ഏതാനും മാസങ്ങളുടെ ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. ഇത്തവണ കോഴിക്കോട് ജില്ലയിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒപ്പം ആലപ്പുഴയിലും കോട്ടയത്തും വീണ്ടും രോഗം കണ്ടെത്തിയിട്ടുണ്ട്. പക്ഷികളിൽ കൂടിയ മരണത്തിന് വഴിയൊരുക്കുന്ന H5N1 പക്ഷിപ്പനി വൈറസ് വകഭേദം തന്നെയാണ് ഇത്തവണയും രോഗകാരി. To advertise here, പക്ഷികളിലെ പ്ലേഗ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പക്ഷിരോഗമാണ് പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്ളുവൻസ. ഓർത്തോമിക്സോ എന്ന വൈറസ് കുടുംബത്തിലെ ഏവിയൻ ഇൻഫ്ളുവൻസ എ. വൈറസുകളാണ് പക്ഷിപ്പനിക്ക് കാരണമാവുന്നത്. രോഗവാഹകരും രോഗബാധിതരുമായ പക്ഷികൾ അവയുടെ മൂക്കിൽ നിന്നും വായിൽ നിന്നുമുള്ള സ്രവങ്ങളിലൂടെയും കാഷ്ഠത്തിലൂടെയും ഏവിയൻ ഇൻഫ്ളുവൻസ വൈറസിനെ ധാരാളമായി പുറന്തള്ളും. ഈ പക്ഷികളുമായും, സ്രവങ്ങളും, കാഷ്ഠവുമായുമുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയും, രോഗാണുമലിനമായ തീറ്റ, കുടിവെള്ളം എന്നിവയെല്ലാം വഴിയും പരോക്ഷമായും രോഗം പടർന്നു പിടിക്കും. ചെറിയ ദൂരപരിധിയിൽ രോഗാണുമലിനമായ ജലകണികകൾ, തൂവൽ, പൊടിപടലങ്ങൾ എന്നിവ വഴി വായുവിലൂടെയും രോഗവ്യാപനം നടക്കും. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചശേഷം ഒന്നോ രണ്ടോ ദിവസത്തിനകം പക്ഷികൾ കൂട്ടമായി ചത്തൊടുങ്ങും. ലക്ഷണങ്ങൾ ഏതെങ്കിലും പ്രകടമാവുന്നതിന് മുൻപ് തന്നെ പക്ഷികൾ കൂട്ടമായി ചത്തുവീഴാനും അതിതീവ്ര വൈറസ് ബാധയിൽ സാധ്യതയുണ്ട്. ശ്രദ്ധിക്കാൻ പക്ഷികൾ കൂട്ടമായി ചാവുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അടുത്ത മൃഗാശുപത്രിയിൽ വിവരം അറിയിക്കണം. രോഗം സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ മുഴുവൻ വളർത്തുപക്ഷികളെയും കൊന്ന് സുരക്ഷിതമായി സംസ്ക്കരിക്കുക എന്നതാണ് ദേശീയ പക്ഷിപ്പനി നിയന്ത്രണ പ്രോട്ടോക്കോൾ നിർദ്ദേശിക്കുന്ന നിയന്ത്രണമാർഗ്ഗം. ഒപ്പം അവയുടെ മുട്ട, തീറ്റ, കാഷ്ഠം, ലിറ്റർ അടക്കമുള്ള മറ്റ് ജൈവമാലിന്യങ്ങൾ എന്നിവയും സുരക്ഷിതമായി സംസ്കരിക്കണം. രോഗബാധയേറ്റതോ, ചത്തതോ ആയ പക്ഷികളുമായി ഏതെങ്കിലും രീതിയിൽ സമ്പർക്കമുണ്ടായവർ, പക്ഷി കാഷ്ഠം വളമായി ഉപയോഗിക്കുന്ന