കെട്ടിടം പൂർണമായും പൊളിക്കും To advertise here, ഹരിപ്പാട് : എട്ടു വർഷത്തോളം നീണ്ട കോടതിവ്യവഹാരങ്ങൾക്കൊടുവിൽ, ദേശീയപാത നിർമാണത്തിനുവേണ്ടി നങ്ങ്യാർകുളങ്ങരയിലെ പാർപ്പിടസമുച്ചയം പൊളിച്ചു തുടങ്ങി. 29 കോടി രൂപയോളമാണ് നഷ്ടപരിഹാരം നിശ്ചയിച്ചിരിക്കുന്നത്. ഭൂമിയേറ്റെടുക്കുന്നതിനായി ജില്ലയിൽ അനുവദിച്ച ഏറ്റവും ഉയർന്ന നഷ്ടപരിഹാരമാണിത്. കോടതിയുടെയും ആർബിട്രേറ്ററായ കളക്ടറുടെയും തീരുമാനത്തിനു വിധേയമായിട്ടായിരിക്കും നഷ്ടപരിഹാരം വിതരണം ചെയ്യുകയെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ടും കെട്ടിടം ഭാഗികമായി ഏറ്റെടുക്കുന്നതിനെതിരേയുമുള്ള തർക്കങ്ങളാണ് കോടതികളിലെത്തിയത്. വർഷങ്ങൾ നീണ്ട തർക്കം പൂർണമായും പരിഹരിക്കപ്പെട്ടിട്ടില്ല. ദേശീയപാത അതോറിറ്റി നേരിട്ടാണ് കെട്ടിടം പൊളിക്കുന്നത്. ജില്ലയിൽ ഇതുൾപ്പെടെ രണ്ടു കെട്ടിടങ്ങളാണ് പൊളിക്കാനുണ്ടായിരുന്നത്. മറ്റൊന്ന് രാമപുരത്താണ്. രണ്ടു ബ്ലോക്കുകളിലായി 18 ഫ്ളാറ്റുകളാണ് നങ്ങ്യാർകുളങ്ങരയിലുള്ളത്. ഇതിൽ കിഴക്കു ഭാഗത്തെ ബി ബ്ലോക്കിലെ ഒൻപതു ഫ്ളാറ്റുകൾ മാത്രം പൊളിച്ചാൽ മതിയെന്നായിരുന്നു അതോറിറ്റിയുടെ നിലപാട്. ഇത്രയും പൊളിച്ചുമാറ്റുകയും പടിഞ്ഞാറുള്ള എ ബ്ലോക്ക് നിലനിർത്താമെന്നുമുള്ള അതോറിറ്റിയുടെ നിലപാട് കോടതിയിൽ ചോദ്യംചെയ്യപ്പെട്ടു. വിദഗ്ധപരിശോധനയിൽ കെട്ടിടം ഭാഗികമായി നിലനിർത്തുന്നത് പ്രായോഗികമല്ലെന്നു വ്യക്തമായി. തുടർന്ന്, പൂർണമായും പൊളിക്കാൻ അതോറിറ്റി തീരുമാനിക്കുകയായിരുന്നു. 25 സെന്റ് ഭൂമിയിലാണ് കെട്ടിടം നിൽക്കുന്നത്. ഇതിൽ എട്ടുസെന്റാണ് ദേശീയപാതയ്ക്കായി ഏറ്റെടുക്കുന്നത്. ബി ബ്ലോക്കിലെ ഫ്ളാറ്റുകളുടെ ഉടമകൾക്ക്് സമാശ്വാസത്തുക ഉൾപ്പെടെ വിലയുടെ ഇരട്ടി നഷ്ടപരിഹാരം നൽകി. എ ബ്ലോക്കിലെ ഒൻപതു ഫ്ളാറ്റുകളുടെ ഉടമകൾക്ക് വിലമാത്രം അനുവദിക്കാനാണ് അതോറിറ്റിയുടെ തീരുമാനം. ഇതിനെതിരേയുള്ള പരാതികൾ കളക്ടർ തീർപ്പാക്കുന്ന മുറയ്ക്ക് നഷ്ടപരിഹാരം അനുവദിക്കുമെന്ന് ദേശീയപാത അധികൃതർ പറഞ്ഞു. നങ്ങ്യാർകുളങ്ങര കവലയിൽ 35 മീറ്റർ നീളത്തിൽ രണ്ടു മേൽപ്പാലങ്ങൾ നിർമിക്കുന്നുണ്ട്. പാർപ്പിടസമുച്ചയം പൊളിക്കാത്തതിനാൽ ഇവിടെ നിർമാണം തടസ്സപ്പെട്ടിരിക്കുകയാണ്. Published: 02 Apr 2026, 02:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നഷ്ടപരിഹാരം 29 കോടി രൂപ; നങ്ങ്യാർകുളങ്ങരയിലെ പാർപ്പിടസമുച്ചയം പൊളിച്ചുതുടങ്ങി
M
MathrubhumiSource Link
about 1 month ago