നിലപാടിൽ സ്ഥിരത വേണം

നിലപാടിൽ സ്ഥിരത വേണം

M
MathrubhumiSource Link
കൂത്താട്ടുകുളം : പൊതുപ്രവർത്തനവും കായികരംഗത്തോടുള്ള അടുപ്പവും ചേർത്തുവെച്ച ജനകീയതയുടെ മുഖമാണ് നാട്ടുകാർ സ്നേഹത്തോടെ ചാക്കോച്ചേട്ടനെന്ന് വിളിക്കുന്ന എം.ജെ. ജേക്കബിന്. എഫ്.എ.സി.ടി.യിലെ ഉയർന്ന ജോലിക്കാരൻ എന്ന നിലയിൽനിന്ന് പൊതുപ്രവർത്തകനിലേക്കും മികച്ച പഞ്ചായത്ത് പ്രസിഡന്റിലേക്കും എം.എൽ.എ. പദവിയിലേക്കും എത്തിയ എം.ജെ. ഇടതുപക്ഷ നിലപാടിൽ എന്നും ഉറച്ചുനിൽക്കുന്നയാളാണ്. To advertise here, തിരുമാറാടി ഗ്രാമപ്പഞ്ചായത്തിന്റെ പ്രസിഡന്റായി ചുമതലയേറ്റ അദ്ദേഹം, രണ്ടുതവണ തിരുമാറാടിയെ സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് പുരസ്കാരത്തിന് അർഹമാക്കി. കാക്കൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായപ്പോൾ ബാങ്കിനും സംസ്ഥാനതല പുരസ്കാരം ലഭിച്ചു. കാക്കൂർ ഖാദി വ്യവസായ സഹകരണ സംഘത്തിന് പുരസ്കാരം ലഭിച്ചതും എം.ജെ. ഖാദിസംഘം ചെയർമാനായിരിക്കുമ്പോഴാണ്. 2006-ൽ പിറവത്തിന്റെ എം.എൽ.എ. ആയി. 2011-ലും 2012-ലും 2016-ലും പിറവത്ത് മത്സരിച്ചെങ്കിലും വിജയിച്ചില്ല. മത്സരരംഗത്തില്ലെങ്കിലും 85-ാം വയസ്സിലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സക്രിയമായ എം.ജെ. ജേക്കബ് ‘മാതൃഭൂമി’ ലേഖകരായ കെ.കെ. വിശ്വനാഥൻ രാമമംഗലം, എൻ.സി. വിജയകുമാർ കൂത്താട്ടുകുളം എന്നിവരുമായി സംസാരിക്കുന്നു. സീറ്റ് കിട്ടാത്തതിൽ അസംതൃപ്തരായവരുടെ കാലമാണ്. ഒരിക്കൽ ജയിച്ച സീറ്റിൽ ഇക്കുറി പരിഗണിക്കാത്തതിൽ അസംതൃപ്തിയുണ്ടോ ? :എനിക്ക് അതിരുകവിഞ്ഞ മോഹങ്ങൾ പണ്ടുമില്ല, ഇന്നുമില്ല. 2006-ൽ പാർട്ടി പറഞ്ഞു മത്സരിക്കണമെന്ന്, മത്സരിച്ചു. 150 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണങ്കിലും ജയിച്ചു. പിന്നീട് 2011-ലും 2012-ലും 2016-ലും പാർട്ടി പറഞ്ഞതനുസരിച്ചു. മത്സരിച്ചേ തീരൂ എന്ന മോഹം അന്നുമില്ലായിരുന്നു. എതിരാളിയോടുപോലും എതിർപ്പില്ല. പ്രാദേശിക രാഷ്ട്രീയത്തിൽ എം.ജെ.യുടെ ജനകീയത, എല്ലാവർക്കും സ്വീകാര്യൻ എന്ന പറച്ചിലുണ്ടല്ലോ? : ആരോടും ഭേദമില്ല. എല്ലാവരോടും ചിരിച്ച് വർത്തമാനംപറയും. രാഷ്ടീയമത്സരമായാലും സ്പോർട്സ്‌മാൻ സ്പിരിറ്റോടെ മാത്രമേ കണ്ടിട്ടുള്ളു. ആരെ കണ്ടാലും കൈകൊടുക്കും. ഇഷ്ടത്തോടെ അവരോടൊപ്പം ചേരും, അവർ എന്നോടൊപ്പവും. രാഷ്ട്രീയത്തിലെ ഭിന്നതകൾ വികസനത്തിന് തടസ്സമുണ്ടാക്കുമോ? : രാഷ്ട്രീയം ഒന്നിനും തടസ്സമല്ല. വിരുദ്ധചേരികളിൽ നിൽക്കുമ്പോഴും നാടിന്റെ നന്മയ്ക്കുവേണ്ടി ടി.