കാ യ് പിടിക്കാൻ തുടങ്ങിയാൽ നിറയെ കായ്കൾ; അതും ഏതാണ്ട് നെല്ലിക്കാവലിപ്പത്തിൽ മഞ്ഞനിറമുള്ള കായ്‌കൾ. ഓരോ ഞെട്ടിലും മുമ്മൂന്നു കായ്‌കൾ എന്നതാണ് കണക്ക്. വിഷുക്കാലത്ത് മേലാകെ മഞ്ഞപൂക്കൾ വാരിയണിഞ്ഞ കണിക്കൊന്നയുടെ പ്രതീതിയുണർത്തും ഇതിൽ നിറയെ മഞ്ഞനിറത്തിൽ കായ്‌കൾ പിടിച്ചുകിടക്കുന്നതു കണ്ടാൽ. ഒറ്റനോട്ടത്തിന് ഒരു അലങ്കാരവൃക്ഷമാണെന്നേ തോന്നൂ. വീട്ടുമുറ്റങ്ങൾക്ക് ചന്തം പകരാൻ അനുയോജ്യമായ ഒരു അലങ്കാര ഫലവൃക്ഷം എന്നും പറയാം. To advertise here, അത്യാവശ്യം വലിയ ഗ്രോബാഗിലോ ചട്ടിയിലോ വീപ്പകളിലോ വളർത്തുകയും ചെയ്യാം. വളർത്താൻ സ്ഥലമില്ലെന്ന പരാതിയും വേണ്ട. ഹരിതാഭമായ ഇടതൂർന്ന ഇലച്ചാർത്ത്, ആകർഷകമായ സുഗന്ധവാഹിയായ ചെറിയ വെള്ള പൂക്കൾ, നാരങ്ങാ മഞ്ഞനിറത്തിൽ ജീവസുറ്റ കായ്‌കൾ... ഇങ്ങനെ വളരെ പ്രത്യേകതകളുള്ള മധുരഫലമാണ് ബറാബ. കേരളത്തിലെ കാലാവസ്ഥയിൽ വളർത്താൻ വളരെ അനുയോജ്യം. അതുകൊണ്ടു തന്നെ ഇത് പലയിടങ്ങളിലും സാമാന്യം നന്നായി വളരുന്നു; വളർത്തുന്നു. മധ്യ-ദക്ഷിണ അമേരിക്കയുടെ സന്തതി! കാഴ്ച്ചയ്ക്ക് നല്ല നാരങ്ങാ മഞ്ഞനിറവും നാരങ്ങാ മിഠായിയോട് സമാനമായ സ്വാദും ചേർന്ന പഴമായതുകൊണ്ട് ഇതിന് "ലെമൺ ഡ്രോപ്പ് മാങ്കോസ്റ്റീൻ"എന്നും ഓമനപ്പേരുണ്ട്. മധുരവും പുളിയും കലർന്ന വളരെ സ്വാദിഷ്ടമായ രുചിയാണ് ഇതിന്റെ പ്രത്യേകത. ബെർബ, മങ്കി ഫ്രൂട്ട് എന്നും പേരുകളുണ്ട്. "ഗാഴ്‌സിനിയ ഇൻറ്റർമീഡിയ" എന്ന് സസ്യനാമം. മൃദുലമായ, നീര് നിറഞ്ഞ, വെളുത്ത അകക്കാമ്പിനെ പൊതിഞ്ഞു വളരെ കനംകുറഞ്ഞ മഞ്ഞയോ ഓറഞ്ചോ അത്യാവശ്യം ചുവപ്പോ നിറമുള്ള പുറംതോട്. ഉഷ്ണമേഖലകൾക്ക് ഇണങ്ങിയ ഫലസസ്യമാണ് ബറാബ. മധ്യ-ദക്ഷിണ അമേരിക്കയുടെ സന്തതിയാണ് ഈ മധുരഫലം. സ്വാദുള്ള പഴങ്ങൾക്ക് പുറമെ വീട്ടുവളപ്പിൽ ഒരു അലങ്കാര ചെടിയായും വളർത്താൻ ഉത്തമം. നമുക്ക് പരിചിതമായ മാങ്കോസ്റ്റീനിന്റെ ബന്ധുവാണിത്. ഓരോ നാട്ടിൽ ഇതിന് ഓരോ പേരാണെന്ന് മാത്രം. സ്പാനിഷ് നാട്ടിൽ ഇത് മാമേയിറ്റോ ആണ്; കോസ്റ്റാ റിക്കയിൽ ജോർക്കോ. ഫിലിപ്പീൻസിലാകട്ടെ ബെർബ ആണിത്. ഓസ്‌ട്രേലിയയിൽ നിന്നാണ് ബറാബ ഇന്ത്യയിൽ എത്തുന്നത്. ദ്രുതവളർച്ചാ സ്വഭാവമാണ് ബറാബയുടെ പ്രത്യേകത. പരമാവധി 5 മീറ്റർ വരെ ഉയരത്തിൽ വളരും. വിവിധതരം മണ്ണുകളിൽ വളരും. ഭൂമിയ്ക്ക് ലംബമായാണ് ഇതിന്റെ ശിഖരങ്ങളുടെ വളർച്ച. പച്ചനിറത്തിൽ ഇടതൂർന്ന ഇലച്ചാർത്തു ശ്രദ്ധേയമാണ്. അതിസുഗന്ധമുള്ള വെളുത്ത പൂക്കൾ നവംബർ മാസത്തോടെ വിരിയും. ഒരു ഞെട്ടിൽ തന്നെ മൂന്നു കായ്കൾ വീതം ഉണ്ടാകും. കായ്കൾ പഴുക്കുമ്പോൾ മഞ്ഞനിറം. പുറംതൊലി നീക്കുമ്പോൾ കാണുന്ന മാംസളമായ ഉൾഭാഗം പോഷകസമൃദ്ധവുമാണ്. വർഷത്തിൽ പല തവണ കായ് പിടിക്കുന്ന സ്വഭാവമാണിതിന്. മരം നിറയെ കായ് പിടിക്കുകയും ചെയ്യും. ബറാബ വളർത്താം കേരളത്തിലെ ചൂടും ഈർപ്പവുമുള്ള ഉഷ്ണമേഖലാ കാലാവസ്ഥ (ട്രോപ്പിക്കൽ) ബറാബ ചെടി വളരാൻ അത്യുത്തമം. റംബുട്ടാൻ പോലെയുള്ള മറ്റ് വിദേശ ഫലസസ്യങ്ങളെ അപേക്ഷിച്ചു ഇതിനു താരതമ്യേന കുറഞ്ഞ പരിപാലനവും മതി എന്ന പ്രത്യേകതയുമുണ്ട്. സാധാരണ മണ്ണിലും ഇത് നന്നായി വളരും. വലിയ വിസ്‌തൃതി ഇല്ലാത്ത സ്ഥലത്തും അത്യാവശ്യം വലിയ ചട്ടികളിലും വളർത്താം. അലങ്കാര ചെടിയുമാണ്. അന്തരീക്ഷതാപനില പരിധി 20 ഡിഗ്രി മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെ. മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങൾ അനുയോജ്യമല്ല. പൂർണ സൂര്യപ്രകാശം മുതൽ ഭാഗികമായ തണൽ വരെയാകാം. ദിവസവും ആറു മുതൽ എട്ടു മണിക്കൂർ വരെ സൂര്യപ്രകാശം നിർബന്ധം. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1200 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളിൽ ഇത് വളരാറുണ്ട്. ഇതിനും മീതെ ഉയരമുള്ള സ്ഥലങ്ങളിലായാൽ കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാം. ചെടി നന്നായി വളരുകയോ കായ്കൾ പിടിക്കുകയോ ചെയ്യുകയില്ല. മഞ്ഞുവീഴ്ചയുടെ പ്രശ്നങ്ങളും ഉണ്ടാകും. തീരെ താഴ്ന്ന അന്തരീക്ഷതാപനില മരത്തിന്റെ പുഷ്പിക്കാനും കായ്കൾ പിടിക്കാനുമുള്ള കഴിവിനെയും പ്രതികൂലമായി ബാധിക്കാറുണ്ട്. അധികം ഉയരത്തിൽ വളരുന്ന മരങ്ങളിൽ ചില പ്രത്യേക കീടബാധകൾ വർധിക്കുകയും