നീണ്ടുപോകുന്ന പശ്ചിമേഷ്യൻ യുദ്ധം

നീണ്ടുപോകുന്ന പശ്ചിമേഷ്യൻ യുദ്ധം

M
MathrubhumiSource Link
Last Updated: 17 March 2026, 11:18 PM IST വികസ്വര-അവികസിതരാജ്യങ്ങൾക്കിടയിൽ സ്വാധീനമുള്ള ഇന്ത്യക്ക് നിഷ്പക്ഷമധ്യസ്ഥന്റെ പങ്കുനിർവഹിക്കാൻ കഴിയേണ്ടതായിരുന്നു യു.എസും ഇസ്രയേലും ഇറാനിൽ ആക്രമണം തുടങ്ങിയത് കഴിഞ്ഞമാസം 28-നാണ്. പെട്ടെന്നു തീർക്കാമെന്ന ആത്മവിശ്വാസത്തോടെ തുടങ്ങിവെച്ച യുദ്ധം പതിനെട്ടുദിവസം പിന്നിട്ടിരിക്കുന്നു. ഇറാന്റെ പ്രതിരോധമേധാവി അലി ലാറിജാനിയെ വധിച്ചതായി ഇസ്രയേൽ ഇന്നലെ അവകാശപ്പെട്ടു. ഇറാന്റെ സൈനികശേഷി ഒട്ടുവളരെ നശിപ്പിക്കാൻ യു.എസിനും ഇസ്രയേലിനും ഇതിനകം സാധിച്ചിട്ടുണ്ടെന്ന് ചില നിരീക്ഷകർ പറയുന്നു. എന്നാൽ, ഇസ്രയേലിനും ഗൾഫ് രാജ്യങ്ങൾക്കുംനേരേ ഇറാൻ പ്രത്യാക്രമണം തുടരുകയാണ്. ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ യു.എസ്. എംബസിക്കുനേരേ ഇന്നലെ ഇറാൻ ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണംനടത്തി. ഈ യുദ്ധം ആരംഭിച്ചശേഷം ഇതു രണ്ടാംതവണയാണ് ബാഗ്ദാദിലെ യു.എസ്. എംബസി ആക്രമണലക്ഷ്യമാകുന്നത്. യുദ്ധം നിർത്തുന്നതിനായി യു.എസുമായി സംസാരിക്കാൻ താത്പര്യമില്ലെന്നാണ് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി ഈയടുത്തദിവസവും പറഞ്ഞത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽനീക്കം ഇറാൻ തടഞ്ഞത് യു.എസിന് കനത്ത വെല്ലുവിളിയായിട്ടുണ്ട്. എണ്ണവിലയിലെ കുതിപ്പ് റഷ്യക്ക് നേട്ടമായപ്പോൾ, യു.എസിന് പ്രഹരമായി. ആഗോളവിലയിൽ ആശ്വാസംസൃഷ്ടിക്കുന്നതിന്, റഷ്യയിൽനിന്ന് എണ്ണവാങ്ങാൻ ഇന്ത്യപോലുള്ള രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കേണ്ട ഗതികേടിലായി യു.എസ്. ഭരണകൂടം. ഹോർമുസ് കടലിടുക്ക് ‘ബലം പ്രയോഗിച്ച്’ തുറക്കാൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണ അഭ്യർഥിച്ചെങ്കിലും അവരാരും അതിൽ താത്പര്യംകാണിക്കുന്നില്ല. ‘ഇത് ഞങ്ങളുടെ യുദ്ധമല്ല’ എന്നൊരു സമീപനത്തിലേക്ക് യൂറോപ്യൻ രാജ്യങ്ങൾ എത്തിയിരിക്കുന്നു. ഇറാനുനേരേയുള്ള സൈനികനടപടിയെ അനുകൂലിക്കാനാകില്ലെന്നുപറഞ്ഞ് യു.