കർഷകർ, രോഗബാധ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നിയോഗിക്കപ്പെട്ടവർ, രോഗബാധിത മേഖലകളിൽ താമസിക്കുന്നവർ എന്നിവരെല്ലാം പ്രത്യേക ജാഗ്രത പുലർത്തണം. രോഗം ബാധിച്ചവയെയും ചത്തുവീണ പക്ഷികളേയും കൈകാര്യം ചെയ്യുമ്പോൾ മാസ്ക്, കയ്യുറ, ഏപ്രൺ, ഗോഗിൾ, ഗംബൂട്ട് തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. രോഗബാധിതമേഖലയിൽ നിന്നും പക്ഷികളെയും, പക്ഷികളുടെ തീറ്റ, മുട്ട, മാംസം, ഫാം ഉപകരണങ്ങൾ എന്നിവയും, തൂവൽ, കാഷ്ഠം, ലിറ്റർ അടക്കമുള്ള ജൈവമാലിന്യങ്ങളും മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോവാൻ പാടില്ല. ചുറ്റുവട്ടങ്ങളിൽ പറന്നു നടക്കുന്ന നാട്ടുപക്ഷികളും, കാട്ടുപക്ഷികളും, ദേശാടനപക്ഷികളുമെല്ലാം രോഗവാഹകരും രോഗബാധിതരും ആവാൻ സാധ്യതയുണ്ട്. വളർത്തുപക്ഷികളുമായി ദേശാടനപ്പക്ഷികളുടെയും, കാട്ടുപക്ഷികളുടെയും, സമ്പർക്കം തടയാൻ ഫലപ്രദമായ ജൈവസുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കണം. രോഗം കണ്ടെത്തിയതിന് പത്തുകിലോമീറ്റർ ദൂരപരിധിയിലുള്ള പ്രദേശങ്ങളിൽ കോഴികളെയും, താറാവുകളെയും മറ്റ് വളർത്തുപക്ഷികളെയും അഴിച്ചുവിട്ട് വളർത്തുന്നത് തൽക്കാലം ഒഴിവാക്കണം. ദേശാടനകിളികളെയും മറ്റും ആകർഷിക്കുന്ന തരത്തിൽ തീറ്റയവശിഷ്ടങ്ങളും, മാലിന്യങ്ങളും ഫാമിന്‍റെ പരിധിയിൽ നിക്ഷേപിക്കരുത്. ജലപക്ഷികളും, ദേശാടനപക്ഷികളും വന്നിറങ്ങാത്ത രീതിയിൽ ജലസംഭരണികളും, ടാങ്കുകളും നെറ്റ് ഉപയോഗിച്ച് സുരക്ഷിതമായി അടച്ച് സൂക്ഷിക്കണം. മതിയായ അണുനശീകരണം നടത്തിയതിന് ശേഷം മാത്രമേ തൊഴിലാളികളെയും, വാഹനങ്ങൾ, ഉപകരണങ്ങൾ എന്നിവയെയുമെല്ലാം ഫാമിനകത്തേക്ക് പ്രവേശിപ്പിക്കാവൂ. അനാവശ്യസന്ദർശകരെ ഫാമിൽ അനുവദിക്കരുത്. വ്യക്തിശുചിത്വവും പരിസരശുചിത്വവും ഏറെ പ്രധാനം. ഗ്ലൂറ്ററൽഡിഹൈഡ് സംയുക്തങ്ങൾ അടങ്ങിയ കോർസൊലിൻ, ലൈസോൾ, രണ്ടുശതമാനം വീര്യമുള്ള കോസ്റ്റിക് സോഡാ ലായിനി, പൊട്ടാസ്യം പെർമാംഗനേറ്റ് എന്നിവയെല്ലാം ഫാമിൽ ഉപയോഗിക്കാവുന്നതും ഇൻഫ്ളുവൻസ വൈറസുകളെ നശിപ്പിക്കുന്നതുമായ മികച്ച അണുനാശിനികളാണ്. വീട്ടിൽ ഉപയോഗിക്കുന്ന ബ്ലീച്ചിങ് പൗഡറും (ഹൗസ് ഹോൾഡ് ബ്ലീച്ച്) പക്ഷിപ്പനി വൈറസുകളെ തടയാൻ ഉപയോഗിക്കാവുന്ന മികച്ച അണുനാശിനിയാണ്. ഒരു ലിറ്റർ വെള്ളത്തിൽ 50 ഗ്രാം ബ്ലീച്ചിങ് പൗഡർ കലക്കി കൂടും പരിസരവും