വഴിപോക്കൻ Last Updated: 20 Apr 2026, 05:09 pm IST ബിജെപിയോട് കൂട്ടുകൂടിയാൽ സംഭവിക്കുന്നതെന്താണെന്ന് പ്രഫുല്ല കുമാർ മൊഹന്തയുടെ അസം ഗണ പരിഷത്തും ഏക്‌നാഥ് ഷിൻഡെയുടെ ശിവസേനയും ദേവ ഗൗഡയുടെ ജെഡിഎസും നിതീഷിന്റെ ജെഡിയുവും മെഹ്ബൂബയുടെ പിഡിപിയും നവീൻ പട്‌നായിക്കിന്റെ ബിജെഡിയും ചന്ദ്രശേഖർ റാവുവിന്റെ ബിആർഎസും ജഗ്മോഹന്റെ വൈഎസ്ആർസിപിയും കൃത്യമായി പറഞ്ഞുതരും. ചന്ദ്ര ബാബു നായിഡുവിന്റെ ടിഡിപി മാത്രമാണ് ബിജെപിയുടെ ധൃതരാഷ്ട്രാലിംഗനത്തെ താൽക്കാലികമായെങ്കിലും അതിജീവിച്ചിരിക്കുന്നത്. നിതീഷ് കുമാർ ബി ഹാർ മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള നിതീഷ് കുമാറിന്റെ പടിയിറക്കം അപ്രതീക്ഷിതമായിരുന്നില്ല. ഇക്കഴിഞ്ഞ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കാൻ നശ്ചയിച്ചപ്പോൾ തന്നെ നിതീഷിന്റെ ഭാവി തീരുമാനിക്കപ്പെട്ടു കഴിഞ്ഞിരുന്നു. അതിനും മുമ്പ് 2020-ൽ ചിരാഗ് പസ്വാനെ മുന്നിൽ നിർത്തിയാണ് ബിജെപി ജെഡിയുവിനെ തളർത്തിയത്. അന്ന് ബിജെപി 110 സീറ്റിലും ജെഡിയു 115 സീറ്റിലുമാണ് മത്സരിച്ചത്. ബിജെപി 74 ഇടങ്ങളിൽ വിജയിച്ചപ്പോൾ ജെഡിയുവിന് 43 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇക്കുറി ബിജെപിക്ക് 89 സീറ്റുംം ജെഡിയുവിന് 85 സീറ്റും കിട്ടിയെങ്കിലും നിതീഷിനെ മാറ്റാൻ സമയമായെന്ന് സംഘപരിവാർ ഉറപ്പിച്ചിരുന്നു. To advertise here, 2000-നും 2026-നുമിടയിൽ പത്ത് തവണ ബിഹാർ മുഖ്യമന്ത്രിയായിരുന്നു നിതീഷ്. സമകാലിക ബിഹാർ കണ്ട ഏറ്റവും കരുത്തനായ നേതാവ് രാഷ്ട്രീയ വാനപ്രസ്ഥത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു വ്യക്തിയുടെ മാത്രം പിൻവാങ്ങലല്ല. മറിച്ച് പ്രാദേശിക പാർട്ടികളുടെ തകർച്ചയിൽ പുതിയൊരു അദ്ധ്യായം കൂടി രചിക്കപ്പെടുകയാണ്. അടിയന്തരാവസ്ഥയ്ക്ക് ശേഷം ബിഹാർ രാഷ്ട്രീയത്തിലെ ചലനങ്ങൾ മൂന്ന് വ്യക്തികളെ കേന്ദ്രീകരിച്ചായിരുന്നു- ലാലുപ്രസാദ് യാദവ്, നിതിഷ്‌കുമാർ, റാം വിലാസ് പസ്വാൻ. പസ്വാൻ ജീവിച്ചിരിപ്പില്ല. ലാലു സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിച്ചു കഴിഞ്ഞു. ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിയെ ഏറ്റവുമധികം പരീക്ഷിച്ച സംസ്ഥാനമായിരുന്നു ബിഹാർ. സാമൂഹികനീതിക്കായുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ പോരാട്ടങ്ങൾ ഉഴുതുമറിച്ച മണ്ണിൽ ഹിന്ദുത്വയുടെ വേരുകൾക്ക് അത്ര എളുപ്പത്തിൽ പടർന്നിറങ്ങാൻ ആവുമായിരുന്നില്ല. എഴുപതുകളിൽ രണ്ട് തവണ മുഖ്യമന്ത്രിയായിരുന്ന കർപ്പൂരി താക്കുർ പിന്നാക്ക വർഗ്ഗക്കാർക്കായി നടപ്പാക്കിയ 26 ശതമാനം സംവരണമാണ് പിൽക്കാലത്ത് മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന് പ്രചോദനമായത്. ഈ ഹൃദയഭൂമിയിൽ ഇതാദ്യമായി ബിജെപിക്ക് സ്വന്തം മുഖ്യമന്ത്രി ഉണ്ടാവുമ്പോൾ അത് ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടാക്കുന്ന ചലനം നിസ്സാരമല്ല. ഇന്ദിര ഗാന്ധി 1967-ലെ രാഷ്ട്രീയ സുനാമി ഇന്ത്യയുടെ രാഷ്ട്രീയഭൂപടത്തിൽ നിർണ്ണായകമായ ദിശാമാറ്റത്തിന്റെ വർഷമായിരുന്നു 1967. കോൺഗ്രസിന്റെ അധീശത്വം തകർത്ത് ബംഗാളിലും തമിഴ്‌നാട്ടിലും ഒഡിഷയിലും ഉത്തർപ്രദേശിലും ബിഹാറിലും പഞ്ചാബിലും പ്രാദേശിക പാർട്ടികളുടെ മുന്നേറ്റമുണ്ടായി. കോൺഗ്രസിനുള്ളിലെ ശക്തരായ പ്രാദേശിക നേതാക്കളെ ഒതുക്കിക്കൊണ്ട് ഇന്ദിര ഗാന്ധി നടത്തിയ കളികളാണ് ഒരർത്ഥത്തിൽ ഈ പ്രാദേശിക പാർട്ടികൾക്ക് വെള്ളവും വളവും നൽകിയത്. ദേശീയ പാർട്ടികളുടെ ഭൂപടത്തിൽ ഇടംപിടിക്കാതെ പോയവർ പ്രാദേശികമായി സംഘടിക്കുകയും ജനമനസ്സ് പിടിച്ചെടുക്കുകയും ചെയ്തു. പക്ഷേ, ആറു പതിറ്റാണ്ടുകൾക്കിപ്പുറത്ത് ഈ പ്രാദേശിക പാർട്ടികളിൽ ഭൂരിപക്ഷവും അസ്തമയത്തിന്റെ വഴിയിലാണ്. ഒരർത്ഥത്തിൽ കോൺഗ്രസിന് നഷ്ടമായത് ബിജെപി തിരിച്ചുപിടിക്കുന്നു. പ്രാദേശിക പാർട്ടികളുടെ തോളത്തിരുന്നു വളർന്ന പാർട്ടിയാണ് ബിജെപി. ഗാന്ധിവധത്തിന്റെ നിഴലിൽനിന്ന് ജയപ്രകാശ് നാരായണനാണ് സംഘപരിവാറിനെ കൈപിടിച്ചു പുറത്തുകൊണ്ടു വന്നത്. ജെപി മൂവ്‌മെന്റിന്റെ ഉപോത്പന്നമായി രൂപമെടുത്ത ബിജെപി പടിപടിയായി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും പ്രബല രാഷ്ട്രീയ സാന്നിദ്ധ്യമായത് പ്രാദേശിക പാർട്ടികളുടെ സഹായത്തിലാണ്. ഉൾക്കൊള്ളുക, സ്വാംശീകരിക്കുക, ഉന്മൂലനം ചെയ്യുക- ഈ അജണ്ടയാണ് പ്രാദേശിക പാർട്ടികളുടെ കാര്യത്തിൽ ബിജെപി വിജയകരമായി നടപ്പാക്കിയത്. പ്രഫുല്ല കുമാർ മൊഹന്ത മൊഹന്തയും എജിപിയും ബിജെപിയോട് കൂട്ടുകൂടിയാൽ സംഭവിക്കുന്നതെന്താണെന്ന് പ്രഫുല്ല കുമാർ മൊഹന്തയുടെ അസം ഗണ പരിഷത്തും ഏക്‌നാഥ് ഷിൻഡെയുടെ ശിവസേനയും ദേവെ ഗൗഡയുടെ ജെഡിഎസും മെഹ്ബൂബയുടെ പിഡിപിയും നവീൻ പട്‌നായിക്കിന്റെ ബിജെഡിയും ചന്ദ്രശേഖർ റാവുവിന്റെ ബിആർഎസും ജഗ്മോഹന്റെ വൈഎസ്ആർസിപിയും കൃത്യമായി പറഞ്ഞുതരും. ചന്ദ്ര ബാബു നായിഡുവിന്റെ ടിഡിപി മാത്രമാണ് ബിജെപിയുടെ ധൃതരാഷ്ട്രാലിംഗനത്തെ താൽക്കാലികമായെങ്കിലും അതിജീവിച്ചിരിക്കുന്നത്. 1985-ലും 1991-ലുമായി രണ്ട് വട്ടം അസമിൽ മഹന്ത മുഖ്യമന്ത്രിയായിരുന്നു. 1991 മുതൽ 2016 വരെ തുടർച്ചയായി ആറു തവണ മഹന്ത അസം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ബറാംപുർ മണ്ഡലത്തിൽനിന്നാണ്. പക്ഷേ, 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബറാംപുരിൽ മഹന്തയ്ക്ക് സീറ്റ് കിട്ടിയില്ല. ആ സീറ്റ് ബിജെപി ഏറ്റെടുത്തു. 1985-ൽ 92 സീറ്റുകൾ പിടിച്ചെടുത്താണ് എജിപിയുടെ പൂർവ്വരൂപമായിരുന്ന എഎഎസ്‌യു അധികാരത്തിലെത്തിയത്. 2021-ൽ ബിജെപി സഖ്യത്തിൽ എജിപിക്ക് മത്സരിക്കാൻ കിട്ടിയത് 26 സീറ്റുകളാണ്. വിജയിച്ചതോ ഒമ്പത് സീറ്റുകളിലും. ഇക്കുറിയും ഇതേ സീറ്റുകളിൽ മത്സരിക്കുന്ന എജിപി എത്ര സീറ്റുകളിൽ ജയിക്കുമെന്ന് കണ്ടറിയണം. എജിപിയിൽനിന്ന് ബിജെപി അടർത്തിയെടുത്ത സർബാനന്ദ സോണൊവാൾ അസമിൽ ബിജെപിയുടെ വളർച്ചയിൽ വഹിച്ച പങ്കിനെ ഒരിക്കലും നിസ്സാരവത്കരിക്കാനാവില്ല. ആവശ്യം കഴിഞ്ഞപ്പോൾ ഇതേ സോണൊവാളിനെ കേന്ദ്രത്തിലേക്ക് പറിച്ചുനട്ടുകൊണ്ട് കോൺഗ്രസിൽനിന്നു വന്ന ഹിമന്ത് ബിശ്വ ശർമ്മയ്ക്ക് അസം മുഖ്യമന്ത്രി പദവി ബിജെപി കൈമാറുകയും ചെയ്തു. നിതീഷിനോടും ബിജെപി ഇപ്പോൾ ചെയ്യുന്നത് ഇതുതന്നെയാണ്. ജയലളിത ജയലളിത പഠിച്ച പാഠം ഡിഎംകെ, എഐഎഡിഎംകെ, ടിഎംസി, ബിജെഡി, ജനതാദൾ, എൻസിപി, അകാലിദൾ, പിഡിപി എന്നീ പാർട്ടികളുമായുള്ള സഹവാസം ബിജെപിയുടെ വളർച്ചയിൽ നിർണ്ണായകമായിരുന്നു. തങ്ങളുടെ ചെലവിലാണ് ബിജെപി വളരുന്നതെന്ന് ആദ്യം തിരിച്ചറിഞ്ഞ പ്രാദേശിക നേതാക്കളിൽ ഒരാൾ ജയലളിതയായിരുന്നു. 