ഇ ന്ത്യൻ കാർഷികമേഖല ഇന്ന് കാലാവസ്ഥാ വ്യതിയാനത്തിന്റെ വലിയ വെല്ലുവിളികൾ നേരിടുകയാണ്. പ്രവചനാതീതമായ മഴ, കടുത്ത ഉഷ്ണതരംഗങ്ങൾ, വരൾച്ച എന്നിവ കാർഷിക ഉല്പാദനത്തെയും കർഷകരുടെ ഉപജീവനത്തെയും ദോഷകരമായി ബാധിക്കുന്നു. ഈ സാഹചര്യത്തിൽ, ആഗോളതാപനത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള കാലാവസ്ഥാ പ്രതിരോധ കൃഷി (Climate-Resilient Agriculture-CRA) അനിവാര്യമായി മാറുകയാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കാനും ഈ നൂതന കൃഷിരീതി ലക്ഷ്യമിടുന്നു. To advertise here, കാലാവസ്ഥാ ആഘാതങ്ങളെ മുൻകൂട്ടി കാണാനും അവയെ ഉൾക്കൊള്ളാനും അതിൽനിന്ന് കരകയറാനുമുള്ള കാർഷിക വ്യവസ്ഥയുടെ കഴിവിനെയാണ് കാലാവസ്ഥാ പ്രതിരോധ കൃഷി എന്ന് വിളിക്കുന്നത്. ഉല്പാദനക്ഷമത നിലനിർത്തുന്നതിനൊപ്പം സുസ്ഥിരമായ കൃഷിരീതികൾ പിന്തുടരുക എന്നതാണ് കാതൽ. കൃഷിരീതികളിൽ മാറ്റം വരുത്തുന്നത് മുതൽ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത് വരെ ഇതിൽ ഉൾപ്പെടുന്നു. കാത്തിരിക്കുന്നത് ഉല്പാദനത്തിൽ വലിയ ഇടിവോ? ഇന്ത്യയിലെ കൃഷിഭൂമിയുടെ ഏതാണ്ട് 51 ശതമാനവും മഴയെ ആശ്രയിച്ചുള്ളതാണ്. ഈ പ്രദേശങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. വരുംദശകങ്ങളിൽ കൃത്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നെല്ല് ഉൾപ്പെടെയുള്ള പ്രധാന വിളകളുടെ ഉല്പാദനത്തിൽ 10 മുതൽ 40 ശതമാനം വരെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ഇത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ തന്നെ അപകടത്തിലാക്കിയേക്കാം. സിസ്റ്റം ഓഫ് റൈസ് ഇന്റൻസിഫിക്കേഷൻ (SRI), സീറോ ടില്ലേജ്, പ്രിസിഷൻ ഇറിഗേഷൻ തുടങ്ങിയ രീതികൾ കാലാവസ്ഥാ പ്രതിരോധ കൃഷിയുടെ ഭാഗമാണ്. കുറഞ്ഞ ജലം ഉപയോഗിച്ച് കൂടുതൽ വിളവ് നേടാനും മീഥേൻ പുറന്തള്ളൽ കുറയ്ക്കാനും ഇത്തരം രീതികൾ സഹായിക്കുന്നു. കൂടാതെ, മണ്ണിലെ കാർബണിന്റെ അളവ് വർധിപ്പിക്കാനും ജൈവവൈവിധ്യം നിലനിർത്താനും ഉപകരിക്കും. കാർഷിക വനവൽക്കരണവും ഈ മേഖലയിലെ പ്രധാനപ്പെട്ട ചുവടുവെപ്പാണ്. സിസ്റ്റം ഓഫ് റൈസ് ഇന്റൻസിഫിക്കേഷൻ (SRI) നെൽകൃഷിയിൽ കുറഞ്ഞ വെള്ളം ഉപയോഗിച്ച് കൂടുതൽ വിളവ് നേടാൻ സഹായിക്കുന്ന രീതിയാണിത്. മണ്ണിൽ എപ്പോഴും വെള്ളം കെട്ടിനിർത്തുന്നതിന് പകരം 'ആൾട്ടർനേറ്റ് വെറ്റിങ് ആൻഡ് ഡ്രൈയിങ്' (ഇടവിട്ടുള്ള സമയങ്ങളിൽ മണ്ണിൽ വെള്ളം നിറയ്ക്കുകയും പിന്നീട് അത് ഉണങ്ങാൻ അനുവദിക്കുകയും ചെയ്യുന്ന രീതി) എന്ന ക്രമത്തിൽ നനയ്ക്കുന്നു. ഈ രീതി പിന്തുടരുന്നത് വഴി ജലോപയോഗം 20 മുതൽ 40 ശതമാനം വരെ കുറയ്ക്കാൻ സാധിക്കും. കൂടാതെ, നെൽപ്പാടങ്ങളിൽ നിന്നുള്ള മീഥേൻ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഒഡിഷ പോലുള്ള സംസ്ഥാനങ്ങളിൽ ഈ രീതി വിജയകരമായി നടപ്പാക്കി വരുന്നു. സീറോ ടില്ലേജ് മണ്ണ് ഉഴുതുമറിക്കാതെ തന്നെ മുൻവിളയുടെ അവശിഷ്ടങ്ങൾക്കിടയിൽ വിത്ത് വിതയ്ക്കുന്ന രീതിയാണിത്. ഇത് മണ്ണിലെ ജൈവ കാർബണിന്റെ അളവ് വർധിപ്പിക്കാനും ഈർപ്പം നിലനിർത്താനും സഹായിക്കുന്നു. കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് ഒഴിവാക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണവും മീഥേൻ പുറന്തള്ളലും കുറയ്ക്കാൻ ഈ രീതിക്ക് സാധിക്കും. ഉദാഹരണത്തിന്, ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് നെൽപ്പാടങ്ങളിൽ സീറോ ടില്ലേജ് വഴി ചോളം കൃഷി ചെയ്തപ്പോൾ വിളവ് 13 ശതമാനത്തിലധികം വർധിക്കുകയും കർഷകർക്ക് അധിക വരുമാനം ലഭിക്കുകയും ചെയ്തു. പ്രിസിഷൻ ഇറിഗേഷൻ ജലം കൃത്യമായ അളവിൽ, ആവശ്യമായ സമയത്ത് മാത്രം ചെടികൾക്ക് ലഭ്യമാക്കുന്ന സാങ്കേതിക വിദ്യയാണിത്. തുള്ളിനന (ഡ്രിപ്പ് ഇറിഗേഷൻ), സ്പ്രിംഗ്ലർ എന്നിവ ഇതിന്റെ ഭാഗമാണ്. പരമ്പരാഗത ജലസേചന രീതികളെ അപേക്ഷിച്ച് 30 മുതൽ 50 ശതമാനം വരെ ജലം ലാഭിക്കാൻ പ്രിസിഷൻ ഇറിഗേഷൻ വഴി സാധിക്കും. ഇത് വിളവ് 20 മുതൽ 30 ശതമാനം വരെ വർധിപ്പിക്കാൻ സഹായിക്കുന്നു. 'പ്രധാൻമന്ത്രി കൃഷി സിഞ്ചായി യോജന' (പി.എം.കെ.എസ്.വൈ) പോലുള്ള പദ്ധതികൾ വഴി "മോർ ക്രോപ് പെർ ഡ്രോപ്" എന്ന ലക്ഷ്യത്തോടെ ഇത് പ്രോത്സാഹിപ്പിക്കപ്പെടുന്നു. സെൻസറുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിച്ച് ജലസേചനം ക്രമീകരിക്കുന്ന രീതികളും നിലവിലുണ്ട്. നാഷണൽ ഇന്നൊവേഷൻസ് ഇൻ ക്ലൈമറ്റ് റെസിലിയന്റ് അഗ്രികൾച്ചർ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ) 2011-ൽ ആരംഭിച്ച നാഷണൽ ഇന്നൊവേഷൻസ് ഇൻ ക്ലൈമറ്റ് റെസിലിയന്റ് അഗ്രികൾച്ചർ (എൻഐസിആർഎ) ആണ് ഈ രംഗത്തെ പ്രധാന പദ്ധതി. രാജ്യത്തെ 151 കാലാവസ്ഥാ ദുർബല ജില്ലകളിലെ 448 ഗ്രാമങ്ങളിൽ പദ്ധതി നടപ്പാക്കി വരുന്നു. തന്ത്രപരമായ ഗവേഷണത്തിലൂടെയും സാങ്കേതിക പ്രദർശനങ്ങളിലൂടെയും കർഷകർക്ക് പുതിയ അറിവുകൾ നൽകുകയാണ് ലക്ഷ്യം. മണ്ണ്-ജല സംരക്ഷണം, വിത്തുബാങ്കുകൾ എന്നിവ ഇതിന്റെ ഭാഗമാണ്. നാഷണൽ മിഷൻ ഫോർ സസ്റ്റെയ്നബിൾ അഗ്രികൾച്ചർ (എൻഎംഎസ്എ) എന്ന പദ്ധതിയും കാലാവസ്ഥാ പ്രതിരോധത്തിന് വലിയ ഊന്നൽ നൽകുന്നു. മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന ഇടങ്ങളിലെ ഉല്പ്ാദനക്ഷമത വർധിപ്പിക്കാനാണ് പദ്ധതി ശ്രമിക്കുന്നത്. ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കാൻ തുള്ളിനന പോലുള്ള മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. സംയോജിത കൃഷിരീതികൾ വഴി കർഷകരുടെ വരുമാനം വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള പുതിയ വിളയിനങ്ങളുടെ വികസനം ഈ മേഖലയിലെ വലിയ നേട്ടമാണ്. വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ കഴിയുന്ന 'സ്കൂബ റൈസ്' പോലുള്ളവ ബിഹാർ, അസം എന്നീ സംസ്ഥാനങ്ങളിൽ വലിയ മാറ്റമുണ്ടാക്കി. അതുപോലെ ഉഷ്ണത്തെയും ഉപ്പിന്റെ അംശത്തെയും പ്രതിരോധിക്കുന്ന ഗോതമ്പ്, നെല്ല് ഇനങ്ങളും ഇന്ത്യ വികസിപ്പിച്ചിട്ടുണ്ട്. പോഷകസമ്പുഷ്ടമായ ചാമ, റാഗി തുടങ്ങിയ ചെറുധാന്യങ്ങൾ കൃഷി ചെയ്യുന്നതും പ്രോത്സാഹിപ്പിക്കപ്പെടുന്നു. സോയിൽ ഹെൽത്ത് കാർഡ് മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് കൃഷിയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. സോയിൽ ഹെൽത്ത് കാർഡ് പദ്ധതിയിലൂടെ കർഷകർക്ക് മണ്ണിലെ പോഷകങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നു. 2025 നവംബർ വരെ ഏകദേശം 25.55 കോടി സോയിൽ ഹെൽത്ത് കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്. ഇത് രാസവളങ്ങളുടെ അമിതോപയോഗം കുറയ്ക്കാനും മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിർത്താനും സഹായിക്കുന്നു. ജൈവവളങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നത് മണ്ണിലെ കാർബൺ ശേഖരണം മെച്ചപ്പെടുത്തും. ഭാരതീയ കാർഷിക മേഖലയിൽ മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും വിളവെടുപ്പ് വർധിപ്പിക്കുന്നതിനുമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സുപ്രധാന പദ്ധതിയാണ് സോയിൽ ഹെൽത്ത് കാർഡ്. നിലവിൽ ഇത് രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ 'സോയിൽ ഹെൽത്ത് ആൻഡ് ഫെർട്ടിലിറ്റി' എന്ന വിഭാഗത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. കർഷകരുടെ കൃഷിഭൂമിയിലെ മണ്ണിന്റെ ഗുണനിലവാരം പരിശോധിക്കുകയും പോഷകങ്ങളുടെ കുറവ് പരിഹരിക്കുന്നതിന് ആവശ്യമായ വളപ്രയോഗത്തെക്കുറിച്ച് കൃത്യമായ നിർദേശങ്ങൾ നൽകുകയുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇത് വളങ്ങളുടെ അമിത ഉപയോഗം കുറയ്ക്കാനും ഉല്പാദനക്ഷമത കൂട്ടാനും സഹായിക്കുന്നു. പ്രധാന പോഷകങ്ങൾ (Macro-nutrients): നൈട്രജൻ (N), ഫോസ്ഫറസ് (P), പൊട്ടാസ്യം (K), ദ്വിതീയ പോഷകം (Secondary nutrient): സൾഫർ (S), സൂക്ഷ്മ പോഷകങ്ങൾ (Micro-nutrients): സിങ്ക് (Zn), ഇരുമ്പ് (Fe), ചെമ്പ് (Cu), മാംഗനീസ് (Mn), ബോറോൺ (Bo), ഭൗതിക ഘടകങ്ങൾ (Physical parameters): പി.എച്ച് (pH), ഇലക്ട്രിക്കൽ കണ്ടക്ടിവിറ്റി (EC), ജൈവ കാർബൺ (Organic Carbon) തുടങ്ങി 12 പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് മണ്ണിന്റെ ആരോഗ്യം പരിശോധിക്കുന്നത്. ഓരോ രണ്ട്-മൂന്ന് വർഷം കൂടുമ്പോഴും കർഷകർക്ക് പുതിയ കാർഡുകൾ നൽകും. 2025 നവംബർ പകുതി വരെയുള്ള കണക്കുകൾ പ്രകാരം ഏകദേശം 25.55 കോടി സോയിൽ ഹെൽത്ത് കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്. മണ്ണിലെ പോഷകങ്ങളുടെ അളവ് അറിയുന്നതിലൂടെ അനാവശ്യമായ രാസവള പ്രയോഗം ഒഴിവാക്കാം. മണ്ണിലെ ജൈവ കാർബൺ നില മെച്ചപ്പെടുത്തുന്നത് കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ കൃഷിയെ പ്രാപ്തമാക്കുന്നു. കൃഷിയുടെ ചെലവ് കുറയ്ക്കാനും വിളവ് വർധിപ്പിക്കാനും സഹായിക്കുന്നതിലൂടെ കർഷകരുടെ വരുമാനം മെച്ചപ്പെടുന്നു. ഡിജിറ്റൽ അഗ്രികൾച്ചർ മിഷന്റെ ഭാഗമായി സോയിൽ ഹെൽത്ത് കാർഡ് സംവിധാനം ഡിജിറ്റൈസ് ചെയ്യുകയാണ്. ഇതിലൂടെ കർഷകർക്ക് മൊബൈൽ ഫോൺ വഴി തത്സമയ നിർദേശങ്ങൾ ലഭ്യമാകും. സ്കൂൾ കുട്ടികളെ മണ്ണ് പരിശോധനയിൽ പങ്കാളികളാക്കുന്ന 'സ്കൂൾ സോയിൽ ഹെൽത്ത് പ്രോഗ്രാം' പോലുള്ള നൂതന പദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും സുസ്ഥിര കൃഷിരീതികൾ പ്രോത്സാഹിപ്പിക്കാനുമായി കേരളത്തിൽ പ്രവർത്തിക്കുന്ന പ്രധാന സ്ഥാപനമാണ് ഹരിത കേരളം മിഷൻ. സോയിൽ ഹെൽത്ത് കാർഡ് ഉൾപ്പെടെയുള്ള പദ്ധതികളുടെ സുഗമമായ നടത്തിപ്പിന് ഇത്തരം മിഷനുകൾ വലിയ പങ്ക് വഹിക്കുന്നു. ജലസേചനരംഗത്ത് നടപ്പാക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കുന്നു. തുള്ളിനനയും സ്പ്രിംഗ്ലർ ജലസേചനവും 30 മുതൽ 50 ശതമാനം വരെ വെള്ളം ലാഭിക്കാൻ സഹായിക്കുന്നു. മഴവെള്ള സംഭരണവും ഫാം പോണ്ടുകളും വരൾച്ചാ സമയത്ത് ജലലഭ്യത ഉറപ്പാക്കുന്നു. വെള്ളപ്പൊക്കവും മണ്ണൊലിപ്പും നേരിടുന്ന ബിഹാറിലെ കർഷകർക്കുവേണ്ടി 'മച്ചാൻ കൃഷി' (Machaan Farming) പോലുള്ള നൂതനരീതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. വെള്ളപ്പൊക്ക സമയത്ത് കൃഷി നശിക്കാതിരിക്കാൻ തട്ടുകളായി കൃഷി ചെയ്യുന്ന രീതിയാണിത്. കൂടാതെ, മണൽ അടിഞ്ഞുകൂടിയ സ്ഥലങ്ങളിൽ വെള്ളരി വർഗങ്ങൾ കൃഷി ചെയ്യുന്ന രീതിയും അവിടെ വിജയകരമാണ്. ഇത്തരം പ്രാദേശിക പരിഹാരങ്ങൾ കർഷകർക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ തുണയാകുന്നു. പരമ്പരാഗത അറിവുകൾ കൈവിടരുത് നമ്മുടെ പൂർവ്വികർ പിന്തുടർന്നിരുന്ന പരമ്പരാഗത അറിവുകൾ കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ ഇന്നും ഫലപ്രദമാണ്. കേരളത്തിലെ തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന പൊക്കാളി കൃഷി ഇതിന് മികച്ച ഉദാഹരണമാണ്. സമുദ്രനിരപ്പ് ഉയരുന്നതും ഉപ്പുവെള്ളം കയറുന്നതും പ്രതിരോധിക്കാൻ ശേഷിയുള്ള ലോകത്തിലെ തന്നെ ഉയരം കൂടിയ നെല്ലിനമാണ് പൊക്കാളി. ഇതിന്റെ രണ്ട് മീറ്റർ വരെ വളരുന്ന നെൽച്ചെടികൾ ഉപ്പുവെള്ളത്തിന് മുകളിൽ നിൽക്കാൻ പ്രാപ്തമാണ്. ബിഹാറിലെ അഹർ-പൈൻ സംവിധാനവും നാഗാലാന്റിലെ സാബോ രീതിയും ജലസംരക്ഷണത്തിനുള്ള പാരമ്പരാഗത മാർഗങ്ങളാണ്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം കാലാവസ്ഥാ കൃഷി കൂടുതൽ കാര്യക്ഷമമാക്കുന്നു. മേഘദൂത് പോലുള്ള മൊബൈൽ ആപ്പുകൾ പ്രാദേശികമായ കാലാവസ്ഥാ പ്രവചനങ്ങളും കൃഷി നിർദ്ദേശങ്ങളും കർഷകർക്ക് നൽകുന്നു. അഗ്രിസ്റ്റാക്ക്, ഡിജിറ്റൽ അഗ്രികൾച്ചർ മിഷൻ എന്നിവ വഴി കൃഷിഭൂമിയെയും വിളകളെയും സാറ്റലൈറ്റ് വഴി നിരീക്ഷിക്കാൻ സാധിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചുള്ള കൃത്യമായ കൃഷി നിർദ്ദേശങ്ങൾ വിളനാശം കുറയ്ക്കാൻ സഹായിക്കും. കർഷകർക്ക് കൃത്യമായ കാലാവസ്ഥാ വിവരങ്ങളും കാർഷിക നിർദേശങ്ങളും പ്രാദേശിക ഭാഷയിൽ ലഭ്യമാക്കുന്നതിനായി ഇന്ത്യ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ്, ഐസിഎആർ, ഐഐടിഎം എന്നിവ ചേർന്ന് വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷനാണ് മേഘദൂത് (Meghdoot). ഇത് ആഴ്ചയിൽ രണ്ടുതവണ (ചൊവ്വ, വെള്ളി) വിളകൾക്കും കൃഷിരീതികൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകുന്നു. കാലാവസ്ഥാ മുന്നറിയിപ്പുകൾ: അടുത്ത 5 ദിവസത്തേക്കുള്ള മഴ, താപനില, ഈർപ്പം, കാറ്റിന്റെ വേഗത എന്നിവയുടെ പ്രവചനം ലഭിക്കും. കാർഷിക നിർദ്ദേശങ്ങൾ: വിതയ്ക്കൽ, വിളവെടുപ്പ്, വളപ്രയോഗം, കീടരോഗ നിയന്ത്രണം എന്നിവ സംബന്ധിച്ച അറിവുകൾ. പ്രാദേശിക