നെട്ടോട്ടമോടി ജനം

നെട്ടോട്ടമോടി ജനം

മലിനജലപ്രശ്നം: പുതിയ ബസ്‌സ്റ്റാൻഡിലെ പൊതുശൗചാലയം അടച്ചു To advertise here, വടകര : ഓവുചാലിലേക്ക് കക്കൂസ് മാലിന്യം ഒഴുകിയെത്തിയതിനെത്തുടർന്ന് ടാങ്കിലെ മാലിന്യം നീക്കംചെയ്യാൻ പുതിയ ബസ്‌സ്റ്റാൻഡിലെ പൊതുശൗചാലയം അടച്ചു. ഇതോടെ ഒട്ടേറെപ്പേർ പ്രാഥമികാവശ്യങ്ങൾക്കായി പ്രയാസപ്പെടുന്ന സ്ഥിതിയായി. ബസ് ജീവനക്കാരും ബസ്‌സ്റ്റാൻഡിലെ കടകളിൽ ജോലിചെയ്യുന്നവരും യാത്രക്കാരും ഉൾപ്പെടെ പ്രധാനമായും ആശ്രയിച്ചിരുന്നത് ഈ ശൗചാലയമായിരുന്നു. പുതിയ ബസ്‌സ്റ്റാൻഡിന് എതിർവശത്തെ വഴിയോരവിശ്രമകേന്ദ്രത്തിൽ ശൗചാലയമുണ്ടെങ്കിലും ദേശീയപാത മുറിച്ചുകടന്നുവേണം ഇവിടെയെത്താൻ. പലയിടങ്ങളിലും ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതുകൊണ്ടുതന്നെ ബസ് ജീവനക്കാർ സമയക്രമം പാലിക്കാൻ നെട്ടോട്ടമോടുന്ന സ്ഥിതിയാണ്. ഇതിനിടയിൽ ശൗചാലയത്തിലേക്ക് പോകുന്നതിനായി സമയം കണ്ടെത്താനാവുന്നില്ല. വേനൽക്കാലമായതിനാൽ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽത്തവണ ശൗചാലയം ഉപയോഗിക്കേണ്ട സാഹചര്യമാണെന്നും എത്രയുംപെട്ടെന്ന് തുറക്കാനുള്ള നടപടി വേണമെന്നും ബസ് ജീവനക്കാർ ഉൾപ്പെടെ ആവശ്യപ്പെട്ടു. ശൗചാലയത്തിലെ ടാങ്ക് നിറഞ്ഞ് പുറത്തേക്കൊഴുകിയതോടെയാണ് ദേശീയപാതയുടെ പ്രവൃത്തി നടക്കുന്ന ഓവുചാലിലേക്ക് കക്കൂസ് മാലിന്യം ഉൾപ്പെടെ ഒഴുകിയെത്തിയത്. ഇത് പൊതുശൗചാലയത്തിൽനിന്നാണെന്ന് നഗരസഭ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നഗരസഭ, കരാറുകാർക്ക് ടാങ്കിലെ മാലിന്യം പൂർണമായും നീക്കാൻ നോട്ടീസ് നൽകിയിരുന്നു. വ്യാഴാഴ്ച വൈകീട്ടുമുതൽ ഇത് ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് അടച്ചിട്ടതായി ബോർഡ് വെക്കുകയും പൂട്ടുകയും ചെയ്തത്. മാലിന്യം നീക്കംചെയ്ത് നഗരസഭ പരിശോധന നടത്തിയ ശേഷം നാലോ അഞ്ചോ ദിവസത്തിനകം തുറക്കുമെന്നാണ് പ്രതീക്ഷ. ശൗചാലയടാങ്കിലെ മാലിന്യം പൂർണമായും നീക്കംചെയ്യാൻ പ്രവൃത്തി ആരംഭിച്ചു. വഴിയോരവിശ്രമ കേന്ദ്രത്തിൽ തിരക്കേറി വടകര പുതിയ ബസ്‌സ്റ്റാൻഡിന് എതിർവശത്തെ വഴിയോരവിശ്രമകേന്ദ്രത്തിലെ ശൗചാലയം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധന. പുതിയ ബസ്‌സ്റ്റാൻഡിലെ ശൗചാലയം അടച്ചതോടെ പലരും ഇൗ ശൗചാലയമാണ് ഉപയോഗിക്കുന്നത്. ബസ് ജീവനക്കാർ ഉൾപ്പെടെയുള്ളവർ വഴിയോരവിശ്രമകേന്ദ്രത്തിലേക്കാണ് പ്രാഥമികാവശ്യങ്ങൾക്കുവേണ്ടി പോകുന്നത്. പക്ഷേ, യാത്രക്കാരായ പലർക്കും ഇവിടെ ഇങ്ങനെയൊരു കേന്ദ്രമുള്ളത് അറിയാത്ത സ്ഥിതിയുണ്ട്. അഞ്ചുരൂപയാണ് നിലവിൽ ഇവിടെ ഈടാക്കുന്നത്. നിയമനടപടികളുമായി മുന്നോട്ടുപോകും കക്കൂസ് മാലിന്യം ഒഴുക്കിയവർക്കെതിരേ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകും. വിഷയത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. യുദ്ധകാലാടിസ്ഥാനത്തിൽ മാലിന്യം നീക്കംചെയ്യുന്നതിനും മറ്റു നടപടികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങളുടെ പ്രയാസംകൂടി മനസ്സിലാക്കി ശൗചാലയം എത്രയുംപെട്ടെന്ന് തുറന്നുകൊടുക്കാനുള്ള സൗകര്യവും ഒരുക്കും. -വി.കെ. വിനു, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ, വടകര നഗരസഭ ബസ് തൊഴിലാളികൾ ദുരിതത്തിൽ ശൗചാലയം പൂട്ടിയതു കാരണം വലിയ ദുരിതമാണ് ബസ് തൊഴിലാളികൾ അനുഭവിക്കുന്നത്. രാവിലെ ബസ് സ്റ്റാൻഡിലെത്തിയാൽ പഴയ സ്റ്റാൻഡിൽപ്പോയി അവിടത്തെ ശൗചാലയം ഉപയോഗിക്കേണ്ട സ്ഥിതിയാണ്. മറ്റു സമയങ്ങളിൽ മൂത്രമൊഴിക്കാൻ സമീപത്തെ പറമ്പിലോ കെട്ടിടങ്ങൾക്കു പിന്നിലോ പോകണം. കെ.എസ്.ആർ.ടി.സി. സ്ത്രീജീവനക്കാരടക്കം പ്രയാസത്തിലാണ്. -ജി.ബി. ശ്രീരാഗ്, ബസ് ഡ്രൈവർ

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നെട്ടോട്ടമോടി ജനം — Mathrubhumi | Boolokam | Boolokam