കൊട്ടാരത്തെച്ചൊല്ലി തർക്കം To advertise here, കൊട്ടാരക്കര : നവീകരണം പൂർത്തിയായിട്ടും കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിനു സമീപമുള്ള കൊട്ടാരക്കര തമ്പുരാൻ കഥകളി മ്യൂസിയവും ദേവസ്വം ബോർഡിന്റ പൈതൃകകലാകേന്ദ്രവും തുറന്നില്ല. രണ്ടു വർഷമായി പ്രവർത്തനം നിലച്ച കേന്ദ്രത്തിന്റെ കെട്ടിടവാടകയെച്ചൊല്ലിയുള്ള തർക്കമാണ് കാരണം. ഏഴു ജീവനക്കാരാണ് ഇവിടെയുള്ളത്. ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള കൊട്ടാരക്കര തമ്പുരാൻ കൊട്ടാരത്തിലാണ് പുരാവസ്തുവകുപ്പിന്റെ കൊട്ടാരക്കര തമ്പുരാൻ സ്മാരക ക്ലാസിക്കൽ കലാ മ്യൂസിയം പ്രവർത്തിക്കുന്നത്. മുൻപ് വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മ്യൂസിയം താത്കാലികമായാണ് കൊട്ടാരത്തിലേക്കു മാറ്റിയത്. നവീകരിച്ച മ്യൂസിയവും ദേവസ്വം ബോർഡിന്റെ പൈതൃകകലാകേന്ദ്രവും 2011-ൽ ഇവിടെ ഉദ്ഘാടനം ചെയ്തു. മാസം ഒരു രൂപ വാടകയ്ക്കാണ് മ്യൂസിയത്തിനായി കെട്ടിടത്തിന്റെ ഒരു ഭാഗം ദേവസ്വം ബോർഡ് പുരാവസ്തുവകുപ്പിനു നൽകിയിരുന്നത്. കെട്ടിടം ഒഴിയണമെന്നുകാട്ടി പലതവണ ദേവസ്വം ബോർഡ് കത്തുനൽകിയെങ്കിലും പുരാവസ്തുവകുപ്പ് തയ്യാറായില്ല. ജീർണാവസ്ഥയിലായ കെട്ടിടം നവീകരിക്കാൻ പുരാവസ്തുവകുപ്പ് 33 ലക്ഷം രൂപ അനുവദിച്ചു. തങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പുരാവസ്തുവകുപ്പ് നവീകരണം നടത്തുന്നതിനെ ദേവസ്വം ബോർഡ് എതിർത്തെങ്കിലും മന്ത്രിയായിരുന്ന കെ.എൻ.ബാലഗോപാൽ ഇടപെട്ട് നവീകരണത്തിന് അനുമതി ലഭ്യമാക്കുകയായിരുന്നു. പൈതൃകസംരക്ഷണപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് കൊട്ടാരംനവീകരണത്തിന് പുരാവസ്തുവകുപ്പ് പണമനുവദിച്ചത്. ഒരു രൂപ വാടകയ്ക്ക് കെട്ടിടം നൽകാൻ കഴിയില്ലെന്നും പതിനായിരം രൂപ വാടക വേണമെന്നും ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു. ചർച്ചകൾ നടന്നിട്ടും ധാരണയാകാത്തതിനാൽ മ്യൂസിയവും പൈതൃകസംരക്ഷണകേന്ദ്രവും പ്രവർത്തിപ്പിക്കാൻ ദേവസ്വം ബോർഡ് അനുമതി നൽകിയിട്ടില്ല. കഥകളിവേഷങ്ങളും പ്രദർശനവസ്തുക്കളും പൊടിമൂടി :കെട്ടിടം നവീകരിച്ചെങ്കിലും ലക്ഷങ്ങൾ ചെലവിട്ടു നിർമിച്ച കഥകളിരൂപങ്ങളും വേഷങ്ങളും മറ്റു പ്രദർശനവസ്തുക്കളും പൊടിമൂടി നശിക്കുന്നു. പൈതൃക കലാകേന്ദ്രത്തിന്റെ ഭാഗമായുള്ള വസ്തുക്കളൊന്നും പ്രദർശനത്തിനായി നിരത്തിയിട്ടില്ല. രണ്ടു വർഷമായി അടഞ്ഞുകിടക്കുകയാണെങ്കിലും ജീവനക്കാർ എല്ലാ ദിവസവുമെത്തുന്നുണ്ട്. ശില്പങ്ങളും പ്രതിമകളും ഉൾപ്പെടെയുള്ളവ ദിവസവും പൊടിതുടച്ചു സൂക്ഷിക്കേണ്ടവയാണെങ്കിലും ചെയ്തിട്ടില്ല. മേൽക്കൂരയും മച്ചും പൂർണമായി നവീകരിച്ചും കതകുകളുടെയും ജനാലകളുടെയും കേടുപാടുകൾ മാറ്റിയുമാണ് കെട്ടിടം നവീകരിച്ചത്. കൊട്ടാരത്തിനു പഴക്കം മൂന്ന് നൂറ്റാണ്ട് :മുന്നൂറു വർഷത്തിലധികം പഴക്കമുള്ള കൊട്ടാരക്കര തമ്പുരാൻ കൊട്ടാരത്തിൽ ദേവസ്വം ബോർഡിനൊപ്പം പുരാവസ്തുവകുപ്പും അവകാശമുന്നയിക്കുകയാണ്. പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രസ്വത്തിലാണ് കൊട്ടാരവും ഉൾപ്പെടുന്നത്. അതിനാൽ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലാണ് കൊട്ടാരം. എന്നാൽ, പൈതൃകസംരക്ഷണ പദവിയുള്ളതിനാൽ കൊട്ടാരത്തിന്റെ സംരക്ഷണം പുരാവസ്തുവകുപ്പിന്റെ ചുമതലയാണ്. കൊട്ടാരത്തിൽ മറ്റു നിർമാണങ്ങൾ നടത്താൻ ദേവസ്വം ബോർഡിനു കഴിയില്ല. കൊട്ടാരം തങ്ങൾതന്നെ സംരക്ഷിക്കാമെന്ന നിലപാടിലാണ് ദേവസ്വം ബോർഡ്. താത്കാലികമായി മാത്രമാണ് മ്യൂസിയം പ്രവർത്തിപ്പിക്കാൻ പുരാവസ്തുവകുപ്പിന് അനുമതി നൽകിയതെന്നും കെട്ടിടം ഒഴിയുകയാണ് വേണ്ടതെന്നും ബോർഡ് അധികൃതർ പറയുന്നു. എന്നാൽ, 33 ലക്ഷം രൂപ നവീകരണത്തിനു ചെലവിട്ടതോടെ കൊട്ടാരത്തിനുമേൽ കൂടുതൽ അധികാരമായി എന്ന നിലയിലാണ് പുരാവസ്തുവകുപ്പ്.

നവീകരിച്ചിട്ടും തുറക്കാതെ കഥകളിമ്യൂസിയവും പൈതൃക കലാകേന്ദ്രവും
M
MathrubhumiSource Link
about 2 months ago