നഗരസഭാ ശ്‌മശാനം ഒടുവിൽ പ്രവർത്തനസജ്ജം

നഗരസഭാ ശ്‌മശാനം ഒടുവിൽ പ്രവർത്തനസജ്ജം

M
MathrubhumiSource Link
രണ്ടാഴ്ചയ്ക്കുള്ളിൽ തുറക്കും To advertise here, പുനലൂർ :യന്ത്രത്തകരാർമൂലം ഒരുവർഷത്തിലധികമായി പ്രവർത്തിക്കാതിരുന്ന, പുനലൂർ നഗരസഭയുടെ തൊളിക്കോട്ടെ വാതകശ്മശാനം(ശമനതീരം) പ്രവർത്തനസജ്ജമായി. വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയ 15 ലക്ഷം രൂപ ചെലവഴിച്ച് രണ്ടുമാസമായി നടത്തിവന്ന അറ്റകുറ്റപ്പണി പൂർത്തിയായി. ബുധനാഴ്ച ഉച്ചയ്ക്ക് ശ്മശാനത്തിലെ ഉപകരണങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചു. ഉപയോഗത്തിനായി രണ്ടാഴ്ചയ്ക്കുള്ളിൽ ശ്മശാനം തുറന്നുനൽകുമെന്ന് നഗരസഭാധ്യക്ഷൻ എം.എ. രാജഗോപാൽ അറിയിച്ചു. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഹൈടെക് ക്രിമറ്റോറിയം പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയാണ് അറ്റകുറ്റപ്പണി നടത്തിയത്. ശ്മശാനവളപ്പ് വൃത്തിയാക്കുന്നതടക്കമുള്ള ജോലികൾകൂടി ബാക്കിയുണ്ട്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് അടിയന്തരമായി അറ്റകുറ്റപ്പണി പൂർത്തിയാക്കി നൽകണമെന്ന നഗരസഭയുടെ ആവശ്യത്തെത്തുടർന്നാണ് കരാറുകാർ അതിവേഗം നവീകരണം പൂർത്തിയാക്കിയതെന്ന് നഗരസഭാധ്യക്ഷൻ പറഞ്ഞു. 16 മാസമായി ശ്മശാനം തകരാറിലായിരുന്നു. മൃതദേഹം ദഹിപ്പിക്കുന്ന പ്ലാന്റിലെ തകിടുകളും മറ്റും ദ്രവിച്ചതായിരുന്നു മുഖ്യകാരണം. 2024 ഒക്ടോബർമുതൽ ഇവിടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നില്ല. ഇതുമൂലം നഗരസഭയിൽനിന്നും സമീപ പഞ്ചായത്തുകളിൽനിന്നുമുള്ള മൃതദേഹങ്ങൾ കിലോമീറ്ററുകൾ അകലെ തെന്മല പഞ്ചായത്തിന്റെ ഇടമണിലുള്ള ശ്മശാനത്തിലോ കൊല്ലം കോർപ്പറേഷന്റെ ശ്മശാനത്തിലോ എത്തിച്ചാണ് സംസ്കരിച്ചുവന്നിരുന്നത്. ഒരുവർഷത്തിലധികമായി പ്രവർത്തിക്കാതിരുന്നതിനാൽ വാർഷിക അറ്റകുറ്റപ്പണിക്കുള്ള കരാർ(എ.എം.സി.) മുഖേന ശ്മശാനം നവീകരിക്കാനായിരുന്നില്ല. അറ്റകുറ്റപ്പണിക്കായി നഗരസഭ നേരത്തേ പദ്ധതി തയ്യാറാക്കുകയും ജില്ലാ ആസൂത്രണസമിതി ഇതിന് അംഗീകാരം നൽകുകയും ചെയ്തിരുന്നെങ്കിലും മുൻപ് നടത്തിയ നവീകരണവുമായി ബന്ധപ്പെട്ട് വിജിലൻസ് കേസ് നിലനിൽക്കുന്നെന്ന പേരിൽ ടെൻഡർ നടപടികൾ നടത്താൻ ഉദ്യോഗസ്ഥർ തയ്യാറാകാതിരുന്നതിനാൽ നവീകരണം അനിശ്ചിതമായി വൈകിക്കുകയായിരുന്നു. വാതക ചേംബറിലെ ചോർച്ചയുൾപ്പെടെയുള്ള തകരാറുകൾമൂലം 2023-ലും ആറുമാസത്തോളം ശ്മശാനം അടച്ചിട്ടിരുന്നു. പിന്നീട് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഒൻപതുലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തി തുറന്നത് 2024 ജൂണിലാണ്. ശ്മശാനം സ്ഥാപിച്ച ചെന്നൈ ആസ്ഥാനമായുള്ള കമ്പനിതന്നെയാണ് അറ്റകുറ്റപ്പണിയും നടത്തിയത്. എന്നാൽ മാസങ്ങൾക്കുള്ളിൽ ഇതു വീണ്ടും തകരാറിലാവുകയായിരുന്നു. പത്തുവർഷം മുൻപ് പ്രവർത്തനം ആരംഭിച്ചതാണ് ശ്മശാനം. സ്വന്തമായി ഭൂമിയില്ലാത്തവർക്ക് ഏറെ അനുഗ്രഹമായിരുന്നു ഇത്. പൊതുവിഭാഗത്തിന് 3,000 രൂപയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് 1,500 രൂപയുമാണ് നിരക്ക്. 2018-ൽ ഒരുകോടി രൂപ മുടക്കി അത്യാധുനിക സൗകര്യങ്ങളോടെ ശ്മശാനം നവീകരിച്ചിരുന്നു. എന്നാൽ പിന്നീടിത് സ്ഥിരമായി പ്രവർത്തിച്ചിട്ടേയില്ല. കോവിഡ് കാലത്തെ അമിത ഉപയോഗമാണ് ശ്മശാനം അടിക്കടി തകരാറിലാകുന്നതിലേക്ക് നയിച്ചതെന്ന് പറയുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നഗരസഭാ ശ്‌മശാനം ഒടുവിൽ പ്രവർത്തനസജ്ജം — Mathrubhumi | Boolo… | Boolokam