കായ് പിടിക്കാനുള്ള കാലപരിധി ചിലപ്പോൾ അഞ്ചു മുതൽ ഏഴു വർഷം വരെ നീണ്ടുപോകാനും മതി. എന്നാൽ, ഉയർന്ന പ്രദേശങ്ങളിൽ ബറാബ വളർത്താൻ ആഗ്രഹിക്കുന്നവർ ഒരു സംരക്ഷിത അന്തരീക്ഷത്തിൽ (ഉദാഹരണത്തിന് ഗ്രീൻ ഹൗസ് പോലുള്ള സാഹചര്യങ്ങളിൽ) ചെടി വളർത്താൻ ശ്രദ്ധിക്കണം. അങ്ങനെയായാൽ ചെടി ഇഷ്ടപ്പെടുന്ന തരം ഊഷ്മളമായ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ നൽകാനും വളർച്ച ഭേദപ്പെട്ട വിധം തുടരാനും കഴിയുമെന്നു കണ്ടിരിക്കുന്നു. വേണ്ടത്ര സൂര്യപ്രകാശം കിട്ടാത്ത സാഹചര്യത്തിൽ വളരുന്ന മരങ്ങൾ വളർച്ച മുരടിച്ചു, ഇലകൾ മഞ്ഞളിച്ചു, ഒന്നുകിൽ ഫലോല്പാദനം കുറയുകയോ അല്ലെങ്കിൽ ഒട്ടും കായ്കൾ പിടിക്കാത്ത അവസ്ഥയിൽ ആകുകയോ ചെയ്യും. അതുകൊണ്ടാണ് വേണ്ട സൂര്യപ്രകാശം കിട്ടാത്ത വിധം വലിയ വൃക്ഷങ്ങളുടെ തണലിൽ ബറാബ വളരുന്നെങ്കിൽ അതിൽ കായ് പിടിത്തം ഉറപ്പാക്കാൻ അടുത്തുവളരുന്ന തണൽ വൃക്ഷങ്ങളുടെ കൊമ്പുകൾ അത്യാവശ്യം കോതികൊടുക്കണമെന്നു പറയാറുള്ളത്. മണ്ണിന്റെ അമ്ല-ക്ഷാരനില (പിഎച്) ആറിനും ഏഴരയ്ക്കും ഇടയ്ക്ക് എന്നതാണ് തോത്. ബറാബ പോലുള്ള പഴച്ചെടികൾക്ക് പൊതുവെ ഇത്തരത്തിൽ ചെറിയ അമ്ലസ്വഭാവം മുതൽ നിഷ്പക്ഷ സ്വഭാവമുള്ള മണ്ണാണ് നല്ലത്. മണ്ണിന്റെ പൊതുസ്വഭാവം മെച്ചപ്പെടുത്താൻ നന്നായി അഴുകിയ ജൈവവളമോ കമ്പോസ്റ്റോ മണ്ണിൽ ചേർത്ത് നല്ല നീർവാർച്ചയും ഉറപ്പാക്കിയാൽ മതിയാകും. ഉണങ്ങിയോ ഇലകളോ തൊണ്ടോ കൊണ്ട് തടം പുതയിടുകയും ചെയ്യാം. മൂന്നു മുതൽ ആറു മാസം ഇടവിട്ട് തടത്തിൽ ഉണങ്ങിയ ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, അല്ലെങ്കിൽ വേപ്പിൻ പിണ്ണാക്ക് എന്നിവയിലൊന്ന് ചേർത്തുകൊടുക്കാം. അമ്ലതയുടെ സ്വാധീനം പൊതുവെ കൂടുതലുള്ള കേരളത്തിലെ മണ്ണിൽ ഇത്തരം ജൈവവളങ്ങൾക്ക് മണ്ണിന്റെ ഘടന ആരോഗ്യകരമാംവിധം രൂപപ്പെടുത്താനും കഴിയും. തൈകൾ നട്ട് മൂന്നു മാസം കഴിയുമ്പോൾ മുതൽ ജൈവവളങ്ങൾ ചേർക്കാൻ തുടങ്ങാം. ഇത് വേരുകളുടെ ആരോഗ്യകരമായ വളർച്ചയ്ക്കും ഇലകളുടെ പച്ചപ്പിനും ഉപകരിക്കും. ചെടിയുടെ വളർച്ചാവേളയിൽ 19:19:19 രാസവള മിശ്രിതം ചേർക്കുന്നത് സഹായകമാണ്. ഇതുതന്നെ 10-15 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചു തടത്തിൽ ഒഴിച്ചുകൊടുക്കാം. 