വൃത്തിയാക്കാം. മുട്ടയോ ഇറച്ചിയോ കഴിക്കുന്നതിൽ പേടി വേണ്ട പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കോഴിയിറച്ചിയും മുട്ടയും കഴിക്കുന്നതിൽ പൊതുജനങ്ങൾ ഭയപ്പെടേണ്ടതില്ല. കൃത്യമായ മുൻകരുതലുകൾ എടുത്താൽ ഇവ പൂർണ്ണമായും സുരക്ഷിതമാണ്. ഓർമിക്കേണ്ട പ്രധാന കാര്യങ്ങൾ: പാചകത്തിൽ ശ്രദ്ധിക്കാം: ഇറച്ചിയോ മുട്ടയോ കഴിക്കുന്നതിൽ അപകടമില്ല, എന്നാൽ അവ നന്നായി വെന്തതാണെന്ന് ഉറപ്പുവരുത്തണം. 70 ഡിഗ്രി സെൽഷ്യസിൽ (70°C) ചൂടാക്കുമ്പോൾ 3 മുതൽ 5 മിനിറ്റിനകം പക്ഷിപ്പനി വൈറസുകൾ നശിക്കും. വേവിക്കാത്തതോ അല്പം ചൂടാക്കിയതോ ആയവ ഒഴിവാക്കുക: പച്ചമുട്ട കുടിക്കുന്നതും, ബുൾസ് ഐ (Bullseye) പോലുള്ള പാതിവെന്ത വിഭവങ്ങളും, ഹാഫ് കുക്ക്ഡ് (Half-cooked) ഇറച്ചിയും മുട്ടയും പൂർണ്ണമായും ഒഴിവാക്കുക. ഇറച്ചി പാകം ചെയ്യുമ്പോൾ പിങ്ക് നിറം മാറി നന്നായി വെന്തെന്ന് ഉറപ്പാക്കണം. ഫ്രീസറിൽ വെച്ചതുകൊണ്ടു മാത്രം സുരക്ഷിതമല്ല: ഫ്രീസറിലെ തണുപ്പിൽ (Freezing temperature) പക്ഷിപ്പനി വൈറസുകൾ നശിക്കില്ല. 4 ഡിഗ്രി താപനിലയിൽ ഒരു മാസത്തിലേറെയും, 32 ഡിഗ്രിയിൽ ഒരാഴ്ചയോളവും വൈറസ് നിലനിൽക്കും. അതിനാൽ ഫ്രിഡ്ജിൽ വെച്ചതുകൊണ്ട് മാത്രം ഇറച്ചി സുരക്ഷിതമാകില്ല, ശരിയായി പാചകം ചെയ്യുക എന്നത് തന്നെയാണ് പ്രധാനം. ശുചിത്വം പ്രധാനം: കോഴി, താറാവ് എന്നിവയുടെ ഇറച്ചി കൈകാര്യം ചെയ്യുന്നതിന് മുൻപും ശേഷവും കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. മുട്ടത്തോടിൽ കാഷ്ടം പറ്റിയിട്ടുണ്ടെങ്കിൽ ഉപയോഗിക്കുന്നതിന് തൊട്ടുമുമ്പ് സോപ്പ് വെള്ളത്തിൽ കഴുകി വൃത്തിയാക്കുക. നിയന്ത്രണങ്ങൾ പാലിക്കുക: രോഗം സ്ഥിരീകരിച്ച മേഖലകളിൽ (Affected Areas) നിന്നുള്ള ഇറച്ചിയും മുട്ടയും വാങ്ങുന്നത് ഒഴിവാക്കണം. ഇത്തരം സ്ഥലങ്ങളിൽ ഇറച്ചി കൈകാര്യം ചെയ്യുമ്പോൾ വൈറസ് പടരാനുള്ള സാധ്യതയുള്ളതിനാലാണിത്. രോഗബാധയില്ലാത്ത പ്രദേശങ്ങളിൽ നിന്നുള്ള ഇറച്ചിയും മുട്ടയും നന്നായി പാകം ചെയ്ത് കഴിക്കുന്നത് ആരോഗ്യസുരക്ഷിതമാണ്. വളർത്തുപക്ഷികളെ മുഴുവനും കൊന്നൊടുക്കുന്നത് എന്തുകൊണ്ട് ? രോഗവാഹകരും രോഗബാധിതരുമായ പക്ഷികൾ അവയുടെ മൂക്കിൽ നിന്നും വായിൽ നിന്നുമുള്ള സ്രവങ്ങളിലൂടെയും കാഷ്ഠത്തിലൂടെയും ഏവിയൻ ഇൻഫ്ളുവൻസ വൈറസിനെ ധാരാളമായി