വരാപ്പുഴ To advertise here, : ദേശീയപാത 66-ൽ ഇടപ്പള്ളി-മൂത്തകുന്നം റീച്ചിൽ റെക്കോഡ് വേഗത്തിൽ നിർമാണം പൂർത്തിയാക്കിയ വരാപ്പുഴപ്പാലം ഞായറാഴ്ച ഗതാഗതത്തിനായി തുറന്നുകൊടുക്കും. പാലത്തിന്റെ നിർമാണജോലികൾ മൂന്ന് മാസങ്ങൾക്ക് മുൻപ് പൂർത്തിയായെങ്കിലും ഇരുഭാഗത്തുമുള്ള അപ്രോച്ച് റോഡുകളുടെ നിർമാണം വൈകിയതാണ് പാലം തുറന്നുകൊടുക്കാൻ തടസ്സമായത്. പാലത്തിന്റെ ഇരുകരകളിലുമായി 1400 മീറ്റർ അപ്രോച്ച് റോഡാണ് നിർമിച്ചിട്ടുള്ളത്. ചേരാനല്ലൂർ പെട്രോൾ പമ്പിനുസമീപത്തുനിന്നും ആരംഭിക്കുന്ന അപ്രോച്ച് റോഡ് വരാപ്പുഴ എസ്.എൻ.ഡി.പി. ജങ്ഷന് സമീപത്തായിട്ടാണ് അവസാനിക്കുന്നത്. ദേശീയപാത 66-ൽ ഇടപ്പള്ളി-മൂത്തകുന്നം റീച്ചിലെ ഏറ്റവും വലിയ പാലമാണ് വാരാപ്പുഴ പാലം. 1026 മീറ്റർ ദൈർഘ്യത്തിലുള്ള പാലം പൂർത്തിയാക്കാൻ 604 ദിവസങ്ങളാണെടുത്തത്. 100 കോടി രൂപയോളമാണ് പാലത്തിന്റെ നിർമാണത്തിനായി ചെലവായത്. ഏറെ അടിയൊഴുക്കുകളുള്ള പെരിയാറിനു കുറുകേ ബാലൻസ്ഡ് കാൻഡി ലിവർ രീതിയിൽ രൂപകല്പന ചെയ്തിട്ടുള്ള പാലം 26 സ്പാനുകളിലായാണ് നിർമിച്ചിട്ടുള്ളത്. പുഴയുടെ ഭാഗത്ത് 83 മീറ്റർ വീതമുള്ള രണ്ട് സ്പാനുകളും കപ്പലുകൾക്കുൾപ്പെടെ യഥേഷ്ടം സഞ്ചരിക്കാൻ കഴിയുന്ന തരത്തിൽ 120 മീറ്ററിൽ മധ്യസ്പാനുമാണുള്ളത്. പഴയപാലം നിലനിർത്തിക്കൊണ്ടാണ് ഇവിടെ ദേശീയപാത വികസിപ്പിക്കുന്നത്. നിലവിലുള്ള റോഡിൽനിന്നും മൂന്ന് മീറ്ററിലധികം താഴ്ന്നാണ് വരാപ്പുഴ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമിച്ചിട്ടുള്ളത്. നിലവിലുള്ള പാലം പൊളിച്ചുമാറ്റാതെ അറ്റകുറ്റപ്പണികൾ നടത്തി നവീകരിച്ചാണ് ഗതാഗതത്തിനായി സജ്ജമാക്കുക. നിലവിലുള്ള റോഡ് പൊളിച്ചുനീക്കി പുതിയതായി നിർമിക്കുന്ന അപ്രോച്ച് റോഡിനൊപ്പം താഴ്ത്തി നിർമിക്കും. പുതിയ പാലത്തിലൂടെ ഗതാഗതം തിരിച്ചുവിട്ടശേഷം മാത്രമായിരിക്കും ഇതിന്റെ ജോലികൾ ആരംഭിക്കുക. ദേശീയപാതയുടെ നിർമാണ ജോലികൾ നടക്കുന്നതിനാൽ വരാപ്പുഴ പാലത്തിലും സമീപ പ്രദേശങ്ങളിലും അതിരൂക്ഷമായ ഗതാഗതകുരുക്കും അപകടങ്ങളും പതിവായതോടെയാണ് അടിയന്തരമായി പുതിയപാലം തുറന്നു കൊടുക്കാൻ തീരുമാനമായത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ടപകടങ്ങളിലായി ഇവിടെ രണ്ടുപേർ മരിച്ചു. വരാപ്പുഴ പാലത്തിലെ ഗതാഗതക്കുരുക്കും അപകടങ്ങളും മൂലം യാത്രക്കാർക്കുണ്ടാക്കിയിട്ടുള്ള ഭയത്തെകുറിച്ച് ‘മാതൃഭൂമി’ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ ദേശീയപാതാ അതോറിറ്റിയുടെ പ്രോജക്ട് ഡയറക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്ന് അടിയന്തരമായി ഇടപെടൽ നടത്തിയാണ് പാലം തുറക്കാൻ തീരുമാനിച്ചത്. Published: 05 Apr 2026, 02:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ദേശീയപാത-66 വരാപ്പുഴ പുതിയ പാലം ഇന്നുതുറക്കും, കുരുക്കിന് ആശ്വാസമാകും
M
MathrubhumiSource Link
about 1 month ago