ദുരൂഹകൊലപാതകങ്ങളോ രഹസ്യആക്രമണമോ? പാകിസ്താനിൽ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരർ ഒന്നൊന്നായി വീഴുമ്പോൾ

ദുരൂഹകൊലപാതകങ്ങളോ രഹസ്യആക്രമണമോ? പാകിസ്താനിൽ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരർ ഒന്നൊന്നായി വീഴുമ്പോൾ

കഴിഞ്ഞ രണ്ട് മൂന്ന് വർഷത്തിനിടെ, ഇന്ത്യ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തിയ നിരവധി ഭീകരരും ഭീകര സംഘടനകളിലെ ഉന്നത കമാൻഡർമാരും പാകിസ്താനിലോ പാക് അധിനിവേശ കശ്മീരിലോ വെച്ച് കൊല്ലപ്പെട്ടിട്ടുണ്ട്. അമീര്‍ ഹംസ, പശ്ചാത്തലത്തിൽ അമീർ ഹംസയെ അക്രമിച്ചവർ എന്ന് കരുതുന്നവർ മോട്ടോർസൈക്കിളിൽ എത്തുന്നതിന്റെ സിസിടിവി ദൃശ്യത്തിൽനിന്ന്| Photo: Photo: Screengrab fromx.com/upuknews1 പാ ക് ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ സ്ഥാപക നേതാക്കളിലൊരാളായ അമീർ ഹംസയ്ക്ക് വെടിയേറ്റു! ലാഹോറിൽ വെച്ചാണ് ലഷ്കറിന്റെ മുതിർന്ന നേതാക്കളിലൊരാളായ ഹംസയ്ക്ക് നേരെ അജ്ഞാതരുടെ ആക്രമണമുണ്ടായതെന്നാണ് വിവരം. ഇയാൾ അതീവ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലാഹോറിലെ ഒരു ന്യൂസ് ചാനലിന്റെ ഓഫീസിന് മുന്നിൽ വെച്ചാണ് ഹംസയ്ക്ക് വെടിയേറ്റത്. ചാനൽ ഓഫീസിന് പുറത്തുകൂടി നടന്നുപോകുന്നതിനിടെ അജ്ഞാതരായ അക്രമികൾ ഹംസയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയുതിർത്തതിന് പിന്നാലെ അജ്ഞാതനായ അക്രമി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. To advertise here, കഴിഞ്ഞ രണ്ട് മൂന്ന് വർഷത്തിനിടെ, ഇന്ത്യ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തിയ നിരവധി ഭീകരരും ഭീകര സംഘടനകളിലെ ഉന്നത കമാൻഡർമാരും പാകിസ്താനിലോ പാക് അധിനിവേശ കശ്മീരിലോ വെച്ച് കൊല്ലപ്പെട്ടിട്ടുണ്ട്. ലഷ്കർ-ഇ-തൊയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ സംഘടനകളുടെ മുൻനിര നേതാക്കളാണ് ഒന്നൊന്നായി ഇല്ലാതാകുന്നത്. അവരാകട്ടെ ഇന്ത്യയ്ക്കെതിരെ വർഷങ്ങളായി ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നവരും. റിപ്പോർട്ടുകൾ പ്രകാരം, ഇത്തരം കൊലപാതകങ്ങൾക്ക് പിന്നിൽ പലപ്പോഴും തിരിച്ചറിയപ്പെടാത്ത തോക്കുധാരികളാണ്. അല്ലെങ്കിൽ ദുരൂഹമായ സാഹചര്യങ്ങളിൽ ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നു. അമീർ ഹംസയ്ക്ക് നേരെയുള്ള ആക്രമണവും സമാനമായ രീതിയിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പക്ഷേ ആരാണ് ഈ ആക്രമണങ്ങൾക്ക് പിന്നിൽ? അമീർ ഹംസ | Photo Courtesy: NDTV ആരായിരുന്നു അമീർ ഹംസ? ഇന്ത്യ തിരയുന്ന 'മോസ്റ്റ് വാണ്ടഡ്' ഭീകരരിൽ ഒരാളായിരുന്നു അമീർ ഹംസ. ലഷ്കർ-ഇ-തൊയ്ബയുടെ സ്ഥാപകൻ ഹാഫിസ് സയീദിന്റെ വിശ്വസ്തനായാണ് ഹംസ അറിയപ്പെട്ടിരുന്നത്. തീപ്പൊരി പ്രസംഗകനും എഴുത്തുകാരനുമായ ഇയാളെ, 1985-ൽ മദ്രസയിൽ പഠിക്കുന്ന കാലത്താണ് ലഷ്കർ തലവൻ സാക്കി ഉർ റഹ്മാൻ ലഖ്വി (Zaki-ur-Rehman Lakhvi) കണ്ടെത്തുന്നത്. ലഷ്കർ രൂപീകരിക്കുന്നതിനും എത്രയോ മുൻപായിരുന്നു ഇത്. ലഖ്വി ഇയാളെ ഹാഫിസ് സയീദിന്റെ അടുത്തെത്തിച്ചു. ഈ കൂടിക്കാഴ്ചകളാണ് ലഷ്കറിന്റെ ആദ്യ രൂപമായ 'മർക്കസ് ദവാ-അൽ-ഇർഷാദ്' (Markaz Da'wa-al-Irshad) സ്ഥാപിക്കുന്നതിലേക്ക് നയിച്ചത്. ഇതിന്റെ പബ്ലിക്കേഷൻസ് വിഭാഗത്തിന്റെ ചുമതല അന്ന് ഇരുപത് വയസിന് മുകളിൽ മാത്രം പ്രായമുണ്ടായിരുന്ന ഹംസയ്ക്കായിരുന്നു. ഹംസ പത്രാധിപരായിരുന്ന മാസികയും പ്രസിദ്ധീകരണങ്ങളും വഴി പ്രചരിപ്പിച്ച പ്രകോപനപരമായ ആശയങ്ങളുടെ സ്വാധീനം മൂലം മൂന്ന് വർഷത്തിനുള്ളിൽ സംഘടനയിലെ അംഗങ്ങളുടെ എണ്ണം പതിനായിരത്തിന് മുകളിലെത്തി. ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമെതിരായ ജിഹാദിന് പുറമെ ഹംസയുടെ എഴുത്തുകളിൽ മറ്റൊന്ന് കൂടിയുണ്ടായിരുന്നു. പാകിസ്താൻ സൈന്യത്തെ വിശുദ്ധരായി അവതരിപ്പിച്ച ഹംസ രാഷ്ട്രീയക്കാരെയും സർക്കാർ ഉദ്യോഗസ്ഥരെയും അഴിമതിക്കാരായി ചിത്രീകരിച്ചു. മാത്രമല്ല, സൈന്യത്തിന്റെ എല്ലാ നടപടികളെയും ഹംസ ന്യായീകരിച്ചു. ഓരോ പാകിസ്താനിയും ഒരു 'പ്രതീകാത്മക പ്രതിരോധ മന്ത്രി'യായിരിക്കണമെന്നതായിരുന്നു ഹംസയുടെ നിലപാട്. മതത്തെ കൂട്ടുപിടിച്ച് സൈനിക മേധാവികളെ അങ്ങേയറ്റം പ്രശംസിച്ചുകൊണ്ട് സൈന്യത്തിന് ശക്തമായ ഒരു പ്രത്യയശാസ്ത്ര അടിത്തറയാണ് ഹംസ നൽകിയത്. വാക്കുകൾ കൊണ്ട് വിദ്വേഷം പ്രചരിപ്പിക്കുന്ന ഒരാൾ മാത്രമായിരുന്നില്ല ഹംസ. അന്നത്തെ സോവിയറ്റ് യൂണിയൻ സന്ദർശിച്ച് സലഫിസ്റ്റ് ഗ്രൂപ്പുകളുമായി ബന്ധം സ്ഥാപിച്ച ഹംസ, ഇറാനിലെ ഷിയാ ഭൂരിപക്ഷത്തിനെതിരെ സുന്നി പ്രതിരോധം ശക്തമാക്കാനും പ്രവർത്തിച്ചിരുന്നു. അഫ്ഗാൻ ജിഹാദിലും മുഖ്യപങ്കുവഹിച്ച ഹംസയ്ക്ക് താലിബാനിലെയും മുജാഹിദീനിലെയും ആദ്യകാല അംഗങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഭീകരപ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരിക്കുന്നതിലും മികവ് കാട്ടിയിരുന്ന ഹംസ, ലഷ്കറിന്റെ ഹൃദയമിടിപ്പും ഇന്ത്യയോടും അമേരിക്കയോടുമുള്ള കടുത്ത വിദ്വേഷത്തിന്റെ ആൾരൂപവുമാണ്. മുംബൈയിലെ 26/11 ഭീകരാക്രമണത്തിന് ശേഷം, ഭീകരവാദത്തിനെതിരെ നടപടിയെടുക്കാൻ പാകിസ്താന് മേൽ ആഗോളതലത്തിൽ വലിയ സമ്മർദമുണ്ടായി. ഇതിനെത്തുടർന്ന് പല ലഷ്കർ നേതാക്കളെയും 'അറസ്റ്റ്' ചെയ്യുകയും ലോകത്തെ കാണിക്കാൻ ശിക്ഷകൾ നൽകുകയും ചെയ്തു. എന്നാൽ ഹംസ ഇതിൽ നിന്നെല്ലാം