നിരീക്ഷണ ക്യാമറകൾ പ്രവർത്തനരഹിതം

നിരീക്ഷണ ക്യാമറകൾ പ്രവർത്തനരഹിതം

പ്രവർത്തിച്ചത് ആറുമാസം മാത്രം To advertise here, മാവേലിക്കര : കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരെയും നിയമലംഘകരെയും കണ്ടെത്താനും കേസന്വേഷണത്തിന്റെ ഭാഗമായി തെളിവുകൾ ശേഖരിക്കാനും പോലീസിന് ഏറെ സഹായകരമായിരുന്ന നിരീക്ഷണ ക്യാമറകൾ പ്രവർത്തനരഹിതമായിട്ട് മൂന്നുവർഷം പിന്നിട്ടു. നഗരകേന്ദ്രമായ മിച്ചൽ ജങ്ഷനിൽ മാത്രം ഇത്തരം മൂന്നു ക്യാമറകളാണുള്ളത്. നഗരത്തിലെ മിക്ക കടകളും സ്വന്തം ചെലവിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും റോഡിലേക്ക് ക്യാമറ വെക്കാറില്ല. റോഡിലേക്ക് ക്യാമറ വെച്ചിട്ടുള്ളവരിൽ പലരും പോലീസ് തെളിവുശേഖരണത്തിനായി ദൃശ്യം തേടിയെത്തുമ്പോൾ ക്യാമറ കേടാണെന്നും മെമ്മറി ഇല്ലെന്നുംപറഞ്ഞ് ഒഴിവാക്കുന്നതായും പരാതിയുണ്ട്. കഴിഞ്ഞദിവസം മാവേലിക്കര മിച്ചൽ ജങ്ഷനിൽ നടന്ന അപകടത്തിന്റെ നിജസ്ഥിതി പരിശോധിക്കുന്ന കാര്യത്തിലാണ് പോലീസ് ഏറ്റവുമൊടുവിൽ ഇരുട്ടിൽത്തപ്പുന്നത്. ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ച അപകടം നടന്നത് പുലർച്ചെ രണ്ടിനായിരുന്നതിനാൽ ദൃക്‌സാക്ഷികളില്ല. കിഴക്കുനിന്നു വന്ന ലോറി മിച്ചൽ ജങ്ഷന്റെ പാതി പിന്നിടുമ്പോൾ തെക്കുനിന്ന് എത്തിയ സ്കൂട്ടർ ലോറിയുടെ വശത്ത് ഇടിക്കുകയായിരുന്നെന്നാണ് ലോറി ഡ്രൈവറുടെ മൊഴി. ഇതു സത്യമാണോയെന്നു പരിശോധിക്കാൻ പോലീസ് നിരീക്ഷണ ക്യാമറകൾ തേടിയിറങ്ങിയെങ്കിലും ഒരിടത്തുനിന്നും ദൃശ്യം ലഭിച്ചില്ല. നേരത്തേയും പല കേസുകളുടെയും അന്വേഷണത്തിനായി പോലീസ് ക്യാമറ ദൃശ്യം പിന്തുടർന്നെങ്കിലും മിച്ചൽ ജങ്ഷനിലെത്തിയശേഷം വാഹനം എങ്ങോട്ടാണു പോയതെന്നറിയാതെ അന്വേഷണം വഴിമുട്ടിയ സംഭവങ്ങളുമുണ്ട്. മുൻ എം.എൽ.