ചെന്നൈ : ചെന്നൈ: തിരഞ്ഞെടുപ്പു കമ്മിഷൻ തീയതികൾ പ്രഖ്യാപിച്ചതോടെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും രാഷ്ട്രീയ കരുനീക്കങ്ങളും ഊർജിതമായി. മുന്നണികളിൽ സീറ്റു വിഭജനവും സ്ഥാനാർഥിനിർണയവും പൂർത്തിയാക്കുന്നതിനുള്ള ചർച്ചകൾ ഈയാഴ്ചയോടെ അന്തിമഘട്ടത്തിലേക്കു കടക്കും. To advertise here, മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ സെക്രട്ടേറിയറ്റിലെയും മറ്റു സർക്കാർ ഓഫീസുകളിലെയും രാഷ്ട്രീയനേതാക്കളുടെ ചിത്രങ്ങൾ എടുത്തുമാറ്റാൻ തുടങ്ങി. പോലീസിനും മറ്റു സുരക്ഷാ വിഭാഗങ്ങൾക്കും ജാഗ്രതാ നിർദേശം നൽകി. തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കുള്ള വാഹനങ്ങളിൽ ജി.പി.എസ്. സംവിധാനം ഘടിപ്പിക്കാൻ തുടങ്ങി. പരിശോധനകൾക്കായി പ്രത്യേക വാഹനങ്ങൾ സജ്ജമാക്കി. പുതിയ ഘടകകക്ഷികളെ സ്വീകരിച്ച് സഖ്യം ശക്തമാക്കിയ ഡി.എം.കെ. തിങ്കളാഴ്ച ജില്ലാ ഭാരവാഹികളുടെ യോഗം വിളിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയോടെ മുന്നണിയിൽ സീറ്റുവിഭജന ചർച്ച പുനരാരംഭിക്കുമെന്നാണ് കരുതുന്നത്. ഡി.എം.കെ. സഖ്യത്തിൽ ഇതുവരെ 38 സീറ്റാണ് സഖ്യകക്ഷികൾക്ക് അനുവദിച്ചിട്ടുള്ളത്. കോൺഗ്രസിന് 28 സീറ്റു നൽകാൻ ധാരണയായിട്ടുണ്ട്. എം.ഡി.എം.കെ. ഇത്തവണ നാലു സീറ്റിലും മുസ്‌ലിം ലീഗ്, മനിതനേയ മക്കൾ കക്ഷി, കെ.എം.ഡി.കെ. എന്നിവ രണ്ടുവീതം സീറ്റിലും മത്സരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആറുസീറ്റിൽ വീതം മത്സരിച്ച സി.പി.ഐ, സി.പി.എം, വി.സി.കെ. എന്നീ കക്ഷികളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. പുതുതായി മുന്നണിയിലെത്തിയ ഡി.എം.ഡി.കെ.യ്ക്ക് എത്ര സീറ്റു നൽകുമെന്ന കാര്യവും വ്യക്തമായിട്ടില്ല. ഔചപാരിക സീറ്റു ചർച്ച തുടങ്ങിയിട്ടില്ലെങ്കിലും എൻ.ഡി.എ.യിൽ സീറ്റു വിഭജനക്കാര്യത്തിൽ ഏകദേശ ധാരണയായിട്ടുണ്ട്. ഇതനുസരിച്ച് ബി.ജെ.പി. 29 സീറ്റിലും പി.എം.കെ. 18 സീറ്റിലും എ.എം.എം.കെ. ഒൻപതു സീറ്റിലും മത്സരിക്കും. 170-ഓളം സീറ്റ് അണ്ണാ ഡി.എം.കെ.യ്ക്ക് ലഭിക്കും. ഏതാനും സീറ്റുകൾ ചെറു കക്ഷികൾക്കു മാറ്റിവെക്കും. നേതാക്കൾ നിഷേധിക്കുന്നുണ്ടെങ്കിലും ടി.വി.കെ.യെ എൻ.ഡി.എ.യിലെത്തിക്കാനുള്ള ശ്രമം ബി.ജെ.പി. തുടരുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതു യാഥാർഥ്യമായാൽ ഈ കണക്കുകളെല്ലാം തെറ്റും. കേരളത്തിനൊപ്പം ഏപ്രിൽ ഒമ്പതിന് തിരഞ്ഞെടുപ്പു നടക്കുന്ന പുതുച്ചേരിയിൽ എൻ.ആർ. കോൺഗ്രസ് -ബി.ജെ.പി. സഖ്യം സീറ്റു വിഭജനം പൂർത്തിയാക്കിക്കഴിഞ്ഞു. ഇതനുസരിച്ച് 30 അംഗ സഭയിൽ 16 സീറ്റിൽ എൻ.ആർ. കോൺഗ്രസും 14 സീറ്റിൽ ബി.ജെ.പി.യും മത്സരിക്കും. അണ്ണാ ഡി.എം.കെ. ഉൾപ്പെടെയുള്ള കക്ഷികൾക്ക് ബി.ജെ.പി.യുടെ വിഹിതത്തിൽനിന്നാണ് സീറ്റ്. എന്നാൽ, പ്രതിപക്ഷ സഖ്യത്തിൽ തർക്കം തുടരുകയാണ്. തമിഴ്‌നാട്ടിൽനിന്നു ഭിന്നമായി പുതുച്ചേരിയിലെ നേതൃത്വം കോൺഗ്രസിന് വിട്ടുനൽകുകയായിരുന്നു ഡി.എം.കെ.യുടെ പതിവ്. എന്നാൽ, ഇത്തവണ കൂടുതൽ സീറ്റ് തങ്ങൾക്കുവേണമെന്ന് ഡി.എം.കെ. വാദിക്കുന്നു. അത് അനുവദിക്കാനാവില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്. ഈയാഴ്ചയോടെ ഇക്കാര്യത്തിൽ ധാരണയാവുമെന്നാണ് കരുതുന്നത്.