30-45 ദിവസം ഇടവിട്ട് ഇത് ചെയ്യാം. നന്നായി കായ്‌കൾ പിടിക്കാൻ തുടങ്ങുന്ന സീസണിൽ ഒഴിവാക്കണം. തൈകൾക്ക് ഇത്തരത്തിൽ നേർപ്പിച്ച വളം നൽകുമ്പോൾ, വലിയ മരങ്ങൾക്ക് ഇത് മണ്ണിൽ ചേർത്ത് ഇളക്കികൊടുത്താൽ മതി. മണ്ണിൽ നനവുണ്ടാകണമെന്നു മാത്രം. വളം ചേർക്കുന്നത് കഴിയുന്നിടത്തോളം അതിരാവിലെയോ അല്ലെങ്കിൽ വൈകുന്നേരമോ ആകാം. ഇതുപോലെ തന്നെയാണ് അസറ്റോബാക്റ്റർ, സ്യൂഡോമോണസ്, വാം തുടങ്ങിയ ജീവാണുവളങ്ങളുടെ പ്രയോഗവും. ഓരോ ചെടിയ്ക്കും ചേർക്കുന്ന 10-15 കിലോഗ്രാം ജൈവവളങ്ങൾ ഈ ജീവാണുക്കളുടെ വളർച്ചയ്ക്ക് കാര്യമായ അടിത്തറ ഉണ്ടാക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഒറ്റക്കാര്യമേ ഇവിടെ ശ്രദ്ധിക്കേണ്ടതുള്ളൂ; ജീവാണുവളങ്ങൾ ഒരിക്കലും രാസവവളങ്ങളോടൊപ്പം ചേർക്കരുത്. ഏകദേശം 3 മീറ്റർ ഉയരമെത്തുമ്പോൾ ശിഖരങ്ങൾ വളർച്ച നോക്കിയിട്ട് വെട്ടിയൊതുക്കുന്നത് (പ്രൂണിങ് ) നല്ലതാണ്. സ്വതവേ പടർന്നു പന്തലിച്ചു വളരുന്ന ഇനമാകയാൽ അനാവശ്യമായ ശിഖരങ്ങൾ മുറിച്ചുനീക്കുന്നത് നല്ല വിളവ് കിട്ടാൻ സഹായിക്കും. ചെടിയ്ക്ക് നല്ല സൂര്യപ്രകാശം കിട്ടാൻ അനാരോഗ്യകരമായ ശിഖരങ്ങൾ (വാട്ടർ ഷൂട്ട്സ്), കുറുകെ വളരുന്ന കൊമ്പുകൾ എന്നിവ നീക്കാം. രണ്ടോ മൂന്നോ വർഷം കൂടുമ്പോഴോ അമിതമായി ശിഖരങ്ങൾ വളർന്ന് മരത്തിനു വേണ്ടത്ര വെളിച്ചം കിട്ടുന്നില്ലെന്നു തോന്നുമ്പോഴോ കൊമ്പുകോതൽ നടത്തിയാൽ മതിയാകും. ബറാബ വലിയ ചട്ടിയിലും വളർത്താം വലിയ ചട്ടിയിലും വീപ്പയിലും ബറാബ അനായാസം വളർത്താം. ഇത്തരത്തിൽ വളർത്തിയാൽ താഴെ സ്ഥലക്കുറവുള്ളവർക്ക് മട്ടുപ്പാവിൽ വയ്ക്കുകയും ചെയ്യാം. ഇതിന് 12 X 12 ഇഞ്ച് വലിപ്പമുള്ള ചട്ടിയോ വീപ്പയോ ഉപയോഗിച്ചാൽ മതി. വീപ്പയിൽ നീർവാർച്ചയ്‌ക്ക് സുഷിരങ്ങൾ ഉണ്ടാകണം. ഇതിൽ മേൽമണ്ണും ജൈവപദാർത്ഥങ്ങളും കലർന്ന മണ്ണ്, ചകിരിച്ചോറ് (കൊക്കോ പീറ്റ്), കമ്പോസ്റ്റ് എന്നിവയുടെ മിശ്രിതമാണ് കലർത്തി നിറയ്‌ക്കേണ്ടത്. ദിവസവും 6 മുതൽ 8 മണിക്കൂർ വരെ സൂര്യപ്രകാശം കിട്ടുന്നിടത്തു വേണം വീപ്പ വയ്ക്കാൻ. വീപ്പയിലെ മേൽമണ്ണ് ഉണങ്ങാൻ തുടങ്ങുമ്പോൾ നനയ്ക്കുക. