നാടിന്റെ ജലസ്രോതസ്സ് തിരികെപ്പിടിക്കാൻ അഴിയൂർ ഇറങ്ങുന്നു

നാടിന്റെ ജലസ്രോതസ്സ് തിരികെപ്പിടിക്കാൻ അഴിയൂർ ഇറങ്ങുന്നു

അഴിയൂർ : അഴിയൂരിന്റെ ജലനിധിയായ അഴിയൂർ പരദേവതാക്ഷേത്രം ചിറ പുനരുദ്ധരിക്കാൻ തയ്യാറായി ജനകീയക്കൂട്ടായ്മ. അഴിയൂർ പഞ്ചായത്ത് പത്തൊൻപതാം വാർഡിൽ സ്ഥിതിചെയ്യുന്ന ചിറ നവീകരിക്കാനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയകമ്മിറ്റി രൂപവത്കരിച്ചു. പരദേവതാക്ഷേത്രം സേവാസമിതി ജനകീയകമ്മിറ്റിക്ക് പുനരുദ്ധാരണം നടത്താൻ സമ്മതപത്രം നൽകി. കേരള-കേന്ദ്ര ഫണ്ടുകൾ പരമാവധി ലഭ്യമാക്കി ചിറയെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരുകയാണ് ലക്ഷ്യം. To advertise here, വാർഡ് മെമ്പർ എസ്.പി. റഫീഖിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ അഴിയൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. ലീല ചെയർപേഴ്‌സണും ഇ.കെ. മനോജ് കുമാർ കൺവീനറുമായ കമ്മിറ്റിയാണ് രൂപവത്കരിച്ചത്. ഇതോടെ വർഷങ്ങളായി നാശോമുഖമായി കിടക്കുന്ന ചിറ പുതുമുഖം കൈവരിക്കുമെന്ന പ്രതീക്ഷയായി. 500 വർഷത്തോളം പഴക്കമുള്ള ജലസ്രോതസ്സാണ് ഇതെന്നാണ് വിശ്വാസം. വിസ്തീർണം ഏതാണ്ട് ഒരേക്കറോളം വരും. പുറമേരി കോവിലകംവക സ്വത്ത് അഴിയൂർ പരദേവതാക്ഷേത്രത്തിന്റെ കൈവശമായിരുന്നു. കാലക്രമത്തിൽവന്ന മാറ്റങ്ങളും മണ്ണ് ഒഴുകിവന്ന് ചിറയിൽ നിക്ഷേപമായിമാറിയതും മൂലമാണ് വലിയൊരു ജലസ്രോതസ്സ് ഇല്ലാതായത്. സമീപപ്രദേശത്തിന്റെയെല്ലാം നീരുറവയായിരുന്ന ഈ ചിറ. അഴിയൂർ-മുഴപ്പിലങ്ങാട് ബൈപ്പാസിനോട് ചേർന്നുകിടക്കുന്ന ചിറയിലേക്ക് അഴിയൂർ ചുങ്കം, മാഹി റെയിൽവേ സ്റ്റേഷൻ, മൂന്നാംഗേറ്റ് തുടങ്ങിയ സമീപപ്രദേശങ്ങളിൽനിന്ന് മഴവെള്ളം ഒഴുകിയെത്തും. ഒഴുക്കിലെത്തുന്ന വെള്ളം ചിറ കരകവിഞ്ഞ് റെയിൽവേ ഓവുപാലം, പാത്തിക്കൽവഴി മയ്യഴിപ്പുഴയിലേക്ക് ഒഴുകും. ചിറ മണ്ണെടുത്ത് ആഴംകൂട്ടിയാൽ വലിയൊരു ജലസംഭരണിയായി മാറ്റാനാകും. വേനൽ തുടങ്ങുമ്പോൾത്തന്നെ ജലക്ഷാമം നേരിടുന്ന സമീപപ്രദേശമായ സുനാമി ക്വാർട്ടേഴ്‌സ്, കോട്ടാമലക്കുന്ന്, മാനങ്കര തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന സ്രോതസ്സായും മാറ്റാമെന്നാണ് പ്രതീക്ഷ. അഴിയൂർ പഞ്ചായത്തിൽ നല്ലൊരു നീന്തൽക്കുളമില്ല. ഇതിനുള്ള പദ്ധതിയും ഇവിടെ തയ്യാറാക്കാൻ കഴിയും. മൂന്നുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന അഴിയൂരിന് നല്ലൊരു നീന്തൽക്കുളം വേണമെന്ന ആവശ്യം നേരത്തേ ഉയർന്നതാണ്. ചിറ ചുറ്റുംകെട്ടി സംരക്ഷിച്ച് സൗന്ദര്യവത്‌കരണം നടത്തിയാൽ കുട്ടികൾക്കും വയോജനങ്ങൾക്കും കുടുംബത്തോടൊപ്പം സായാഹ്നങ്ങൾ ചെലവഴിക്കാനുള്ള ഇടമായും മാറും. ചിറയോടുചേർന്ന് നിൽക്കുന്ന പഞ്ചായത്ത് റോഡും ദേശീയപാതയും റെയിൽവേ ലൈനും അടങ്ങിയ കാഴ്ച ഏറെ മനോഹരമാണ്. നവീകരണപദ്ധതിയിൽ സൗന്ദര്യവത്കരണം ഉൾപ്പെടെ വരുമെന്നാണ് പ്രതീക്ഷ. എല്ലാവരും ഒന്നിച്ചുണ്ടാകണം അഴിയൂർ പഞ്ചായത്തിലെ വലിയൊരു ജലസ്രോതസ്സായ പരദേവതാക്ഷേത്രം ചിറ നാടിനുവേണ്ടി സംരക്ഷിക്കണം. ജലവകുപ്പ്, ടൂറിസം വകുപ്പ്, സാമൂഹിക- സാംസ്കാരികവകുപ്പ് എല്ലാവരുടെയും കൂടിച്ചേരൽ ഉണ്ടാവണം. കെ. ലീല അഴിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ചിറ വികസനം സാധ്യമാക്കണം ക്ഷേത്രത്തനിമ നിലനിർത്തിക്കൊണ്ട് ചിറ വികസനം സാധ്യമാക്കണം. ഒഴുകിപ്പോകുന്ന ജലം സംഭരിച്ച് വലിയൊരു കുടിവെള്ളപദ്ധതിക്ക് രൂപംകൊടുക്കണം. ആളുകളുടെ ആരോഗ്യവും മാനസികവുമായ ഉന്നമനം ലക്ഷ്യംവച്ചുള്ള പദ്ധതികൾ ചിറയുടെ നവീകരണത്തിൽ ഉൾപ്പെടുത്തണം. ഇ.കെ. മനോജ് കുമാർ ചിറസംരക്ഷണ ജനകീയസമിതി കൺവീനർ

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നാടിന്റെ ജലസ്രോതസ്സ് തിരികെപ്പിടിക്കാൻ അഴിയൂർ ഇറങ്ങുന്നു —… | Boolokam