കല്പറ്റ: ഈ വർഷത്തെ പത്മപ്രഭ പുരസ്കാരത്തിന് നോവലിസ്റ്റ് ആർ. രാജശ്രീ അർഹയായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പ്രശസ്ത നോവലിസ്റ്റ് എം. മുകുന്ദൻ ചെയർമാനും കഥാകാരി ഗ്രേസി, നിരൂപകൻ ഡോ. കെ.എസ്. രവികുമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തതെന്ന് പത്മപ്രഭ ട്രസ്റ്റ് ചെയർമാൻ എം.വി. ശ്രേയാംസ് കുമാർ അറിയിച്ചു. To advertise here, പ്രമേയപരമായി സ്ത്രീജീവിതത്തെ ആവിഷ്കരിക്കുമ്പോഴും പുരുഷാധികാരത്തിന്റെ ഭാവുകത്വത്തെ പിന്തുടർന്നിരുന്ന മലയാളത്തിലെ അതുവരെയുള്ള പല സ്ത്രീകേന്ദ്രീകൃത നോവലുകളിൽനിന്ന് വിഭിന്നമായി, സ്ത്രീയെന്നും പുരുഷനെന്നുമുള്ള വേർതിരിവുകളെ അതിജീവിച്ചുകൊണ്ട് അനുഭവങ്ങളുടെ ആഴവും ആഖ്യാനത്തിന്റെ വിസ്മയവും രാജശ്രീയുടെ രചനകളിൽ വേറിട്ടുനിൽക്കുന്നു എന്ന് പുരസ്കാര നിർണയസമിതി വിലയിരുത്തി. ആദ്യനോവലിൽനിന്ന് തികച്ചും വ്യത്യസ്തമായൊരു ലോകവും കാലവും ശില്പഭദ്രമായ ശൈലിയും രണ്ടാം നോവലായ 'ആത്രേയക'ത്തിൽ രാജശ്രീ ആവിഷ്കരിച്ചിരിക്കുന്നു. തിരസ്കൃതരും നിസ്സഹായരും സ്നേഹംകൊണ്ട് മുറിവേറ്റവരുമായ മനുഷ്യരുടെ ആന്തരിക സംഘർഷങ്ങൾകൊണ്ട് അവർ ഇതിഹാസത്തിന് ഒരു ബദൽ തീർത്തിരിക്കുന്നു എന്ന് പുരസ്കാര സമിതി നിരീക്ഷിച്ചു. കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിൽ ജനിച്ച ആർ. രാജശ്രീ 'കല്യാണിയെന്നും ദാക്ഷായിണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത' എന്ന നോവലിലൂടെയാണ് ശ്രദ്ധേയയായത്. ഈ നോവലിന് 2021-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 'ആത്രേയകം' ആണ് രാജശ്രീയുടെ മറ്റൊരു പ്രധാന നോവൽ. നായികാ നിർമിതി, വഴിയും പൊരുളും, അപസർപ്പകാഖ്യാനങ്ങൾ: ഭാവനയും രാഷ്ട്രീയവും, കൃഷ്ണനുവേണ്ടിയുണ്ടായ പെണ്ണുങ്ങൾ എന്നിവയാണ് മറ്റ് പ്രധാന കൃതികൾ. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് മലയാള വിഭാഗം ആൻഡ് ഗവേഷണ കേന്ദ്രത്തിൽ അധ്യാപികയായ രാജശ്രീയുടെ 'കമലാലക്ഷ്മണം' എന്ന നോവൽ ഇപ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു Content Highlights: Renowned novelist R. Rajasree has been selected for the Padmaprabha Award for her outstanding contribution to Malayalam literature, recognized by a committee headed by writer M. Mukundan. Published: 23 Apr 2026, 12:02 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
