തമിഴ്‌നാട്ടിൽ 234 മണ്ഡലം. 4,023 സ്ഥാനാർഥികൾ. 85.10 ശതമാനം പേർ വോട്ടു ചെയ്തു To advertise here, പുതുച്ചേരിയിൽ 30 മണ്ഡലം. 294 സ്ഥാനാർഥികൾ. 91.23 ശതമാനം പേർ വോട്ടു ചെയ്തു ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ തിങ്കളാഴ്ച തമിഴ്‌നാട് കനത്ത സുരക്ഷാവലയത്തിലാകും. അനിഷ്ടസംഭവങ്ങൾ ചെറുക്കുന്നതിനായി ത്രിതല സുരക്ഷാ സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുളളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അർച്ചന പട്‌നായിക് അറിയിച്ചു. സംസ്ഥാനത്തുടനീളം ഒരു ലക്ഷം പോലീസുകാർ സുരക്ഷാ ചുമതലകളിലുണ്ടാവും. പ്രധാനസ്ഥലങ്ങളിൽ അർധസൈനികരെയും വിന്യസിച്ചിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽമാത്രം 18,000 പോലീസുകാരുണ്ടാവും. ഫലം പ്രഖ്യാപിക്കുമ്പോൾ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് പുറത്തും സംസ്ഥാനത്തെ മറ്റിടങ്ങളിലും പ്രശ്നബാധിതപ്രദേശങ്ങളിലും അനിഷ്ടസംഭവങ്ങൾ ചെറുക്കാൻ പോലീസ് ശക്തമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മൊത്തം 62 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ഇവയ്ക്ക് 100 മീറ്റർ ചുറ്റളവിൽ പ്രവേശനത്തിന് കടുത്തനിയന്ത്രണമുണ്ടാവും. പ്രവേശനകവാടങ്ങളിലെ മധ്യഭാഗം സംസ്ഥാന സായുധ പോലീസ് സേനയും വോട്ടെണ്ണൽ ഹാളുകളും സ്‌ട്രോങ് റൂമുകൾക്കു സമീപവും കേന്ദ്ര സായുധസേനയും സുരക്ഷിതമാക്കും. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുള്ളവർക്കുമാത്രമേ വോട്ടെണ്ണൽ ഹാളുകളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. രാവിലെ എട്ടുമണിക്ക് പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങും. തുടർന്നായിരിക്കും വോട്ടിങ് യന്ത്രങ്ങളിലേക്കെത്തുക. ഓരോ കേന്ദ്രത്തിലും റൗണ്ട് തിരിച്ചുള്ള ഫലങ്ങൾ പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലും ആപ്പിലും ഫലങ്ങൾ അപ്പപ്പോൾ പുതുക്കും. റിട്ടേണിങ് ഓഫീസർമാരും, അസി. റിട്ടേണിങ് ഓഫീസർമാരും വോട്ടെണ്ണൽ പ്രക്രിയകൾക്കു നേതൃത്വംനൽകും. കൂടാതെ സുതാര്യത ഉറപ്പാക്കാൻ 10,545 കൗണ്ടിങ് ജിവനക്കാരും 4,624 സൂക്ഷ്മ നിരീക്ഷകരും ഉണ്ടായിരിക്കും. ഓരോ മണ്ഡലത്തിനും ഒരാൾവീതമായി 234 കൗണ്ടിങ് നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്. മാറി മാറി അധികാരം കൈയാളിപ്പോന്ന ഡി.എം.കെ.യും അണ്ണാ ഡി.എം.കെ.യും അതിനെതിരേ ശക്തമായി രംഗത്തെത്തിയ നടൻ വിജയ്‌യുടെ ടി.വി.കെ.യുമാണ് ഇത്തവണ കടുത്തമത്സരം നടത്തുന്നത്. ഡി.എം.കെ. സഖ്യത്തിൽ കോൺഗ്രസും സി.പി.എമ്മും സി.പി.ഐ.യും മുസ്‌ലിംലീഗും വി.സി.കെ.യും എം.ഡി.എം.കെ.യും ഏതാനും ചെറു കക്ഷികളുമാണ് ഉള്ളത്. പ്രേമലതാ വിജയകാന്തിന്റെ ഡി.എം.ഡി.കെ.യും കമൽ ഹാസന്റെ മക്കൾ നീതി മയ്യവും മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവവും കൂടി ഇത്തവണ സഖ്യത്തിനു ബലമാണ്. അണ്ണാ ഡി.എം.കെ.യെ മുന്നിൽനിർത്തി ബി.ജെ.പി. നിയന്ത്രിക്കുന്ന പ്രതിപക്ഷ മുന്നണിയിൽ അൻപുമണി രാംദാസിന്റെ പി.എം.കെ.യും ജി.കെ. വാസന്റെ തമിഴ് മാനില കോൺഗ്രസും ടി.ടി.വി. ദിനകരന്റെ എ.എം.എം.കെ.യുമാണുള്ളത്. ആരുമായും സഖ്യമുണ്ടാക്കാതെ 233 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തിയാണ് ടി.വി.കെ. രംഗത്തെത്തുന്നത്. സ്വന്തം സ്ഥാനാർഥിയെ നിർത്താനാവാത്തതിനാൽ ഒരിടത്ത് സ്വതന്ത്രനെ പിന്തുണയ്ക്കുന്നുണ്ട്. സീമാന്റെ നാം തമിഴർ കക്ഷിയും തനിച്ചു മത്സരിക്കുന്നുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം: സുരക്ഷാവലയത്തിൽ തമിഴ്‌നാട്
M
MathrubhumiSource Link
about 4 hours ago
