എന്റെ ആരോഗ്യം എന്റെ സമ്പത്ത് To advertise here, അടൂർ: മായമില്ല, വിഷമില്ല, കലർപ്പുകളില്ല, ഇടനിലക്കാരുമില്ല. ഇതൊക്കെയാണ് അടൂർ മണക്കാല തുവയൂർ വടക്ക് ചിറ്റാണി മുക്കിലെ ദളവ നഗർ നാട്ടുചന്തയെ ചർച്ചാകേന്ദ്രമായി മാറ്റിയത്. വീടുകളിൽനിന്നുള്ള വിഷമില്ലാത്ത ഉത്‌പന്നങ്ങൾ വിലക്കൂടുതലില്ലാതെ ലഭിക്കണം എന്ന ചിന്തയിൽനിന്ന് രൂപപ്പെട്ടതാണ് ഈ പ്രതിവാര ചന്ത. എല്ലാ ഞായറാഴ്ചകളിലും വൈകീട്ട് അഞ്ചിന് തുടങ്ങി 6.30-ന് ചന്ത അവസാനിക്കും. തുവയൂർ വടക്ക് സർപ്പത്തിൽക്കാവ് ക്ഷേത്രത്തിന് സമീപം റോഡരികിലാണ് പ്രവർത്തിക്കുന്നത്. പിണറും പുളി, പച്ച ഏത്തക്ക, ചേമ്പ്, വഴുതനങ്ങ, പയർ, ചീര, കാച്ചിൽ, കപ്പ, ചേന, തേങ്ങ, ചീനി, വാട്ട ചീനി, ഇഞ്ചി, മുരിങ്ങക്ക, തക്കാളിപ്പഴം, സോയ ബീൻസ് പയർ, പഴം എന്നിവയുൾപ്പെടെ ഒട്ടേറെ ഉത്പന്നങ്ങൾ ഇവിടെയെത്തുന്നുണ്ട്. അവരവരുടെ വീട്ടിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ, വീട്ടിൽ ഉണ്ടാക്കുന്ന ഉത്പന്നങ്ങൾ എന്നിവ വിപണനം ചെയ്യാനും വാങ്ങാനും വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ചന്തയുടെ തുടക്കം. എന്റെ ആരോഗ്യം എന്റെ സമ്പത്ത്, വിഷരഹിതമായ ആഹാരം, എല്ലാ വീടുകളിലും ഒരു അടുക്കളത്തോട്ടംവഴി വനിതകൾക്ക് സ്വയം പര്യാപ്തത നേടാനും സമ്പാദ്യം ഉണ്ടാക്കാനുമുള്ള അവസരം ഒരുക്കുക എന്നിവയാണ് ചന്തയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് നേതൃത്വം നൽകുന്നവർ പറയുന്നത്. കൊണ്ടുവരുന്ന സാധനങ്ങൾക്ക് അവരവർക്ക് തന്നെ വിലയിടാം. വിൽക്കുന്ന ഉത്‌പന്നത്തിന്‍റെ പണം നാട്ടു ചന്തയുടെ നടത്തിപ്പുകാരാണ് വാങ്ങുന്നത്. വിലയുടെ പത്ത് ശതമാനം കുറച്ച് ബാക്കികർഷകന് അടുത്ത നാട്ടുചന്തയ്ക്കുമുമ്പ് നൽകും. തുക ഉടനെ കൈപ്പറ്റുകയോ, സമ്പാദ്യമായി ഒരുമിച്ചുവാങ്ങുകയോ ചെയ്യാനുള്ള സൗകര്യവുമുണ്ട്. പിടിക്കുന്ന പത്ത് ശതമാനം തുക ഓണത്തിന് അവരവർ വിൽക്കുന്നതിന്റെയും വാങ്ങുന്നതിന്റെയും അടിസ്ഥാനത്തിൽ വീതിച്ചുനൽകും. കൂടാതെ, ഉത്പന്നങ്ങൾ വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും ബോണസ് നൽകുന്ന പദ്ധതിയും നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്.

നാട്ടുകൂട്ടത്തിന്റെ നാട്ടുചന്ത ബമ്പർ ഹിറ്റ്
M
MathrubhumiSource Link
about 2 months ago