ദുബായ് : സ്വയംനിയന്ത്രിത ഗതാഗതസംവിധാനങ്ങളിൽ വിപ്ലവം സൃഷ്ടിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഉംസുഖീം, ജുമൈറ എന്നിവിടങ്ങളിൽ ഡ്രൈവറില്ലാ ടാക്സി സേവനങ്ങൾ ആരംഭിച്ചു. To advertise here, എമിറേറ്റിലെ ഗതാഗതശൃംഖലയിൽ 100 സ്വയം നിയന്ത്രിത ടാക്സികൾ വിന്യസിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് (ആർ.ടി.എ.) പ്രഖ്യാപിച്ചത്. ഡ്രൈവറില്ലാ വാഹനങ്ങളുടെ സാങ്കേതികവിദ്യകളിൽ വിദഗ്ധരായ അപ്പോളോ ഗോ, വീ റൈഡ് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സേവനങ്ങൾ ലഭ്യമാക്കുക. ഉബർ ആപ്പ് വഴി വീ റൈഡ് വാഹനങ്ങൾ ബുക്കുചെയ്യാം. വാഹനങ്ങളുടെ മുഴുവൻ പരിപാലന, പ്രവർത്തനങ്ങൾക്കും ടോലൂൽ ഫോർ ട്രാൻസ്പോർട്ടേഷൻ കമ്പനി മേൽനോട്ടം വഹിക്കും. ദുബായ് ടാക്സി കമ്പനിയുടെ സഹകരണത്തോടെ അപ്പോളോ ഗോ ആപ്പ് വഴിയും ടാക്സി സേവനങ്ങൾ നൽകും. ഭാവിയിൽ വാഹനവ്യൂഹം വിപുലീകരിക്കാനും പദ്ധതിയുണ്ട്. നിയുക്ത റോഡുകളിലൂടെ വാഹനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് മുന്നോടിയായി സമഗ്ര സുരക്ഷാ വിലയിരുത്തലുകളും പരീക്ഷണയോട്ടങ്ങളും ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായാണ് പ്രവർത്തനസന്നദ്ധത ഉറപ്പാക്കുന്നത്. നിർമിതബുദ്ധി, നൂതന സെൻസിങ് സാങ്കേതികവിദ്യകൾ, ഹൈ-ഡഫനിഷൻ ഡിജിറ്റൽ ഭൂപടങ്ങൾ, സ്വയംനിയന്ത്രിത സംവിധാനങ്ങൾ എന്നിവ ഉൾകൊള്ളുന്ന സംയോജിതസംവിധാനത്തിലാണ് വാഹനങ്ങൾ പ്രവർത്തിക്കുന്നത്. ഗതാഗതനിയമങ്ങൾ പിന്തുടരാനും ഇന്റർസെക്ഷൻ, ഗതാഗതസിഗ്നലുകൾ എന്നിവ അനുസരിക്കാനും കാൽനടയാത്രക്കാരെയും മറ്റുവാഹനങ്ങളെയും പരിഗണിച്ച് സുരക്ഷിതമായി സ്വയംസഞ്ചരിക്കാൻ ഇവയ്ക്ക് സാധിക്കും. 2030-ഓടെ എമിറേറ്റിലെ മൊത്തം യാത്രകളുടെ 25 ശതമാനവും ഡ്രൈവറില്ലാവാഹനങ്ങളിലാക്കാനാണ് ദുബായ് ലക്ഷ്യമിടുന്നത്. ലോകമെമ്പാടും സുരക്ഷിതവും കാര്യക്ഷമവുമായ ഡ്രൈവറില്ലാവാഹനങ്ങൾ വിന്യസിക്കാനുള്ള ദൗത്യത്തിലെ നിർണായക ചുവടുവെപ്പാണിത്. ദുബായിയുടെ ഭാവിഗതാഗതം കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കുന്നതിന് നൂതന യാത്രാമാർഗങ്ങൾ സംഭാവനകൾ നൽകുമെന്നാണ് വിലയിരുത്തൽ. യു.എ.ഇ.യിലും സൗദി അറേബ്യയിലുമായി ഏകദേശം 1200 റോബോ ടാക്സികൾ വിന്യസിക്കുമെന്ന് സ്വയംനിയന്ത്രിത വാഹന സാങ്കേതികവിദ്യ സ്ഥാപനമായ വി റൈഡ് അധികൃതർ നേരത്തേ അറിയിച്ചിട്ടുണ്ട്. അബുദാബി, ദുബായ്, റിയാദ് എന്നിവിടങ്ങളിലാണ് ടാക്സികൾ വിന്യസിക്കാനൊരുക്കുന്നത്.

ദുബായിൽ രണ്ടിടങ്ങളിലായി 100 ഡ്രൈവറില്ലാ ടാക്സികൾ
M
MathrubhumiSource Link
about 1 month ago