ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം പ്രചാരണമെന്ന് യു.ഡി.എഫും എൻ.ഡി.എയും To advertise here, പത്തനാപുരം :തിരഞ്ഞെടുപ്പുതീയതി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ പത്തനാപുരത്ത് പ്രചാരണം ആരംഭിച്ച് എൽ.ഡി.എഫ്. സ്ഥാനാർഥി കെ.ബി. ഗണേഷ്‌കുമാർ. കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നാട്ടുകാരായ യാത്രക്കാരോടും ജീവനക്കാരോടും പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലും അദ്ദേഹം വോട്ടഭ്യർഥിച്ചു. യു.ഡി.എഫ്. സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാല, സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചാലുടൻ പ്രചാരണം തുടങ്ങും. എൻ.ഡി.എ. സ്ഥാനാർഥിയാരെന്ന കാര്യത്തിൽ വ്യക്തതവന്നിട്ടില്ല. സീറ്റ് ബി.ജെ.പി.ക്കാണോ ഘടകകക്ഷികൾക്കാണോ എന്നതിലും തീരുമാനമായിട്ടില്ല. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിരക്കിലായിരുന്നു ഞായറാഴ്ച മന്ത്രി ഗണേഷ്‌കുമാർ. ഇതിനിടെ തിരഞ്ഞെടുപ്പുതീയതി പ്രഖ്യാപിച്ചതോടെ ഉദ്ഘാടനങ്ങൾ നിർത്തിവെച്ച് അദ്ദേഹം പട്ടണത്തിൽ പ്രവർത്തകരുമായി എത്തുകയായിരുന്നു. ഡിപ്പോയിലെത്തിയ അദ്ദേഹം കെ.എസ്.ആർ.ടി.സി.യിൽ നടപ്പാക്കിയ പരിഷ്കാരങ്ങൾ എല്ലാവരോടും വിശദമാക്കി വോട്ടഭ്യർഥിച്ചു. കടകളിലും സ്ഥാപനങ്ങളിലും എത്തിയും കാൽനടയാത്രയ്ക്കിടെ കണ്ടുമുട്ടിയവരോടും വോട്ട് ചോദിച്ചു. കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയിൽ ഇടംപിടിച്ചതോടെ ജ്യോതികുമാർ ചാമക്കാല പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ചുവരെഴുത്തുകളും പോസ്റ്റർ പ്രചാരണവും ആരംഭിച്ചു. വിവിധ പഞ്ചായത്തുകളിൽ പ്രവർത്തനം ഏകോപിപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാർഥിയും യു.ഡി.എഫും. നിയോജകമണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി അടുത്ത ദിവസങ്ങളിൽ രൂപവത്കരിച്ച് പ്രവർത്തനം ശക്തമാക്കാനാണ് തീരുമാനം. ശേഷം പഞ്ചായത്ത് അടിസ്ഥാനത്തിൽ കമ്മിറ്റി രൂപവത്കരിച്ച് തിരഞ്ഞെടുപ്പുപ്രചാരണം താഴേത്തട്ടിലേക്ക് വ്യാപിപ്പിക്കും. സ്ഥാനാർഥിത്വം ഉറപ്പായതോടെ കഴിഞ്ഞദിവസങ്ങളിൽ മുന്നണികേന്ദ്രങ്ങളിൽ സജീവമായിരുന്നു ജ്യോതികുമാർ ചാമക്കാല. എൻ.ഡി.എ.യിൽ ബി.ജെ.പി.സ്ഥാനാർഥിയാണ് മുൻകാലങ്ങളിൽ പത്തനാപുരത്ത് മത്സരിച്ചിരുന്നത്. പാർട്ടി ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി എ.ആർ. അരുണിന്റെ പേരാണ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പരിഗണനയ്ക്കായി പോയിട്ടുള്ളത്. എന്നാൽ ഘടകകക്ഷികളായ ട്വന്റി 20, ബി.ഡി.ജെ.എസ്. പാർട്ടികളും സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പ്രചരിക്കുന്ന ചില സ്ഥാനാർഥികൾക്കെതിരേ സാമൂഹികമാധ്യമപ്രചാരണവും ശക്തമാണ്. രണ്ടുദിവസത്തിനുള്ളിൽ സ്ഥാനാർഥിപ്രഖ്യാപനം ഉണ്ടാകുമെന്നും പ്രചാരണം ആരംഭിക്കുമെന്നും എൻ.ഡി.എ. കേന്ദ്രങ്ങൾ അറിയിച്ചു.

പത്തനാപുരത്ത് പ്രചാരണം തുടങ്ങി ഗണേഷ്‌കുമാർ
M
MathrubhumiSource Link
about 2 months ago