ടെക്‌നോളജി ഡെസ്‌ക് Last Updated: 27 March 2026, 04:13 PM IST ക്ലോഡ് എഐ ടൂള്‍ സ്വയംഭരണാധികാരമുള്ള ആയുധങ്ങളുടെ വിന്യാസത്തിനും നിരീക്ഷണത്തിനും ഉപയോഗിക്കാന്‍ സുരക്ഷിതമല്ല എന്നാണ് കമ്പനി പറയുന്നതെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. 1. ഡൊണാള്‍ഡ് ട്രംപ് 2. ആന്ത്രോപിക് സിഇഒ ഡാരിയോ അമോദെയി | Photo - AP, AFP പെന്റഗണുമായുള്ള ഏറ്റുമുട്ടലിൽ എഐ (നിർമിതബുദ്ധി) കമ്പനിയായ ആന്ത്രോപിക്കിന് താത്കാലിക വിജയം. കമ്പനിയെ 'ദേശീയ സുരക്ഷാ ഭീഷണി' എന്ന് മുദ്രകുത്തിയ പെന്റഗണിന്റെ നടപടി ഫെഡറൽ ജഡ്ജി താത്കാലികമായി തടഞ്ഞു. ഇതോടെ പ്രതിരോധരംഗത്തെ കരാറുകാർ അടക്കമുള്ളവരുമായി ആന്ത്രോപിക്കിന് ഇടപാടുകൾ നടത്തുന്നത് തുടരാനാവും. യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി റീത്ത ലിന്നിന്റേതാണ് വിധി. കോടതി ഉത്തരവോടെ ഫെഡറൽ ഏജൻസികൾ ആന്ത്രോപിക്കിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശം നടപ്പാക്കുന്നത് നിർത്തിവെക്കേണ്ടിവരും. To advertise here, യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത് കമ്പനിയെ 'വിതരണ ശൃംഖലയിലെ ഭീഷണി' എന്ന് മുദ്രകുത്തിയതും താത്കാലികമായി മരവിപ്പിക്കേണ്ടിവരും. കോടതി ഉത്തരവ് നിലനിൽക്കുന്നിടത്തോളം കാലം അത് പ്രാബല്യത്തിൽ വരില്ല. ട്രംപ് ഭരണകൂടത്തിന്റെ നടപടികളെ ജഡ്ജി കടുത്ത ഭഷയിൽ വിമർശിച്ചുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആന്ത്രോപിക്കിന്റെ ക്ലോഡ് എഐ ടൂൾ സൈന്യം ഉപയോഗിക്കുന്നത് തടയുന്ന നടപടിയല്ല ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. കമ്പനിയെ ദുർബലപ്പെടുത്താനുള്ള നടപടികൾ പോലെയാണ് നീക്കങ്ങളുണ്ടായതെന്നും കേസിന്റെ വിചാരണയ്ക്കിടെ ജഡ്ജി അഭിപ്രായപ്പെട്ടിരുന്നു. ക്ലോഡ് എഐ ടൂൾ സ്വയംഭരണാധികാരമുള്ള ആയുധങ്ങളുടെ വിന്യാസത്തിനും നിരീക്ഷണത്തിനും ഉപയോഗിക്കാൻ സുരക്ഷിതമല്ല എന്നാണ് കമ്പനി പറയുന്നതെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. ക്ലോഡ് ഉപയോഗിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ ഈ രണ്ട് ആവശ്യങ്ങൾക്കായി ഉപയോഗിക്കില്ലെന്ന് സർക്കാർ സമ്മതിക്കണം എന്നാണ് കമ്പനി പറയുന്നത്. എന്നാൽ, എഐ ടൂൾ എന്ത് ആവശ്യത്തിന് ഉപയോഗിക്കണമെന്ന് സൈനിക കമാൻഡർമാർക്ക് തീരുമാനിക്കാൻ കഴിയണം എന്നാണ് യു.