ഭാഷ: മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ വിവരങ്ങൾ ലഭ്യമാണ്. ലൊക്കേഷൻ അധിഷ്ഠിതം: ജിപിഎസ് ഉപയോഗിച്ച് കൃഷിയിടം തിരിച്ചറിഞ്ഞ് കൃത്യമായ അഡ്വൈസറി നൽകുന്നു. കേര പദ്ധതി കാലാവസ്ഥാ വ്യതിയാന വെല്ലുവിളികളെ നേരിടുന്നതിനും കേരളത്തിലെ കാർഷിക മേഖലയെ ആധുനികവൽക്കരിക്കുന്നതിനുമായി കേരള സർക്കാർ ലോക ബാങ്കിന്റെ സാങ്കേതിക-സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന സുപ്രധാന പദ്ധതിയാണ് കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി-വാല്യൂ ചെയിൻ മോഡേണൈസേഷൻ (KERA). ഏകദേശം 2,365 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിലൂടെ കേരളത്തിലെ കാർഷിക ഉല്പാദന വ്യവസ്ഥയെ കാലാവസ്ഥാ വ്യതിയാനങ്ങളോട് പൊരുത്തപ്പെടാൻ പ്രാപ്തമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഏകദേശം നാല് ലക്ഷം കർഷകർക്ക് ഗുണകരമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ചെറുകിട-നാമമാത്ര കർഷകരെ കേന്ദ്രീകരിച്ചുള്ള ഈ സംരംഭം, കാലാവസ്ഥാ സ്മാർട്ട് കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുകയും കർഷകരുടെ വരുമാനം വർധിപ്പിക്കുകയും ചെയ്യുന്നു. പദ്ധതിയുടെ ഭാഗമായി കാർഷിക ആവാസ വ്യവസ്ഥാ യൂണിറ്റുകൾ അടിസ്ഥാനമാക്കിയുള്ള കൃഷിരീതികളാണ് നടപ്പിലാക്കുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുന്നതിനായി പാലക്കാട്, തൃശൂർ ജില്ലകളിൽ നെൽക്കൃഷിയിൽ 'ആൾട്ടർനേറ്റ് വെറ്റിംഗ് ആൻഡ് ഡ്രൈയിങ്' പോലുള്ള നൂതന ജലസംരക്ഷണ രീതികൾ പരീക്ഷിക്കുന്നു. കൂടാതെ, കാലാവസ്ഥാ പ്രതിരോധശേഷിയുള്ള കാപ്പി, ഏലം, റബ്ബർ എന്നിവയുടെ പുതിയ ഇനങ്ങൾ നട്ടുപിടിപ്പിക്കാനുള്ള സാമ്പത്തിക സഹായവും പദ്ധതി നൽകുന്നു. 'കതിർ' പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി കർഷകർക്ക് ആവശ്യമായ സാങ്കേതിക വിവരങ്ങളും കാലാവസ്ഥാ മുന്നറിയിപ്പുകളും വേഗത്തിൽ ലഭ്യമാക്കുന്നു. കൃഷി വൈവിധ്യവൽക്കരണത്തിലൂടെയും മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും കാർഷിക ഉല്പാദനക്ഷമത വർധിപ്പിക്കാൻ ഇത് സഹായിക്കുന്നു. കാർഷിക ഉല്പന്നങ്ങളുടെ മൂല്യവർധനവിനും വിപണനത്തിനുമായി 150 ഉല്പാദന സഖ്യങ്ങൾ രൂപീകരിക്കുന്നത് പദ്ധതിയുടെ പ്രധാന ഘടകമാണ്. കർഷക ഉല്പാദക കമ്പനികളെയും അഗ്രി-ബിസിനസ് സ്ഥാപനങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ കർഷകർക്ക് തങ്ങളുടെ ഉല്പന്നങ്ങൾക്ക് മികച്ച വിലയും സ്ഥിരമായ വിപണിയും ഉറപ്പാക്കാൻ സാധിക്കുന്നു. 'അഗ്രിനെക്സ്റ്റ്' എന്ന സ്റ്റാർട്ടപ്പ് പദ്ധതിയുടേയും അഗ്രി-പാർക്കുകളുടെയും സഹായത്തോടെ കൃഷിയിൽ നൂതന സാങ്കേതികവിദ്യകൾ കൊണ്ടുവരാനും മൂല്യവർധിത ഉല്പന്നങ്ങളുടെ നിർമാണം വർധിപ്പിക്കാനും ലക്ഷ്യമിടുന്നു. വനിതാ സംരംഭകർക്കും യുവകർഷകർക്കും പ്രത്യേക ഊന്നൽ നൽകുന്നതിലൂടെ ഗ്രാമീണ സമ്പദ്വ്യവസ്ഥയെ കൂടുതൽ ശക്തമാക്കാനും ഹരിത തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. കാലാവസ്ഥാ പ്രതിരോധ കൃഷി നടപ്പാക്കുന്നതിൽ ചില വെല്ലുവിളികളും ഇന്ത്യ നേരിടുന്നുണ്ട്. സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുള്ള ഉയർന്ന ചെലവ് ചെറുകിട കർഷകരെ ഇതിൽനിന്ന് പിന്തിരിപ്പിക്കുന്നു. കൂടാതെ, ഡിജിറ്റൽ സാക്ഷരതയുടെ കുറവ് പുതിയ ആപ്പുകൾ ഉപയോഗിക്കുന്നതിന് തടസ്സമാകുന്നു. വായ്പാ സൗകര്യങ്ങളുടെ അഭാവവും നയപരമായ തടസ്സങ്ങളും ഈ കൃഷിരീതി വ്യാപകമാക്കുന്നതിന് വെല്ലുവിളിയാണ്. കൃഷി വിജ്ഞാന കേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞരുടെ എണ്ണക്കുറവ് കർഷകർക്ക് അറിവ് പകർന്നുനൽകുന്നതിൽ തടസ്സം സൃഷ്ടിക്കുന്നു. ഒരു ജില്ലയിലെ ആയിരക്കണക്കിന് കർഷകർക്കായി ചുരുക്കം ചില വിദഗ്ധരേ നിലവിലുള്ളൂ. ഈ വിടവ് നികത്താൻ എൻജിഒകളുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തം ആവശ്യമാണ്. ഫീൽഡ് തലത്തിലുള്ള വിദഗ്ധരെ നിയമിക്കുന്നത് സാങ്കേതികവിദ്യകൾ കർഷകരിലേക്ക് എത്തിക്കാൻ സഹായിക്കും. ഇന്ത്യയുടെ ഭാവി കൃഷി ഏകീകൃതമായ ദേശീയ വീക്ഷണത്തെ അടിസ്ഥാനമാക്കിയായിരിക്കണം. ഗവേഷണ സ്ഥാപനങ്ങളും കർഷകരും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. ആധുനിക ശാസ്ത്രത്തെയും പരമ്പരാഗത അറിവിനെയും കൂട്ടിയിണക്കിയുള്ള സമീപനമാണ് ആവശ്യം. References: Abiotic Stress Resilience in Indian Agriculture: A Policy Framework PIB Assessing PoCRA's Promise: Do Climate-Resilient Practices Benefit Maharashtra's Farmers? - The Wire CSE Report: Roadmap for Climate-Resilient Indian Agriculture Unveiled India's need for Climate Resilient Agriculture | ForumIAS ICAR-Agricultural Technology Application Research Institute

നാളെയുടെ കൃഷി; കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാൻ കാലാവസ്ഥാ പ്രതിരോധ കൃഷി
M
MathrubhumiSource Link
about 1 month ago