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്; കൊമ്പു കോതൽ അഥവാ പ്രൂണിങ്. ചെറിയ തോതിലുള്ള പ്രൂണിങ്ങും പുതിയ തളിരുകളുടെ തലപ്പ് നുള്ളുന്നതും ചെടിയുടെ ഉയരം നിയന്ത്രിച്ചു നിർത്തും, ഒരു പരിധി വരെ. ഇത് തന്നെ കൃത്യമായി ചെയ്താൽ ചെടിയുടെ രൂപവിധാനം നിയന്ത്രിക്കാം, ഒപ്പം പുതിയ തളിരുകളുടെ വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. ഉണങ്ങി നിർജീവമായ ശിഖരങ്ങൾ നീക്കുന്നത് വഴി ചെടിയ്ക്ക് മൊത്തത്തിൽ ലഭിക്കുന്ന വായുസഞ്ചാരത്തിന്റെ തോതും ലഭ്യതയും വർധിക്കും. ഇവിടെയും വളം ചേർക്കലിന് വലിയ പ്രാധാന്യമുണ്ട്. നന്നായി അഴുകിപ്പൊടിഞ്ഞ കാലിവളം, കമ്പോസ്റ്റ് എന്നിവ മതിയാകും. കൂടാതെ നേരത്തെ സൂചിപ്പിച്ച രാസവള മിശ്രിതവും ചേർക്കാം. മണ്ണിൽ നിന്നുണ്ടാകുന്ന കീടരോഗബാധകൾ തടയാൻ വേപ്പിൻപിണ്ണാക്ക് ചേർക്കുന്നത് ഉപകരിക്കും. രാസവളമിശ്രിതം 5 മുതൽ 10 ഗ്രാം വരെ ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചു് 2 മുതൽ 4 ആഴ്ച വരെ ഇടവിട്ട് നൽകാം. രണ്ടു മാസത്തിലൊരിക്കൽ ഇത്തരത്തിൽ ചട്ടിയിലും മറ്റും വളർത്തുന്ന ചെടികളുടെ ചുവട്ടിൽ നേരിയ തോതിൽ ഒന്നിളക്കി ഒരിഞ്ചു കനത്തിൽ കമ്പോസ്റ്റ് നിറയ്ക്കുകയോ രണ്ടോ മൂന്നോ കൈപ്പിടി മണ്ണിര കമ്പോസ്റ്റ് ഇട്ടു കൊടുക്കുകയോ ചെയ്യണം. വളപ്രയോഗത്തോടൊപ്പം നനയും പ്രധാനമാണ്. വേണ്ടത്ര പരിചരണം നൽകാമെങ്കിൽ ചെടിയുടെ വലിപ്പം നിയന്ത്രിച്ചു നിൽക്കുമെങ്കിലും വിളവിൽ കാര്യമായ കുറവ് ഉണ്ടാകാറില്ല. ബറാബയ്ക്ക് സസ്യസംരക്ഷണം കാര്യമായ കീട-രോഗബാധകൾ ഒന്നുമില്ലെങ്കിലും ബറാബ പഴുക്കുന്ന കാലമാകുമ്പോൾ എത്താവുന്ന കായ് ഈച്ചകൾക്കെതിരെ കരുതൽ വേണം. കായീച്ചയുടെ പുഴുക്കൾ പഴത്തിനുള്ളിൽ കടന്ന് അവ കേടാക്കും. കൂടാതെ മുഞ്ഞകൾ നീര് കുടിച്ചു ഇലകൾ ചുരുണ്ട് വികൃതമാകാൻ ഇടയാക്കും. തണ്ടുകളിലും ഇലകളിലും പറ്റിക്കൂടുന്ന ശല്ക്കപ്രാണികളും