പുറന്തള്ളും. ഈ പക്ഷികളുമായും, സ്രവങ്ങളും, കാഷ്ഠവുമായുമുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയും, രോഗാണുമലിനമായ തീറ്റ, കുടിവെള്ളം, ഫാം ഉപകരണങ്ങൾ, ഫാം തൊഴിലാളികളുടെ വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നിവയെല്ലാം പരോക്ഷമായും രോഗം അതിവേഗത്തിൽ പടർന്നു പിടിക്കും. രോഗം ബാധിച്ച പക്ഷികളുടെ കാഷ്ഠത്തിൽ വന്നിരിക്കുന്ന ചിലയിനം ഈച്ചകൾക്കും മറ്റ് പക്ഷികളിലേക്ക് രോഗം പടർത്താൻ കഴിയും. ഇൻഫ്ളുവൻസ വൈറസ് ഗ്രൂപ്പിലെ H5, H7 ഉപഗണത്തിൽപ്പെട്ട വൈറസുകളാണ് പക്ഷികളിൽ ഏറ്റവും മാരകം. വൈറസ് ബാധയേൽക്കുന്ന ചില പക്ഷികൾ (കോഴി, കാട, ടർക്കി ഒഴികെ) രോഗലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാതെ വൈറസിന്‍റെ നിത്യവാഹകരായി മാറാനും ഇടയുണ്ടെന്ന് നിരീക്ഷണങ്ങൾ ഉണ്ട്. അതോടെ രോഗനിയന്ത്രണം സങ്കീർണ്ണമാവും. മാത്രമല്ല പരോക്ഷമായി ഏതെങ്കിലും രീതിയിൽ വൈറസ് രോഗമേഖലയിൽ നിന്നും പുറത്തേക്ക് വ്യാപിച്ചാൽ നിയന്ത്രണം അതീവ ദുഷ്കരമാവും, മാത്രമല്ല സംസ്ഥാനത്തിന്റെ പക്ഷിവളർത്തൽ മേഖലയുടെ തന്നെ നടുവൊടിയുകയും ചെയ്യും . മനുഷ്യരിൽ രോഗബാധയേറ്റാൽ അറുപത് ശതമാനം വരെ മരണസാധ്യതയുള്ള H5 N1 ഗണത്തിൽപ്പെട്ട വൈറസുകളാണ് ഇപ്പോൾ പക്ഷിപ്പനിക്ക് കാരണമായത് എന്നതും വേഗത്തിലുള്ള രോഗനിയന്ത്രണ പ്രവർത്തനങ്ങൾ എത്രത്തോളം പ്രധാനമാണെന്നത് ഓർമ്മപ്പെടുത്തുന്നു. വളരെ തീവ്രത കൂടിയ ജനിതക മാറ്റങ്ങൾ സംഭവിച്ച് പക്ഷിപ്പനി വൈറസുകൾ മനുഷ്യരിലേക്കും രോഗബാധയേറ്റവരിൽ നിന്ന് മറ്റുള്ളവരിലേക്കും വളരെ വേഗത്തിൽ വ്യാപിക്കുന്ന മാരക വൈറസുകളായി രൂപം മാറാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലോകാരോഗ്യസംഘടനയും ലോകമൃഗാരോഗ്യ സംഘടനയും നൽകിയിട്ടുണ്ട്. പക്ഷിപ്പനി വൈറസുകൾ മനുഷ്യരിൽ കാണുന്ന ഇൻഫ്ലുവെൻസ വൈറസുകളുമായി ചേർന്ന് പുതിയ ജനിതകഘടനയാർജിച്ച് സാർസ് കോവ് 2 / കോവിഡ്-19 വൈറസുകളെ പോലെ ഒരു ആഗോള മഹാമാരിയായി ( പാൻഡെമിക്) മാറിയേക്കാം എന്ന മുന്നറിയിപ്പും ലോകാരോഗ്യ സംഘടന നൽകിയിട്ടുണ്ട്. ഈ കാരണങ്ങളാൽ രോഗം കണ്ടെത്തിയതിന് ഒരു കിലോമീറ്റർ പരിധിയിൽ രോഗസാധ്യതയുള്ളതും രോഗവാഹകരാവാൻ ഇടയുള്ളതുമായ മുഴുവൻ വളർത്തുപക്ഷികളെയും കൊന്നൊടുക്കി സുരക്ഷിതമായി സംസ്ക്കരിക്കുക എന്നത് അതീവപ്രാധാന്യം