2040-ഓടെ 310 പുതിയപാർക്കുകൾ കൂടി നിർമിക്കും To advertise here, ദുബായ് : എമിറേറ്റിൽ ഈ വർഷം 35 പുതിയ പാർക്കുകൾ തുറക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. മൊത്തം 3,40,000 ചതുരശ്ര മീറ്ററിലേറെ വിസ്തീർണത്തിൽ 23 താമസ പ്രദേശങ്ങളിലായി 34.8 കോടി ദിർഹം ചെലവിലാണ് പദ്ധതിനടപ്പാക്കുക. മികച്ച അടിസ്ഥാന സൗകര്യങ്ങളോടുകൂടിയാണ് ഹരിതയിടങ്ങൾ വികസിപ്പിക്കാനൊരുങ്ങുന്നത്. കുട്ടികൾക്കായുള്ള കളിസ്ഥലങ്ങൾ, മുതിർന്നവർക്കായുള്ള കായിക സൗകര്യങ്ങൾ, ഭക്ഷണശാലകൾ, ഇൻഡോർ, ഔട്ട്ഡോർ കമ്യൂണിറ്റി ഇടങ്ങൾ എന്നിങ്ങനെ അഞ്ച് സംയോജിത മേഖലകൾ കേന്ദ്രീകരിച്ചാണ് പാർക്കുകൾ രൂപകല്പനചെയ്തിരിക്കുന്നത്. മൊത്തം 35 പാർക്കുകളിലായി കുട്ടികൾക്കായി 60-ലേറെ കളിസ്ഥലങ്ങൾ, സ്കേറ്റിങ് സൗകര്യങ്ങൾ, 18 ഫുട്ബോൾ മൈതാനങ്ങൾ, 20 കായിക സൗകര്യങ്ങൾ, വ്യായാമത്തിനും സൈക്ലിങ്ങിനുമായി പ്രത്യേകപാതകൾ, തണലുള്ള ഇരിപ്പിടങ്ങൾ, ഭക്ഷണശാലകൾ എന്നിവയുണ്ടാകും. ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമായ ദുബായ് പാർക്സ് ആൻഡ് ഗ്രീനറി സ്ട്രാറ്റജി, മുനിസിപ്പാലിറ്റിയുടെ ബ്ലൂ ആൻഡ് ഗ്രീൻ സ്പേസ് റോഡ്മാപ്പ് 2030, ദുബായ് സാമ്പത്തിക അജൻഡ എന്നിവയ്ക്ക് അനുസൃതമായാണ് പുതിയനീക്കമെന്ന് മുനിസിപ്പാലിറ്റിയിലെ പബ്ലിക് ഫെസിലിറ്റീസ് ഏജൻസി സി.ഇ.ഒ. ബദർ അൻവഹി പറഞ്ഞു. താമസക്കാരുടെ ക്ഷേമംവർധിപ്പിക്കാനും സാമൂഹിക ഐക്യം ശക്തമാക്കാനും കായികപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും പൊതുഹരിതയിടങ്ങൾ ഫലപ്രദമാകും. സുസ്ഥിര നഗരവളർച്ചയെ പിന്തുണയ്ക്കുന്ന ഹരിതപ്രദേശങ്ങൾ വിപുലീകരിക്കുന്നതിലൂടെ ജനങ്ങളുടെ ജീവിതനിലവാരവും മെച്ചപ്പെടും. വൃക്ഷത്തൈ നടൽ, പുനരുപയോഗ ജലസേചനം, സുസ്ഥിര ഊർജ പരിഹാരങ്ങൾ എന്നിവയ്ക്ക് പ്രാധാന്യംനൽകും. പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിന് നിർമിതബുദ്ധി, റോബോട്ടിക്സ് ഉൾപ്പടെയുള്ള സാങ്കേതികവിദ്യകളും ഉപയോഗിക്കും. പൊതു പാർക്കുകളുടെ വികസനത്തിൽ സജീവമാകാൻ സ്വകാര്യ മേഖലാസ്ഥാപനങ്ങളെയും മുനിസിപ്പാലിറ്റി സ്വാഗതം ചെയ്യുന്നുണ്ട്. 2040-ഓടെ 310 പുതിയ പാർക്കുകൾ നിർമിക്കാനും ഇപ്പോഴുള്ള 220-ലേറെ പാർക്കുകൾ നവീകരിക്കാനുമാണ് ദുബായ് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്.
