മാൻഹോളിന്റെ സ്ലാബ് പൊട്ടിയിട്ടും നടപടിയില്ല To advertise here, നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ജനറൽ ആശുപത്രി ഒ.പി.യ്ക്കു മുന്നിലെ മാൻഹോളിന്റെ ഇരുമ്പ് സ്ലാബ് പൊട്ടിയിട്ടും കണ്ടില്ലെന്നുനടിച്ച് ആശുപത്രി അധികൃതർ. ഒ.പി.യിലെത്തുന്ന രോഗികൾ കാത്തുനിൽക്കുന്ന ഇടത്തെ സ്ലാബ് തകർന്ന മാൻഹോൾ അപകടക്കെണിയാകുകയാണ്. ആശുപത്രിയിലെ ഡ്രൈനേജ് സംവിധാനവും ഫലപ്രദമല്ലെന്നും ആക്ഷേപമുണ്ട്. ജനറൽ ആശുപത്രിയിലെ ഒ.പി.യിൽ പ്രതിദിനം ശരാശരി രണ്ടായിരത്തോളം രോഗികളാണ് എത്തുന്നത്. ഇവർക്കൊപ്പമെത്തുന്നവരും കൂടിയാകുമ്പോൾ ഒ.പി.യ്ക്കു മുന്നിൽ വലിയതോതിലുള്ള ആൾക്കൂട്ടമാണ് ഉണ്ടാകുന്നത്. അങ്ങനെയുള്ള രോഗികൾ കാത്തുനിൽക്കുന്നിടത്തെ മാൻഹോളിന്റെ സ്ലാബാണ് പൊട്ടിയത്. ഇരുമ്പിന്റെ ഈ സ്ലാബ് പൊട്ടിയിടത്ത്, കാത്തുനിൽക്കുന്നവർ അകപ്പെടാനും സാധ്യതയേറെയാണ്. രോഗികളുടെ സുരക്ഷിതത്വം കണക്കിലെടുക്കാതെ അധികൃതർ പൊട്ടിയ സ്ലാബ് കണ്ടില്ലെന്നു നടിക്കുകയാണ്. അപകടക്കെണിയായ മാൻഹോളിനുമുന്നിൽ രണ്ട് കല്ലുകൾ കൊണ്ടുവെക്കുക മാത്രമാണ് അധികൃതർ ചെയ്തിരിക്കുന്നത്. ഡ്രൈനേജ് സംവിധാനവും ഫലപ്രദമല്ല ആശുപത്രിയിലെ ഡ്രൈനേജ് സംവിധാനവും ഫലപ്രദമല്ല. നിലവിലുള്ള സുവിജ് പ്ലാന്റിന്റെ പ്രവർത്തനവും കാര്യക്ഷമമല്ല. ആശുപത്രിയിലെ മലിനജലം ഓടവഴി പോലീസ് കോംപ്ലക്‌സിലൂടെ നെയ്യാറിലെ കണ്ടൽക്കാടിൽ ഒഴുക്കിവിടുകയാണ്. ചെയ്യുന്നത്. ഈ മാലിന്യമെല്ലാം നെയ്യാറിലേക്കാണ് ഒഴുകിയെത്തുന്നത്. നഗരത്തിൽ കുടിവെള്ളം വിതരണം ചെയ്യാനുള്ള നിർദിഷ്ട പമ്പ് ഹൗസ് സ്ഥിതിചെയ്യുന്ന കുരവണി കടവിലേയ്ക്ക് ഈ മലിനമായ ജലമാണ് ഒഴുകിയെത്തുന്നത്. നിലവിലെ സുവിജ് പ്ലാന്റിന്റെ അപാകം പരിഹരിച്ച് പ്രവർത്തനക്ഷമമാക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. ജില്ലാ പഞ്ചായത്തിനു കീഴിലാണ് ആശുപത്രി. അതുകൊണ്ടുതന്നെ നഗരസഭയ്ക്ക് ആശുപത്രി വികസനപ്രശ്‌നങ്ങളിൽ ഇടപെടാൻ കഴിയില്ലെന്ന നിലപാടാണ് നഗരസഭയ്ക്കുള്ളത്. അധികാരമുള്ള ജില്ലാപ്പഞ്ചായത്താകട്ടെ ഈ പ്രശ്‌നങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണ്. പ്രക്ഷോഭംആരംഭിക്കും ഒ.പി.യ്ക്കു മുന്നിലെ മാൻഹോൾ സ്ലാബിട്ട് മൂടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി മഞ്ചത്തല സുരേഷ് വ്യക്തമാക്കി. മാത്രമല്ല, ആശുപത്രിയിലെ ഡ്രൈനേജ് സംവിധാനവും പരിഷ്‌കരിക്കണമെന്ന് മഞ്ചത്തല സുരേഷ് അവശ്യപ്പെട്ടു.

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഒ.പി.ക്കു മുന്നിൽ അപകടക്കെണി
M
MathrubhumiSource Link
19 days ago