അർഹിക്കുന്നു. മാത്രമല്ല, പക്ഷിപ്പനി ഒരു ആഗോള പകർച്ചവ്യാധിയായതിനാൽ ഇത് സംബന്ധിച്ച് കൃത്യമായ നിയന്ത്രണചട്ടങ്ങളും മാർഗ്ഗരേഖയുമുണ്ട്. രോഗം കണ്ടെത്തിയതിന് ഒരു കിലോമീറ്റർ പരിധിയിലെ മുഴുവൻ പക്ഷികളെയും കൊന്ന് സുരക്ഷിതമായി സംസ്കരിക്കുക എന്നത് അന്തർദേശീയ, ദേശീയ തലങ്ങളിൽ നിലവിലുള്ള പക്ഷിപ്പനി നിയന്ത്രണ പ്രോട്ടോക്കോളിന്‍റെ ഭാഗമാണ് എന്നതും മനസ്സിലാക്കുക. ഈ രോഗനിയന്ത്രണ നടപടികൾ സത്വരമായി നടപ്പിലാക്കാൻ പ്രാദേശിക ഭരണസംവിധാനങ്ങൾ ബാധ്യസ്ഥവുമാണ്. ലോകത്ത് പക്ഷിപ്പനി കണ്ടെത്തിയ പ്രദേശങ്ങളിലെല്ലാം സ്വീകരിച്ച പ്രധാന പ്രതിരോധനടപടി രോഗസാധ്യതയുള്ള പക്ഷികളെയെല്ലാം കൊന്ന് സംസ്കരിക്കുക എന്നതാണ്. മനുഷ്യരിൽ പക്ഷിപ്പനി രോഗപ്പകർച്ചയ്ക്ക് സാധ്യത എത്രത്തോളമുണ്ട് ? സാധാരണഗതിയിൽ പക്ഷികളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന രീതിയിൽ മാത്രം രോഗമുണ്ടാക്കുന്നവയാണ് ഏവിയൻ ഇൻഫ്ളുവൻസ വൈറസുകളിലേറെയും. എന്നാൽ സങ്കീർണ്ണമായ ജനിതക മാറ്റങ്ങൾ സംഭവിച്ച് പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് പകരാനും, രോഗമുണ്ടാക്കാനുമുള്ള ശേഷിയും വൈറസുകൾക്കുണ്ട്. രോഗബാധയേറ്റ പക്ഷികളുമായും രോഗാണുമലിനമായ സാഹചര്യങ്ങളുമായുമുള്ള അടുത്ത സമ്പർക്കത്തിലൂടെയും, രോഗബാധയേറ്റതോ, ചത്തതോ ആയ പക്ഷികളെ മതിയായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ കൈകാര്യം ചെയ്യുന്നതു വഴിയുമെല്ലാം മനുഷ്യരിൽ രോഗബാധയേൽക്കാൻ സാധ്യതയുണ്ട്. രോഗബാധയേറ്റ പക്ഷികളെ കൈകാര്യം ചെയ്യുന്നതിലൂടെയും കശാപ്പ് നടത്തുന്നതിലൂടെയുമാണ് രോഗം മനുഷ്യരിലേക്ക് പടരാൻ ഏറ്റവും കൂടുതൽ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. H5N1, H7N9, H7N7, H9N2 തുടങ്ങിയ ഏവിയൻ ഇൻഫ്ളുവൻസ വൈറസുകളെല്ലാം മനുഷ്യരിലേക്ക് പകരാനും രോഗമുണ്ടാക്കാനും ശേഷിയുള്ളവയാണെന്ന് മനുഷ്യരിലേക്ക് പകരാനും രോഗമുണ്ടാക്കാനും ശേഷിയുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രോഗബാധയേറ്റതോ, ചത്തതോ ആയ പക്ഷികളുമായി ഏതെങ്കിലും രീതിയിൽ സമ്പർക്കമുണ്ടായവർ, പക്ഷിക്കാഷ്ഠം വളമായി ഉപയോഗിക്കുന്ന കർഷകർ, രോഗബാധ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നിയോഗിക്കപ്പെട്ടവർ, രോഗബാധിത മേഖലകളിൽ താമസിക്കുന്നവർ എന്നിവരെല്ലാം