നാടകസംവിധായകൻ ആർ.കെ. കൈമൾ ഇനി ഓർമ്മ

നാടകസംവിധായകൻ ആർ.കെ. കൈമൾ ഇനി ഓർമ്മ

പന്ത്രണ്ടു വയസ്സുള്ളപ്പോൾത്തന്നെ നാടക സംവിധാനവും നിർവഹിച്ചു. അതേ നാടകത്തിൽ 55 വയസുള്ള കഥാപാത്രത്തെ അവതരിപ്പിച്ച് മികച്ചനടനുള്ള സമ്മാനംനേടി To advertise here, കല്യാൺ: മുംബൈ മലയാള നാടകരംഗത്തെ മികച്ചഅഭിനേതാക്കളിലൊരാളും സംവിധായകനുമായിരുന്ന ആർ.കെ. കൈമൾ എന്ന രാമകൃഷ്ണ കൈമൾ (66) ഇനി ഒാർമ്മ. കുറച്ചു നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. പെരുമ്പാവൂരിലെ കൂവപ്പടി സ്വദേശിയാണ്. കല്യാൺ വെസ്റ്റിൽ ഖഡക്പാഡയിലെ രാധാനഗർ ടവേഴ്‌സിൽ ഭാര്യ ആനന്ദവല്ലിയും മകളുമൊത്ത് താമസിക്കവെയാണ് അന്ത്യം. സംസ്കാരം കല്യാൺ ശ്മശാനത്തിൽ നടന്നു. ബി.കോം. ബിരുദവുമായി മുംബൈയിലെത്തിയ ആർ. കെ. കൈമൾ ചെറുപ്പം മുതൽ അഭിനയകലയിൽ തത്പരനായിരുന്നു. സ്വന്തം ഗ്രാമത്തിൽ ശൂന്യാകാശം എന്ന നാടകത്തിൽ ബാലനടനായി അഭിനയിച്ചായിരുന്നു നാടകവുമായുള്ള ബന്ധത്തിന്റെ തുടക്കം. തുടർന്ന് സ്കൂൾ യൂത്ത് ഫെസ്റ്റിവലുകളിലും മറ്റും അരങ്ങേറിയ നാടകങ്ങളിൽ അഭിനയിച്ചു. പന്ത്രണ്ടു വയസ്സുള്ളപ്പോൾത്തന്നെ നാടക സംവിധാനവും നിർവഹിച്ചു. അതേ നാടകത്തിൽ 55 വയസുള്ള കഥാപാത്രത്തെ അവതരിപ്പിച്ച് മികച്ചനടനുള്ള സമ്മാനംനേടി. കോളേജ് വിദ്യാഭ്യാസകാലത്തും ഒട്ടേറെ നാടകങ്ങളിലഭിനയിച്ചു. മരട്‌ രഘുനാഥിന്റെ ദുഃഖസാമ്രാജ്യം, അഗ്നിരേഖ, സി.എൽ. ജോസിന്റെ സൂര്യാഘാതം എന്നിവ അവയിൽ ചിലതാണ്. പ്രവാസിയായി മുംബൈയിലെത്തിയശേഷം പല സ്ഥാപനങ്ങളിലും മാറി മാറി ജോലിചെയ്തു. അപ്പോഴും മനസ്സിൽ നാടകത്തിന്റെ അലകളുണ്ടായിരുന്നു. അക്കാലത്ത് മുംബൈക്കടുത്തുള്ള ഈസ്റ്റ് കല്യാൺ മലയാളി സമാജം അവതരിപ്പിച്ച, പി.