ഉപദ്രവകാരികൾ ആകാറുണ്ട്. ഇവ തണ്ടുകളിലെയും ഇലകളിലെയും നീര് കുടിക്കുന്നതോടൊപ്പം, ഇവയുടെ മധുരസ്രവം പറ്റുന്ന ഇലകളിലും മറ്റും കരിംപൂപ്പ് പറ്റി വളരാനും കാരണം ആകാറുണ്ട്. വേപ്പെണ്ണ എമൽഷൻ രൂപത്തിൽ തളിച്ചും വേപ്പെണ്ണയും സോപ്പും ചേർത്ത് മിശ്രിതമാക്കിയും തളിച്ച് ശത്രുപ്രാണികളെ നിയന്ത്രിക്കാൻ കഴിയും. ഇതാകുമ്പോൾ ആഴ്ചയിലോ രണ്ടാഴ്ച കൂടുമ്പോഴോ വേപ്പെണ്ണ പ്രതിരോധമായി തളിക്കാൻ ശ്രദ്ധിക്കണം. ചെടി വളരുന്നതനുസരിച്ചു ശിഖരങ്ങൾക്കിടയിൽ നല്ല വായുസഞ്ചാരം ഉണ്ടെങ്കിൽ കുമിൾബാധകൾ ഉണ്ടാകാതെ നോക്കാം. വലിയ ചട്ടിയിലും മറ്റും വളർത്തുന്നതുപോലെ ബറാബ 18 x 18 എച്.ഡി.പി.ഇ ഗ്രോബാഗുകളിലും,കുറച്ചുകൂടെ വലിപ്പമുള്ള 24 x 24 എച്.ഡി.പി.ഇ ഗ്രോബാഗുകളിലും അത്യാവശ്യം വളർത്താം. വളർന്നുകഴിയുമ്പോൾ ഒരേ സമയം ഫലസമൃദ്ധി പോലെ തന്നെ അലങ്കാരഭംഗിയും ഉള്ളതിനാൽ ബറാബയെ ആ രീതിയിലും വളർത്താം. ബറാബ -വിളവും വിളവെടുപ്പും വേനൽമാസങ്ങളിലാണ് സാധാരണ ബറാബ പഴങ്ങൾ പാകമാകുക. ഏകദേശം ഫെബ്രുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിൽ. എന്നാൽ അത്ര ചെറുതല്ലാത്ത ഒരു ചട്ടിയിലോ ഗ്രോബാഗിലോ വളർത്തുമ്പോൾ, കഷ്ടിച്ച് മൂന്നോ നാലോ അടി ഉയരമാകുമ്പോൾ തന്നെ നിറയെ മഞ്ഞനിറമുള്ള പഴങ്ങൾ കായ്ച്ചുനിൽക്കുന്ന ബറാബ അത്യാകർഷകവുമാണ്. ഇതിൽനിന്ന് വിളവെടുപ്പ് സാധ്യമാകാറുണ്ട്. മധുരവും ചെറിയ പുളിയുമുള്ള പഴങ്ങൾ സമൃദ്ധമായുണ്ടാകുന്ന ഈ ഫലസസ്യം കാഴ്ചയ്ക്കും അതിമനോഹരമാണ്. മധുരമുള്ള പുളിരസം അല്ലെങ്കിൽ മധുരത്തിന്റെയും പുളിയുടെയും സമ്മിശ്രസ്വാദ് -അതാണ് ഈ പഴത്തിന്റെ സ്വാദ്. മധ്യവേനലവധിക്കാലത്തു സ്‌കൂൾ അടയ്ക്കുമ്പോൾ സാധാരണ മാമ്പഴക്കാലമാണല്ലോ നമ്മുടെ നാട്ടിൽ പതിവ്. ബറാബയുടെ കാര്യത്തിലും ഇത് യാഥാർഥ്യമാകുന്നു. കുട്ടികൾക്ക് കഴിക്കാൻ പാകത്തിന് വലിപ്പവും മധുരവും പുളിയും ഇടകലർന്ന സ്വാദുമുള്ള ചെറുപഴങ്ങൾ അവർക്കിഷ്ടപ്പെടും. കഴിക്കുമ്പോൾ ഉള്ളിലുള്ള ചെറിയ കുരുവിന്റെ കാര്യം ശ്രദ്ധിക്കണമെന്ന് മാത്രം. പൊതുവെ വിളകൾക്കൊരു തകരാറുണ്ട്; അമിതമായ ശ്രദ്ധയും പരിചരണവും അവയെ യഥാസമയം വിളവുത്പാദിപ്പിക്കുന്നതിൽ നിന്ന് താല്കാലിമായെങ്കിലും വിലക്കും. ഇത്തരമൊരു കാര്യം ബറാബയുടെ വളർച്ചയിലുമുണ്ട്. ഇതിന് ശാസ്ത്രീയമായി റെഗുലേറ്റഡ് ഡെഫിസിറ്റ് ഇറിഗേഷൻ (ആർ.