ലക്ഷ്യം സുസ്ഥിരവികസനം To advertise here, ദുബായ് : എമിറേറ്റിന്റെ സാമ്പത്തികമേഖലയുടെ വളർച്ചയ്ക്കായി 100 കോടി ദിർഹത്തിന്റെ പദ്ധതിക്ക് യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. വ്യാപാര, നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക, തൊഴിൽ മേഖലകളെ ശാക്തീകരിക്കുന്നതിനും ഉപകരിക്കുന്നതാണ് പുതിയപദ്ധതി. ഇതുമായി ബന്ധപ്പെട്ട മറ്റു പ്രധാനപദ്ധതികൾക്കും സംരംഭങ്ങൾക്കും എക്സിക്യുട്ടീവ് കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്. ഈ മാസം ഒന്നുമുതലാണ് പദ്ധതി പ്രാബല്യത്തിൽ വരുന്നത്. അടുത്ത ആറുമാസത്തിനുള്ളിൽ 100 കോടി ദിർഹത്തിന്റെ പദ്ധതികൾ ദുബായിൽ നടപ്പിലാക്കാനാണ് തീരുമാനം. വ്യക്തികൾക്കും കുടുംബങ്ങൾക്കും സംരംഭകമേഖലയിൽ പിന്തുണ നൽകുകകൂടിയാണ് ലക്ഷ്യം. വിവിധ സർക്കാർ ഫീസുകളിൽ ഇളവ് ലഭിക്കാനും നടപടിക്രമങ്ങൾ ലളിതമാക്കാനും പ്രഖ്യാപനം സഹായകരമാകും. ഹോട്ടലുകൾ അടക്കമുള്ള ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാര മേഖലയ്ക്ക് പിന്തുണ ലഭിക്കുന്നതോടൊപ്പം മൂന്നുമാസത്തേക്ക് ടൂറിസം മേഖലയിൽ ഉൾപ്പെടെ സർക്കാർ ഫീസുകൾ ഒഴിവാക്കും. കസ്റ്റംസ് ഡേറ്റ ഗ്രേസ് പിരീഡുകൾ 30-ൽനിന്ന് 90 ദിവസമായി നീട്ടും. ഗോൾഡൻ വിസ ഉൾപ്പെടെ റെസിഡൻസി പെർമിറ്റുകൾ കൂടുതൽ അനുവദിക്കുന്നതും പുതുക്കുന്നതും പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. 2025 നാലാംപാദത്തിൽ ദുബായിയുടെ സാമ്പത്തികവളർച്ച 6.4 ശതമാനമായിരുന്നു. ജി.ഡി.പി. 5.4 ശതമാനം വർധിച്ച് 93,700 കോടി ദിർഹമായതും എക്സിക്യുട്ടീവ് കൗൺസിൽ അംഗീകരിച്ചു. ദുബായിൽ കസ്റ്റംസ് നിയമങ്ങൾ ലഘൂകരിച്ചുകൊണ്ട് ഇറക്കുമതി സുഗമമാക്കാനും നടപടികൾ സ്വീകരിക്കും. യുവ ഇമിറാത്തികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കൂടുതൽ സ്ഥാപനങ്ങളുമായി പങ്കാളിത്തം ഉറപ്പാക്കും. ജീവിതനിലവാരം ഉയർത്തുക, സാമ്പത്തിക സ്ഥിരത ശക്തിപ്പെടുത്തുക, സുസ്ഥിരമായ തൊഴിൽ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ മറ്റു പ്രധാനലക്ഷ്യം. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ ദീർഘവീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതികൾക്കുള്ള അംഗീകാരം. ലോകമെങ്ങുമുള്ള നിക്ഷേപകർക്കിടയിൽ വിശ്വാസ്യത നേടിയെടുക്കാൻ ദുബായിക്ക് സാധിച്ചിട്ടുണ്ടെന്നും ആഗോള മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ യു.എ.ഇ.യിൽ സുസ്ഥിര നഗരവികസനം നടപ്പാക്കുമെന്നും ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ദുബായ് ഒന്നാം ഉപ ഭരണാധികാരിയും ധനമന്ത്രിയും ഫിനാൻഷ്യൽ ഓഡിറ്റ് അതോറിറ്റി ചെയർമാനുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് രണ്ടാം ഉപഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ദുബായ് സാമ്പത്തികമേഖലയ്ക്ക് 100 കോടി ദിർഹത്തിന്റെ വൻപദ്ധതി
M
MathrubhumiSource Link
about 1 month ago