തന്ത്രപൂർവ്വം രക്ഷപ്പെട്ടു. മാത്രമല്ല, 'ജയ്ഷ്-ഇ-മൻഖാഫ' എന്ന പുതിയ ഗ്രൂപ്പിന്റെ ചുമതല കൂടി ഇയാൾക്ക് ലഭിച്ചു. ലഷ്കറിന്റെ മുഖ്യധാരാ സംഘടനകൾ അടച്ചുപൂട്ടിയപ്പോൾ, പുതിയ ഗ്രൂപ്പിലൂടെ സാമ്പത്തിക സമാഹരണം നടത്താൻ ഇത് അവരെ സഹായിച്ചു. പാകിസ്താൻ ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും പൂർണമായ അറിവോടും സമ്മതത്തോടും കൂടിയാണ് ഇതെല്ലാം നടന്നതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. 'ഓപ്പറേഷൻ സിന്ദൂർ' വേളയിൽ ലഷ്കർ ആസ്ഥാനവും മറ്റ് എട്ട് ക്യാമ്പുകളും തകർക്കുകയും ലഷ്കറിന്റെയും ജയ്ഷിന്റെയും നൂറുകണക്കിന് ഭീകരരെ വധിക്കുകയും ചെയ്തതിന് പിന്നാലെ ഹംസ അപ്രത്യക്ഷനായി. മറ്റ് പല നേതാക്കളും അക്കാലത്ത് നിശബ്ദരായിരുന്നെങ്കിലും ഹംസയുടെ തിരോധാനം ശ്രദ്ധേയമായിരുന്നു. തെഹ്‌രീക്-ഇ-താലിബാനെതിരായ പോരാട്ടത്തിൽ പാകിസ്താൻ സൈന്യത്തെ സഹായിക്കുന്നതിനായി ഇവരെ അഫ്ഗാനിസ്താനിലേക്കും അതിർത്തി പ്രദേശങ്ങളിലേക്കും മാറ്റിയതായും അഭ്യൂഹങ്ങൾ പരന്നിരുന്നു. പിന്നീടാണ് ഇയാൾ പാകിസ്താനിൽ മടങ്ങിയെത്തുന്നത്. അമീർ ഹംസയെ അക്രമിച്ചവർ എന്ന് കരുതുന്നവർ മോട്ടോർസൈക്കിളിൽ എത്തുന്നതിന്റെ സിസിടിവി ദൃശ്യത്തിൽനിന്ന്. | Photo: Screengrab fromx.com/upuknews1 ഭീകരർ ഒന്നൊന്നായി വീഴുമ്പോൾ! പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരർ ദുരൂഹസാഹചര്യത്തിൽ തുടർച്ചയായി കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്നതാണ് ഹംസയ്ക്ക് എതിരായ ആക്രമണത്തിന് പ്രാധാന്യം വർധിപ്പിക്കുന്നത്. കൊല്ലപ്പെട്ടവരുടെ പട്ടിക പരിശോധിച്ചാൽ അവരെല്ലാം ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' പട്ടികയിലുള്ളവരാണെന്ന് കാണാം. കഴിഞ്ഞ മാസമാണ് ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരൻ മുഹമ്മദ് താഹിർ അൻവർ പാകിസ്താനിൽ കൊല്ലപ്പെട്ടത്. ദുരൂഹ സാഹചര്യത്തിലായിരുന്നു ഇയാളുടെ മരണം. ജെയ്‌ഷെ മുഹമ്മദിന്റെ നിർണായക ചുമതലകൾ വഹിച്ചിരുന്ന ഇയാൾ, ഭീകരസംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ ലഷ്കർ ഉന്നത കമാൻഡറായ അബു ഖത്താൽ അജ്ഞാതരാൽ വധിക്കപ്പെട്ടു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയിദിന്റെ അടുത്ത അനുയായിയായിരുന്നു ഇയാൾ. 2024-ൽ ജമ്മു കശ്മീരിലെ റിയാസിയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതും ഇയാളാണെന്ന് കരുതപ്പെടുന്നു. 