ഡി.ഐ). നനയുടെ കാര്യത്തിൽ വരുത്തുന്ന കുറവ് എന്നേ ഇതിനർഥമുള്ളൂ. മാതളം പോലുള്ള ഫലസസ്യങ്ങൾക്കും ഇത് ബാധകമാണ്. ചെടി ഒരു പരിധി വരെ വളർന്നു കഴിഞ്ഞാൽ വെള്ളത്തിന്റെ കുറവ് അനുഭവിക്കാൻ അതിനു അവസരം കൊടുക്കും. ഇതിനാണ് വാട്ടർ സ്ട്രെസ്സ് അഥവാ ജലസമ്മർദം എന്ന് പറയുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ ചെടിക്ക് സ്വയമേവ താൻ വെള്ളം കിട്ടാതെ നശിക്കാൻ പോകുകയാണെന്ന് തോന്നൽ ഉണ്ടാകും! ഇതേതുടർന്ന് അത് വേഗംതന്നെ പൂക്കളും കായ്കളും ഉത്പാദിപ്പിച്ചു തന്റെ അടുത്ത തലമുറയെ സൃഷ്ടിക്കാനുള്ള തീവ്രശ്രമം നടത്തും. ഇതാണ് ഇവിടെ യഥാർത്ഥത്തിൽ സംഭവിക്കുന്നത്. ഫലത്തിൽ ഫലസസ്യം കായ്കൾ ഉല്പാദിപ്പിക്കുന്നു. ഇവിടെ വാസ്തവത്തിൽ സംഭവിക്കുന്നത് ചെടിയുടെ ശാരീരിക വളർച്ച തടഞ്ഞു പ്രത്യുല്പാദന വളർച്ച ത്വരിതപ്പെടുത്തുകയാണ്. വളരുന്ന സാഹചര്യവും മണ്ണിന്റെ തരവും നോക്കി വേണം ഇത് ചെയ്യേണ്ടത് എന്നുമാത്രം. ഇങ്ങനെ ചെയ്യുമ്പോൾ വലിയ പഴങ്ങളുടെ കാര്യത്തിൽ ചിലപ്പോൾ തെല്ലു വലിപ്പം കുറഞ്ഞേക്കാം; എന്നാൽ എണ്ണത്തിൽ കൂടുതൽ ഫലങ്ങൾ കിട്ടും. മരത്തിൽ പൂമൊട്ടുകൾ ഉണ്ടാകുമ്പോഴോ കായ്കൾ പഴുക്കുന്ന അവസാനഘട്ടത്തിലോ ഇത് ചെയ്യാൻ പാടില്ല. ബറാബയുടെ കാര്യത്തിൽ ഇത് ചെയ്യുന്നത് ചെടിയ്ക്കു പൂ പിടിക്കാനും കായ്കൾ ഉണ്ടാകാനും പ്രേരകമാകും. പോഷകസമൃദ്ധം ബറാബ ജീവകങ്ങളുടെയും നിരോക്സീകാരകങ്ങളുടെയും സജീവസാന്നിധ്യമാണ് ബറാബ പഴത്തെ എന്നും ശ്രദ്ധേയവും ആരോഗ്യസമ്പന്നവുമാക്കുന്നത്. ജീവകം സിയുടെ സാന്നിധ്യം ഇതിനെ ശരീരത്തിന് രോഗപ്രതിരോധശേഷി നൽകുന്ന ഒരുത്തമ ഫലമാക്കുന്നു. ഉയർന്ന നിരോക്സീകാരകങ്ങളുടെ തോത് കോശസംരക്ഷണത്തിന് ഉപകരിക്കുന്നു. ദഹനസഹായി, താരതമ്യേന കാലറി കുറഞ്ഞ ഒരു ഭക്ഷണം, അമിതവണ്ണം കുറയാൻ ഉപകരിക്കുന്ന ഉപാധി, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിൽ നിർത്താൻ കഴിവുള്ള ഘടകം, ധാരാളം നാര് അടങ്ങിയതിനാൽത്തന്നെ ദഹനവ്യവസ്ഥയുടെ ആരോഗ്യരക്ഷകൻ, ഇങ്ങനെ പോകുന്നു ബറാബയുടെ ആരോഗ്യസംരക്ഷക മേന്മകൾ. 100 ഗ്രാം പഴത്തിൽ 63 മുതൽ 73 വരെ കിലോകാലറി ഊർജം,15.6 ഗ്രാം കാർബോഹൈഡ്രേറ്റ്, ജീവകം സിക്ക് പുറമെ ജീവകം ബി 6, ഫോളേറ്റ്, കൂടാതെ പൊട്ടാസിയം, മഗ്നീഷ്യം, കോപ്പർ തുടങ്ങിയ ധാതുക്കളും ഇതിലുണ്ട്. നേരത്തെ നമ്മുടെ നാട്ടിൽ അത്ര പരിചിതമായിരുന്നില്ലെങ്കിലും ഇപ്പോൾ പലയിടത്തും ഒട്ടേറെ പേർ ബറാബ തൈകൾ വാങ്ങി നടാൻ തുടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇതിന്റെ പഴുത്ത പഴം കഴിക്കുന്നതോടൊപ്പം ഓരോ സീസണിലും ഇത് മരം നിറയെ പിടിക്കുന്നതിനാൽ പാഴാക്കി കളയാതിരിക്കാൻ സ്വാദിഷ്ടമായ ഉത്പന്നങ്ങളും അവയുടെ ചേരുവകളും തയാറാക്കിയിട്ടുണ്ട്. ഫ്രഷ് ഫ്രൂട്ട് സ്നാക്ക്, ജാം, ജെല്ലി, ജ്യൂസ്, ഡ്രിങ്ക്സ്, അച്ചാർ, ഡിസ്സേർട്ട്, വൈൻ, ഉണക്കിയ പഴം അഥവാ ഡ്രൈഡ് ഫ്രൂട്ട് എന്നിങ്ങനെ നിരവധി വിഭവങ്ങളുണ്ട്. ലെമൺ ഡ്രോപ്പ് മാങ്കോസ്റ്റീൻ എന്നതിന് പുറമെ ചെറി മാങ്കോസ്റ്റീൻ എന്നും ഇതിനു പേരുണ്ട്. നിറയെ പഴുത്ത പഴങ്ങൾ ഇറുങ്ങുപോലെ പിടിച്ചുനിൽക്കുന്നു ബറാബ മരത്തിൽ കിളികൾ കൂട്ടമായി പഴുത്ത പഴങ്ങൾ കൊത്തിത്തിന്നാൻ എത്തുക പതിവാണ്. ഇത് ഒഴിവാക്കാൻ പഴങ്ങളുണ്ടാകുമ്പോൾ തന്നെ മരം വലിയ വലയിട്ടു മൂടുന്ന പതിവുമുണ്ട്. കേരളത്തിലെ വീട്ടുമുറ്റങ്ങളിലും പറമ്പുകളിലും ഒതുക്കിവളർത്താൻ അനുയോജ്യമായ ഒരു പഴച്ചെടി -അതാണ് ബറാബ എന്ന ലെമൺ ഡ്രോപ്പ് മാങ്കോസ്റ്റീൻ. ഇതിന്റെ തൈകൾ ഇന്ന് സുലഭമായി ലഭ്യമാണ്. കേരള കാർഷിക സർവകലാശാലയുടെ നഴ്സറിയിലും കൂടാതെ നിരവധി സ്വകാര്യ നഴ്സറികളിലും ഓൺലൈൻ ആയുമൊക്കെ തൈകൾ വാങ്ങാൻ സൗകര്യമുണ്ട്. വിലയുടെ കാര്യത്തിൽ കാർഷിക സർവകലാശാലയിൽനിന്ന് വാങ്ങാൻ കിട്ടുന്ന തൈകൾക്കായിരിക്കും താരതമ്യേന വിലക്കുറവ്.

നാരങ്ങാ നിറവും നാരങ്ങാ മിട്ടായിയോട് സമാനമായ സ്വാദും; വീട്ടുമുറ്റത്തെ ബറാബ സുന്ദരിമാർ
M
MathrubhumiSource Link
about 2 months ago