പട്ടാമ്പി : ഭാരതപ്പുഴയ്ക്കുകുറുകേ പട്ടാമ്പിയിൽ നിർമിക്കുന്ന പുതിയപാലത്തിന്റെ വലിയ തൂണുകളുടെ നിർമാണം തുടങ്ങി. കമ്പികെട്ടി കോൺക്രീറ്റിങ് ഉടൻ ആരംഭിക്കും. പട്ടാമ്പി കിഴായൂർ നമ്പ്രം റോഡ് ഭാഗത്താണ് പണി പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി ഇവിടെ ഗതാഗതനിയന്ത്രണവുമുണ്ട്. To advertise here, ആദ്യതൂണിന്റെ പണി കഴിഞ്ഞ ഒക്ടോബറിലാണ് തുടങ്ങിയത്. കിഴായൂർ നമ്പ്രം റോഡിലേക്കും ഒരുവഴി പാലത്തിൽനിന്നു തുറക്കുന്നുണ്ട്. കുറ്റിപ്പുറം-ഷൊർണൂർ തീരദേശപാതയ്ക്കുവേണ്ടിയാണിത്. മുൻപത്തെ രൂപരേഖയിൽ ഇതുൾപ്പെട്ടിരുന്നില്ല. പിന്നീടാണ് തീരദേശപാതയ്ക്കുകൂടി ഉപകാരപ്രദമാവുന്ന രീതിയിൽ മാറ്റംവരുത്തിയത്. മഴ കുറഞ്ഞ് ഭാരതപ്പുഴയിൽ ജലനിരപ്പ് താഴ്ന്നതോടെയാണ് പട്ടാമ്പിയിൽ പാലം നിർമാണം വീണ്ടും തുടങ്ങിയത്. മഴക്കാലമായതോടെ പുഴയിൽ ജലനിരപ്പുയർന്ന് പണി തടസ്സപ്പെട്ടിരുന്നു. പൈലിങ് പൂർത്തിയായ ഭാഗത്ത് നിലവിൽ കോൺക്രീറ്റിങ്ങും നടക്കുന്നുണ്ട്. പട്ടാമ്പി മണ്ഡലത്തെയും തൃത്താല മണ്ഡലത്തെയും തമ്മിൽ ബന്ധിപ്പിച്ചാണ് പുതിയപാലം വരുന്നത്. 52.57 കോടി രൂപയാണ് പാലം നിർമാണത്തിനു ലഭിച്ചിട്ടുള്ളത്. അനുബന്ധറോഡ് ഉൾപ്പെടെ 750 മീറ്റർ നീളത്തിലും 13.5 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുന്നത്. നിലവിൽ തൃശ്ശൂർ, മലപ്പുറം ജില്ലകളുടെ കവാടമായ പട്ടാമ്പിയിൽ കുപ്പിക്കഴുത്തായാണ് പട്ടാമ്പിപ്പാലം നിൽക്കുന്നത്. 2018, 2019, 2024 വർഷങ്ങളിൽ പട്ടാമ്പിപ്പാലം കവിഞ്ഞ് പുഴയൊഴുകിയിരുന്നു. ഇതോടെ, ദിവസങ്ങളോളം പാലം അടച്ചിടേണ്ടിവന്നു. യാത്രക്കാർക്ക് പട്ടാമ്പി കടക്കാൻ ഷൊർണൂർ, തൃത്താല വഴി ചുറ്റിത്തിരിഞ്ഞ് പോകേണ്ടിവന്നിരുന്നു. ഉയരമുള്ള പാലം പട്ടാമ്പിയിൽ നിർമിക്കണമെന്നത് ഒരുപതിറ്റാണ്ടിലധികമായുള്ള ആവശ്യമാണ്. തൃത്താല ഞാങ്ങാട്ടിരി ഭാഗത്തുനിന്ന് ആരംഭിക്കുന്ന പുതിയപാലം വന്നുചേരുക റെയിൽവേ കമാനം പരിസരത്തേക്കാണ്. ഇവിടെയുള്ള ഭാഗത്തെ സ്ഥലമേറ്റെടുക്കലും പുരോഗമിക്കുകയാണ്.

പട്ടാമ്പിയിലെ പുതിയപാലം തൂൺ നിർമാണം തുടങ്ങി
M
MathrubhumiSource Link
about 2 months ago