ആ ശയങ്ങൾക്ക് പകരം ആയുധങ്ങൾ കൊണ്ടുള്ള മറുപടി. പ്രവർത്തകരിലേക്ക് മാത്രമല്ല, നേതാക്കളിലേക്കും ആയുധമുന നീണ്ടു. 1960-കളുടെ അവസാനം തുടങ്ങിയ രാഷ്ട്രീയ അക്രമം വളർന്നുവളർന്ന് കണ്ണൂരിനെ ചൂഴ്‌ന്നെടുത്തു. 1991-നും 2001-നും ഇടയിൽ കണ്ണൂർ രാഷ്ട്രീയഭീകരതയുടെ പര്യായമായി. സമൂഹത്തിൽ ഭീതിയും അനിശ്ചിതത്വവും വിതച്ചു. സി.പി.എം., ബി.ജെ.പി.-ആർ.എസ്.എസ്., കോൺഗ്രസ് തുടങ്ങിയ പ്രമുഖ കക്ഷികൾ കരിനിഴലിലായി. To advertise here, 1992-ലെ കോൺഗ്രസ് സംഘടനാതിരഞ്ഞെടുപ്പോടെ കണ്ണൂരിലെ രാഷ്ട്രീയ ബലാബലങ്ങൾക്ക് രൂപാന്തരമുണ്ടായി. കടുത്ത വെല്ലുവിളി മറികടന്ന് കെ.സുധാകരൻ ഡി.സി.സി. പ്രസിഡന്റായി. സുധാകരൻ ഡി.സി.സി.യുടെ തലപ്പത്ത് വരാതിരിക്കാൻ എ, ഐ ഗ്രൂപ്പുകൾ ഒന്നിച്ചു. അവർ പഴയ നേതാവ് മാതമംഗലം കുഞ്ഞികൃഷ്ണനെ രംഗത്തിറക്കി. കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള വിഭാഗം അപ്രതീക്ഷിതമായി പിന്തുണച്ചതോടെ വിജയം സുധാകരനായി. കണ്ണൂരിലെ കോൺഗ്രസ് രാഷ്ട്രീയം അടിമുടി മാറുകയായിരുന്നു. സി.പി.എമ്മിനെ കൊത്തിവലിക്കുന്ന മൂർച്ചയേറിയ പ്രസംഗങ്ങളും ചടുലമായ നീക്കങ്ങളുമായി നീങ്ങിയ സുധാകരൻ പ്രവർത്തകരിൽ ആവേശം പടർത്തി. എൻ.രാമകൃഷ്ണന്റെ പ്രതാപം മങ്ങി. എ, ഐ ഗ്രൂപ്പുകളുടെ സ്വാധീനം കുറഞ്ഞ് കണ്ണൂർ കോൺഗ്രസെന്നാൽ കെ.സുധാകരനായി. സുധാകരനും രാഘവനും കൈകോർത്തപ്പോൾ ഒരേ ശൈലിയുള്ള കെ.സുധാകരനും എം.വി.രാഘവനും കൈകോർത്തപ്പോൾ കണ്ണൂർ രാഷ്ട്രീയം ചൂടുപിടിച്ചു. 1993 ഫെബ്രുവരി 10-ന് എ.കെ.ജി. ആസ്പത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം. 48 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചു. അതിനെ നേരിടാൻ നിരോധനാജ്ഞയുണ്ടായി. കണ്ണൂർ വീണ്ടും യുദ്ധക്കളമായി. ആസ്പത്രി ഭരണം സി.എം.പി. പിടിച്ചെടുത്തു. രാഷ്ട്രീയം കലുഷിതമായി തുടർന്നു. പരിയാരം മെഡിക്കൽ കോളേജ് സ്ഥാപിക്കലിനെതിരേ സി.പി.എം. പ്രതിഷേധം രൂക്ഷമായി. കെ.സുധാകരന്റെ ജാഥയ്ക്കിടെ നാൽപാടി വാസു വെടിയേറ്റ് മരിച്ച സംഭവം, സി.പി.എം. നേതാവ് ഇ.പി.ജയരാജന് നേരേയുള്ള വധശ്രമം - കണ്ണൂർ അക്ഷരാർഥത്തിൽ ഇടതടവില്ലാതെ തിളച്ചുമറിയുകയായിരുന്നു. രാഷ്ട്രീയസംഘർഷം പതിവ് വാർത്തയായി. ആർ.എസ്.എസ്. നേതാവ് സി.സദാനന്ദനുനേരേ വധശ്രമമുണ്ടായി. സി.പി.എം. പ്രവർത്തകരായിരുന്നു പ്രതികൾ. സദാനന്ദൻ കഴിഞ്ഞ വർഷം രാജ്യസഭാ എം.