ആർ. ചന്ദ്രന്റെ കാനൽജലം എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു പ്രവാസ ജീവിതത്തിലും നാടകകലയുമായുള്ള ബന്ധത്തിന് തുടക്കം കുറിച്ചത്. അടുത്തവർഷവും സമാജം അവതരിപ്പിച്ച ശോകപ്പക്ഷി എന്ന നാടകത്തിലും അഭിനയിച്ച കൈമളിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ഡോംബിവിലി കേരളീയ സമാജം അവതരിപ്പിച്ച ജോസഫ് ചേറ്റുപുഴയുടെ സർഗക്ഷേത്രം, ശ്രീമൂലനഗരം മോഹന്റെ അനുഷ്ഠാനം എന്നീ നാടകങ്ങളിൽ ഹാസ്യകഥാപാത്രങ്ങളായുള്ള അഭിനയത്തിന് പ്രേക്ഷകരുടെ കൈയടിനേടി. പിന്നീട് വീണ്ടും ഈസ്റ്റ് കല്യാൺ മലയാളി സമാജം അവതരിപ്പിച്ച ബേബിക്കുട്ടന്റെ ലയവിന്യാസം എന്ന നാടകത്തിൽ കേന്ദ്രകഥാപാത്രത്തിന് ജീവൻനൽകി. പിന്നീട് കല്യാൺ കേന്ദ്രമായുള്ള സാരഥി തിയേറ്റേഴ്‌സിന്റെ രൂപവത്കരണത്തിൽ സഹകരിച്ച ആർ.കെ. കൈമൾ സാരഥി അവതരിപ്പിച്ച എ.എൻ. ഗണേഷിന്റെ ഭരതക്ഷേത്രം എന്ന നാടകത്തിലഭിനയിച്ചു. അതേസമയം സുന്ദരൻ കല്ലായിയുടെ ‘നെറ്റിയിൽ പൂവുള്ള പക്ഷി’ എന്ന നാടകം ‘സന്ധ്യകൾ ചാലിച്ച സിന്ദൂരം’ എന്ന പേരിൽ മലയാളി സമാജത്തിനുവേണ്ടി സംവിധാനംചെയ്തതും കൈമളായിരുന്നു. മുംബൈയിൽ രൂപംകൊണ്ട മുംബൈ സിനിവിഷന്റെ ‘അമ്മേ മാപ്പ്’ എന്ന നാടകത്തിൽ ഇവിടത്തെ അഭിനേതാക്കളായ വിളപ്പിൽ മധു, ഉഷാ മധു, രമണീമേനോൻ എന്നിവരോടൊപ്പം കൈമളും അഭിനയിച്ചിരുന്നു. ആദ്യപകുതിയിലെ ഹാസ്യകഥാപാത്രം രണ്ടാംപകുതിയിൽ വില്ലനായി പകർന്നാടുന്ന അഭിനയപാടവമാണ് കൈമൾ ഈ നാടകത്തിൽ കാഴ്ച വെച്ചത്. തുടർന്നും സാരഥിയുടെതന്നെ വിളപ്പിൽ മധു സംവിധാനവും രചനയും നിർവഹിച്ച ദേവയാനി അടക്കമുള്ള ചില നാടകങ്ങൾ, വിളപ്പിൽ വിഷൻ നാടകശാലക്കുവേണ്ടി വിളപ്പിൽ മധുവിന്റെതന്നെ രചനയിലും സംവിധാനത്തിലും അവതരിപ്പിച്ച പാഠം ഒന്ന് പ്രവാസി, വാഴക്കുല, പ്രവാസിയുടെ മടക്കയാത്ര, കഥാപാത്രങ്ങളും പങ്കെടുത്തവരും എന്നിങ്ങനെയുള്ള നാടകങ്ങളിലെ മറക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങൾക്ക് ജീവൻനൽകി. ആർ.കെ. കൈമളുടെ വിയോഗം മുംബൈ നാടകവേദിക്ക് നികത്താനാകാത്ത നഷ്ടമാണ്. അതുല്യ കലാകാരന് വിട.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നാടകസംവിധായകൻ ആർ.കെ. കൈമൾ ഇനി ഓർമ്മ — Mathrubhumi | Boolokam | Boolokam