തിരുവനന്തപുരം: തിരുവമ്പാടി ഏററ്റെടുത്ത് പട്ടാമ്പി പകരം നൽകാമെന്ന നിർദേശം കോൺഗ്രസ് - മുസ്‌ലിം ലീഗ് ചർച്ചകളിൽ ആദ്യംമുതൽ സജീവമായിരുന്നെങ്കിലും ഒടുവിൽ നടന്നില്ല. തിരുവമ്പാടിയിലേക്ക് പരിഗണിച്ചിരുന്ന വി.എസ്. ജോയിക്ക് തവനൂരിൽ നറുക്ക് വീണു. കെ.ടി. ജലീലുമായി ജോയി ഏറ്റുമുട്ടുമ്പോൾ മത്സരം തീപാറും. To advertise here, പട്ടാമ്പി വിട്ടുകൊടുക്കുന്നതിൽ കോൺഗ്രസിൽ ഉയർന്ന എതിർപ്പ് ധാരണയ്ക്ക് തടസ്സമായി. തിരുവമ്പാടിയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി ലിന്റൊ ജോസഫിന്റെയും ജോയിയുടെയും സാമുദായിക പശ്ചാത്തലതാരതമ്യവും കോൺഗ്രസ് ചർച്ചകളെ ബാധിച്ചു. ജലീലിനെതിരേ ജോയി നല്ല സ്ഥാനാർഥിയാകുമെന്ന കണക്കുക്കൂട്ടലും തീരുമാനത്തെ സ്വാധീനിച്ചു. തളിപ്പറമ്പിലേക്കുള്ള പട്ടികയിലാണ് നേരത്തേ അബ്ദുൾ റഷീദുണ്ടായിരുന്നത്. എന്നാൽ, സി.പി.എം. നേതാവ് ടി.കെ. ഗോവിന്ദൻ സി.പി.എം. സ്ഥാനാർഥി പി.കെ. ശ്യാമളയ്ക്കെതിരേ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ കോൺഗ്രസ് അടവുമാറ്റി. അബ്ദുൾ റഷീദിനെ പിണറായി വിജയനെതിരേ മത്സരിക്കാൻ ധർമടത്തേക്കു മാറ്റി ഗോവിന്ദനെ പിന്തുണയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. തുലാസിലായിരുന്നെങ്കിലും സുൽത്താൻബത്തേരി സീറ്റ് ഐ.സി. ബാലകൃഷ്ണൻ നിലനിർത്തി. കേസിന്റെ തീവ്രത കണക്കിലെടുത്തപ്പോഴാണ് പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർഥിത്വത്തിൽ ചോദ്യചിഹ്നം വീണത്. സമാനമായ കേസ് നിർജ്ജീവാവസ്ഥയിലായത് കോവളത്ത് എം. വിൻസന്റിന് തുണയായി. ഫോർവേഡ് ബ്ലോക്കിന് വാക്ക് നൽകിയ സീറ്റ് തിരിച്ചെടുത്തുവെന്നതാണ് സീറ്റ് വിഭജനത്തിലെ കല്ലുകടി. ജി. ദേവരാജൻ ചോദിച്ച കൊല്ലത്തിനുപകരം ചാത്തന്നൂർ സീറ്റ് നൽകാമെന്ന് സംസ്ഥാനത്തെ ചർച്ചയിൽ കോൺഗ്രസ് നേതൃത്വം വാക്കാൽ സമ്മതിച്ചിരുന്നു. എന്നാൽ, രണ്ടു പ്രാവശ്യവും യു.ഡി.എഫ്. മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മണ്ഡലത്തിൽ ബി.ജെ.പി.യാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഈ സീറ്റ് ഘടകകക്ഷിക്കുനൽകി ബി.ജെ.പി.യെ സഹായിക്കാൻ യു.ഡി.എഫ്. ശ്രമിക്കുന്നുവെന്ന ആക്ഷേപം ഒഴിവാക്കാനാണ് കോൺഗ്രസ് സീറ്റ് ഏറ്റെടുത്തത്. ഈഴവ പ്രാതിനിധ്യം കുറയാതിരിക്കാൻ സൂരജ് രവിയെ സ്ഥാനാർഥിയായും പ്രഖ്യാപിച്ചു. കഴിഞ്ഞ പ്രാവശ്യം ധർമടം വെച്ചുനീട്ടിയെങ്കിലും നിരസിച്ച ദേവരാജന് ചാത്തന്നൂരിന് പകരം എന്തെങ്കിലും വാഗ്ദാനം നൽകിയോയെന്ന് ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് അവഗണിച്ചാണ് സി.പി.ജോണിന് തിരുവനന്തപുരം മണ്ഡലം നൽകാൻ തീരുമാനിച്ചത്. നാല് സീറ്റ് വിട്ടുകൊടുക്കണമെന്ന സമ്മർദം കേരള കോൺഗ്രസിനുമേൽ ഉണ്ടായിരുന്നെങ്കിലും കടുത്ത സമ്മർദം ചെലുത്തി പി.ജെ. ജോസഫ് കുട്ടനാടും കോതമംഗലവും സംരക്ഷിച്ചു, ഇടുക്കിയും ഏറ്റുമാനൂരും വിട്ടുനൽകി. തിരുവല്ലയിൽ കേരള കോൺഗ്രസ് മാർത്തോമ്മാ വിഭാഗത്തിൽപ്പെടുന്ന വർഗീസ് മാമ്മനെ പ്രഖ്യാപിച്ചതോടെ ആറന്മുളയിൽ ഓർത്തഡോക്സ് വിഭാഗത്തിൽനിന്നാകും കോൺഗ്രസ് സ്ഥാനാർഥി. അബിൻ വർക്കിക്കാണ് സാധ്യത. തിരുവനന്തപുരത്ത് ഗ്രൂപ്പും സാമുദായികസമ്മർദവും അതിജീവിക്കുകയാണ് പ്രധാന കടമ്പ. Content Highlights: Analysis of Congress-League seat adjustment failures in Thiruvambady and Pattambi., Strategic candidate selection in Thavanur and Dharmadam Published: 18 Mar 2026, 08:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പട്ടാമ്പി-തിരുവമ്പാടി വെച്ചുമാറ്റം നടന്നില്ല; തളിപ്പറമ്പിൽ കരുതിയ സ്ഥാനാർഥി പിണറായിക്കെതിരേ
M
MathrubhumiSource Link
about 2 months ago