എസിലെ ഭീകരവിരുദ്ധവിഭാഗം മേധാവി ജോ കെന്റ് ഇന്നലെ രാജിവെച്ചു. കെന്റിനെ കഴിഞ്ഞ ജൂലായിലാണ് ഡൊണാൾഡ് ട്രംപ് ഈ പദവിയിൽ നിയമിച്ചത്. ‘ഇറാൻ നമ്മുടെ രാജ്യത്തിന് അടിയന്തരഭീഷണിയല്ല. ഇസ്രയേലിന്റെയും യു.എസിലെ ശക്തമായ ലോബിയുടെയും സമ്മർദഫലമായാണ് നാം ഈ യുദ്ധമാരംഭിച്ചത്” -ട്രംപിന് അയച്ച രാജിക്കത്തിൽ ജോ കെന്റ് എഴുതി. ലോകത്തിന്റെ എണ്ണതാത്പര്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാൽ പശ്ചിമേഷ്യയിലെ യുദ്ധം വലിയതോതിലുള്ള ആശങ്കയാണു സൃഷ്ടിക്കുന്നത്. സംഘർഷവിരാമത്തിനുള്ള സമവായംസൃഷ്ടിക്കാൻതക്ക ധാർമികപ്രഭാവമുള്ള രാഷ്ട്രങ്ങളോ നേതാക്കളോ ഇന്ന് ഇല്ലാതായിരിക്കുന്നു. ഇറാനോട് അനുതാപമുണ്ടെങ്കിലും റഷ്യക്കോ ചൈനയ്‌ക്കോ സാർഥകമായി ഇടപെടാനാകുന്നില്ല. തങ്ങളുടേതായ സാമ്രാജ്യത്വവാഞ്ഛകൾ താലോലിക്കുന്ന രാജ്യങ്ങളാണ് ഇവ രണ്ടും. വികസ്വര-അവികസിതരാജ്യങ്ങൾക്കിടയിൽ സ്വാധീനമുള്ള ഇന്ത്യക്ക് നിഷ്പക്ഷമധ്യസ്ഥന്റെ പങ്കുനിർവഹിക്കാൻ കഴിയേണ്ടതായിരുന്നു. എന്നാൽ, ഇന്നത്തെ ലോകസാഹചര്യത്തിൽ നമുക്ക് അത്രത്തോളം ഔന്നത്യം അവകാശപ്പെടാനാകില്ല. ചപലസ്വഭാവിയായ യു.എസ്. പ്രസിഡന്റുമായി നാം അത്ര രസത്തിലല്ല. ഇസ്രയേലിനോടുള്ള ചങ്ങാത്തത്തിൽ കാണിക്കുന്ന അത്യാവേശം നമ്മുടെ നിഷ്പക്ഷതയെ സംശയത്തിലാക്കുന്നു. ഇറാനിലെ യു.എസ്.-ഇസ്രയേൽ ആക്രമണത്തെ നാം ഇപ്പോഴും അപലപിച്ചിട്ടില്ല. അതേസമയം, ഇറാന്റെ പ്രത്യാക്രമണത്തെ അപലപിച്ചുകൊണ്ട് ഗൾഫ് രാജ്യങ്ങൾ കൊണ്ടുവന്ന യു.എൻ. പ്രമേയത്തെ നാം പിന്താങ്ങുകയുംചെയ്തു. ഇറാന്റെ പരമോന്നതനേതാവ് അയത്തുള്ള അലി ഖമീനിയുടെ വധത്തിൽ നാം അനുശോചനം രേഖപ്പെടുത്തിയതുപോലും ഏറെ പരിചിന്തനത്തിനുശേഷം, അഞ്ചുനാൾകഴിഞ്ഞാണ്. നാം കൈക്കൊള്ളുന്ന സമീപനങ്ങൾക്ക് രാജ്യതന്ത്രപരമായ കാരണങ്ങളുണ്ടായിരിക്കാം. പക്ഷേ, രാജ്യാന്തരരംഗത്ത് നമ്മുടെ വശ്യത വല്ലാതെ ചോർന്നുപോയിരിക്കുന്നു. To advertise here, Published: 17 Mar 2026, 11:18 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നീണ്ടുപോകുന്ന പശ്ചിമേഷ്യൻ യുദ്ധം — Mathrubhumi | Boolokam | Boolokam