പി.യായി. 1994 ജനുവരി 26-ന് എസ്.എഫ്.ഐ. സംസ്ഥാന ജോ. സെക്രട്ടറി കെ.വി.സുധീഷിനെ വെട്ടിക്കൊന്നു. വീട്ടിൽക്കയറി അച്ഛനമ്മമാരുടെ മുന്നിലിട്ടായിരുന്നു കൊല. ആർ.എസ്.എസ്., ബി.ജെ.പി. പ്രവർത്തകരായിരുന്നു പ്രതികൾ. 1994 നവംബർ 25-ന് മന്ത്രി എം.വി.ആറിനെതിരായ വഴിതടയൽ സമരത്തിനിടെ കൂത്തുപറമ്പിൽ അഞ്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പോലീസ് വെടിയേറ്റ് മരിച്ചു. പ്രതിഷേധത്തിൽ കണ്ണൂർ ആളിക്കത്തി. സമാനതകളില്ലാത്ത സംഘർഷം. സി.എം.പി.യുടെ സ്ഥാപനങ്ങൾ പരക്കെ ആക്രമിക്കപ്പെട്ടു. പാപ്പിനിശ്ശേരി പാമ്പുവളർത്തൽ കേന്ദ്രത്തിന് തീവെപ്പുണ്ടായി. പാമ്പുകൾ ചുട്ടെരിക്കപ്പെട്ടു. പല ജീവികൾക്കും പൊള്ളലേറ്റു. കൂത്തുപറമ്പ് വെടിവെപ്പിൽ, ചൊക്ലിക്കാരനായ പുതുക്കുടി പുഷ്പൻ ശരീരം തളർന്നു. കിടപ്പിലായി. പുഷ്പൻ ഒരുവർഷം മുൻപാണ് മരിച്ചത്. 1995 മാർച്ച് 16-ന് കെ.കരുണാകരൻ രാജിവെച്ച് എ.കെ.ആന്റണി മുഖ്യമന്ത്രിയായി. രാമകൃഷ്ണന് മന്ത്രിസ്ഥാനം പോയെങ്കിലും എം.വി.രാഘവന് പുതിയ മന്ത്രിസഭയിലും ഇടംകിട്ടി. നായനാരുടെ തലശ്ശേരി 1996-ലെ തിരഞ്ഞെടുപ്പ് സി.പി.എമ്മിന് നിർണായക വഴിത്തിരിവായെന്ന് പിന്നീടുള്ള സംഭവവികാസങ്ങൾ തെളിയിച്ചു. കെ.സി.ജോസഫും (ഇരിക്കൂർ), കെ.പി.മമ്മു (തലശ്ശേരി)വും സിറ്റിങ് സീറ്റുകളിൽ വിജയം ആവർത്തിച്ചു. പയ്യന്നൂരിലേക്ക് കളംമാറ്റിയ പിണറായി വിജയൻ, എം.വി.ഗോവിന്ദൻ (തളിപ്പറമ്പ്), എം.വി.ജയരാജൻ (എടക്കാട്), ടി.കെ.ബാലൻ (അഴീക്കോട്) എന്നിവരും കോൺഗ്രസ് എസിലെ കെ.ടി.കുഞ്ഞഹമ്മദും (പേരാവൂർ) ജനതാദളിലെ പി.ആർ.കുറുപ്പും (പെരിങ്ങളം) ജയിച്ചു. ആദ്യമായി കെ.കെ.ശൈലജ (കൂത്തുപറമ്പ്) നിയമസഭയിലേക്ക് കടന്നു. കണ്ണൂരിനെ കെ.സുധാകരൻ പ്രതിനിധീകരിച്ചു. മത്സരിക്കാൻ സീറ്റ് കിട്ടാതെ ക്ഷുഭിതനും വ്രണിതനുമായി എൻ.രാമകൃഷ്ണൻ കണ്ണൂർ മണ്ഡലത്തിൽ വിമതനായി കളത്തിലിറങ്ങി. പഴയ ബദ്ധവൈരിയെ സി.പി.എം. പിന്തുണച്ചു. എതിരാളി ഡി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ. അപ്പോഴേക്കും പ്രവർത്തകരുടെ ആവേശമായി മാറിയ സുധാകരനുതന്നെയായി ജയം. ആറന്മുളയിൽ എം.വി.രാഘവൻ വീണു. ആലപ്പുഴയിൽ കെ.സി.വേണുഗോപാലിന് ജയം. 1996-ൽ മുഖ്യമന്ത്രിയാകാൻ പാർട്ടി കാത്തുവെച്ച വി.എസ്.അച്യുതാനന്ദനെ ജനം അംഗീകരിച്ചില്ല. മാരാരിക്കുളത്ത് വി.എസ്. തോറ്റു. അതിന്റെ തുടർചലനങ്ങളിൽ ഭാഗ്യം കടാക്ഷിച്ചത്, ഇ.