കൊല്ലം: അടിമുടി സിനിമാറ്റിക്കായ റീലുകളും തട്ടുപൊളിപ്പൻ എ.ഐ. വീഡിയോയും സ്ഥാനാർഥിയുടെ ശബ്ദം റെക്കോഡുചെയ്ത ഫോൺ കോളുമൊക്കെയായി നമ്മുടെ വിർച്വൽ ഇടങ്ങളും തിരഞ്ഞെടുപ്പുചൂടിലേക്കു കടന്നിട്ടുണ്ട്. ‘എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം വോട്ടുചോദിക്കൽ മാത്രം..’ എന്ന് ചങ്ങമ്പുഴക്കവിത മാറ്റിച്ചൊല്ലേണ്ട സ്ഥിതി. To advertise here, സ്ഥാനാർഥികളുടെ പര്യടനം മുറപോലെ നടക്കുന്നുണ്ടെങ്കിലും, ജങ്ഷനിൽ വലിയ സ്പീക്കറുകളിൽ പാട്ടുകളും പാരഡികളുമിട്ട് നോട്ടീസുമായി അണികൾ ജാഥയായി വീടുവീടാന്തരം കയറിയിറങ്ങുന്ന കാഴ്ച പലയിടത്തും അന്യമാകുന്നുണ്ട്. അണികളുടെ ‘വർക്കും സപ്പോർട്ടും’ ഇപ്പോൾ കൂടുതൽ കാണാനാകുന്നത് സാമൂഹികമാധ്യമങ്ങളിലാണ്. ഓരോ സ്ഥാനാർഥിക്കും പിന്തുണ തേടുന്ന കണ്ടന്റുകൾ രാപകലില്ലാതെ ഫീഡുകളിൽ നിറയുന്നതിനു പിന്നിൽ എപ്പോഴും സുസജ്ജമായ ‘വിർച്വൽ വാർ’ ടീമുകളുടെ പ്രയത്നമുണ്ട്. തിരഞ്ഞെടുപ്പിനു മുൻപുതന്നെ സോഷ്യൽ മീഡിയ ടീമിനെ മുന്നണികൾ സജ്ജമാക്കി. ഓരോ മുന്നണിക്കും പ്രചാരണത്തിന് വ്യത്യസ്ത തന്ത്രങ്ങളുണ്ട്. അതതു മണ്ഡലങ്ങളിലെ ഫോളോവർമാർ കൂടുതലുള്ള ഇൻഫ്ലുവൻസർമാരെയും ആശയപ്രചാരണത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്. ഇടത്തോട്ടു തിരിഞ്ഞാൽ... തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രണ്ടു മാസം മുൻപുതന്നെ എൽ.ഡി.എഫ്. സൈബർ ഇടങ്ങൾ സജ്ജമാക്കിയിരുന്നു. സി.പി.എം., സി.പി.ഐ. ജില്ലാ കമ്മിറ്റികളുടെ െഫയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകൾ, ഇടത് അനുകൂല പ്രൊഫൈലുകൾ എന്നിവയ്ക്കു പുറമേ തിരഞ്ഞെടുപ്പു മുന്നിൽകണ്ട് തയ്യാറാക്കിയ പേജുകളും പ്രചാരണത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്. ഓരോ മണ്ഡലത്തിലെയും സ്ഥാനാർഥികളുടെ പ്രചാരണാവശ്യങ്ങൾക്കായി 10 പേർ അടങ്ങുന്ന ടീമുകൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലാ കമ്മിറ്റി ഓഫീസിൽ ഇവയുടെ ഏകോപനത്തിനായി എട്ടു പേരുടെ ടീമുമുണ്ട്. സ്ഥാനാർഥിയുടെ പ്രചാരണത്തിനിടെയുള്ള സമ്മതിദായകരുമായുള്ള ഇടപെടലും കൗതുകമുള്ള നിമിഷങ്ങളുമൊക്കെ ഒപ്പമുള്ളവർ ക്യാമറയിൽ പകർത്തും. അതതു ദിവസങ്ങളിൽത്തന്നെ ഇവ റീലുകളുമാകും. എൽ.ഡി.എഫ്. സർക്കാരിന്റെ വികസനപ്രവൃത്തികൾ സാധാരണക്കാരുടെ കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്ന വീഡിയോകളും തയ്യാറാക്കുന്നുണ്ട്. പ്രാദേശികവിഷയങ്ങൾക്കു പുറമേ യു.ഡി.എഫ്. ഭരണകാലത്തെ വീഴ്ചകളും വികസനമുരടിപ്പും വീഡിയോകളിലെ പ്രധാന പ്രമേയമാകുന്നുണ്ട്. ഇതിനായി വാർത്താചാനലുകളിലെ ആർക്കൈവുകളും ഉപയോഗപ്പെടുത്തുന്നുണ്ട്. വാട്സാപ്പ് വോട്ടേഴ്‌സ്... സ്ഥാനാർഥിപ്രഖ്യാപനമുൾപ്പെടെ വൈകിയിരുന്നെങ്കിലും പരാജയപ്പെട്ട മണ്ഡലങ്ങളിൽപ്പോലും വിജയം നേടാനുള്ള ഹോംവർക്ക് യു.