പ്രത്യേകം ജാഗ്രത പുലർത്തണം. എന്നാൽ കൊറോണ വൈറസ് പോലെയോ, നിപ പോലെയോ മനുഷ്യരിലേക്ക് അതിവേഗത്തിൽ പടർന്നു പിടിക്കുന്ന ജന്തുജന്യരോഗങ്ങളിൽ ഒന്നല്ല പക്ഷിപ്പനി എന്നത് മറ്റൊരു വസ്തുത. പക്ഷികളിൽ നിന്നും മനുഷ്യരിലേക്കുള്ള രോഗവ്യാപനവും, മനുഷ്യനിൽ നിന്നും മനുഷ്യനിലേക്കുള്ള രോഗവ്യാപനവും കുറവാണ്. മനുഷ്യരിലേക്കുള്ള പകർച്ച നിരക്കും വ്യാപന നിരക്കും തുലോം കുറവാണെങ്കിലും രോഗബാധയേറ്റവരിൽ മരണനിരക്ക് അറുപത് ശതമാനം വരെയാണ്. മനുഷ്യരിലേക്ക് പകർന്നതായും അറുപത് ശതമാനം വരെ മരണസാധ്യതയുള്ളതായും മുമ്പ് സ്വീകരിച്ചിട്ടുള്ള H5N1 ഏവിയൻ ഇൻഫ്ളുവൻസ വൈറസുകളെയാണ് ഇപ്പോൾ കണ്ടെത്തിയത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. മാത്രമല്ല മനുഷ്യരിൽ കടന്നുകൂടിയാൽ പക്ഷിപ്പനി വൈറസുകൾക്ക് രോഗതീവ്രത ഉയരുന്ന രീതിയിലുള്ള ജനിതപരിവർത്തനങ്ങൾ നടക്കാനുള്ള സാധ്യതയും ഉണ്ട്. പക്ഷികളിൽ പ്രതിരോധ വാക്സിനുകൾ ഉണ്ടോ ? പക്ഷിപ്പനി രോഗത്തിന് കാരണമാവുന്ന ഓർത്തോമിക്സോ വൈറസ് കുടുംബത്തിലെ എവിയൻ ഇന്ഫ്ലുവെൻസ എ. വൈറസുകൾ നിരവധി ഉപവിഭാഗങ്ങൾ ഉണ്ട്. ഇവയിൽ തീവ്രത കൂടിയ രോഗമുണ്ടാക്കുന്നവയും തീവ്രത കുറഞ്ഞ രോഗമുണ്ടാക്കുന്നവയും ഉണ്ട്. ഇന്ത്യയിൽ ഉൾപ്പെടെ പലരാജ്യങ്ങളിലും എവിയൻ ഇന്ഫ്ലുവെൻസ എ. വൈറസുകളെ തടയാൻ വേണ്ടിയുള്ള അനേകം തരം വാക്സിനുകൾ വികസിപ്പിച്ചിട്ടുണ്ട്. മറ്റ് വൈറസ് ഇനങ്ങളെ അപേക്ഷിച്ച് നിരന്തരം ജനിതകമാറ്റങ്ങൾ (ആന്റിജനിക് ഡ്രിഫ്ട്) സംഭവിക്കുന്നവയാണ് ഏവിയൻ ഇന്ഫ്ലുവെൻസ വൈറസുകൾ. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു ഗണത്തിൽ പെട്ട ഏവിയൻ ഇന്ഫ്ലുവെൻസ വൈറസിനെതിരെ വാക്സിൻ നൽകിയാലും പിന്നീട് സംഭവിക്കുന്ന രോഗാണുബാധകൾക്കെതിരെ പൂർണ്ണ ഫലപ്രപ്രാപ്തി ഉറപ്പുവരുത്താൻ സാധിക്കണമെന്നില്ല. ഇനി വാക്സിൻ നൽകിയാലും വാക്സിൻ നൽകിയ പക്ഷികൾക്ക് രോഗ ലക്ഷണങ്ങളൊന്നും കാണിക്കാതെ വൈറസ് വഹിക്കാനും പടർത്താനും കഴിയും. വൈറസുകളുടെ നിശബ്ദവ്യാപനം രോഗനിയന്ത്രണത്തെ പ്രതിസന്ധിയിലാക്കും. ഇത്തരമൊരു സാഹചര്യത്തിൽ പക്ഷിപ്പനിയെ പ്രതിരോധിക്കാൻ കർശനമായ ജൈവസുരക്ഷ തന്നെയാണ് പ്രധാനം.

പക്ഷികളിലെ പ്ലേഗ്: അതിതീവ്ര H5N1 വൈറസിനെ എങ്ങനെ പ്രതിരോധിക്കാം? പുലർത്തേണ്ട ജാഗ്രത
M
MathrubhumiSource Link
about 2 months ago