അഞ്ച് ഡിപ്പോകളിൽ ചാർജിങ് യൂണിറ്റുകൾ സജ്ജമായി To advertise here, ദുബായ് : എമിറേറ്റിൽ ഈവർഷം 735 ഇലക്ട്രിക് ബസുകൾ കൂടി പുറത്തിറക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അധികൃതർ അറിയിച്ചു. കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള സുപ്രധാന ചുവടുവെപ്പാണിത്. ദുബായ് സാമ്പത്തിക അജൻഡ ഡി 33-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് വൈദ്യുത ബസുകൾ ഉൾപ്പെടുത്തി പൊതു ബസ് ശൃംഖല വിപുലീകരിക്കുന്നത്. നിലവിൽ എമിറേറ്റിലെ വിവിധയിടങ്ങളിലായി 40 ഇലക്ട്രിക് ബസുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ഇലക്ട്രിക് ബസുകൾക്ക് മികച്ച അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി അഞ്ച് ഡിപ്പോകളിലായി ഉയർന്നശേഷിയുള്ള 32 ചാർജിങ് യൂണിറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. അൽ ഖൂസ്, അൽ റുവയ്യ, ലെഹ്ബാബ്, ബിസിനസ് ബേ, ജബൽ അലി എന്നിവിടങ്ങളിലാണ് ചാർജിങ് യൂണിറ്റുകൾ ഒരുക്കിയിട്ടുള്ളത്. പുതിയ ഇലക്ട്രിക് ബസുകളിലൊന്ന് റൂട്ട് എഫ് 13-ൽ ഇതിനകം സർവീസ് തുടങ്ങിയിട്ടുണ്ട്. ഒറ്റത്തവണ ചാർജിൽ 370 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നതാണ് ബസിന്റെ പ്രത്യേകത. മികവാർന്ന സുഖസൗകര്യങ്ങൾ യാത്രക്കാരുടെ സുഖസൗകര്യങ്ങൾക്ക് മുൻഗണന നൽകിയാണ് വാഹനങ്ങൾ രൂപകല്പനചെയ്തത്. ബാറ്ററി റേഞ്ച്, ചാർജിങ് സമയം, ഊർജ ഉപഭോഗം, പ്രവർത്തന കാര്യക്ഷമത എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങൾ കണക്കിലെടുത്താണ് പ്രകടനങ്ങൾ വിലയിരുത്തുന്നത്. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും ഫലപ്രദമാണ്. ഡ്രൈവർമാർക്കും യാത്രക്കാർക്കുമിടയിൽ 95 ശതമാനത്തിലേറെ സംതൃപ്തി നിരക്ക് കൈവരിക്കാനും സാധിച്ചിട്ടുണ്ട്. സുഗമമായ യാത്ര ഉറപ്പാക്കാനും പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കാനും നൂതനപരിഹാരങ്ങൾ സ്വീകരിക്കുന്നതിലൂടെ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗതസംവിധാനം കെട്ടിപ്പടുക്കാനുമാണ് ശ്രമിക്കുന്നതെന്ന് ആർ.ടി.എ.യിലെ പൊതുഗതാഗത ഏജൻസിയിൽ ബസ് മേധാവി മർവാൻ അൽ സെറൂനി പറഞ്ഞു. എമിറേറ്റിന്റെ ബസ് ശൃംഖലയിലുടനീളം ഇലക്ട്രിക് ബസുകളുടെ സംയോജനത്തെ പിന്തുണയ്ക്കാൻ ചാർജിങ് സൗകര്യങ്ങൾ വികസിപ്പിക്കുന്നുണ്ടെന്നും അൽ സെറൂനി പറഞ്ഞു. മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞവർഷം 59,000 ടണ്ണിലേറെ കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. ഊർജകാര്യക്ഷമത, ശീതീകരണം, സുരക്ഷ എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിച്ച് നടത്തിയ പരീക്ഷണയോട്ടം വിജയിച്ചതിനെത്തുടർന്നാണ് ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാനൊരുങ്ങുന്നത്. സന്ദർശകർക്കും താമസക്കാർക്കും മികച്ച യാത്രാനുഭവങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നത്. ദുബായ് അർബൻ പ്ലാൻ 2040-യുടെ ലക്ഷ്യങ്ങൾ കൈവരിക്കാനും സുസ്ഥിര പൊതുഗതാഗത സംവിധാനങ്ങൾ വിപുലീകരിക്കാനുമാണ് ആർ.ടി.എ. ശ്രമിക്കുന്നത്. ക്രമേണ എല്ലാ ബസുകളും ടാക്സികളും ലിമോസിനുകളും വൈദ്യുതവാഹനങ്ങളാക്കി മാറ്റാനും ലക്ഷ്യമുണ്ട്. ഡ്രൈവറുടെ പെരുമാറ്റം നിരീക്ഷണ സംവിധാനം, ഓട്ടോമേറ്റഡ് പാസഞ്ചർ കൗണ്ടിങ്, ഡ്രൈവർ ഐഡന്റിറ്റി ഓതെന്റിക്കേഷൻ, പ്രവർത്തന കാര്യക്ഷമതയും സുരക്ഷയും എന്നിവയ്ക്കായി അത്യാധുനിക സാങ്കേതികവിദ്യകളാണ് ബസുകളിലുള്ളത്.

ദുബായിൽ 735 ഇലക്ട്രിക് ബസുകൾ കൂടിയെത്തുന്നു
M
MathrubhumiSource Link
about 4 hours ago