എ. ആർ. രാജേഷിന്റെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള 35 ലക്ഷം രൂപ വിനിയോഗിച്ച് മാവേലിക്കര നഗരസഭയിലെ 11 കേന്ദ്രങ്ങളിലായി 17 ക്യാമറകളും തഴക്കര പഞ്ചായത്തിലെ അഞ്ചു കേന്ദ്രങ്ങളിലായി ആറു ക്യാമറകളുമാണ് സ്ഥാപിച്ചത്. നഗരസഭയിൽ മിച്ചൽ ജങ്ഷൻ, പുതിയകാവ്, പ്രായിക്കര പാലം, മുനിസിപ്പൽ ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി. ജങ്ഷൻ, ബുദ്ധാ ജങ്ഷൻ, കോടതി ജങ്ഷൻ, റെയിൽവേ ജങ്ഷൻ, പുളിമൂട് പാലം, തട്ടാരമ്പലം, കരയംവട്ടം എന്നിവിടങ്ങളിലും തഴക്കര പഞ്ചായത്തിൽ പൈനുംമൂട്, കുന്നം ചാക്കോപ്പാടം, കൊല്ലകടവ് പാലം, കൊച്ചാലുംമൂട്, മാങ്കാംകുഴി എന്നിവിടങ്ങളിലുമാണ് ക്യാമറകൾ വെച്ചത്. ക്യാമറകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള വൈദ്യുതി ലഭ്യമാക്കാൻ മാവേലിക്കര നഗരസഭ 79,346 രൂപയും തഴക്കര പഞ്ചായത്ത് 60,000 രൂപയും കെ.എസ്.ഇ.ബി.യിൽ അടച്ചിരുന്നു. 2022 ഓഗസ്റ്റ് രണ്ടിനായിരുന്നു ക്യാമറകളുടെ ഔദ്യോഗിക ഉദ്ഘാടനം. മാവേലിക്കര പോലീസ് സ്റ്റേഷനിലായിരുന്നു ക്യാമറ സംവിധാനത്തിന്റെ നിയന്ത്രണമുറി. ക്യാമറകളുടെ പ്രതിമാസ വൈദ്യുതിബിൽ അടയ്ക്കുന്നതിനു പകരമായി പോലീസ് സ്റ്റേഷനിൽ ക്യാമറ ദൃശ്യങ്ങൾ ലഭിക്കുന്നതുപോലെ നഗരസഭാ സെക്രട്ടറിക്കും ദൃശ്യങ്ങൾ ലഭ്യമാക്കുമെന്നു വാക്കാൽ ഉറപ്പുനൽകിയിരുന്നു. ഈ ഉപാധിയോടെയാണ് വൈദ്യുതിബിൽ അടയ്ക്കുന്നതിന്‌ നഗരസഭാ കൗൺസിൽ അംഗീകാരം നൽകിയത്. എന്നാൽ, ക്യാമറ പ്രവർത്തനമാരംഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നഗരസഭയ്ക്കു നിരീക്ഷണസംവിധാനം ഏർപ്പെടുത്തി നൽകിയില്ല. ഇതുസംബന്ധിച്ച് പോലീസ് സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ തങ്ങൾക്ക് അതേക്കുറിച്ച് അറിയില്ലെന്നാണു ലഭിച്ച മറുപടി. അതുവരെയുള്ള വൈദ്യുതി ബിൽ കുടിശ്ശിക അടച്ച നഗരസഭ ക്യാമറകളുടെ വൈദ്യുതി കണക്‌ഷൻ വിച്ഛേദിക്കാൻ വൈദ്യുതി ബോർഡിനു കത്തുനൽകി. വൈദ്യുതി വിച്ഛേദിച്ചതോടെ ക്യാമറകളുടെ പ്രവർത്തനവും നിലച്ചു. ആറുമാസം ക്യാമറ പ്രവർത്തിച്ച കാലയളവിൽ ഒട്ടേറെ മോഷണക്കേസുകളിലെ പ്രതികളെയും അപകടമുണ്ടാക്കിയശേഷം നിർത്താതെപോയ വാഹനങ്ങളെയും പിടികൂടാൻ പോലീസിനു കഴിഞ്ഞിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിരീക്ഷണ ക്യാമറകൾ പ്രവർത്തനരഹിതം — Mathrubhumi | Boolokam | Boolokam