നിർണായക വോട്ട് ബാങ്ക്; കൂച്ച്ബിഹാറിലെ രാജ്ബംശി നേതാക്കളുടെ കിടമത്സരം തുണയ്ക്കുക BJP-യെയോ ടിഎംസിയേയോ?

നിർണായക വോട്ട് ബാങ്ക്; കൂച്ച്ബിഹാറിലെ രാജ്ബംശി നേതാക്കളുടെ കിടമത്സരം തുണയ്ക്കുക BJP-യെയോ ടിഎംസിയേയോ?

കൂച്ച്ബിഹാറിലെ ദിന്‍ഹട്ടയില്‍നിന്ന് സി.പി. ശ്രീഹര്‍ഷന്‍ Last Updated: 29 Apr 2026, 02:47 pm IST ടിഎംസിയുടെയും ബിജെപിയുടെയും കൊടികൾ വടക്കൻ ബംഗാളിലും ലോവർ അസമിലും പൂർണിയ അടക്കമുള്ള ബിഹാറിന്റെ കിഴക്കൻപ്രദേശങ്ങളിലും നേപ്പാളിലും ഭൂട്ടാനിലും ബംഗ്ലാദേശിലുമെല്ലാമായി പരന്നുകിടക്കുന്ന തദ്ദേശീയ പ്രാക്തന ജനവിഭാഗമാണ് രാജ്ബംശികൾ. വടക്കൻ ബംഗാളിലെ കൂച്ച്ബിഹാർ ജില്ലയിൽ രാഷ്ട്രീയഗതിവിഗതികളെ നിർണയിക്കുന്നത് ഈ സമുദായം. കൂച്ച്ബിഹാർ ഒരുകാലത്ത് ഭരിച്ചിരുന്നവരാണ് രാജ്ബംശികൾ. ഡാർജിലിങ്, ആലിപുർദ്വാർ, സിലിഗുരി പ്രവിശ്യകളെയാകെ ചേർത്ത് ഗ്രേറ്റർ കൂച്ച്ബിഹാർ സംസ്ഥാനത്തിനായി വാദിക്കുന്നവരാണിക്കൂട്ടർ. ഇതിനായി പ്രമുഖ രാജ്ബംശി നേതാക്കൾ നയിക്കുന്ന ഗ്രേറ്റർ കൂച്ച്ബിഹാർ പീപ്പിൾ അസോസിയേഷനുണ്ട്. 1989 മുതൽ നിലവിൽ വന്ന സംഘടന, 2005ൽ പ്രത്യേക സംസ്ഥാനാവശ്യമുയർത്തി നിരാഹാരസമരം നടത്തി. അത് പ്രക്ഷോഭത്തിലെത്തി. മൂന്ന് പൊലീസുകാരുൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. അസോസിയേഷൻ നേതാവായിരുന്ന ബാങ്ശി ബദൻ ബർമൻ ഇതേത്തുടർന്ന് അറസ്റ്റിലായി, ജയിലിലായി. To advertise here, 2006-ൽ പീപ്പിൾസ് അസോസിയേഷൻ പിളർന്നു. ബാങ്ശി അനുകൂലികൾ ഗ്രേറ്റർ കൂ്ച്ച്ബിഹാർ ഡമോക്രാറ്റിക് പാർട്ടിയുണ്ടാക്കി. ബാങ്ശി ബർമന്റെ ജയിൽമോചനത്തിനായി 2008ൽ നിരാഹാരസമരം നടത്തിയെങ്കിലും ഒത്തുതീർപ്പ് ചർച്ചയെ തുടർന്ന് പിൻവലിച്ചു. 2009-ലെ തിരഞ്ഞെടുപ്പിൽ ബാങ്ശി ബർമൻ ജയിലിൽ കിടന്ന് മത്സരിച്ചു. ജയിലിൽനിന്ന് പുറത്തിറങ്ങിയത് 2017-ലാണ്. പിന്നീട് പീപ്പിൾസ് അസോസിയേഷൻ എന്ന പേരിൽ തന്നെ സ്വന്തം സംഘടനയെ അദ്ദേഹം മുന്നോട്ട് നയിച്ചു. ഇപ്പോൾ ഗ്രേറ്റർ കൂച്ച് ബിഹാർ പീപ്പിൾസ് അസോസിയേഷൻ രണ്ട് ഗ്രൂപ്പുകളാണ്. ബാങ്ശി ബദൻ ബർമന്റെയും അനന്തോ മഹാരാജിന്റെയും നേതൃത്വത്തിൽ. തന്നെ ജയിലിലാക്കിയതിന് പിന്നിൽ അനന്തോയുടെ ഇടപെടലുണ്ടെന്ന് സംശയിക്കുന്ന ബാങ്ശി ഇതിന് ശേഷം ഇന്നേവരെ അനന്തോയുമായി മിണ്ടിയിട്ടില്ല. ഗ്രേറ്റർ കൂച്ച് ബിഹാറിനായി (ഗൂർഖലാൻഡിനെന്ന പോലെ) ചില ഉറപ്പുകൾ കിട്ടിയതിനാൽ ഇക്കുറി ബാങ്ശി ബർമൻ ബി.