പടന്ന : അധികാരം മാത്രം ലക്ഷ്യമിട്ട് നരേന്ദ്രമോദിയും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും മത്സരിച്ച് നുണ പറയുകയാണെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം വിജു കൃഷ്ണൻ പറഞ്ഞു. എടച്ചാക്കൈയിൽ നടന്ന എൽ.ഡി.എഫ്. പടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിലെത്തുക, അതുവഴി അഴിമതി നടത്തുക എന്നതാണ് ഇരുകൂട്ടുരും ലക്ഷ്യംവെക്കുന്നത്. അതിനായി മത്സരിച്ച് നുണപറഞ്ഞുകൊണ്ടിരിക്കുകയാണ്. അമ്മമാരുടെ കണ്ണിൽ നോക്കി നുണപറയാൻ ഇവർക്ക് ഒരു മടിയുമില്ല. വികസനം ചർച്ചചെയ്യാതെ ഡീൽ എന്ന് മാത്രമാണ് യു.ഡി.എഫ്. പറഞ്ഞുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ തൃശ്ശൂരിൽ വിജയിപ്പിച്ചത് കോൺഗ്രസിന്റെ വോട്ടുകളാണെന്നും വിജു കൃഷ്ണൻ പറഞ്ഞു. To advertise here, തിരുവനന്തപുരം കോർപ്പറേഷനിലെ 21 വാർഡുകളിൽ ബി.ജെ.പി.ക്ക് ജയിക്കാൻ സാധിച്ചത് കോൺഗ്രസ് നടത്തിയ ഡീലിന്റെ ഭാഗമായാണ്. സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെന്ന ആക്ഷേപത്തിൽ ഉഴലുകയാണിപ്പോൾ കോൺഗ്രസ്. ഹരിയാണയിൽ സീറ്റ് വാഗ്ദാനം ചെയ്ത് കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ കോടികൾ കൈപ്പറ്റിയെന്ന് മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന സുചിത്രാദേവിയുടെ ഭർത്താവ് ഗൗരവ്‌കുമാറിന്റെ ആരോപണം ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. കേരളത്തിലെ വികസനത്തിന്റെ പത്ത് വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറയുമ്പോൾ നൽകിയ വാഗ്ദാനമൊന്നും പാലിക്കാതെ 11 വർഷമായി കേന്ദ്രം ഭരിക്കുകയാണ് ബി.ജെ.പി.യെന്നും അദ്ദേഹം പറഞ്ഞു. എം.പി.ബിജീഷ് അധ്യക്ഷനായി. എം.രാജഗോപാലൻ എം.എൽ.എ., ഐ.എൻ.എൽ. സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫ്, രവീന്ദ്രൻ മാണിയാട്ട്, പി.ജനാർദനൻ, പി.പി.മുഹമ്മദ് റാഫി, പി.സി.സുബൈദ, എം.കെ.സി.അബ്ദുൾ റഹിമാൻ, എം.വി.കോമൻ നമ്പ്യാർ, പി.പി.നാരായണൻ, വി.കെ.ഹനീഫാ ഹാജി, ടി.പി.കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു. മടിക്കൈ : ബാഹ്യശക്തികൾക്കെതിരേ ഇടതുപക്ഷവുമായി ഐക്യപ്പെട്ട് യോജിച്ച സമരം നടത്തേണ്ട കാലത്താണ് രാഹുൽ ഗാന്ധി ഐക്യം തകർക്കാൻ ശ്രമിക്കുന്നതെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം വിജു കൃഷ്ണൻ പറഞ്ഞു. ഈ തിരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഉണ്ടാവില്ലെന്ന് പൊതുയോഗങ്ങളിൽ രാഹുൽ പറഞ്ഞു നടക്കുന്നു. വാഗ്ദാനങ്ങൾ നടപ്പാക്കാതെ 11 വർഷമായി ഭരിക്കുന്ന ബി.ജെ.പി. സർക്കാറിനെതിരേ കാര്യമായ പ്രതികരണമില്ലെന്നും വിജു കൃഷ്ണൻ പറഞ്ഞു. കെ.വി. ശ്രീലത അധ്യക്ഷയായി. വി. പ്രകാശൻ, സ്ഥാനാർഥി ഗോവിന്ദൻ പള്ളിക്കാപ്പിൽ, എം. രാജൻ, സി.പി. ബാബു, സി. പ്രഭാകരൻ, വി.കെ. രാജൻ എന്നിവർ സംസാരിച്ചു.

നരേന്ദ്രമോദിയും വി.ഡി.സതീശനും മത്സരിച്ച് നുണ പറയുന്നു -വിജു കൃഷ്ണൻ
M
MathrubhumiSource Link
about 1 month ago