2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴകത്തെ 39 സീറ്റുകളും ഡിഎംകെ- കോൺസ്ര് സഖ്യം കൊണ്ടുപോകുന്നത് കണ്ടതോടെ ജയലളിത ബിജെപിയോട് ഗുഡ്‌ബൈ പറഞ്ഞു. പിന്നീടങ്ങോട്ട് പലവട്ടം മോദിയടക്കമുള്ളവർ കൊണ്ടുപിടിച്ചു ശ്രമിച്ചിട്ടും ജയലളിത ബിജെപിയെ എഐഎഡിഎംകെയുടെ പടിക്കകത്തേക്ക് കയറ്റിയില്ല. 2014-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മോദിക്കും ബിജെപിക്കും ബദലായി തന്നെയും തന്റെ പാർട്ടിയേയും ഉയർത്തിക്കാട്ടിക്കൊണ്ടാണ് ജയലളിത തമിഴകത്ത് പോരിനിറങ്ങിയത്. അന്ന് തമിഴ്‌നാട്ടിലെ 39 സീറ്റുകളിൽ 37-ലും എഐഎഡിഎംകെ വെന്നിക്കൊടി നാട്ടുകയും ചെയ്തു. 2016 ൽ ജയലളിതയുടെ അപ്രതീക്ഷിത മരണമാണ് ബിജെപിയെ വീണ്ടും എഐഎഡിഎംകെയിലേക്കെത്തിച്ചത്. പുതുച്ചേരിയിൽ ഒരു കാലത്ത് ഭരണകക്ഷിയായിരുന്ന എഐഎഡിഎംകെ ഇപ്പോൾ ബിജെപിയുടെ കാരുണ്യത്തിൽ കഴിയുന്ന കാഴ്ച ദയനീയമാണ്. മുഖ്യമന്ത്രി രംഗസാമിയുടെ എഎൻആർസിയെ വിഴുങ്ങാൻ ബിജെപിക്ക് ഇനി അധികകാലം വേണ്ടി വരുമെന്ന് തോന്നുന്നില്ല. മെഹ്ബൂബ മുഫ്തി, പ്രകാശ് സിങ് ബാദൽ അകാലിദളും പിഡിപിയും പഞ്ചാബിൽ അകാലിദളിനോട് ബിജെപി ചെയ്തതും ഇതു തന്നെയാണ്. 1920-ൽ രൂപംകൊണ്ട അകാലിദൾ ഇന്ത്യയിൽ ഏറ്റവും പ്രായമുള്ള പ്രാദേശിക പാർട്ടിയാണ്. ആ പാർട്ടി ഇന്നിപ്പോൾ പഞ്ചാബിൽ എവിടെ നിൽക്കുന്നുവെന്നത് ബിജെപിയുമായി കൂട്ടുകൂടുന്ന പാർട്ടികൾക്ക് മുന്നിൽ പാഠപുസ്തകമാവേണ്ടതുണ്ട്. അകാലിദളിന്റെ ചെലവിൽ പഞ്ചാബിൽ പാർട്ടി കെട്ടിപ്പടുക്കാനുള്ള ബിജെപിയുടെ നീക്കത്തിന് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത് കർഷക സമരത്തിന്റെയും എഎപിയുടെ രംഗപ്രവേശത്തിന്റെയും പശ്ചാത്തലത്തിലാണ്. അവിടെ അകാലിദളിനെ എങ്ങിനെ തങ്ങളുടെ ക്യാമ്പിലേക്ക് തിരിച്ചു കൊണ്ടുവരാമെന്നാണ് ഇപ്പോൾ ബിജെപി ആലോചിക്കുന്നത്. 2015-ൽ ജമ്മു കശ്മീരിലാണ് ബിജെപിയുടെ ഏറ്റവും ഗംഭീരമായ തിരക്കഥകളിൽ ഒന്ന് അരങ്ങേറിയത്. ഒരിക്കലും നടക്കില്ലെന്ന് കരുതിയ ഒരു സഖ്യത്തിനാണ് അന്ന് പിഡിപിയുമായി കൈകോർത്തുകൊണ്ട് ബിജെപി രൂപം നൽകിയത്. അന്ന് ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകർ ഈ സഖ്യം എത്രകാലം നിലനിൽക്കും എന്ന് ചോദിച്ചപ്പോൾ പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സെയ്ത് പറഞ്ഞത് ഇതാണ്: ''മോദി സാബിനും എനിക്കുമിടയിൽ പ്രതീക്ഷയുണ്ട്, ഞങ്ങൾ പുതിയ ചരിത്രം സൃഷ്ടിക്കുമെന്നും ജമ്മുവിനും കശ്മീരിനുമിടയിലുള്ള വിടവ് എന്നെന്നേക്കുമായി അവസാനിപ്പിക്കുമെന്നും.'' ഇപ്പോൾ പിതാവിന്റെ ഈ വാക്കുകളെക്കുറിച്ച് മകളും പിഡിപി നേതാവുമായ മെഹ്ബൂബ എന്താണ് പറയുക എന്നറിയില്ല. സംസ്ഥാന പദവി നഷ്ടപ്പെട്ട് വെറുമൊരു യൂണിയൻ ഭരണപ്രദേശമായി മാറിയ ജമ്മു കശ്മീരിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് പിന്നിൽ അന്ന് മുഫ്തിക്കും പിഡിപിക്കും പറ്റിയ കൈപ്പിഴയ്ക്കുള്ള പങ്ക് ആർക്കെങ്കിലും നിഷേധിക്കാനാവുമോ? ശരദ് പവാർ പവാറിന് സംഭവിച്ചത് ഒരു നേതാവ്, ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്. ഈ ഏകശിലാത്മക അജണ്ടയുടെ ഭാഗമായിരുന്നു മഹാരാഷ്ട്രയിൽ ബിജെപി കളിച്ച കളി. സമീപകാലത്ത് ബിജെപി ശരിക്കും പതറിയത് മഹാരാഷ്ട്രയിലായിരുന്നു. അവിടെ ശിവസേനയുമായി കോൺഗ്രസ് കൈകോർക്കും എന്നതിന്റെ ഒരു സൂചന പോലും സംഘപരിവാർ റഡാറുകൾക്ക് കിട്ടാതെ പോയി. സംഘപരിവാറിന്റെ ഹിന്ദുത്വ പദ്ധതിക്ക് ബാലസാഹേബ് താക്കറെയും ശിവസേനയും നൽകിയ സംഭാവന നിസ്തുലമാണ്. ഈ പാർട്ടിയെയാണ് ശരദ് പവാർ അടർത്തിയെടുത്ത് കോൺഗ്രസ് ക്യാമ്പിലെത്തിച്ചത്. പവാറിന് മാത്രം കഴിയുന്ന അനിതരസാധാരണമായ കരുനീക്കമായിരുനനു അത്. സംഘപരിവാറിന്റെ തലച്ചോർ അന്ന് ലക്ഷ്യമിട്ടതാണ് പവാറിനെ. ഒടുവിൽ പവാറിന്റെ പാർട്ടിയേയും താക്കറെയുടെ പാർട്ടിയേയും പിളർത്തിക്കൊണ്ടാണ് ബിജെപി തിരിച്ചടിച്ചത്. നിതീഷിനെ ഈ അവസ്ഥയിലെത്തിച്ചതിൽ കോൺഗ്രസിനുള്ള പങ്കും കാണാതിരിക്കേണ്ട. ഇന്ത്യ സഖ്യത്തിൽ കരുത്തുറ്റ സാന്നിദ്ധ്യമായിരുന്ന നിതീഷ് ഒരിക്കൽ കൂടി മറുകണ്ടം ചാടിയത് കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ നിസ്സഹകരണം കൊണ്ടായിരുന്നു. 