നെന്മാറയിൽ കരിവേലയും വല്ലങ്ങിയിൽ കണ്യാറും ഇന്ന്

നെന്മാറയിൽ കരിവേലയും വല്ലങ്ങിയിൽ കണ്യാറും ഇന്ന്

M
MathrubhumiSource Link
വേലയ്ക്കൊരുങ്ങി നെന്മാറയും വല്ലങ്ങിയും To advertise here, നെന്മാറ : ആഘോഷത്തിന്റെ ദിവസമടുത്തതോടെ നെന്മാറ-വല്ലങ്ങി വേലയുടെ ഭാഗമായി ഇരുദേശത്തും ചടങ്ങുകൾ സജീവമായി. കൂറയിട്ടതോടെ നെന്മാറ ദേശത്ത് ആരംഭിച്ച കുമ്മാട്ടി ചൊവ്വാഴ്ച വലിയ കുമ്മാട്ടിയായി സമാപിച്ചു. മനങ്ങോട്, കണീമംഗലം, വേട്ടയ്ക്കൊരുമകൻ, പുത്തൻതറ ഭാഗങ്ങളിൽനിന്ന് അരളിപ്പൂക്കളാൽ അലങ്കരിച്ച മുളംകമ്പുമായി ‘കുമ്മോ കുമ്മോ കുമ്മാട്ടി’ എന്ന ഈണവുമായി കുമ്മാട്ടി വന്ന് നെന്മാറ മന്ദത്ത് സംഗമിച്ചശേഷം വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലേക്ക് വലിയ കുമ്മാട്ടിയായി എഴുന്നള്ളിച്ച് കുമ്മാട്ടിക്കളി നടന്നു. നെന്മാറ ദേശത്ത് ബുധനാഴ്ച കരിവേല ആഘോഷിക്കും. വ്യാഴാഴ്ച വൈകീട്ട് 5.30-ന് നെല്ലിക്കുളങ്ങര ഭഗവതിക്ഷേത്രത്തിൽ കല്ലൂർ ഉണ്ണിക്കൃഷ്ണൻമാരാരുടെയും കല്ലൂർ ജയന്റെയും നേതൃത്വത്തിൽ പഞ്ചാരിമേളവും രാത്രി ആണ്ടിവേലയും നടക്കും. വല്ലങ്ങി ദേശത്ത് കൂറയിട്ടതോടെ വിവിധ ദേശങ്ങളുടെ നേതൃത്വത്തിൽ തുടങ്ങിയ കണ്യാർകളി ബുധനാഴ്ച സമാപിക്കും. നെന്മാറപ്പാടം, വടക്കേത്തറ, തളൂർ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് പ്രത്യേകമായി തയ്യാറാക്കിയ ഒൻപതുകാൽ പന്തലിൽ കണ്യാർകളി നടക്കുന്നത്. ബുധനാഴ്ച തളൂർദേശത്തിന്റെ കൂട്ടചക്കിലിയൻകളി നടക്കുന്നതോടെ കണ്യാർകളി സമാപിക്കും. ബുധനാഴ്ച ശിവക്ഷേത്രത്തിൽ പറയെടുപ്പും നടക്കും. വ്യാഴാഴ്ച വൈകീട്ട് ആറിന് വല്ലങ്ങിദേശത്തിന്റെ താലപ്പൊലി എഴുന്നള്ളത്ത് നടക്കും. ചമയപ്രദർശനവും സാംപിൾ വെടിക്കെട്ടും നാളെ നെന്മാറ-വല്ലങ്ങി വേലയുടെ ഭാഗമായി ഇരുദേശത്തിന്റെയും ചമയപ്രദർശനവും സാംപിൾ വെടിക്കെട്ടും വ്യാഴാഴ്ച നടക്കും. നെന്മാറ ദേശത്തിന്റെ ചമയപ്രദർശനം രാവിലെ 10 മണിമുതൽ മന്ദത്തും വല്ലങ്ങി ദേശത്തിന്റെ ചമയപ്രദർശനം രാവിലെ 10 മുതൽ വല്ലങ്ങി ശിവക്ഷേത്രം ട്രസ്റ്റ് ഹാളിലും നടക്കും. വൈകീട്ട് ഏഴിന് വല്ലങ്ങി ശിവക്ഷേത്രത്തിനുസമീപം വല്ലങ്ങി ദേശത്തിന്റെയും രാത്രി എട്ടിന് നെന്മാറ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിനുസമീപം നെന്മാറ ദേശത്തിന്റെയും സാംപിൾ വെടിക്കെട്ടും നടക്കും. പാർക്കിങ്‌ ക്രമീകരണമിങ്ങനെ എട്ടിടങ്ങളിലാണ് പാർക്കിങ് സൗകര്യമേർപ്പെടുത്തിയത്. കൊല്ലങ്കോട്ടുനിന്നുവരുന്ന