വേനൽമഴയിൽ വ്യാപക കൃഷിനാശം To advertise here, മാന്നാർ : വേനൽമഴയിലും ശക്തമായ കാറ്റിലും കുരട്ടിശ്ശേരി പുഞ്ചയിലെ നാലുതോട് പാടശേഖരത്തിൽ വ്യാപക കൃഷിനാശം. 90 ദിവസം പിന്നിട്ട് വിളവെടുപ്പിനു പാകമായ എൺപതോളം ഏക്കർ നെൽക്കൃഷിയാണ് നശിച്ചത്. ഏപ്രിൽ എട്ടിന് കൊയ്ത്ത് നടത്താനിരിക്കേയാണ് കർഷകരുടെ പ്രതീക്ഷകൾക്കുമേൽ അപ്രതീക്ഷിതമായി മഴപെയ്തിറങ്ങിയത്. പാടത്തു കെട്ടിനിൽക്കുന്ന വെള്ളം പമ്പുചെയ്ത് കളഞ്ഞ് അവശേഷിക്കുന്ന കൃഷിയെങ്കിലും സംരക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് കർഷകരിപ്പോൾ. മുൻവർഷങ്ങളിലും വേനൽമഴയും വെള്ളപ്പൊക്കവും ഇവിടത്തെ കർഷകരെ കടുത്ത കടക്കെണിയിലാക്കിയിരുന്നു. കഴിഞ്ഞതവണ ഇഴഞ്ഞുനീങ്ങിയ മുക്കം-വാലയിൽ ബണ്ട് നിർമാണംകാരണം കൊയ്ത്തുയന്ത്രം പാടത്തിറക്കാൻ കഴിയാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഒടുവിൽ മന്ത്രി സജി ചെറിയാന്റെ ഓഫീസ് ഇടപെട്ടാണ് അന്ന് പ്രശ്നപരിഹാരംകണ്ട് കൊയ്ത്ത് പൂർത്തിയാക്കിയത്. ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് കർഷകർ വീണ്ടും കൃഷിയിറക്കിയത്. ബാങ്ക് വായ്പയെടുത്തും പലിശയ്ക്കു പണം കടംവാങ്ങിയുമാണ് ഭൂരിഭാഗം പേരും കൃഷിചെയ്തത്. കൂടാതെ, പാട്ടത്തിനെടുത്ത് കൃഷിചെയ്തവരുമുണ്ട്. ആകെയുണ്ടായിരുന്ന കൃഷി നശിച്ചതോടെ വായ്പ തിരിച്ചടവും പാട്ടത്തുക നൽകുന്നതും എങ്ങനെയാണെന്ന ആശങ്കയിലാണ് കർഷകർ. കൃഷിനാശമുണ്ടായ നാലുതോട് പാടശേഖരത്തിൽ മാന്നാർ അസിസ്റ്റന്റ് കൃഷി ഓഫീസർ സുധീർ, കൃഷി അസിസ്റ്റന്റ് ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. ഇതിന്റെ വിശദമായ റിപ്പോർട്ട് ഉന്നതോദ്യോഗസ്ഥർക്കു കൈമാറും. പാടശേഖരത്തിൽ കൃഷിനാശം നേരിട്ട തൊണ്ണൂറോളം വരുന്ന കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കാൻ അധികൃതർ തയ്യാറാകണമെന്ന് നാലുതോട് പാടശേഖരസമിതി പ്രസിഡന്റ് ഹരിദാസ് കിം കോട്ടേജ് ആവശ്യപ്പെട്ടു. ഉണങ്ങിയ നെല്ലിനും നാലുകിലോ കിഴിവിൽ അയവില്ല; കർഷകർ ആശങ്കയിൽ പാണ്ടനാട് : വേനൽമഴ പെയ്തുതുടങ്ങിയതോടെ കൊയ്ത്തിനു പാകമായ പാടശേഖരങ്ങളിലെ കർഷകർ ആശങ്കയിൽ. എത്ര ഉണങ്ങിയ നെല്ലും സപ്ലൈകോ ചുമതലപ്പെടുത്തിയ മില്ലുകാർ എടുക്കണമെങ്കിൽ നാലുകിലോ കിഴിവു കൊടുക്കേണ്ട അവസ്ഥയിലാണ്. പാണ്ടനാട് പഞ്ചായത്തിൽ കൊയ്ത പാടശേഖരങ്ങളിൽനിന്ന് നെല്ലെടുക്കണമെങ്കിൽ നാലുകിലോ കിഴിവാണ് ആവശ്യപ്പെട്ടതെന്ന് കർഷകർ പറയുന്നു. അടുത്തയാഴ്ച പാണ്ടനാട് പഞ്ചായത്തിലെ വെള്ളൂപ്പടവ്-പുലക്കുളം പാടശേഖരത്തിൽ കൊയ്ത്തു തുടങ്ങും. മുൻവർഷങ്ങളിൽ നെല്ലിന്റെ ഈർപ്പം പരിശോധിക്കാൻ ഉപകരണവുമായി എത്തി പാടശേഖരത്തിൽ വെച്ചുതന്നെ പരിശോധിക്കുമായിരുന്നു. എന്നാൽ, ഈ വർഷം നെല്ല് മില്ലുകളിലെത്തിച്ച് പരിശോധിച്ചശേഷം കിഴിവ് ആവശ്യപ്പെടുകയാണെന്നാണ് കർഷകരുടെ പരാതി. കഴിഞ്ഞദിവസങ്ങളിൽ വേനൽമഴ പെയ്തതിനാൽ വിളവെടുപ്പ് എത്രയും വേഗം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കർഷകർ. നെല്ല് വീണുപോയാൽ കർഷകർക്ക് വലിയ നഷ്ടം സംഭവിക്കും. കൊയ്ത്തും പ്രയാസമാകും. മഴപെയ്താൽ യന്ത്രം ഉപയോഗിച്ചുള്ള കൊയ്ത്തിന് കൂടുതൽ സമയമെടുക്കും. ഇപ്പോൾ മണിക്കൂറിന് 2,100 രൂപയാണ് യന്ത്രവാടകയായി നിശ്ചയിച്ചിരിക്കുന്നത്, കൂടുതൽ സമയമെടുക്കുമ്പോൾ കർഷകർ അധികത്തുക നൽകാൻ നിർബന്ധിതരാകും. വാഹനസൗകര്യം ഇല്ലാത്ത പാടശേഖരങ്ങളിൽ നെല്ല് പാടശേഖരത്തിൽനിന്ന് മാറ്റാൻ തൊഴിലാളികളെ ലഭിക്കാത്തതും കർഷകർക്കു പ്രയാസമുണ്ടാക്കുന്നുണ്ട്.

നാലുതോട് പാടശേഖരത്തിൽ 80 ഏക്കർ നെല്ല് നശിച്ചു
M
MathrubhumiSource Link
about 2 months ago