തൊണ്ടിവാഹനങ്ങൾ സൂക്ഷിക്കാൻ ഇടമില്ല To advertise here, കിളിമാനൂർ : മതിയായ സൗകര്യമില്ലാത്ത നഗരൂർ പോലീസ് സ്റ്റേഷനിൽ കേസിൽപ്പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ എണ്ണം കൂടുന്നു. സ്റ്റേഷന് മുന്നിലെ തിരക്കേറിയ നഗരൂർ-കാരേറ്റ് റോഡരികിലാണ് തൊണ്ടിവാഹനങ്ങൾ സൂക്ഷിക്കുന്നത്. മറ്റെങ്ങും സൂക്ഷിക്കാൻ ഇടവുമില്ല. കേസ് നിലനിൽക്കുന്നതും ഉടമകൾ നടപടികൾ പൂർത്തിയാക്കി തിരികെയേറ്റെടുക്കാത്തതുമായ ഒട്ടേറെ വാഹനങ്ങളാണ് പ്രവർത്തനമാരംഭിച്ച് എട്ടുവർഷം മാത്രമാകുന്ന സ്റ്റേഷന് മുന്നിൽ കൂടുന്നത്. ഇരുചക്രവാഹനങ്ങളാണ് തൊണ്ടിവാഹനങ്ങളിൽ അധികവും. വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ സ്ഥലപരിമിതിമൂലം ഓടയ്ക്ക് മുകളിൽ ഒന്നിന് മുകളിൽ ഒന്നായി അടുക്കിയാണ് വെയ്ക്കുന്നത്. ജങ്ഷന് അടുത്തായതിനാൽ ഈ ഭാഗത്ത് റോഡിന് അധികം വിസ്തൃതിയുമില്ല. ഇവിടെ മിക്കപ്പോഴും വലിയ വാഹനത്തിരക്കുമാണ്. സ്റ്റേഷന് മുന്നിലുള്ള ഓഡിറ്റോറിയത്തിലേക്കും പാർക്കിങ് ഏരിയയിലേക്കും വാഹനങ്ങൾ കയറിയിറങ്ങുന്ന സ്ഥലമായതിനാൽ പതിവായി ഗതാഗതക്കുരുക്കുമുണ്ട്. പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിലാണ്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് ഈ കെട്ടിടം. നഗരൂർ കൃഷിഭവൻ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് പോലീസ് സ്റ്റേഷനായി നൽകിയത്. കൃഷിഭവന് മറ്റൊരു വാടകക്കെട്ടിടം ഏർപ്പാടാക്കി. നഗരൂർ പഞ്ചായത്തിലെ 14 വാർഡുകളും പുളിമാത്ത്, കരവാരം പഞ്ചായത്തുകളിലെ ഏഴു വീതം വാർഡുകളുമാണ് നഗരൂർ പോലീസ് സ്റ്റേഷന്റെ പ്രവർത്തനപരിധി. റവന്യൂവകുപ്പിന്റെ ഉടമസ്ഥതയിൽ നഗരൂർ സ്മാർട്ട് വില്ലേജ് ഓഫീസിന് സമീപത്തെ ഒരേക്കർ ഭൂമിയിൽനിന്ന് 21 സെന്റ് സ്ഥലം റവന്യൂവകുപ്പ് പോലീസ് സ്റ്റേഷനായി കൈമാറിയിട്ടുണ്ട്. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസിനും പോലീസ് സ്റ്റേഷനുമായി കെട്ടിടം നിർമിക്കാൻ സർക്കാർ ആറുകോടി രൂപ അനുവദിച്ചിട്ടുണ്ട്. മാർച്ച് ആദ്യവാരം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർമാണോദ്ഘടനം നടത്തി. പുതിയ കെട്ടിടം വരുന്നതോടെ സ്ഥലപരിമിതിക്ക് പരിഹാരമാകുമെന്നാണ് അധികൃതർ പറയുന്നത്. റോഡരികിൽ വാഹനങ്ങൾ കൂട്ടിയിടുന്ന സ്ഥിതിയും മാറും. ഇനിയുമെത്ര കാത്തിരിക്കണമെന്ന ചോദ്യമാണ് നാട്ടുകാർക്കുള്ളത്.