കെ.നായനാരെ. മത്സരിക്കാത്ത നായനാർ മുഖ്യമന്ത്രിയായി. നായനാർ ഒഴിഞ്ഞ സംസ്ഥാന സെക്രട്ടറിയുടെ കസേരയിലേക്ക് കണ്ണൂരിന്റെ ചടയൻ ഗോവിന്ദനുമെത്തി. പാർട്ടി സംസ്ഥാനകമ്മിറ്റിയിലെ വോട്ടെടുപ്പിലൂടെയായിരുന്നു ഇരുവരെയും തിരഞ്ഞെടുത്തത്. കണ്ണൂരിൽനിന്ന് പിണറായിയും പി.ആർ.കുറുപ്പും മന്ത്രിസഭയിൽ സ്ഥാനം പിടിച്ചു. പി.ശശിയെയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പാർട്ടി നിയോഗിച്ചത്. തലശ്ശേരിയിലെ വിജയി കെ.പി.മമ്മുവിനെ രാജിവെപ്പിച്ച് നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ നായനാർ സഭാംഗമായി. കോൺഗ്രസിലെ അഡ്വ. ടി.ആസഫലിയായിരുന്നു എതിരാളി. രോഗബാധിതനായ പി.ആർ.കുറുപ്പ് 1999 ജനവരിയിൽ മന്ത്രിസ്ഥാനം വിട്ടു. പിണറായിക്കാലം തുടങ്ങുന്നു നിയമസഭാ തിരഞ്ഞെടുപ്പിലെ വി.എസിന്റെ അപ്രതീക്ഷിത തോൽവിയെത്തുടർന്ന് സി.പി.എം. വിഭാഗീയതയിലേക്ക് കൂപ്പുകുത്തി. 1998-ലെ പാലക്കാട് സംസ്ഥാനസമ്മേളനം വഴിത്തിരിവായി. സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒ.ഭരതനേയും പാച്ചേനി കുഞ്ഞിരാമനേയും ഒഴിവാക്കി. സംസ്ഥാന കമ്മിറ്റിയിയെക്ക് മത്സരം നടന്നു. ഏറ്റവും കൂടുതൽ വോട്ട് കിട്ടിയത് എം.വി.ഗോവിന്ദന്. ചടയൻ വീണ്ടും സെക്രട്ടറിയായി. 1998 മാർച്ച് 19-ന് ഇ.എം.എസിന്റെയും സെപ്റ്റംബർ ഒൻപതിന് ചടയൻ ഗോവിന്ദന്റെയും വിയോഗമുണ്ടായി. ചടയന്റെ പിൻഗാമിയായി, മന്ത്രിസ്ഥാനം രാജിവെച്ച് പിണറായി സംസ്ഥാന സെക്രട്ടറി പദത്തിലെത്തി. സെക്രട്ടേറിയറ്റംഗം മാത്രമായ പിണറായി വൈകാതെ ഒറ്റയടിക്ക് ഇരട്ടസ്ഥാനക്കയറ്റത്തോടെ കേന്ദ്രകമ്മിറ്റിയും കടന്ന് പി.ബി. അംഗമായി. കേരള സി.പി.എം. അധികാരത്തിന്റെ അച്ചുതണ്ട് അച്യുതാനന്ദനിൽനിന്ന് മാറുകയായിരുന്നു. 1998-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി ജയം ആവർത്തിച്ചു. മന്ത്രിസ്ഥാനത്തിരുന്ന് മത്സരിച്ച എ.സി.ഷൺമുഖദാസിനെ ജയം തുണച്ചില്ല. 1999-ൽ വീണ്ടും ലോകസഭ തിരഞ്ഞെടുപ്പ് വന്നെത്തി. കണ്ണൂർ പിടിക്കാൻ സി.പി.എം. കച്ചകെട്ടിയിറങ്ങി. എസ്.എഫ്.ഐ. നേതാവ് അബ്ദുള്ളക്കുട്ടിയെ കളത്തിലിറക്കി. അബ്ദുള്ളക്കുട്ടി അദ്‌ഭുതക്കുട്ടിയായി മുല്ലപ്പള്ളിയെ മലർത്തിയടിച്ചു. നേതാക്കളും കത്തിമുനയിൽ ജില്ലയുടെ രാഷ്ട്രീയത്തിൽ ചോരക്കറ പടർന്നുപിടിച്ചു. മാമൻ വാസു വധം, പന്ന്യന്നൂർ ചന്ദ്രൻ വധം, പി.