ഭൂമി ഒരുക്കിത്തുടങ്ങി To advertise here, പാഴ്‌മരങ്ങൾ മുറിക്കുന്നു തുണയായത് ‘മാതൃഭൂമി’ വാർത്തകൾ പാറശ്ശാല : പതിറ്റാണ്ടുകളായി നെൽക്കൃഷി ഉപേക്ഷിച്ച കുളത്തൂർ നെല്ലിക്കോണം ഏലായിൽ വീണ്ടും നൂറുമേനി വിളയിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് പാടശേഖരത്തിലെ കർഷകർ. നെല്ലിക്കോണം ഏലായുടെ ദുരവസ്ഥ ചൂണ്ടിക്കാണിച്ച് ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ച വാർത്തകളാണ് കൃഷിഭൂമിയുടെ വീണ്ടെടുക്കലിനു കാരണമായത്. നെല്ലിക്കോണം ഏലായിലെ കർഷകരുടെയും ഭൂവുടമകളുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗത്തിലുണ്ടായ തീരുമാനത്തെത്തുടർന്നാണ് വീണ്ടും നെൽക്കൃഷി തുടങ്ങാൻ നടപടിയായത്. ഇതിന്റെ ഭാഗമായി ഏലായെ നെൽക്കൃഷിക്ക് അനുയോജ്യമായി മാറ്റാനുള്ള നടപടി ആരംഭിച്ചു. കുളത്തൂർ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് സുനിൽ കുമാറിന്റെ നേതൃത്വത്തിൽ അതിരാവിലെമുതൽ കർഷകരും നാട്ടുകാരും ചേർന്നാണ് തിങ്കളാഴ്ചമുതൽ പാഴ്‌മരങ്ങൾ മുറിക്കുന്നത്. കൃഷി നിലച്ചിട്ട് കാലങ്ങളേറെയായതിനാൽ പാഴ്‌മരങ്ങൾ വളർന്ന് കാടായിട്ടുണ്ട്. പാടശേഖരം വീണ്ടെടുക്കുന്നതിൽ എതിർപ്പുള്ള ചില ഭൂവുടമകൾ മരം മുറിക്കുന്നതിൽ തടസ്സമുന്നയിെച്ചങ്കിലും കുളത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലെത്തിയ ജനപ്രതിനിധികൾ രാഷ്ട്രീയ ഭേദമെന്യേ ഒറ്റക്കെട്ടായി നിലനിന്നതോടെ എതിർത്തവർ പിൻവലിഞ്ഞു. പാടത്തുനിന്നു മുറിക്കുന്ന തടികൾ പാടശേഖരത്തിന്റെ കരയിലേക്കു മാറ്റി സൂക്ഷിക്കുകയാണ് ചെയ്യുന്നത്. പാഴ്‌മരങ്ങൾ പൂർണമായും മുറിക്കാൻ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്ന നിഗമനത്തിലാണ് തൊഴിലാളികളും കൃഷിവകുപ്പ് ജീവനക്കാരും. അതിനുശേഷം യന്ത്രസഹായത്താൽ പാടശേഖരംഭൂമി കൃഷിയോഗ്യമാക്കും. കുളത്തൂർ കൃഷിഭവനു കീഴിലെ പ്രധാന ഏലായാണ് നെല്ലിക്കോണം പാടശേഖരം. അൻപത് ഏക്കറിലധികമുള്ള നെല്ലിക്കോണം പാടശേഖരത്തിൽനിന്നായിരുന്നു കുളത്തൂരിൽ കൂടുതൽ നെല്ല് ഉത്‌പാദിപ്പിച്ചിരുന്നത്. കൃഷി ചെയ്യുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങളിൽ കുറവുണ്ടായപ്പോൾ കർഷകർ നെൽക്കൃഷി ഉപേക്ഷിച്ച് മറ്റു കൃഷിയിലേക്കു തിരിഞ്ഞു. ക്രമേണ അതും നിലച്ചതോടെ നെല്ലിക്കോണം പാടശേഖരം കുറ്റിക്കാടായി മാറുകയായിരുന്നു. ഒരുകാലത്ത് നൂറുമേനി വിളവുലഭിച്ചിരുന്ന പാടത്ത് ഇന്ന് അവശേഷിക്കുന്നത് വളർന്നുവലുതായ പാഴ്‌മരങ്ങൾ മാത്രമാണ്. Published: 18 Mar 2026, 01:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
