64.25 സെന്റ് ഭൂമിയാണ് ക്ഷേത്രഭരണസമിതിക്ക് കൈമാറിയത് To advertise here, തൊടുപുഴ : കൈയേറ്റത്തിലൂടെ നഷ്ടമായ ക്ഷേത്രഭൂമി 46 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ തിരികെപ്പിടിച്ച് തൊണ്ടിക്കുഴ അമൃതകലശ ശാസ്താക്ഷേത്ര ദേവസ്വം ട്രസ്റ്റ്. കോടതി ആമീനും താലൂക്ക് സർവേയറും സുരക്ഷയ്ക്കായി പോലീസുമെത്തി ഒരുവീട് അടങ്ങുന്ന 64.25 സെന്റ് ഭൂമി അളന്ന് ക്ഷേത്ര ഭരണസമിതിക്ക് കൈമാറി. ശ്രീകോവിലിന് സമീപത്തെ തെങ്ങുകളിലെ ആദായം എടുക്കുന്നതുമായി ബന്ധപ്പെട്ട് കൈയേറ്റക്കാരും ഭരണസമിതിയുമായി 1981-ലാണ് ആദ്യം തർക്കമുണ്ടാകുന്നത്. കേസ് പോലീസ് സ്റ്റേഷനിലും തൊടുപുഴ മുൻസിഫ് കോടതിയിലുമെത്തി. പരിശോധനയിൽ 1.22 ഏക്കർ സ്ഥലം തൊണ്ടിക്കുഴ ധർമശാസ്താവിന്റെ പേരിലുള്ളതായി രേഖകൾ ലഭിച്ചു. ഇതിനിടെ പൂജാരി ഉൾപ്പെടെയുള്ളവരെ ഒരുകൂട്ടം അക്രമികൾ മാരകായുധങ്ങളുമായി ആക്രമിച്ചു. ക്ഷേത്രത്തിലെ വലിയ ഭജനമണ്ഡപവും തിടപ്പള്ളിയും സ്റ്റോറുമടക്കം അഗ്നിക്കിരയായി. പൂജ നിലച്ചു. 1989-ൽ ക്ഷേത്രത്തിന് അനുകൂലമായ ആദ്യവിധിയുണ്ടായി. പിന്നീട് എതിർകക്ഷികൾ ജില്ലാ കോടതി, ഹൈക്കോടതി, സുപ്രീംകോടതി എന്നിവിടങ്ങളിൽ കേസുമായി പോയെങ്കിലും കീഴ്‌ക്കോടതി വിധി ശരിവയ്ക്കുകയായിരുന്നു. തുടർന്ന് 1995-ലാണ് ക്ഷേത്രം വീണ്ടും പൂജകൾക്കായി തുറക്കാനായത്. ആദ്യ രണ്ട് വാദികളും പ്രതികളും മരിച്ചതിനാൽ വിധി നടത്തിപ്പ് നീണ്ടു. പിന്നീട് ക്ഷേത്രത്തിന്റെ പേര് മാറിയതും 2020-ൽ ഭരണസമിതി മാറി ട്രസ്റ്റ് രൂപവത്‌കരിച്ചതും ചൂണ്ടിക്കാട്ടി ഇങ്ങനെയൊരു ക്ഷേത്രമില്ലെന്ന വാദമടക്കം എതിർകക്ഷികൾ ഉന്നയിച്ചെങ്കിലും അതും കോടതി തള്ളി. കേസിന്റെ നടത്തിപ്പിനിടെ 1989-ൽ എതിർകക്ഷികളിലൊരാൾ തനിക്ക് താമസിക്കാൻ മറ്റിടമില്ലെന്നും ക്ഷേത്രഭൂമിയിൽ ജീവിക്കാൻ അനുവദിക്കണമെന്നും കോടതിയെ അറിയിച്ചു. ഇത് പ്രകാരം 28.5 സെന്റ് ഭൂമി വീട് വെച്ച് താമസത്തിനായി വിട്ടുനൽകി. 1990 കാലഘട്ടത്തിൽ എം.വി.ഐ.പി. കനാൽ വന്നതോടെ ഇതിനായി 24.25 സെന്റോളം ക്ഷേത്രഭൂമിയും നഷ്ടമായി. തിരികെ ലഭിച്ച ഭൂമിയിൽ ആവശ്യമായ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ക്ഷേത്ര ട്രസ്റ്റ് ഭരണസമിതി പ്രസിഡന്റ് ഒ.ആർ. അനൂപ്, സെക്രട്ടറി സി.ടി. സുഭാഷ്, ഖജാൻജി പി.ജി. മുരളി എന്നിവർ പറഞ്ഞു. Published: 18 Apr 2026, 03:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നഷ്ടമായ ഭൂമി തിരികെപ്പിടിച്ച് തൊണ്ടിക്കുഴ ക്ഷേത്രം
M
MathrubhumiSource Link
22 days ago