ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം 22-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ അയൽരാജ്യങ്ങളായ ഇസ്‌ലാമിക രാഷ്ട്രങ്ങളോട് ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഈദ് ദിനത്തോടനുബന്ധിച്ച് തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം സന്ദേശം പങ്കുവെച്ചത്. അയൽരാജ്യങ്ങളുമായി തങ്ങൾക്ക് യാതൊരു തർക്കവുമില്ലെന്നും ഇസ്‌ലാമിക രാജ്യങ്ങൾക്കിടയിലുള്ള ഭിന്നതയുടെ ഏക ഗുണഭോക്താവ് ഇസ്രയേൽ മാത്രമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. To advertise here, ‘നമ്മുടെ പ്രിയപ്പെട്ട അയൽക്കാരായ ഇസ്‌ലാമിക രാജ്യങ്ങളേ, നിങ്ങൾ ഞങ്ങളുടെ സഹോദരന്മാരാണ്. നിങ്ങളുമായി ഞങ്ങൾക്ക് ഒരു തർക്കവുമില്ല’ എന്ന് പെസെഷ്കിയാൻ സന്ദേശത്തിൽ പറയുന്നു. ദൈവത്തിന്റെ പ്രീതി നേടുന്നതിനായി പ്രവാചക വചനങ്ങളിലൂടെ ശക്തിയും ഐക്യവും കൈവരിക്കാൻ അദ്ദേഹം ആഹ്വാനംചെയ്തു. ഇറാനിലെ പാർസ് പ്രകൃതിവാതക പാടത്തിനും ബൂഷെർ ആണവനിലയത്തിനും നേരെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദേശം പുറത്തുവരുന്നത്. ഇസ്രയേൽ ആക്രമണത്തിന് മറുപടിയായി സൗദി അറേബ്യയിലെ എണ്ണക്കമ്പനിയായ ആരാംകോയുടെ റിഫൈനറിക്ക് നേരെയും ഖത്തറിലെയും യുഎഇയിലെയും വാതക നിലയങ്ങൾക്ക് നേരെയും ഇറാൻ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. ഈ മാസം ആദ്യം അയൽരാജ്യങ്ങളെ ആക്രമിച്ചതിൽ പെസെഷ്കിയാൻ മാപ്പ് ചോദിച്ചിരുന്നെങ്കിലും അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക ആക്രമണങ്ങൾക്കെതിരെ സ്വയം പ്രതിരോധിക്കാൻ ഇറാന് അവകാശമുണ്ടെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി. തങ്ങളുടെ രാജ്യത്തിനെതിരായ ആക്രമണങ്ങളുടെ ഉറവിടമായ കേന്ദ്രങ്ങളെയാണ് തങ്ങൾ ലക്ഷ്യംവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 28-ന് ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരെയും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെയും വധിച്ചുകൊണ്ട് അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തോടെയാണ് പശ്ചിമേഷ്യയിൽ നിലവിലെ യുദ്ധം ആരംഭിച്ചത്. ഇതിന് പകരമായി ഇറാൻ ഇസ്രയേൽ നഗരങ്ങളെയും ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളെയും ലക്ഷ്യമിട്ട് വൻതോതിലുള്ള ആക്രമണങ്ങൾ ആരംഭിക്കുകയായിരുന്നു. ഇതോടൊപ്പം ഗൾഫ് രാജ്യങ്ങളിലെ എണ്ണ ഉൽപാദന കേന്ദ്രങ്ങളും ഇറാന്റെ പ്രധാന ലക്ഷ്യങ്ങളായി മാറി. യുദ്ധത്തിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർ തടസ്സപ്പെടുത്തിയിരിക്കുകയാണ്. ലോകത്തിലെ ക്രൂഡ് ഓയിൽ, ദ്രവീകൃത പ്രകൃതിവാതകം എന്നിവയുടെ ഷിപ്പിങിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. ഹോർമുസിലെ തടസ്സം ആഗോളതലത്തിൽ വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമാകുമെന്ന ഭീതി നിലനിൽക്കുന്നുണ്ട്. Content Highlights: Iranian President Masoud Pezeshkian urges unity among Islamic nations as the Middle East conflict intensifies. Published: 21 Mar 2026, 05:13 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നിങ്ങൾ ഞങ്ങളുടെ സഹോദരങ്ങൾ, ഇസ്രയേൽ നേട്ടം കൊയ്യുന്നു- ഇസ്‌ലാമിക രാജ്യങ്ങളോട് ഇറാൻ പ്രസിഡന്റ്
M
MathrubhumiSource Link
about 2 months ago