പണി തീർത്ത് റോഡ് കൈമാറൂ To advertise here, കരിമണ്ണൂർ : പണി പൂർത്തിയാക്കി നെയ്യശ്ശേരി-തോക്കുമ്പൻ റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറാൻ വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. വീതികൂട്ടി ഉയർത്തി പണിയേണ്ട തൊമ്മൻകുത്ത് ചപ്പാത്തും നാല്പതേക്കർ ഭാഗത്തെ കലുങ്കുമാണ് ഇനി പണിയാനുള്ളത്. രണ്ടിടത്തും വാഹനങ്ങൾ കടന്നുപോകാൻ താത്കാലിക സംവിധാനം ഉണ്ടാക്കും. അതിനാൽ ടാറിങ് പൂർത്തിയായ റോഡിലൂടെ ബസ് സർവീസ് തുടങ്ങാൻ വൈകരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. റിബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ജർമൻ സഹായത്തോടെയാണ് നെയ്യശ്ശേരി-തോക്കുമ്പൻ സാഡിൽ റോഡ് പണിതത്. ഇനിയും അവശേഷിക്കുന്നത് വളരെക്കുറച്ച് പണികൾ മാത്രമാണ്. ഇത് പൂർത്തിയാക്കി റോഡ് പൊതുമരാമത്ത് വകുപ്പിന് എത്രയുംവേഗം കൈമാറണമെന്നാണ് ആവശ്യം. കരിമണ്ണൂരിൽനിന്ന് തുടങ്ങി വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയക്കുടി ഉന്നതിയിൽ അവസാനിക്കുന്നതാണ് നിർദിഷ്ട നെയ്യശ്ശേരി-തോക്കുമ്പൻ സാഡിൽ റോഡ്. 27.7 കിലോമീറ്റാണ് ദൂരം, റോഡ് ബി.എം.ബി.സി. നിലവാരത്തിൽ പണി പൂർത്തിയാക്കി. ആലപ്പുഴ-മധുര സംസ്ഥാനപാതയിൽ ചേരും തൊമ്മൻകുത്തിൽ നിന്നുള്ള റോഡ് ആലപ്പുഴ-മധുര സംസ്ഥാന പാതയുമായി മുണ്ടൻമുടിക്ക് മുകളിൽ അച്ചൻ കവലയിൽവന്ന് ചേരുമെന്നതാണ് റോഡിന്റെ പ്രാധാന്യം. ഇതോടെ ഹൈറേഞ്ചിലേയ്ക്കുള്ള ബസുകൾക്ക് വണ്ണപ്പുറം കൂടാതെ കൂടുതൽ ജനവാസമുള്ള പ്രദേശത്തുകൂടി സർവീസ് നടത്താൻ കഴിയുമെന്ന പ്രത്യേകതയുമുണ്ട്. തൊടുപുഴയിൽ നിന്ന് തുടങ്ങി കരിമണ്ണൂർ, നെയ്യശ്ശേരിക്കവല, മുളപ്പുറം, തൊമ്മൻകുത്ത്, മണിയൻസിറ്റി, നാരങ്ങാനം വഴി അച്ചൻകവലയിൽ എത്തും. ഇവിടെ നിന്നും കഞ്ഞിക്കുഴി, ചേലച്ചുവട്, അടിമാലി, രാജാക്കാട്, മൂന്നാർ, ഇടുക്കി, കട്ടപ്പന ഭാഗത്തേയ്ക്ക് പോകാനാകും. ബി.എം.ബി.സി. നിലവാരത്തിൽ പണിത റോഡായതിനാൽ യാത്രാസുഖവുമുണ്ടാകും. വണ്ണപ്പുറം വഴി പോകുന്നതിനെക്കാൾ കയറ്റവും വളവുകളും കുറവാണ്. കൂടാതെ മൂന്നു കിലോമീറ്റർ ദൂരവും കുറയും. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ഇതുവഴി സർവീസുകൾക്ക് തയാറാകണം. നിലവിൽ പണി നടക്കുന്ന റോഡിന്റെ ചിലയിടങ്ങളിൽ വഴി വിളക്കുകൾ സ്ഥാപിക്കാനും കുറച്ചിടങ്ങളിൽ റോഡിന്റെ അരികിൽ ഐറിഷ് ഓടകൾ പണിയാനുമുണ്ട്. പണികൾ എത്രയും വേഗം തീർത്ത് റോഡിന് ഫിറ്റ്‌നസ് കിട്ടാൻ നടപടി വേണമെന്നതാണ് പ്രധാന ആവശ്യം. കഴിഞ്ഞദിവസം ഉണ്ടായ അതിശക്തമായ വേനൽമഴയിൽ മണിയൻസിറ്റി മുതൽ നാരങ്ങാനം വരെ പണിതിരുന്ന റോഡിന്റെ അരിക് ഒലിച്ചുപോയി. അരികിൽ ഐറിഷ് ഓട പണിയാത്തതാണ് പ്രശ്നമായത്.

നെയ്യശ്ശേരി-തോക്കുമ്പൻ റോഡിൽ ബസ് സർവീസ് ഒന്ന് തുടങ്ങട്ടെ
M
MathrubhumiSource Link
about 1 month ago