എം. ജേക്കബുമായി സഹകരിച്ച് റൂറൽ എജുക്കേഷണൽ സൊസൈറ്റിക്ക് കീഴിൽ മണിമലക്കുന്നിൽ സർക്കാർ കോളേജിനുവേണ്ടി മുന്നിട്ടിറങ്ങി. നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് നാടിന്റെ വികസനത്തിനായി ഒന്നിച്ചു പ്രവർത്തിക്കണം. നാടിന്റെ വികസനത്തിൽ രാഷ്ട്രീയമില്ല. തിരഞ്ഞെടുപ്പ് കേസിനായി നടത്തിയ ഡൽഹി യാത്രപോലും വികസനത്തിലേക്കെത്തിച്ചയാൾ എന്നുപറയാൻ കാരണം? :2006-ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിന്റെ കാര്യങ്ങൾക്കായി ഡൽഹിയിൽ നിയമവിദഗ്‌ധരെ കാണുന്നതിനായി പോകേണ്ടിവന്നു. യാത്രയ്ക്കിടയിൽ സൗഹൃദങ്ങൾക്ക് സമയം കണ്ടെത്തും. കേന്ദ്ര റോഡ് ഫണ്ട് ലഭിക്കുന്നതിന്റെ വഴികൾ എങ്ങനെയെന്ന് ഒപ്പം യാത്രചെയ്തിരുന്ന ചീഫ് എൻജിനിയറിൽ നിന്നാണ് മനസ്സിലാക്കിയത്. കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് 10 കോടി ലഭ്യമാക്കി. മുളന്തുരുത്തി മുതൽ ഒലിയപ്പുറം വരെ റോഡ് ഉന്നതനിലവാരത്തിൽ നിർമിച്ചു. എന്നാൽ 2011-ലെ തിരഞ്ഞെടുപ്പിൽ ഇതേ റോഡ് കൂത്താട്ടുകുളം വരെ നീട്ടിനിർമിച്ചില്ല എന്ന പഴികേൾക്കേണ്ടിവന്നു. കാളവയലിലും തിരഞ്ഞെടുപ്പുരംഗത്തും മത്സരക്കമ്പക്കാരനായിരുന്നല്ലോ, രണ്ടിലെയും ആവേശത്തെ എങ്ങനെ കാണുന്നു ? :കാക്കൂർ കാളവയൽ മത്സരങ്ങളെ ജനകീയമാക്കിയത് കർഷകരുടെ ആവേശം വർധിപ്പിച്ച തീരുമാനമായിരുന്നു. കാളക്കമ്പം മൂത്ത് ഇടതുകാലിന് ഗുരുതരമായ പരിക്കേറ്റിട്ടുമുണ്ട്. എങ്കിലും ആവേശത്തിന് ഒരു കുറവുമുണ്ടായില്ല. 2006 മുതൽ നിയമസഭാ തിരഞ്ഞെടുപ്പിലെത്തിയപ്പോഴും നാലുതവണയും മത്സരക്കളത്തിൽ ആവേശം പകരാനായി. മത്സരങ്ങളിൽ തലമുറകളുടേതായ വ്യത്യാസമുണ്ടാകും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ രസകരമായ ഒരനുഭവം ? :2006-ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് മുളന്തുരുത്തിയിൽനിന്ന്‌ അടുത്തസ്ഥലത്തേക്ക് പോകുകയായിരുന്നു. റോഡിന് താഴെ പാടത്ത് കുട്ടികൾ കളിക്കുകയാണ്. കുട്ടികളെ കണ്ട് കാറിൽനിന്നിറങ്ങി. പാടത്തെ കളിസ്ഥലത്തേക്കെത്താൻ റാംപ് വഴി പോകണം. എന്നാൽ അതിന് ശ്രമിക്കാതെ ഒറ്റക്കുതിപ്പിന് പാടത്തേക്ക്‌ ചാടുകയായിരുന്നു. ആഴം ഏറെയുണ്ടെന്ന് ചിന്തിക്കാതെയായിരുന്നു ചാട്ടം. മനസ്സിന്റെ ഉറപ്പിൽ ചാടിയ ചാട്ടം ഒരപകടവും വരുത്തിയില്ല. കുട്ടികളും ഒപ്പമുള്ളവരും ഓടിയെത്തി. അവർ പേടിച്ചുപോയെന്ന് പറഞ്ഞാൽമതിയല്ലോ...

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിലപാടിൽ സ്ഥിരത വേണം — Mathrubhumi | Boolokam | Boolokam