പന്തളം : മീനച്ചൂടിന് അൽപം ആശ്വാസം നൽകി സൂര്യൻ പടിഞ്ഞാട്ട് ചാഞ്ഞപ്പോൾ പാർട്ടി ചർച്ചകൾക്ക് പണ്ടുമുതലേ വേദിയായ ചേരിക്കൽ ഐ.ടി.ഐ. മൈതാനത്തേക്ക് നാട്ടുകാർ എത്തിത്തുടങ്ങി. കർഷകരും കർഷകത്തൊഴിലാളികളുമാണ് അധികവും. പഴമക്കാരുടെ രാഷ്ട്രീയചർച്ച കേൾക്കാൻ ചില ന്യൂജൻകാരും ഉണ്ടാകും. ഇടതിന്റെ ശക്തിയുള്ള സ്ഥലമാണെങ്കിലും മൂന്ന് മുന്നണികളുടെയും ആളുകൾ വാചകക്കസർത്തിനും കേഴ്‌വിക്കാരായും ഉണ്ടാകും. To advertise here, ചായക്കടയിൽനിന്നു വാങ്ങിയ ചൂട് ചായ ആറിത്തണുത്താലും ചുണ്ടിലെ ബീഡി കത്തിയമർന്ന് ചാരമായാലും വായിലെ മുറുക്കാൻ ചവച്ചരച്ച് തുപ്പിത്തീർന്നാലും തിരഞ്ഞെടുപ്പ് ചർച്ച തുടർന്നുകൊണ്ടേയിരിക്കും. ഗ്രാമപ്രദേശങ്ങളിലെ കടകളിലും കവലകളിലും ഇത്തരം ചർച്ചയ്ക്ക് എന്നും ആവേശമാണ്. അമേരിക്കയിലെ തിരഞ്ഞടുപ്പു മുതൽ ഗ്രാമപ്പഞ്ചായത്തിലെ വോട്ടെടുപ്പുവരെ, ഉള്ള അറിവും ആവേശവും കൈവിടാതെ ഇവിടെ നിരത്തും. കള്ളുഷാപ്പിൽ 'രാഷ്ട്രീയം പാടില്ല' എന്ന് എഴുതിവെയ്ക്കുന്നതുപോലെയുള്ള നിയന്ത്രണമെന്നും ചായക്കടകളിലും മുറുക്കാൻ കടകളിലുമില്ല. തുറന്ന ചർച്ചയുടെ വേദിയാണ് എന്നും ചെറു കവലകളും പെട്ടിക്കടകളും. ചർച്ച മുറുകുമ്പോൾ കടക്കാരന് ചായയ്ക്കും കടിക്കും ചെലവേറുകയുംചെയ്യും. ഭൂമിക്കുതാഴെയുള്ള എന്തിനെക്കുറിച്ചും എന്നും ചർച്ചയുണ്ടെങ്കിലും തിരഞ്ഞെടുപ്പായാൽ ആവേശം അണപൊട്ടിയൊഴുകും. നാടിന്റെ വികസനവും തൊഴിലില്ലായ്മയും പെൻഷനും വിലവർധനയും ഭരണനേട്ടവും വൈകല്യവും തുടങ്ങി എല്ലാക്കാര്യങ്ങളിലും അഭിപ്രായമില്ലാത്ത ആരും ഉണ്ടാകില്ല. പ്രായവും പ്രൗഢിയുമെന്നും ഇവിടെ പ്രശ്‌നമല്ല. ആർക്കും അവരവരുടെ അറിവുവെച്ച് സംസാരിക്കാം. പഴയകാല രാഷ്ട്രീയത്തെക്കുറിച്ചും അന്നത്തെ വോട്ടെടുപ്പിനെപ്പറ്റിയും പഴയ തലമുറ ആവേശം കൊള്ളുമ്പോൾ, നവമാധ്യമങ്ങളിലൂടെയും ഇന്റർനെറ്റിലൂടെയും കിട്ടുന്ന അതിവേഗ അറിവും പ്രചാരണ മികവുമാണ് പുതിയ തലമുറയുടെ ആയുധം. കൈയിലെ പലകപോലുള്ള ഫോണിൽനിന്നും അതാതുസമയത്തെ വിവരങ്ങൾ പഴയ തലമുറയ്ക്ക് പകർന്നുനൽകുന്നതും ഇവരാണ്. തിരഞ്ഞെടുപ്പ് അടുക്കുംതോറും എവിടെ, ആര് ജയിക്കും എന്നുള്ള കണക്കുകളാണ് നിരത്തുന്നതെങ്കിൽ ഇത് കഴിഞ്ഞുള്ള ഒരുമാസംചെയ്ത വോട്ടും ആര് ഭരിക്കുമെന്ന മുൻവിധിയും ഭൂരിപക്ഷവുമൊക്കെ ചർച്ചയിലേക്കുവരും. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ വാക്‌പോരിന്റെ ആവേശം കെട്ടടങ്ങും മുമ്പുതന്നെ അടുത്ത ചർച്ചയ്ക്കും സംവാദത്തിനും നിയമസഭാ തിരഞ്ഞെടുപ്പ് വഴിയൊരുക്കിയതിൽ ഇവർ സന്തുഷ്ടരാണ്.