2023-ലെ കർണ്ണാടക തിരഞ്ഞെടുപ്പിൽ ഗംഭീരവിജയം നേടിയതോടെ കോൺഗ്രസിനുള്ളിലെ ഉപജാപക വൃന്ദം നിതീഷിനെ രാഹുൽ ഗാന്ധിക്ക് ഭീഷണിയായി കണ്ടു. നിതീഷിനെ എങ്ങിനെ ഒതുക്കാമെന്നായി പിന്നീട് ഈ സംഘത്തിന്റെ ചിന്ത. അന്ന് നീതീഷ് കൂറുമാറിയില്ലായിരുന്നെങ്കിൽ 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നു. അണ്ണാ ദുരൈയും പെരിയാറും കുടുംബം പാർട്ടിയാവുമ്പോൾ പ്രാദേശിക പാർട്ടികളുടെ തകർച്ചയ്ക്കുള്ള മൂലകാരണങ്ങളിലൊന്ന് കുടുംബ പാർട്ടികളായുള്ള പരിണാമമായിരുന്നു. പിതാക്കന്മാരിൽനിന്നു മക്കളിലേക്കുള്ള പിന്തുടർച്ചയായി ഓരോ പാർട്ടിയും. കഴകമേ (പാർട്ടി) കുടുംബം എന്നായിരുന്നു ഡിഎംകെ സ്ഥാപകൻ അണ്ണാദുരൈയുടെ മുദ്രാവാക്യം. പക്ഷേ, കരുണാനിധിയിലേക്ക് എത്തിയപ്പോൾ ഇത് കുടുംബമേ കഴകം എന്നായി. പവാറായാലും ചന്ദ്ര ബാബു നായിഡുവായാലും ഈ വഴിക്കാണ് സഞ്ചാരം. നിതീഷിന് പിന്നാലെ മകൻ നിഷാന്തും മക്കൾ പുരാണത്തിൽ കണ്ണിയാവുന്നു. ജയലളിതയേയും നവീൻ പട്‌നായിക്കിനെയും പോലെ അവിവാഹിതരായ നേതാക്കളാണെങ്കിൽ പാർട്ടിക്കുള്ളിൽ ഒരു രണ്ടാം നേതൃനിരയെ വളർത്തിയെടുത്തതുമില്ല. ഈ ചരിത്ര പരിസരത്തിലാണ് ബിജെപി ദേശീയതയും ഹിന്ദുത്വയും സമാസമം ചാലിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലൂടെ രഥമോടിച്ചത്. ഉപ ദേശീയതകളിൽനിന്ന് വെളളവും വളവും വലിച്ചെടുത്ത് പാൻ ഇന്ത്യൻ പാർട്ടിയായി വളർന്ന ബിജെപിയുടെ സംഹാരയാത്രയിൽ ഇപ്പോൾ പ്രാദേശിക പാർട്ടികൾ ഒന്നൊന്നായി ഇല്ലാതാക്കപ്പെടുകയാണ്. വഴിയിൽ കേട്ടത്: വനിതാ സംവരണ നിയമ ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെടുത്തിയതിന് പ്രതിപക്ഷം വനിതകളോട് മറുപടി പറയേണ്ടി വരുമെന്ന് പ്രധാനമന്ത്രി മോദി. മൻ കി ബാത്തുകാർക്ക് പിന്നെ ഒരാളോടും മറുപടി പറയേണ്ട ബാദ്ധ്യത ഇല്ല! Content Highlights: Analysis of BJP's 'absorb and eliminate' strategy regarding regional alliances., Case studies on AGP, Shiv Sena, AIADMK, and JD(U)., The transition of regional parties into family-run organizations as a point of vulnerability., Impact of the 2026 political climate on the future of federalism in India. Published: 20 Apr 2026, 05:00 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നിതീഷിനോടും പ്രാദേശിക പാർട്ടികളോടും ബിജെപി ചെയ്യുന്നത് | വഴിപോക്കൻ
M
MathrubhumiSource Link
20 days ago