും. ശൈഖ് മുഹമ്മദ്‌ ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, ദുബായ് - ഹത്ത റോഡ്, ദുബായ് - അൽ ഐൻ റോഡ്, ജബൽ അലി - ലെഹ്‌ബാബ് റോഡ്, അൽ അവീർ റോഡ് എന്നിവിടങ്ങളിലാണ് ട്രക്കുകൾക്കായുള്ള വിശ്രമകേന്ദ്രങ്ങളുള്ളത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദുബായിൽ മൂന്ന് പുതിയ ട്രക്ക് വിശ്രമകേന്ദ്രങ്ങൾ — Mathrubhum… | Boolokam