എടപ്പാടിയിൽ ടി.വി.കെ. സ്ഥാനാർഥിയുടെ പത്രിക തള്ളി To advertise here, ചെന്നൈ : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രമുഖ സ്ഥാനാർഥികളുടെയെല്ലാം നാമനിർദേശ പത്രികൾ സൂക്ഷ്മ പരിശോധനയ്ക്കുശേഷം വരണാധികാരികൾ സ്വീകരിച്ചു. ടി.വി.കെ. നേതാവ് വിജയ് പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും നൽകിയ പത്രികകൾ സാധുവാണെന്ന് കണ്ടെത്തി. പൊരുത്തക്കേടുകൾ കണ്ടതിനെത്തുടർന്ന് രണ്ടിടങ്ങളിലെയും സത്യവാങ്മൂലങ്ങൾ വിജയ് തിരുത്തിനൽകുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു സംസ്ഥാനത്ത് നാമനിർദേശ പത്രികകൾ സമർപ്പിക്കാനുള്ള അവസാന തീയതി. 234 മണ്ഡലങ്ങളിലേക്ക് 6,700-ൽ ഏറെ പത്രികകളാണ് ലഭിച്ചത്. ചൊവ്വാഴ്ച അവയുടെ സൂക്ഷ്മപരിശോധന നടന്നു. വ്യാഴാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ഡമ്മി സ്ഥാനാർഥികൾ പത്രിക പിൻവലിക്കുന്നതോടെയേ മത്സരചിത്രം വ്യക്തമാകൂ. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി, എൻ.ടി.കെ. നേതാവ് സീമാൻ, ഡി.എം.ഡി.കെ. ജനറൽ സെക്രട്ടറി പ്രേമലതാ വിജയകാന്ത്, ബി.ജെ.പി. നേതാവ് തമിഴിസൈ സൗന്ദരരാജൻ, പി.എം.കെ. നേതാവ് സൗമ്യ അൻപുമണി തുടങ്ങിയവരുടെ നാമനിർദേശ പത്രികകൾ പരിശോധനയിൽ സാധുവായി കണ്ടു. ടി.വി.കെ. നേതാക്കളായ കെ.എ. സെങ്കോട്ടയ്യന്റെയും ആധവ് അർജുനയുടെയും പത്രികകൾ തടസ്സവാദങ്ങളെത്തുടർന്ന് ആദ്യം മാറ്റിവെച്ചിരുന്നെങ്കിലും സൂക്ഷ്മ പരിശോധനകൾക്കുശേഷം സ്വീകരിച്ചു. അതേസമയം, എടപ്പാടി പളനിസ്വാമി മത്സരിക്കുന്ന എടപ്പാടി മണ്ഡലത്തിലെ ടി.വി.കെ. സ്ഥാനാർഥി അരുൺ കുമാറിന്റെ പത്രിക തള്ളി. തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണിത്. പെരുമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും മത്സരിക്കുന്ന ടി.വി.കെ. നേതാവ് വിജയ് രണ്ടിടത്തു നൽകിയ സത്യവാങ്മൂലങ്ങളിൽ രണ്ടു രീതിയിലാണ് വിവരങ്ങൾ നൽകിയിരിക്കുന്നത്. തന്റെ പേരിൽ ക്രിമിനൽ കേസുകളൊന്നുമില്ലെന്നാണ് പെരമ്പൂരിലെ സത്യവാങ്മൂലത്തിൽ പറഞ്ഞത്. എന്നാൽ, രണ്ടു കേസുണ്ടെന്ന് തിരുച്ചിയിലെ സത്യവാങ്മൂലത്തിൽ പറഞ്ഞു. പെരമ്പൂരിലെ സത്യവാങ്മൂലത്തിൽ 52 വയസ്സും തിരുച്ചിറപ്പള്ളിയിൽ 51 വയസ്സുമാണ് കാണിച്ചിരുന്നത്. സ്വത്തു വിവരത്തിലും വ്യത്യാസമുണ്ടായിരുന്നു. പിഴവുകൾ തിരുത്തി അദ്ദേഹം രണ്ടിടത്തും പുതുക്കിയ സത്യവാങ്മൂലങ്ങൾ നൽകി. പത്രികാ സമർപ്പണത്തിന്റെ സമയം കഴിയുന്നതിനുമുൻപ് തെറ്റു തിരുത്തിയതുകൊണ്ട് പത്രികകൾ സ്വീകരിച്ചു.

പത്രികകൾ സ്വീകരിച്ചു; ചിത്രം തെളിയുന്നു
M
MathrubhumiSource Link
about 1 month ago