കുടക്: പ്രാദേശിക ആദിവാസി സമൂഹത്തിന്റെ തിരച്ചിലിന് ഒടുവിലാണ് കുടക് തടിയണ്ടമോൾ മലയിൽ ട്രെക്കിങ്ങിന് പോയി കാണാതായി നാലാം ദിനം കോഴിക്കോട് നാദാപുരം സ്വദേശിനിയായ ശരണ്യയെ കണ്ടെത്തിയത്. കുടകിലെ ഏറ്റവും വലിയ കൊടുമുടിയായ താടിയാണ്ടമോൾ മലയിലേക്കായിരുന്നു ട്രെക്കിങ്. കൊച്ചിയിൽ ഐടി പ്രൊഫഷണലാണ് ശരണ്യ. ഏപ്രിൽ 2-ന് യവകപാടി ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിൽ താമസിച്ചാണ് ട്രെക്കിങ്ങിന് പോയിരുന്നത്. കാട്ടാനകളുടെ സാന്നിധ്യം കാരണം വനവകുപ്പ് ഉദ്യോഗസ്ഥർ സംഘത്തോടൊപ്പം പോകാൻ നിർദേശിച്ചിരുന്നുവെങ്കിലും, പിന്നീട് അവരെ കാണാതാകുകയായിരുന്നു. To advertise here, ട്രെക്കിങ്ങിന് പോയ സംഘത്തിലെ മറ്റെല്ലാവരും വൈകുന്നേരം തിരികെ എത്തിയെങ്കിലും ശരണ്യയെ കണ്ടെത്താനായില്ല. താൻ വഴിതെറ്റിയതായി ഹോംസ്റ്റേ ജീവനക്കാരെ അറിയിച്ചതിന് ശേഷം ഫോൺ നെറ്റുവർക്കും നഷ്ടമായി. പോലീസ്, വനവകുപ്പ്, നാട്ടുകാർ നക്‌സൽ വിരുദ്ധ സേന എന്നിവരുടെ നേതൃത്വത്തിൽ വലിയ തിരച്ചിലാണ് സ്ഥലത്ത് നടത്തിയത്. ഡ്രോണുകളും സ്നിഫർ നായകളും ഉപയോഗിച്ച് കാട്ടിനുള്ളിൽ വ്യാപകമായ തെരച്ചിൽ നടന്നു. നാലു ദിവസത്തെ നിരന്തരമായ തിരച്ചിലിനുശേഷം ഞായറാഴ്ച വൈകുന്നേരമാണ് ശരണ്യയെ കണ്ടെത്തിയത്. ശരണ്യയെ കണ്ടെത്തുന്നതിനായി നാല് ദിവസമായി നിരന്തരമായി പരിശ്രമിച്ച പൊലീസ്, വനം വകുപ്പ്, ഗ്രാമവാസികൾ എന്നിവർക്കും ആധുനിക ഉപകരണങ്ങൾ നൽകിയ സംസ്ഥാന സർക്കാരിനും നന്ദിയും അഭിനന്ദനവും അറിയിച്ചെന്ന് - എംഎൽഎ എ. എസ്. പൊന്നണ്ണ പറഞ്ഞു. ശരണ്യയുടെ ആരോഗ്യസ്ഥിതിയും സുരക്ഷിതമാണ്. ശരണ്യയെ നാല് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ സുരക്ഷിതയായി കണ്ടെത്തിയതിൽ ആശ്വാസം പങ്കുവെച്ച് സുഹൃത്തുക്കളും കുടുംബവും. ശരണ്യയെ കണ്ടെത്താനായി കർണാടക സർക്കാർ നൂറംഗ പ്രത്യേക സംഘത്തെയാണ് തിരച്ചിലിനായി നിയോഗിച്ചത്. കാടിന്റെ ദുർഘടമായ പ്രദേശങ്ങളിൽ നാല് ദിവസമായി തുടർന്ന തിരച്ചിലിനൊടുവിലാണ് ആശ്വാസകരമായ വാർത്ത പുറത്തുവന്നത്. ശരണ്യയെ ലൊക്കേറ്റ് ചെയ്യാൻ സാധിച്ചുവെന്നും അവൾ സുരക്ഷിതയാണെന്നും കർണാടക വനംവകുപ്പ് മന്ത്രി ഈശ്വർ ഖണ്ഡ്രെ ഔദ്യോഗികമായി അറിയിച്ചു. ദൗത്യസംഘത്തിനൊപ്പമുള്ള ചിത്രവും സുരക്ഷിതസ്ഥാനത്തെത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ രക്ഷാദൗത്യത്തിൽ കേരള-കർണാടക സർക്കാരുകൾ സംയുക്തമായാണ് ഇടപെട്ടത്. കേരള മുഖ്യമന്ത്രി നേരിട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി സംസാരിക്കുകയും ദൗത്യം ഊർജ്ജിതമാക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂടാതെ, കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ കർണാടക മുഖ്യമന്ത്രിയുമായും വനംമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും നിരന്തരമായി ബന്ധപ്പെട്ട് തിരച്ചിലിന് നേതൃത്വം നൽകി. കർണാടക സർക്കാരിന്റെ ഈ വലിയ പരിശ്രമത്തിന് അദ്ദേഹം പ്രത്യേകമായി നന്ദി രേഖപ്പെടുത്തി. മകളെ കണ്ടെത്തിയ വാർത്തയറിഞ്ഞതോടെ നാദാപുരത്തെ വീട്ടിൽ സന്തോഷക്കണ്ണീർ ഒഴുകുകയാണ്. ശരണ്യയുടെ മാതാപിതാക്കളായ വടക്കയിൽ ഗോപിയും ശൈലജയും കഴിഞ്ഞ നാല് ദിവസമായി കടുത്ത മാനസിക പ്രയാസത്തിലായിരുന്നു. "സന്തോഷം കൊണ്ട് വാക്കുകൾ കിട്ടുന്നില്ല" എന്നായിരുന്നു ശരണ്യയുടെ സഹോദരൻ ശ്യാമിന്റെ പ്രതികരണം. മകൻ ശ്യാം മുഖേനയാണ് മകളെ കണ്ടെത്തിയ വിവരം താൻ അറിഞ്ഞതെന്ന് അമ്മ ശൈലജ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെയാണ് ശരണ്യ വനത്തിനുള്ളിൽ കഴിഞ്ഞിരുന്നത്. മറ്റ് ടീം അംഗങ്ങളിൽ നിന്ന് ആദ്യ ദിവസം തന്നെ വേർപെട്ടുപോയ ശരണ്യ വലിയ പ്രതിസന്ധികളെയാണ് അതിജീവിച്ചത്. ശരണ്യയെ നിലവിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും ആവശ്യമായ പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം നാട്ടിലേക്ക് തിരികെ കൊണ്ടുവരുമെന്നുമാണ് വിവരം. സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 1748 മീറ്റർ ഉയരത്തിലുള്ളതും വന്യമൃഗശല്യമുള്ളതുമായ ദുർഘട വനമേഖലയിലായിരുന്നു ശരണ്യ കുടുങ്ങിക്കിടന്നിരുന്നത്. വഴിതെറ്റിയ ഉടനെ ശരണ്യ താൻ താമസിച്ചിരുന്ന ഹോം സ്റ്റേയിലേക്ക് ഒരു സന്ദേശം അയച്ചിരുന്നു, ഇത് കേന്ദ്രീകരിച്ചാണ് വനംവകുപ്പ് തിരച്ചിൽ ഊർജ്ജിതമാക്കിയത്. ഒരു പോറൽ പോലും ഏൽക്കാതെ ശരണ്യയെ കണ്ടെത്താനായത് വലിയ ആശ്വാസമാണ് നൽകുന്നത്. Content Highlights: Malayali trekker Saranya, missing for four days in Karnataka forests, has been found safe. Published: 05 Apr 2026, 07:18 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നാല് ദിവസത്തെ വിങ്ങൽ ആശ്വാസത്തിന്റെ കണ്ണീരായി; ദിശമാറി പോയതാണെന്ന് ശരണ്യ, ചിരിച്ച് മടക്കം
M
MathrubhumiSource Link
about 1 month ago