നന്ദായ്‌വനം റോഡിന്റെ നവീകരണ തടസ്സങ്ങൾ നീങ്ങുന്നു

നന്ദായ്‌വനം റോഡിന്റെ നവീകരണ തടസ്സങ്ങൾ നീങ്ങുന്നു

M
MathrubhumiSource Link
പൈപ്പിടാൻ വെട്ടിപ്പൊളിച്ച ഭാഗം പഞ്ചായത്ത് നന്നാക്കും To advertise here, റോഡിന്റെ നവീകരണം പൊതുമരാമത്തുവകുപ്പ് നടത്തും നഗരൂർ : നന്ദായ്‌വനം റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ഉയർന്ന തടസ്സങ്ങൾ നീങ്ങുന്നു. റോഡിന്റെ നവീകരണപ്രവർത്തനങ്ങൾക്ക് അന്തിമ രൂപരേഖയായി. ജലജീവൻ മിഷന്റെ പൈപ്പിടാൻ ജല അതോറിറ്റി വെട്ടിപ്പൊളിച്ച ഭാഗത്തെ നിർമാണപ്രവർത്തനങ്ങൾ നഗരൂർ ഗ്രാമപ്പഞ്ചായത്ത് പൂർത്തിയാക്കും. തുടർന്ന് ബജറ്റ് ഫണ്ടുപയോഗിച്ച് പൊതുമരാമത്തുവകുപ്പ് റോഡിന്റെ നവീകരണം നടത്താനുമാണ് ഇപ്പോൾ തീരുമാനമായിട്ടുള്ളത്. ഒ.എസ്.അംബിക എം.എൽ.എ.യുടെ അധ്യക്ഷതയിൽ പഞ്ചായത്തധികൃതരുടെയും പൊതുമരാമത്തുവകുപ്പധികൃതരുടെയും യോഗം വിളിച്ച് വിഷയം ചർച്ചചെയ്താണ് തീരുമാനമാക്കിയിട്ടുള്ളത്. വർഷങ്ങളായി പൊളിഞ്ഞുകിടക്കുന്ന റോഡ് നന്ദായ്‌വനം റോഡ് പൊളിഞ്ഞിട്ടു വർഷങ്ങളായി. ആളുകൾക്കു നടന്നുപോകാൻപോലും പറ്റാത്ത സ്ഥിതിയായതോടെ നന്ദായ്‌വനം റെസിഡെൻസ് അസോസിയേഷൻ പ്രതിഷേധങ്ങളുമായി രംഗത്തെത്തി. 2023 സെപ്റ്റംബർ 22-ന് ജനകീയറാലി നടത്തി. തുടർന്ന് എൻ.ആർ.എ. ജങ്ഷനിൽ പന്തൽകെട്ടി അനിശ്ചിതകാലസമരം നടത്തി. സമരം 23 ദിവസം പിന്നിട്ടപ്പോൾ സമരപ്പന്തലിലെത്തിയ ഒ.എസ്.അംബിക എം.എൽ.എ. റോഡ്‌ നന്നാക്കാൻ ഫണ്ടനുവദിക്കാൻ ഇടപെടുമെന്ന് ഉറപ്പുനൽകി. തുടർന്ന് 2024-25 സംസ്ഥാന ബജറ്റിൽ ഈ റോഡിനായി രണ്ടുകോടിരൂപ വകയിരുത്തി. പക്ഷേ, പല തടസ്സങ്ങൾ നിമിത്തം പണികൾ തുടങ്ങാനായില്ല. വകുപ്പുകളുടെ ഏകോപനമില്ലായ്മ വിനയായി ഫണ്ടനുവദിച്ച് നിർമാണാനുമതിയും കരാറും നൽകിയിട്ടും നന്ദായ്‌വനം റോഡിന്റെ നവീകരണം നടത്താൻ കഴിയാതിരുന്നതു വകുപ്പുകളുടെ ഏകോപനമില്ലായ്മ ഒന്നുകൊണ്ടുമാത്രമാണ്. നഗരൂർ പഞ്ചായത്തിന്റെ അധീനതയിലായിരുന്നു ഈ റോഡ്. നന്ദായ്‌വനം റോഡുൾപ്പെടെയുള്ള പഞ്ചായത്ത്‌ റോഡുകളിൽ ജലജീവൻ മിഷന്റെ പൈപ്പ് സ്ഥാപിക്കാൻ ജല അതോറിറ്റിക്ക് പഞ്ചായത്ത് അനുമതി നൽകിയിരുന്നു. പൈപ്പ് സ്ഥാപിക്കുമ്പോൾ വെട്ടിപ്പൊളിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിനായി ജലജീവൻ മിഷൻ പഞ്ചായത്തിന് ഒരുകോടിരൂപ കൈമാറി. ഈ പണി പൂർത്തിയാകുംമുൻപ് ബജറ്റ് ഫണ്ടുപയോഗിച്ച് റോഡ് നവീകരിക്കുന്നതിനായി