ജെ.പിയെ തുണയ്ക്കുന്നു. ജയിലിൽ നിന്നിറങ്ങിയ ശേഷം തൃണമൂലുമായി അടുത്ത ബർമൻ, രാജ്ബംശി ഭാഷാ ബോർഡിന്റെ അധ്യക്ഷസ്ഥാനം വഹിച്ചതാണ്. 2019-ൽ ബി.ജെ.പിക്കൊപ്പം പോയ അനന്തോ മഹാരാജാകട്ടെ ഇപ്പോൾ ബി.ജെ.പിയുടെ രാജ്യസഭാംഗം. അനന്തോ സമീപകാലത്തായി തൃണമൂലുമായും മുഖ്യമന്ത്രി മമതയുമായും അടുപ്പം പുലർത്തുന്നുവെന്ന് മനസ്സിലാക്കിയാണ് ബാങ്ശി ബർമൻ ബി.ജെ.പിക്കൊപ്പം പോയത്. പക്ഷേ, ബി.ജെ.പി ഇരുവരെയും പാർട്ടിവേദിയിൽ എത്തിച്ച് രാജ്ബംശികൾ പൂർണമായി ബി.ജെ.പിക്കൊപ്പമെന്ന് വരുത്തുന്നതിൽ വിജയിച്ചു. ബംഗാളിലെ പട്ടികജാതി വിഭാഗത്തിൽ 18-19 ശതമാനത്തോളം വരുന്ന രാജ്ബംശികൾ തിരഞ്ഞെടുപ്പിൽ നിർണായക വോട്ട് ബാങ്കാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി കൂച്ച്ബിഹാറിലെ ഒമ്പതിൽ ആറ് സീറ്റുകളും നേടിയതിന് പിന്നിൽ അനന്തോയുടെ ഇടപെടലുമുണ്ട്. മൂന്ന് സീറ്റുകളേ തൃണമൂലിന് കിട്ടിയുള്ളൂ. ഉപതിരഞ്ഞെടുപ്പിൽ ഒന്നുകൂടി തൃണമൂലിന് നഷ്ടമായി. ഗ്രേറ്റർ കൂച്ച്ബിഹാറിനായി പ്രത്യേക ഭരണഘടനാപദവി, ഭാഷാപദവി, സൈനികപദവി തുടങ്ങിയവയെല്ലാം കേന്ദ്രവും അമിത്ഷായും വാഗ്ദാനം ചെയ്തെന്ന് ബാങ്ശി ബദൻ ബർമൻ മാതൃഭൂമിയോട് വെളിപ്പെടുത്തി. അനന്തോ മഹാരാജിന്റെ വലംകൈയായ ഹരിഹർദാസ് കൂച്ച്ബിഹാറിലെ സിതാൽകുച്ചിയിൽ ഇത്തവണ തൃണമൂൽ സ്ഥാനാർഥിയാണെന്നത് പരസ്യമായ രഹസ്യം. ഇത് പ്രധാനമന്ത്രിയടക്കമുള്ള ബി.ജെ.പി നേതാക്കൾക്കറിയാമെന്ന് ബാങ്ശി ബർമൻ. ബാങ്ശിയുടെ രണ്ട് പ്രതിനിധികൾ സിതായ്, നടബാരി മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർഥികളാണ്. ഫലത്തിൽ ബി.ജെ.പി, തൃണമൂൽ മത്സരത്തിന് പിന്നിൽ കൂച്ച്ബിഹാറിൽ നടക്കുന്നത് അനന്തോ മഹാരാജ്, ബാങ്ശി ബദൻ ബർമൻ എന്നിവർ തമ്മിലുള്ള നിഴൽയുദ്ധം. ബാങ്ശി ബദൻ ബർമൻ പഴയൊരു എസ്.എഫ്.ഐക്കാരനായിരുന്നു എന്നതിലുമുണ്ട് കൗതുകം. ദിൻഹട്ട കോളേജിൽ പ്രവേശനത്തിന് അന്ന് എസ്.എഫ്.ഐയിൽ അംഗമാകണമായിരുന്നുവെന്നാണ് ബങ്ശി ഇതേക്കുറിച്ച് പറയുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയിലൊന്നും പക്ഷേ സജീവമായില്ല. പിന്നീട്, താൻ പ്രിൻസിപ്പലായ സ്‌കൂളിനെതിരെ സി.പി.എം സർക്കാർ നിലപാടെടുത്തു. സി.പി.എം ഭരണത്തിലിരിക്കെ ചെയ്ത പ്രവൃത്തി കാരണമാണത്രെ ഇന്നവർ ബംഗാളിൽ ഇല്ലാത്തത്. അന്ന് സി.പി.