എസ് പ്രതിരോധവകുപ്പ് വാദിക്കുന്നത്. അക്കാര്യത്തിൽ ഒരു സ്വകാര്യ കമ്പനി ഇടപെടേണ്ട എന്നാണ് അവരുടെ വാദം. ഇതൊരു കൗതുകകരമായ കേസാണെന്നും ജഡ്ജി അഭിപ്രായപ്പെട്ടു. മൂന്ന് കാര്യങ്ങളിലാണ് പ്രതിരോധ വകുപ്പിന്റെ നീക്കങ്ങളോട് വിയോജിപ്പുള്ളതെന്നും ജഡ്ജി വിശദീകരിച്ചു. ഒന്നാമത്തേത് പ്രതിരോധ വകുപ്പ് മാത്രമല്ല, എല്ലാ ഫെഡറൽ ഏജൻസികളും ആന്ത്രോപിക്കിനെ സർക്കാർ കരാറിൽ നിന്ന് എന്നെന്നേക്കുമായി വിലക്കുമെന്ന് ട്രംപ് പഖ്യാപിച്ചു. രണ്ടാമത്തേത് യുഎസ് സൈന്യവുമായി ഇടപാടുകൾ നടത്തുന്ന കരാറുകാർ ആന്ത്രോപിക്കുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന പ്രതിരോധസെക്രട്ടറി ഹെഗ്സെത്തിന്റെ പ്രഖ്യാപനമാണ്. മൂന്നാമതായി പ്രതിരോധ വകുപ്പ് ആന്ത്രോപിക്കിനെ 'വിതരണ ശൃംഖലയിലെ ഭീഷണി' എന്ന് മുദ്രകുത്തി. സാധാരണയായി വിദേശ രഹസ്യാന്വേഷണ ഏജൻസികൾ, ഭീകരവാദികൾ അല്ലെങ്കിൽ മറ്റ് ശത്രുതാപരമായ നീക്കങ്ങൾ നടത്തുന്നവർ എന്നിവർക്കെതിരെയാണ് ഈ നടപടി സ്വീകരിക്കാറുള്ളതെന്നും ജഡ്ജി വിലയിരുത്തി. ഈ മൂന്ന് നടപടികളും ദേശീയ സുരക്ഷാ ആശങ്കകളുമായി ഒത്തുപോകുന്നില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. വിധി വന്നതിന് പിന്നാലെ കോടതിയുടെ വേഗമേറിയ നടപടികൾക്ക് നന്ദി പറഞ്ഞ് ആന്ത്രോപിക് രംഗത്തെത്തിയിട്ടുണ്ട്. കമ്പനിയുടെയും ഉപയോക്താക്കളുടെയും താത്പര്യം സംരക്ഷിക്കാൻ നിയമ നടപടി ആവശ്യമായിരുന്നു. സുരക്ഷിതവും വിശ്വസനീയവുമായ എഐ ടൂളുകൾ അമേരിക്കക്കാർക്ക് ലഭിക്കുമെന്ന് ഉറപ്പാക്കാൻ സർക്കാരുമായി തുടർന്നും സഹകരിച്ച് പ്രവർത്തിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. Content Highlights: Judge Rita Lin granted a preliminary injunction blocking the Pentagon from labeling Anthropic a supply chain risk., The court suggested the government's actions appeared to be an attempt to 'cripple' the company rather than a legitimate security measure., The case highlights a critical debate over AI safety, government contracting, and First Amendment rights., Anthropic maintains its commitment to safe and reliable AI while continuing to challenge overreaching government restrictions. Published: 27 Mar 2026, 04:13 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നിയമയുദ്ധത്തിൽ ആന്ത്രോപിക്കിന് ജയം; പെന്റഗണിന്റെ നീക്കം കോടതി താത്കാലികമായി തടഞ്ഞു
M
MathrubhumiSource Link
about 1 month ago