2023 മുതൽ ഇത്തരം കൊലപാതകങ്ങൾ പരിശോധിച്ചാൽ ഒരു പ്രത്യേക പാറ്റേൺ തുടരുന്നതായി കാണാം. ആ വർഷം ഏഴ് മാസത്തിനിടെ ഏഴ് ഭീകരവാദികളാണ് സമാന സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടത്. ഖലിസ്താൻ കമാൻഡോ ഫോഴ്‌സ് മേധാവി പരംജിത് സിങ് പഞ്ച്‌വാർ ആയിരുന്നു ഇതിലൊരാൾ. 2023 മേയ് ആറിന് ലാഹോറിൽ പ്രഭാതസവാരിക്കിറങ്ങിയ പഞ്ച്‌വാറിനെ മോട്ടോർ സൈക്കിളിലെത്തിയ രണ്ട് അക്രമികൾ വെടിവെച്ചു കൊലപ്പെടുത്തി. ഹാഫിസ് സയീദിന്റെ വിശ്വസ്തനായ മുഫ്തി ഖൈസർ ഫാറൂഖും കറാച്ചിയിൽ 'അജ്ഞാതരുടെ' വെടിയേറ്റാണ് മരിച്ചത്. ആ വർഷം ഒക്ടോബറിൽ ഒരു മതപഠന കേന്ദ്രത്തിന് സമീപത്തുവെച്ചാണ് ഫാറൂഖിന് വെടിയേറ്റത്. ഇയാൾ ചികിത്സയിലിരിക്കെയാണ് ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്. 2016-ലെ പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന ഷാഹിദ് ലത്തീഫ് ആമാസം പാകിസ്താനിലെ സിയാൽകോട്ടിൽ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ലഷ്കർ ഉന്നത കമാൻഡറായ ഖ്വാജ ഷാഹിദ് നവംബറിൽ പാക് അധീന കശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപം തലയറുത്ത നിലയിൽ കാണപ്പെട്ടു. നീലം താഴ്‌വരയിലെ വീട്ടിൽ നിന്ന് അജ്ഞാതർ ഇയാളെ തട്ടിക്കൊണ്ടുപോയതായിരുന്നു. ലഷ്കറിന്റെ മറ്റൊരു പ്രധാന കമാൻഡറായ അക്രം ഖാൻ ഗാസിയും ആമാസം ബൈക്കിലെത്തിയ അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെട്ടു. സംഘടനയുടെ റിക്രൂട്ട്‌മെന്റ് വിഭാഗത്തിലെ പ്രമുഖനായിരുന്ന ഇയാൾ. ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങളിലൂടെ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നതിനും ജമ്മു കശ്മീരിലേക്കുള്ള നുഴഞ്ഞുകയറ്റങ്ങൾക്കും ചുക്കാൻ പിടിച്ചിരുന്നു. 2023-ലെ ഈ കൊലപാതക പരമ്പരകൾക്ക് മുമ്പും സമാനരീതിയിലുള്ള കൊലപാതകങ്ങൾക്ക് പാകിസ്താൻ സാക്ഷ്യം വഹിച്ചിരുന്നു. 2022 മാർച്ചിൽ മിസ്ട്രി സഹൂർ ഇബ്രാഹിം കറാച്ചിയിൽ വെച്ച് കൊല്ലപ്പെട്ടിരുന്നു. 1999-ൽ ഐസി-814 ഇന്ത്യൻ എയർലൈൻസ് വിമാനം തട്ടിക്കൊണ്ടുപോയ അഞ്ച് ഭീകരരിൽ പ്രധാനിയായിരുന്നു മിസ്ട്രി സഹൂർ ഇബ്രാഹിം. 'സാഹിദ് അഖുണ്ട്' എന്ന വ്യാജപ്പേരിൽ വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഈ ജെയ്‌ഷെ മുഹമ്മദ് ഭീകരനെ, മാർച്ച് ഒന്നിന് കറാച്ചിയിലെ അക്തർ കോളനിയിൽ വെച്ച് അജ്ഞാതർ തലയ്ക്ക് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഹാഫിസ് സയീദ് | Photo: Aamir QURESHI/AFP PHOTO പാകിസ്താന്റെ ആരോപണങ്ങളും ഇന്ത്യയുടെ മൗനവും സ്വന്തം സുരക്ഷിത താവളങ്ങളിൽ ഇവർ വെടിയേറ്റു വീഴുമ്പോൾ, അത് വെറുമൊരു ക്രമസമാധാന പ്രശ്നമല്ല, മറിച്ച് ആഗോളതലത്തിൽ ഭീകരവിരുദ്ധ പോരാട്ടത്തിന്റെ രീതി മാറുന്നു എന്നതിന്റെ സൂചനയാണ്. വെറുമൊരു ആക്രമണമല്ല, മറിച്ച് കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തുന്ന 