ഡി.എഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലംമുതലേ ചെയ്തുതുടങ്ങിയിരുന്നു. കെ.പി.സി.സി. വാർ റൂമിനു പുറമേ ഡി.സി.സി. ഓഫീസ് കേന്ദ്രീകരിച്ചും തിരഞ്ഞെടുപ്പ് കണ്ടന്റുകൾ തയ്യാറാക്കുന്നുണ്ട്. ഇൻസ്റ്റഗ്രാം, െഫയ്‌സ്ബുക്ക് ഹാൻഡിലുകളെക്കാൾ കൊല്ലം മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി ബിന്ദു കൃഷ്ണ പ്രചാരണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് വാട്സാപ്പിലാണ്. മണ്ഡലത്തിലെ വോട്ടർമാരിലേക്കു മാത്രം ആശയങ്ങളെത്തുന്ന ഫലപ്രദമായ ഫിൽറ്ററിങ്, വാട്സ്ആപ്പ് സാധ്യമാക്കുന്നതാണ് കാരണം. ഫോൺ നമ്പരുകൾ ശേഖരിച്ച് നേരിട്ടുതന്നെ വോട്ടർമാരുമായി ബന്ധപ്പെടാനും ശ്രമിക്കുന്നുണ്ട്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും റീൽസിലും കോംപ്രമൈസില്ല. മണ്ഡലത്തിലെ വികസനമുരടിപ്പും മുന്നോട്ടുെവക്കുന്ന കാഴ്ചപ്പാടുമൊക്കെയായി വീഡിയോകൾ തയ്യാറാക്കാനും അതതിടങ്ങളിൽ യുവാക്കളുടെ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എപ്പോഴും ആക്ടീവ് എൻ.ഡി.എ.യുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളും തിരഞ്ഞെടുപ്പ് നന്നേ കൊഴുപ്പിക്കുന്നുണ്ട്. വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ കൈമെയ് മറന്നാണ് പ്രവർത്തനം. സ്ഥാനാർഥിയുടെ പ്രചാരണത്തിനും കേന്ദ്രസർക്കാരിന്റെ വികസനനേട്ടങ്ങൾ അക്കമിട്ടുനിരത്താനും വെവ്വേറെ ടീമുകളുണ്ട്. സ്ഥാനാർഥിക്കൊപ്പം എപ്പോഴും സഞ്ചരിക്കുന്ന നാലോ അഞ്ചോ പേരുണ്ടാകും. റീലുകളും പോഡ്കാസ്റ്റുകളും പോസ്റ്ററുകളും ഓരോ മണിക്കൂറിലും തയ്യാറായിക്കൊണ്ടേയിരിക്കുന്നു. ഓരോ മണ്ഡലത്തിലെയും പ്രവൃത്തികൾ ഏകോപിപ്പിക്കാൻ ജില്ലാതലത്തിലും വിദഗ്ദ്ധരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. െഫയ്‌സ്ബുക്കിലാണ് ശ്രദ്ധ കൂടുതൽ. ചാത്തന്നൂരിൽ ബി.ബി.ഗോപകുമാറിന്റെ പ്രചാരണത്തിന് നാട്ടിലെ ഇൻഫ്ലുവൻസർമാരെയും ഉപയോഗപ്പെടുത്തുന്നുണ്ട്. നിലവിൽ മണ്ഡലം നേരിടുന്ന പ്രശ്നങ്ങൾ ചർച്ചയാക്കുകയാണ് ലക്ഷ്യം. Content Highlights: Shift from traditional street campaigning to digital-first strategies. Use of AI, reels, and influencer marketing for candidate promotion. Targeted communication through WhatsApp and social media war rooms. Specific strategies employed by LDF, UDF, and NDA in Kerala. Published: 31 Mar 2026, 03:43 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നമ്മുടെ സ്ഥാനാർഥി ഈ ‘റീലിനു’ തൊട്ടുപിന്നാലെ...; വിർച്വൽ ഇടങ്ങളും തിരഞ്ഞെടുപ്പ് ചൂടിൽ
M
MathrubhumiSource Link
about 1 month ago