ജയരാജൻ വധശ്രമം, രാഷ്ട്രീയ പ്രവർത്തകരുടെ കൊലപാതകങ്ങൾ, ബോംബ് സ്ഫോടനങ്ങൾ, വിദ്യാർഥിനി അസ്നയ്ക്കുനേരേയുള്ള ബോംബേറ് -ഈ തീച്ചൂളകളിലൂടെ കടന്ന് യുവമോർച്ചാ നേതാവ് കെ.ടി.ജയകൃഷ്ണന്റെ വധത്തോടെ തലശ്ശേരി, പാനൂർ മേഖല സ്തംഭിച്ചു. തുടർകൊലപാതകങ്ങളും സംഘർഷങ്ങളുമുണ്ടായി. ആ മുറിവുകളിലൂടെതന്നെ കണ്ണൂർ അടുത്ത തിരഞ്ഞെടുപ്പിലേക്ക് നടന്നു. 2001-ലെ തിരഞ്ഞെടുപ്പിൽ ഫലം യു.ഡി.എഫിന് അനുകൂലം. തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കെ, പ്രഖ്യാപിച്ച രണ്ട് സ്ഥാനാർഥികളെ കെ.കരുണാകരന്റെ നിർബന്ധത്തിന് വഴങ്ങി മാറ്റേണ്ടി വന്നു. അതിലൊന്ന് പേരാവൂരായിരുന്നു. കെ.പി.നൂറുദ്ദീനെ മാറ്റി, ഐ വിഭാഗത്തിലെ എ.ഡി.മുസ്തഫയെ രംഗത്തിറക്കി. മുസ്തഫ ജയിച്ചുകയറി. കണ്ണൂരിൽ കെ.സുധാകരനും ഇരിക്കൂറിൽ കെ.സി.ജോസഫുമാണ് ജയിച്ച മറ്റ് കോൺഗ്രസുകാർ. ജനതാദളിലെ കെ.പി.മോഹനൻ (പെരിങ്ങളം), സി.പി.എമ്മിൽനിന്ന് പി.കെ.ശ്രീമതി (പയ്യന്നൂർ), പി.ജയരാജൻ (കൂത്തുപറമ്പ്) എന്നിവരും ആദ്യമായി എം.എൽ.എ.യായി. ഇടവേളയ്ക്കുശേഷം കോടിയേരി ബാലകൃഷ്ണനും സഭയിലെത്തി. എം.വി.ഗോവിന്ദനും ടി.കെ.ബാലനും എം.വി.ജയരാജനും വിജയം ആവർത്തിച്ചു. എ.കെ.ആന്റണി നയിച്ച മന്ത്രിസഭയിൽ കെ.സുധാകരൻ വനം മന്ത്രിയായി. തിരുവനന്തപുരം വെസ്റ്റിൽനിന്ന് ജയിച്ച് എം.വി.രാഘവൻ സഹകരണമന്ത്രിയും. സണ്ണി ജോസഫ് കെ.സുധാകരന്റെ പിൻഗാമിയായി ഡി.സി.സി. പ്രസിഡന്റായി. 2005-ൽ ടി.കെ.ബാലൻ അന്തരിച്ചതിനെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ എം.പ്രകാശൻ എം.എൽ.എ.യായി. കുത്തുപറമ്പിൽ ഉപതിരഞ്ഞെടുപ്പുണ്ടായി. എം.എൽ.എ.യായ പി.ജയരാജന്റെ ജയം സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് അസാധുവാക്കിയിരുന്നു. 1991-ൽ ഹർത്താലിനിടെ പോസ്റ്റ് ഓഫീസ് അക്രമിച്ച കേസിൽ രണ്ടുവർഷം ജയരാജന് ശിക്ഷ വിധിച്ചിരുന്നു. പത്രിക നൽകുമ്പോൾ ഈ വിധി നിലനിന്നിരുന്നു. അത് ചൂണ്ടിക്കാട്ടി എതിർസ്ഥാനാർഥി കെ. പ്രഭാകരൻ(കോൺഗ്രസ് ) നൽകിയ ഹർജിയിലാണ് ജയരാജന് തിരിച്ചടിയായ വിധിയുണ്ടായത്. ശിക്ഷ ഒരു വർഷമായി കുറച്ചതിനാൽ ജയരാജൻ തന്നെ ഉപതിരഞ്ഞെടുപ്പിൽ അങ്കത്തിനിറങ്ങി. റെക്കോഡ് ഭൂരിപക്ഷത്തോടെ ജയരാജൻ വീണ്ടും സഭ കയറി.

നേതാക്കളും കത്തിമുനയിൽ; കണ്ണൂർ രാഷ്ട്രീയത്തിൽ ചോരക്കറ പടർന്നുപിടിച്ച കാലം
M
MathrubhumiSource Link
about 2 months ago