പഞ്ചായത്തുകമ്മിറ്റി തീരുമാനമെടുക്കുകയും റോഡിന്റെ ഉടമസ്ഥാവകാശം പൊതുമരാമത്തുവകുപ്പിനു കൈമാറുകയും ചെയ്തു. എന്നാൽ ജലജീവൻമിഷന്റെ പ്രവൃത്തികളെ സംബന്ധിച്ചുള്ള വിവരങ്ങൾ പഞ്ചായത്തധികൃതർ പൊതുമരാമത്തുവകുപ്പിനെ യഥാസമയം അറിയിച്ചിരുന്നില്ലെന്നാണ് സൂചന. പൊതുമരാമത്തുവകുപ്പ് റോഡിന്റെ നവീകരണനടപടികളുമായി മുന്നോട്ടുപോവുകയും നിർമാണക്കരാർ നൽകുകയും ചെയ്തു. കരാറെടുത്തയാൾ റോഡ് നവീകരിക്കാനായി ശിവൻമുക്കിൽനിന്നുള്ള 600 മീറ്റർ ഭാഗം വെട്ടിപ്പൊളിച്ചു. അപ്പോഴേക്കും ജലജീവൻമിഷൻ അധികൃതർ റോഡിൽ പൈപ്പിടാനുള്ള കാര്യം പൊതുമരാമത്തുവകുപ്പിനെ അറിയിച്ചു. അതോടെ പണികൾ നിർത്തിവെച്ചു. ജലജീവൻ മിഷന്റെ കടുത്ത അനാസ്ഥ പൊയ്കവിളയിൽ തുടങ്ങി ശിവൻമുക്കിൽ അവസാനിക്കുന്ന നന്ദായ്‌വനം റോഡിന്റെ ആകെ നീളം 2.9 കിലോമീറ്ററാണ്. ഈ റോഡ് പഞ്ചായത്തിന്റെ അധീനതയിലായിരുന്ന സമയത്താണ് ജലജീവൻ മിഷൻ പൈപ്പിടാനായി പദ്ധതി തയ്യാറാക്കിയത്. റോഡിൽ പൈപ്പിടീൽ നടത്തുന്ന പ്രവൃത്തികൾ ഒരാഴ്ചകൊണ്ടു പൂർത്തിയാക്കാൻ കഴിയുമായിരുന്നതാണ്. എന്നാൽ പണികൾ ഇഴച്ചിഴച്ചുകൊണ്ടുപോയി രണ്ടരവർഷമായിട്ടും പൂർത്തിയാക്കിയിട്ടില്ല. ഇതിനിടെ റോഡിന്റെ ഉടമസ്ഥാവകാശം പൊതുമരാമത്തുവകുപ്പിനു പോവുകയും ചെയ്തു. ഫണ്ട് തികയാത്തത് പ്രതിസന്ധിയായി പൈപ്പിടാനായി റോഡിന്റെ വശങ്ങൾ വെട്ടിപ്പൊളിച്ചതോടെ റോഡുനവീകരണത്തിനു പൊതുമരാമത്തുവകുപ്പിന്റെ കരാറെടുത്തയാൾ പണിയിൽനിന്നു പിന്മാറി. നിലവിൽ അനുവദിച്ചിട്ടുള്ള തുകകൊണ്ട് റോഡ് നന്നാക്കാൻ കഴിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറ്റം. വെട്ടിപ്പൊളിച്ച ഭാഗമുൾപ്പെടെ നന്നാക്കണമെങ്കിൽ 76.5 ലക്ഷം രൂപകൂടി വേണമെന്ന് പൊതുമരാമത്തുവകുപ്പും അറിയിച്ചു. പഞ്ചായത്തിൽ ജലജീവൻ മിഷൻ അടച്ചിട്ടുള്ള ഒരുകോടിരൂപയിൽനിന്ന്‌ 76.5 ലക്ഷം രൂപ പൊതുമരാമത്തുവകുപ്പിനു കൈമാറുന്നത് സംബന്ധിച്ച് പഞ്ചായത്തുകമ്മിറ്റി ആലോചന നടത്തിയെങ്കിലും പൊതുമരാമത്തുവകുപ്പിന് പഞ്ചായത്തുഫണ്ട് കൈമാറാനാകില്ലെന്ന നിയമപ്രശ്നമുയർന്നതോടെ അതു കഴിയാതെവന്നു. സർക്കാരിൽനിന്നു കൂടുതൽ തുക ലഭിക്കാനുള്ള സാധ്യത മങ്ങുകയും ചെയ്തു. ഇതേത്തുടർന്നാണ് എം.എൽ.എ. ഇടപെട്ട് ചർച്ച നടത്തി പ്രശ്നത്തിനു പരിഹാരം നിർദേശിച്ചത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നന്ദായ്‌വനം റോഡിന്റെ നവീകരണ തടസ്സങ്ങൾ നീങ്ങുന്നു — Mathrubh… | Boolokam