'ടാർഗെറ്റഡ് കില്ലിംഗ്' ആണ് ഇവിടെ സംഭവിക്കുന്നത്. മിക്കപ്പോഴും മോട്ടോർ സൈക്കിളിലെത്തുന്ന അജ്ഞാതർ ജനക്കൂട്ടത്തിനിടയിലോ പള്ളികൾക്കുള്ളിലോ വെച്ചാണ് കൃത്യം നിർവഹിക്കുന്നത്. ഇത് യാദൃച്ഛികമായ മരണങ്ങളാണോ അതോ ഇന്ത്യൻ ഏജൻസികളോ മറ്റ് വിദേശ ഏജൻസികളോ നടത്തുന്ന ആസൂത്രിത നീക്കമാണോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഈ കൊലപാതകങ്ങൾക്ക് പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ 'റോ' ആണെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം ആരോപിക്കുന്നു. ഇന്ത്യ ഇത്തരം ആരോപണങ്ങൾ തള്ളിക്കളയുന്നു. പക്ഷേ, ഭീകരരെ അവരുടെ താവളങ്ങളിൽ ചെന്ന് നേരിടും എന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപിത നയം ഈ സംഭവങ്ങളുമായി പലപ്പോഴും കൂട്ടിവായിക്കപ്പെടുന്നു. ഇന്ത്യയെ കുറ്റപ്പെടുത്താൻ ശ്രമിക്കുമ്പോഴും ഇതിന് ബലം പകരുന്ന തെളിവുകൾ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഹാജരാക്കാൻ പാകിസ്താന് സാധിക്കുന്നില്ല. മാത്രമല്ല, ലോകത്തിലെ ഏറ്റവും മികച്ച ചാരസംഘടനയെന്ന് സ്വയം അവകാശപ്പെടുന്ന ഐ.എസ്.ഐയുടെ മൂക്കിന് താഴെയാണ് ഈ കൊലപാതകങ്ങൾ നടക്കുന്നത്. സ്വന്തം മണ്ണിൽ വിദേശ ഏജൻസികൾക്ക് പ്രവർത്തിക്കാൻ കഴിയുന്നു എന്നത് പാക് സുരക്ഷാ ഏജൻസികളുടെ വലിയ പരാജയമായും വിലയിരുത്തപ്പെടുന്നു. ഈ കൊലപാതകങ്ങൾക്ക് പിന്നിൽ മൂന്ന് പ്രധാന സാധ്യതകളാണ് നിരീക്ഷകർ കാണുന്നത്. ഇന്ത്യൻ ഏജൻസികളുടെ ഇടപെടലാണ് ഏറ്റവും പ്രധാനം. അതിർത്തി കടന്നുള്ള ശത്രുക്കളെ ഇല്ലാതാക്കാൻ ഇന്ത്യ നടത്തുന്ന രഹസ്യ ഓപ്പറേഷനുകളാണിതെന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്. ഭീകരർക്കിടയിലെ കുടിപ്പകയാണ് രണ്ടാമത്തെ സാധ്യത. ഭീകരസംഘടനകൾക്കുള്ളിലെ അധികാര തർക്കങ്ങളും പണത്തിന് വേണ്ടിയുള്ള ആഭ്യന്തര കലഹങ്ങളും പരസ്പര കൊലപാതകങ്ങളിലേക്ക് നയിക്കാമെന്നും വാദമുണ്ട്. പാക് ഭരണകൂടത്തിന്റെ തന്ത്രമാണിതെന്നാണ് മറ്റൊരു വിഭാഗം മുന്നോട്ട്വെയ്ക്കന്ന സാധ്യത. അന്താരാഷ്ട്ര തലത്തിൽ സമ്മർദം കുറയ്ക്കുന്നതിനായി, പാകിസ്താൻ തന്നെ തങ്ങൾക്ക് ബാധ്യതയായ ഭീകരരെ വകവരുത്തുന്നതാകാമെന്നും വാദമുണ്ട്. തെളിവില്ലെങ്കിലും പാകിസ്താനിൽ കൊല്ലപ്പെടുന്ന ഓരോ ഭീകരനും ഇന്ത്യയിലെ ഇരകൾക്ക് ലഭിക്കുന്ന നീതിയായി ഒരു വിഭാഗം കാണുന്നു. എന്നാൽ, ഈ 'നിഴൽ യുദ്ധം' ദക്ഷിണേഷ്യയിലെ സമാധാനാന്തരീക്ഷത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്നത് കണ്ടറിയണം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദുരൂഹകൊലപാതകങ്ങളോ രഹസ്യആക്രമണമോ? പാകിസ്താനിൽ ഇന്ത്യയുടെ മോസ… | Boolokam