വാഹനങ്ങൾ മുല്ലക്കൽഭാഗത്തും പല്ലാവൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കൂടല്ലൂർ പാലത്തിനുസമീപമുള്ള നെൽപ്പാടത്തും കവളപ്പാറ പാതയ്ക്ക് ഇരുവശത്തുമുള്ള നെൽപ്പാടത്തും നിർത്തിയിടണം. കുനിശ്ശേരി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കോരാമ്പറമ്പ്, വല്ലങ്ങി ശിവക്ഷേത്രത്തിനു സമീപമുള്ള പാടം എന്നിവിടങ്ങളിലും വടക്കഞ്ചേരി, ചിറ്റിലഞ്ചേരി ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ നെന്മാറ ഗംഗോത്രി സ്കൂൾ ഗ്രൗണ്ടിലും ജപമാല പള്ളിക്കും എൻ.എസ്.എസ്. കോളേജിനുസമീപവും നിർത്തിയിടണം. മേലാർകോട്ടുനിന്നുവരുന്ന വാഹനങ്ങൾ വലതല പാതയ്ക്കരികിലും മേലാർകോട് ഭാഗത്തുള്ള പാടത്തുമാണ് നിർത്തിയിടേണ്ടത്. അനധികൃതമായി നിർത്തിയിടുന്ന വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് നീക്കുമെന്നും അതിന്റെ ചെലവ് വാഹന ഉടമകളിൽനിന്ന് ഈടാക്കുമെന്നും പോലീസ് പറഞ്ഞു. ഗതാഗതനിയന്ത്രണം നാളെമുതൽ നെന്മാറ-വല്ലങ്ങി വേലയുടെ ഭാഗമായി വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഗതാഗതനിയന്ത്രണമേർപ്പെടുത്തി. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമുതൽ രാത്രി പത്തുവരെയും വെള്ളിയാഴ്ച രാവിലെ പത്തുമുതൽ ശനിയാഴ്ച രാവിലെ പത്തുവരെയും നെന്മാറ-വല്ലങ്ങി മേഖലയിൽ ഗതാഗതനിയന്ത്രണമേർപ്പെടുത്തി. തൃശ്ശൂരിൽനിന്ന് ഗോവിന്ദാപുരത്തേക്കുള്ള ചരക്കുവാഹനങ്ങൾ വടക്കഞ്ചേരിയിൽനിന്ന് ആലത്തൂർ-കുനിശ്ശേരി-കൊടുവായൂർ-പുതുനഗരം-വണ്ടിത്താവളം-കുരുവിക്കൂട്ടുമരം-മുതലമട വഴി ഗോവിന്ദാപുരത്തേക്കും തൃശ്ശൂരിലേക്കുവരുന്ന വാഹനങ്ങൾ തിരിച്ച്‌ ഇതുവഴിയും പോകണം. തൃശ്ശൂർ ഭാഗത്തുനിന്നുവരുന്ന ബസുകൾ അയിനംപാടം ഫോറസ്റ്റോഫീസിൽ ആളെയിറക്കി മേലാർകോട്, തൃപ്പാളൂർ വഴിയും ഗോവിന്ദാപുരത്തുനിന്ന് വരുന്ന വാഹനങ്ങൾ വിത്തനശ്ശേരി ബ്ലോക്ക് ഓഫീസ് സ്റ്റോപ്പിൽ ആളെയിറക്കി പല്ലാവൂർ, കുനിശ്ശേരി വഴിയും യാത്ര തുടരണം. നെല്ലിയാമ്പതി-പോത്തുണ്ടി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ അളുവശ്ശേരിയിലും അടിപ്പെരണ്ട, അയിലൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കണീമംഗലത്തുമെത്തി തിരിച്ചുപോകണം. കുനിശ്ശേരിയിൽനിന്നുള്ള വാഹനങ്ങൾ കിളിയല്ലൂർ കോരാംപറമ്പിൽനിന്ന്‌ തിരികെപ്പോകണം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നെന്മാറയിൽ കരിവേലയും വല്ലങ്ങിയിൽ കണ്യാറും ഇന്ന് — Mathrubhu… | Boolokam