എം ചെയ്തത് ഇന്ന് തൃണമൂൽ ചെയ്യുന്നുവെന്നും ബാങ്ശി ബദൻ ബർമൻ പറഞ്ഞു. ദിൻഹട്ട ജരബാരിയിലെ വസതിയിൽ വച്ച് ബങ്ശി ബദൻ ബർമൻ മാതൃഭൂമിയോട് സംസാരിച്ചു: ഗ്രെയ്റ്റർ കൂച്ച്ബിഹാർ പീപ്പിൾസ് അസോസിയേഷൻ നേതാവ് ബാങ്ഷി ബദൻ ബർമൻ | ഫോട്ടോ: സാബു സ്കറിയാച്ചൻ. 'ഞാനിപ്പോഴും ഗ്രേറ്റർ കൂച്ച് ബിഹാർ പീപ്പിൾസ് അസോസിയേഷന്റെ നേതാവാണ്. ബി.ജെ.പിയിൽ ചേർന്നിട്ടൊന്നുമില്ല. ഇത്തവണ ബി.ജെ.പിയെ പിന്തുണയ്ക്കുന്നെന്ന് മാത്രം. എന്റെ സ്ഥാനാർഥികളാണ് ഇവിടെ സിതായ്, നടബാരി മണ്ഡലങ്ങളിൽ ബി.ജെ.പിക്കായി മത്സരിക്കുന്നത്. കൂച്ച്ബിഹാറിലെ 9 സീറ്റുകളും ഇത്തവണ ബി.ജെ.പി വിജയിക്കും. 2005-ലെ സംഘർഷത്തിന് ശേഷം അനന്തോ മഹാരാജുമായി ഞാനിന്നുവരെ മിണ്ടിയിട്ടില്ല. അദ്ദേഹം സ്വയം മഹാരാജ് എന്ന് വിളിക്കുന്നു. എവിടെ നിന്നാണ് മഹാരാജ് ആയതെന്ന് ആർക്കുമറിയില്ല. ഇത്തവണ ബി.ജെ.പി നേതൃത്വം അദ്ദേഹത്തോട് പറഞ്ഞു, ബങ്ശി ബദനോട് സംസാരിച്ച് കൂടെ നിർത്താൻ. അങ്ങനെയൊരാൾ ജീവിച്ചിരിപ്പേയില്ലെന്നാണ് അതിന് അദ്ദേഹം നൽകിയ മറുപടി. ഞാനെന്തിന് അപ്പോൾ ഇയാളോട് മിണ്ടണം. അദ്ദേഹത്തിന്റെ വലംകൈയായിരുന്ന ഹരിഹർദാസ് ആണ് ഇവിടെ സിതാൽകുച്ചിയിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി. ഇക്കാര്യം പ്രധാനമന്ത്രി മോദി അടക്കമുള്ള ബി.ജെ.പി നേതാക്കൾക്കെല്ലാമറിയാം. ഗ്രേറ്റർ കൂച്ച്ബിഹാർ സംസ്ഥാനത്തിനായാണ് നമ്മൾ നിലകൊള്ളുന്നത്. ഇതിൽ ഡാർജിലിങ് മേഖലയടക്കം വരും. ഞാൻ 2017-ൽ ജയിലിൽ നിന്നിറങ്ങിയപ്പോൾ മുഖ്യമന്ത്രി മമത പറഞ്ഞു, ഒപ്പം നിൽക്കണം, നിങ്ങളുടെ ആവശ്യങ്ങളെല്ലാം പരിശോധിക്കാമെന്ന്. അങ്ങനെ കൂടെ നിന്നാണ് രാജ്ബംശി ഭാഷാ ബോർഡ് അധ്യക്ഷസ്ഥാനമേറ്റത്. ഇത്തവണ നമ്മൾ ആവശ്യപ്പെടുന്ന സീറ്റുകൾ തരാനാവില്ലെന്ന് പറഞ്ഞു. ബി.ജെ.പി പക്ഷേ ആവശ്യങ്ങൾ കേട്ടു. രാജ്ബംശി ഭാഷയ്ക്ക് ഔദ്യോഗികപദവിയും മേഖലയ്ക്ക് പ്രത്യേക ഭരണഘടനാ സംവിധാനവും പഴയ രാജ്ബംശി രാജാക്കന്മാരുടെ കാലത്തെ നാരായൺ റെജിമെന്റിനായി പ്രത്യേക ബറ്റാലിയൻ അനുവദിക്കാമെന്നുമെല്ലാം കേന്ദ്രമന്ത്രി അമിത്ഷാ ഉറപ്പ് നൽകി. പ്രത്യേക സംസ്ഥാനാവശ്യം പരിശോധിക്കാമെന്നും പറഞ്ഞു. ഇതെല്ലാമാണ് അവർക്കൊപ്പം നിൽക്കാനുള്ള തീരുമാനത്തിന് കാരണം.'

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിർണായക വോട്ട് ബാങ്ക്; കൂച്ച്ബിഹാറിലെ രാജ്ബംശി നേതാക്കളുടെ… | Boolokam