ദുബായിൽ 13 പുതിയ സൈക്ലിങ് പാതകൾ

ദുബായിൽ 13 പുതിയ സൈക്ലിങ് പാതകൾ

M
MathrubhumiSource Link
ദുബായ് : എമിറേറ്റിനെ സൈക്കിൾ സൗഹൃദ നഗരമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി 13 പുതിയ സൈക്ലിങ് പാതകൾകൂടി തുറന്നതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അധികൃതർ അറിയിച്ചു. To advertise here, 2030-ഓടെ ദുബായിലെ സൈക്ലിങ് പാതകളുടെ മൊത്തം ദൈർഘ്യം 1000 കിലോമീറ്ററാക്കി ഉയർത്തുകയാണ് ലക്ഷ്യം. പ്രധാനപ്പെട്ട വാണിജ്യ, വിനോദ താമസമേഖലകളെ തമ്മിൽ ബന്ധിപ്പിക്കാൻ 15 റൂട്ടുകളിലായി 162 കിലോമീറ്റർ ദൈർഘ്യത്തിൽ സൈക്ലിങ് പാതകൾ നിർമിക്കാനുള്ള മാസ്റ്റർ പ്ലാനിന്റെ ഭാഗമാണിത്. വർധിച്ചുവരുന്ന സൈക്കിൾ ഉപയോക്താക്കൾക്ക് മികച്ച അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കാനുള്ള ആർ.ടി.എ.യുടെ സുപ്രധാന ചുവടുവെപ്പുകൂടിയാണിത്. അൽ ഖവനീജ്-അൽ മംസാർ, അൽ വർഖ - സൈഹ് അൽ സലാം, ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡി.ഐ.എഫ്.സി.) ജുമൈറ എന്നീ പ്രദേശങ്ങളിലെ നിലവിലുള്ള പാതകളെ തമ്മിൽ ബന്ധിപ്പിക്കലാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. എമിറേറ്റിന്റെ ഗതാഗത സൗകര്യങ്ങൾ വിപുലീകരിക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനുമാണ് പദ്ധതി നടപ്പാക്കിയതെന്ന് ആർ.ടി.എ. ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. ഗതാഗതസുരക്ഷ വർധിപ്പിക്കാൻ കാൽനടപ്പാതകൾ, സൈക്ലിങ് ട്രാക്കുകൾ, പാലങ്ങൾ എന്നിവ വിപുലീകരിക്കുന്നത് തുടരുകയാണ്. എല്ലാ റോഡ് ഉപയോക്താക്കൾക്കും സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗത അന്തരീക്ഷം ഒരുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാൽനടയാത്രക്കാർക്കും സൈക്കിൾ ഉപയോക്താക്കൾക്കും അനുയോജ്യമായ നഗരമായി ദുബായിയെ മാറ്റുന്നതിനാണ് ഇത്തരം പദ്ധതികൾ രൂപകല്പന ചെയ്തിരിക്കുന്നത്. താമസ പ്രദേശങ്ങളെ പൊതുഗതാഗത സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്നതിന് പുതിയപാതകൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. സൈക്ലിങ് പാതകളുടെ ദൈർഘ്യം കൂടി എമിറേറ്റിലെ സൈക്ലിങ് അടിസ്ഥാനസൗകര്യങ്ങൾ ഗണ്യമായി വികസിച്ചിട്ടുണ്ട്. 2024-ൽ 560 കിലോമീറ്ററായിരുന്ന പാതകളുടെ ദൈർഘ്യം കഴിഞ്ഞ വർഷാവസാനത്തോടെ 636 കിലോമീറ്ററായി ഉയർന്നു. സൈക്കിൾ യാത്രകളുടെ എണ്ണം 4.66 കോടിയിൽനിന്ന് 5.73 കോടിയായും വർധിച്ചു. ഏകദേശം 23.5 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. എമിറേറ്റിലെ മൊത്തം ജനസംഖ്യയുടെ 22 ശതമാനത്തിലേറെ ആളുകൾക്ക് ഇപ്പോൾ സൈക്കിൾ സൗകര്യങ്ങൾ ലഭ്യമാണെന്നതാണ് സവിശേഷത. ദുബായിയുടെ സൈക്കിൾപാതകളുടെ പെരുമയിലൂടെ കോപ്പൻഹേഗനൈസ് സൂചികയിൽ ഇടംപിടിച്ചതുൾപ്പടെ ആഗോള അംഗീകാരങ്ങളും നേടിയിട്ടുണ്ടെന്നും അൽ തായർ വിശദീകരിച്ചു. അൽ ഖവനീജ് രണ്ടിലും അൽ ബർഷ രണ്ടിലുമായി 18.5 കിലോമീറ്റർ നീളത്തിലും ടോളറൻസ് ഡിസ്ട്രിക്ടിൽ 700 മീറ്റർ നീളത്തിലും പുതിയ സൈക്ലിങ് പാതകൾ നിർമിച്ചിട്ടുണ്ട്. സൈക്കിളുകൾക്കും ഇ-സ്കൂട്ടറുകൾക്കുമായി 25 കിലോമീറ്റർ സമർപ്പിത ട്രാക്കുകൾ, കാൽനടപ്പാതകളുടെ നവീകരണം, ഉൾറോഡുകൾ മെച്ചപ്പെടുത്തൽ, ഓൺപാസീവ് മെട്രോ സ്റ്റേഷൻ, അൽ ഖൂസ് ബസ് സ്റ്റേഷൻ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഏഴുകിലോമീറ്റർ കാൽനട-സൈക്ലിങ് ട്രാക്കുകൾ, അൽ മനാറ സ്ട്രീറ്റിനുമുകളിലുള്ള കാൽനട, എം സൈക്ലിങ് ട്രാക്കുകൾ, അൽ വർഖയിൽ മൊത്തം 11 കിലോമീറ്റർ നീളത്തിൽ സൈക്ലിങ് ട്രാക്കുകൾ, അൽ ഷിൻഡഗ കോറിഡോർ വികസന പദ്ധതിയുടെ ഭാഗമായി 10 കിലോമീറ്റർ സൈക്ലിങ് പാതകൾ എന്നിവയാണ് ഇപ്പോൾ പൂർത്തിയാക്കിയിട്ടുള്ളത്. അൽ സൂഖ് അൽ കബീർ, ഹൊർ അൽ അൻസ്, അബു ഹെയ്ൽ തുടങ്ങിയ പ്രധാന പ്രദേശങ്ങളിലെ ഗതാഗതസേവനങ്ങൾ മെച്ചപ്പെടുത്തുകയും ബുർജുമാൻ, ഷറഫ് ഡി.ജെ., പാം ദേര, ബനിയാസ്, ബുർജ് ഖലീഫ എന്നീ അഞ്ച് പ്രധാന പൊതുഗതാഗതസ്റ്റേഷനുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഗതാഗത പദ്ധതികൾ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഗതാഗതശൃംഖല വിപുലീകരിക്കുന്നു ദുബായിയുടെ ഗതാഗതശൃംഖല വിപുലീകരിക്കാൻ ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികൾ പുരോഗമിക്കുന്നതായും ആർ.ടി.എ. വ്യക്തമാക്കിയിട്ടുണ്ട്. അൽ സുഫൂഹിനെയും ദുബായ് ഹിൽസിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഹെസ സ്ട്രീറ്റിൽ 13.5 കിലോമീറ്റർ സൈക്ലിങ്, ഇ-സ്‌കൂട്ടർ പാതകൾ നിർമിക്കും. ഇത് യാഥാർഥ്യമാകുന്നതോടെ ദുബായ് ഇന്റർനെറ്റ് സിറ്റി മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുകയും അൽ ബർഷ, ബർഷ ഹൈറ്റ്‌സ് ഉൾപ്പെടെയുള്ള 12 പ്രധാന വാണിജ്യ, താമസ മേഖലകൾക്ക് പ്രയോജനകരമാവുകയും ചെയ്യും. രണ്ടു പാലങ്ങളുടെ നിർമാണം പുരോഗമിക്കുന്നു ശൈഖ് സായിദ് റോഡിൽ 528 മീറ്റർ നീളത്തിലും അൽ ഖൈൽ റോഡിൽ 501 മീറ്റർ നീളത്തിലുമായി രണ്ടു പാലങ്ങളുടെ നിർമാണം പുരോഗമിക്കുന്നുണ്ട്. സൈക്കിൾ ഉപയോക്താക്കളെയും കാൽനടയാത്രക്കാരെയും ഉൾക്കൊള്ളുന്ന വിധത്തിലാണ് പാലങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത്. ദുബായിലെ ഏറ്റവും വലിയ രണ്ട് കാൽനട, സൈക്ലിങ് പാലങ്ങളും ആർ.ടി.എ. നിർമിക്കുന്നുണ്ട്. അൽ തവാറിനെയും അൽ മുഹൈസിനയെയും ബന്ധിപ്പിക്കുന്നതിന് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ 816 മീറ്റർ നീളത്തിലാണ് ആദ്യത്തെ മേൽപ്പാലം ഒരുങ്ങുന്നത്. ദുബായ് സിലിക്കൺ ഒയാസിസിനെ ലിവാനുമായി ബന്ധിപ്പിക്കാൻ അൽ ഐൻ റോഡിൽ 719 മീറ്റർ നീളത്തിലാണ് രണ്ടാമത്തെ മേൽപ്പാലം പുരോഗമിക്കുന്നത്. അൽ വർഖ, അൽ ഖിസൈസ്, ഇന്റർനാഷണൽ സിറ്റി, ദുബായ് സിലിക്കൺ ഒയാസിസ്, വാദി അൽ സഫ, ജുമൈറ, അൽ ഖൂസ് എന്നിവിടങ്ങളിലായി 64 കിലോമീറ്റർ സൈക്ലിങ് പാതകളുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അൽ മുസ്താഖ്ബാൽ സ്ട്രീറ്റ് വികസനപദ്ധതിക്ക് കീഴിൽ നാല് കിലോമീറ്ററിലും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനെയും ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന അൽ റുവയ്യ സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായി രണ്ട് കിലോമീറ്റർ നീളത്തിലും സൈക്ലിങ് പാതകൾ ഒരുങ്ങുന്നുണ്ട്. എമിറേറ്റ്‌സ് റോഡിനെ ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്നതിന് വാദി അൽ സഫ അഞ്ചിലും 3.2 കിലോമീറ്റർ നീളത്തിലും അൽ സഫ നാലിൽ രണ്ട് കിലോമീറ്റർ ദൈർഘ്യത്തിലും സൈക്ലിങ് പാതകൾ നിർമിക്കുന്നുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദുബായിൽ 13 പുതിയ സൈക്ലിങ് പാതകൾ — Mathrubhumi | Boolokam | Boolokam