പയ്യോളി : ആർ.ഇ. പാനൽ ഉപയോഗിച്ച് (എംബാങ്ക്മെൻറ്) മണ്ണിട്ട് ഉയർത്തി ആറുവരിപ്പാത നിർമാണം പൂർത്തിയാക്കിയ സ്ഥലങ്ങളിൽ ഇപ്പോൾ മണ്ണുപരിശോധന നടത്തിവരുന്നു. പരിശോധനയിൽ മണ്ണ് ദുർബലമാണന്ന് കണ്ടാൽ ആർ.ഇ. പാനലും മണ്ണുമെല്ലാം മാറ്റി തൂണിൽ ഉയരപ്പാത നിർമിക്കേണ്ടി വരും. To advertise here, അതിനാൽ അവസാന മണിക്കൂറിൽ നടത്തുന്ന ഈ മണ്ണ് പരിശോധനയും ഫലവുമെല്ലാം എല്ലാവരുടെയും കണ്ണിൽ പൊടിയിടാനുള്ള പ്രഹസനമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. സുരക്ഷിതമല്ലാത്ത റോഡും നാട്ടുകാരുടെ യാത്രാസൗകര്യവുമാണ് നേരത്തേ സൂക്ഷ്മമായരീതിയിൽ മണ്ണുപരിശോധന നടത്താത്തതിനാൽ ഇല്ലാതായത്. ആദ്യം കുറ്റമറ്റ രീതിയിൽ പരിശോധന നടന്നെങ്കിൽ പയ്യോളി ടൗണിലും പരിസരത്തും തൂണിലുള്ള ഉയരപ്പാത വരുമായിരുന്നു. കാരണം ടൗണിൽ അല്പംകുഴിച്ചാൽ തന്നെ പൂഴിയാണ് കാണാറ്. ആറുവരിപ്പാതയ്ക്ക് സമീപമുള്ള ബസ് സ്റ്റാൻഡ് നിർമിച്ച സ്ഥലവും പരിസരവുമെല്ലാം മുൻപ് വയൽ പ്രദേശമായിരുന്നു. മലപ്പുറം കൂരിയാടിയിലും കൊല്ലത്തും മണ്ണ് നിറച്ചുനിർമിച്ച റോഡ് തകർന്നതിന് ശേഷമാണ് ദേശീയപാത അതോറിറ്റി മണ്ണുപരിശോധന നടത്താൻ മറ്റൊരു ഏജൻസിയെ ചുമതലപ്പെടുത്തിയത്. അതിന്റെ ഭാഗമായാണ് റോഡ് നിർമാണംകഴിഞ്ഞസ്ഥലത്ത് ഇപ്പോൾ നടത്തുന്ന ഈ പരീക്ഷണം. മുൻപ് റോഡ് നിർമാണ കമ്പനിയുടെ കീഴിലായിരുന്നു മണ്ണുപരിശോധന നടത്തിയത്. പയ്യോളിയിൽ തൂണിലുള്ള ഉയരപ്പാത അകന്നുപോയെങ്കിൽ ഇപ്പോൾ നടത്തുന്ന മണ്ണ് പരിശോധന വടകരമേഖലയിൽ അനുഗ്രഹമായി. അവിടെ മണ്ണിട്ട് നിറച്ചുള്ള റോഡ് നിർമാണം കാര്യമായി നടന്നിരുന്നില്ല. അതിനാൽ പരിശോധന ഫലം നെഗറ്റീവായതിന്റെ അടിസ്ഥാനത്തിൽ തൂണിൽ ഉയരപ്പാത നിർമിക്കാനുള്ള സാധ്യത വർധിച്ചു. മണ്ണിട്ടുവന്ന സ്ഥലങ്ങളിൽ അവ നിർത്തിവെച്ചു. തൂൺ നിർമിക്കാൻ തത്വത്തിൽ അംഗീകാരമായാതായി പറയുന്നു. അതുമാത്രമല്ല കരിമ്പനപ്പാലം മുതൽ പുതിയ ബസ്സ് സ്റ്റാൻഡിന് സമീപം നാരായണനഗർ വരെയുള്ള സ്ഥലത്തെ മണ്ണ് അഞ്ചടി താഴ്ചയിൽ എടുത്തുമാറ്റി പുതിയ മണ്ണ് നിറയ്ക്കണമെന്നാണ് അധികൃതർ പറയുന്നത്. അല്ലെങ്കിൽ പൈലിങ് നടത്തേണ്ടി വരുമത്രേ. അത്രയ്ക്ക് ദുർബലമാണ് അവിടെ മണ്ണ്. വെങ്ങളം മുതൽ മൂരാട് പാലംവരെയുള്ള ആറുവരിപ്പാതയുടെ നിർമാണം ആദ്യം പൂർത്തിയാക്കാൻ അധികൃതർ തീരുമാനിച്ചതാണ് പയ്യോളിക്ക് വിനയായത്. ടൗണിന് തെക്ക് പോലീസ് സ്റ്റേഷന് മുന്നിലും വടക്ക് റെയിൽവേ സ്റ്റേഷന് മുന്നിലും മണ്ണുനിറച്ച ഉയരപ്പാത വന്നുകഴിഞ്ഞു. ഇത് ഏത് ഭാഗത്തേക്കും പെട്ടെന്ന് എത്താനുള്ള പോലീസിന്റെ ചുമതലയ്ക്ക് തടസ്സമാകുന്നുണ്ട്. പയ്യോളി റെയിൽവേ സ്റ്റേഷനിൽ തീവണ്ടി ഇറങ്ങി വരുന്നവർക്കാണ് മറ്റൊരു കഷ്ടപ്പാട്. വാഹനം രണ്ടരകിലോമീറ്റർ മുന്നോട്ട് സഞ്ചരിച്ച് അയനിക്കാട് എത്തി വേണം അടിപ്പാതയിലൂടെ മറുഭാഗത്ത് എത്താൻ. പി.ടി. ഉഷ രാജ്യസഭാംഗമായതാണ് പയ്യോളി പ്രദേശത്തെ പരിമിതമായ യാത്രാസൗകര്യം കുറച്ചെങ്കിലും വിപുലപ്പെടാൻ ഇടയായത്. ആറുവരിപ്പാതയുടെ പ്ലാനിൽ പേരാമ്പ്ര റോഡും ബീച്ച്റോഡും സന്ധിക്കുന്ന ജങ്ഷനിൽ 70 മീറ്ററിൽ മാത്രമായിരുന്നു ഉയരപ്പാത. എം.പി.യുടെ ഇടപെടലിൽ തെക്ക് ഭാഗത്ത് 60 മീറ്ററിൽകൂടി ഉയരപ്പാതവന്നു. അതുപോലെ അയനിക്കാട്, ഇരിങ്ങൽ, പെരുമാൾപുരം, പാലൂർ എന്നിവിടങ്ങളിലും അടിപ്പാത കൊണ്ടുവന്നു. ചിലയിടങ്ങളിൽ റോഡിന് മുകളിലൂടെയുള്ള നടപ്പാതയും വരുന്നുണ്ട്. ലിഫ്റ്റ് സൗകര്യമുണ്ടെന്നും പറയുന്നു. പയ്യോളി ടൗണിൽ നിർമിച്ച ഉയരപ്പാതയുടെ അരികിലെ ഭിത്തി നിർമാണവും സ്ലാബുകൾ തമ്മിലുള്ള വിടവ് അടയ്ക്കുന്ന പണിയും നടന്നുവരുന്നു. ദീർഘവീക്ഷണമില്ലാത്ത നിർമാണ പ്രവൃത്തിമൂലം ആറുവരിപ്പാത യാഥാർഥ്യമായാലും റോഡിനുവേണ്ടി സ്ഥലവും മറ്റും വിട്ടുകൊടുത്തവർ ദുരിതം അനുഭവിക്കേണ്ടിവരുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

നിർമാണത്തിനുശേഷം മണ്ണുപരിശോധന; ഫലമെന്താകുമെന്ന ആശങ്കയിൽ പയ്യോളി
M
MathrubhumiSource Link
23 days ago